Wednesday, September 25, 2019

പരിണാമത്തിലെ അച്ഛൻ


ഏറ്റവും കൂടുതൽ പെൺജാതികളുമായി ഇണചേരാനാണ് സസ്തനികളിലെ എല്ലാ ആണുങ്ങളേയും സൃഷ്ടിച്ചിട്ടുള്ളത്. ചങ്കൂറ്റവും തടിമിടുക്കുമുള്ള ആണുങ്ങളെ തെരഞ്ഞെടുക്കാനാണു പെണ്ണിനു ഇഷ്ടം. ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് അതിജീവനത്തിനുള്ള കോപ്പുകൾ എല്ലാം ഉണ്ടാ യിരിക്കണം എന്ന നിഷ്ക്കർഷ. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവൻ കൂടുതൽ പെണ്ണുങ്ങളുമായി ഇണചേരും. കുടുംബവ്യവസ്ഥ ഉടലെടുക്കുന്നതു വരെ മനുഷ്യരിലും ഇതു തന്നെയായിരുന്നു രീതി. കുടുംബവ്യവസ്ഥയാകട്ടെ സമ്പത്തിന്റെ സമാഹരണവും കൂട്ടിവയ്പ്പും ഉദ്ദേശിക്കപ്പെട്ട് നിർമ്മിച്ചെടുത്തതാണു താനും. ആൺജാതി ബീജദാതാവ് മാത്രമാകുമ്പോൾ, പലരിലും കുഞ്ഞുങ്ങൾ ജനിയ്ക്കുമ്പോൾ ആ കുഞ്ഞുങ്ങളുമായി ജൈവബന്ധം ഒന്നും പരിണാമം ആവശ്യപ്പെടുന്നില്ല.  പല പെണ്ണുങ്ങളിലും കുഞ്ഞിനെ ജനിപ്പിക്കുക എന്നത് പരിണാമം അവനിൽ ഏൽപ്പിച്ച ചുമതലയാണ്. ജൈവബന്ധം   ഇതിൽപ്പെടുന്നതേ അല്ല.  അമ്മയുടെ ആവശ്യമാണ് ശിശുപരിപാലനം; വാൽസല്യം എന്ന വികാരത്തിന്റെ അതിജീവനപശ്ച്ചാത്തലം. 50 വയസ്സോടെ അണ്ഡനിർമ്മാണം സ്ത്രീകളിൽ നിലയ്ക്കുകയാണ്; ശക്തിയുള്ള ബീജങ്ങളുമായി ആണുങ്ങൾ വളരെക്കാലം ജീവിച്ചിരിക്കുകയുമാണ്. ബീജദാതാവ് എന്ന  പ്രാക്തനസ്വഭാവം ഇന്നും മനുഷ്യരിലെ ആണുങ്ങളിൽ നിലനിൽക്കുന്നുണ്ട്, അതുകൊണ്ട് മക്കളെ പരിപാലിക്കാതെ വീടുവിട്ടു പോകുന്ന അച്ഛൻ പരിണാമം അവനു കൽപ്പിച്ചു നൽകിയ സ്വാതന്ത്ര്യം  ഉപയോഗിക്കുന്നു എന്നേയുള്ളു. എന്നും നിത്യകന്യകയെ തേടുന്ന പി കുഞ്ഞിരാമൻ നായന്മാർ.

   മനുഷ്യൻ പെറ്റുപെരുകി വലിയ സമൂഹങ്ങളുണ്ടായി ഭൂമി നിറഞ്ഞപ്പോൾ ഈ സ്വാതന്ത്ര്യം വിപുലമായതേ ഉള്ളു. കുഞ്ഞുങ്ങളെ പരിരക്ഷിക്കാൻ സമൂഹത്തിന്റെ ആകെയുള്ള സഹായം ലഭ്യമാകുന്നതുകൊണ്ട് അതിജീവനം എളുപ്പമായി. വളരെ ചെറിയ സമൂഹങ്ങളുള്ള, എണ്ണത്തിൽ കുറവായ prairie vole (ഏകദേശം ചെറിയ മുയലിനെപ്പോലെ ഇരിക്കും)  കൾക്ക് സ്വന്തം സ്പീഷീസിനെ അത്യാവശ്യമായി നിലനിറുത്തേണ്ടതുകൊണ്ട് അമ്മയുടെ കൂടെ അച്ഛനും ചേരും കുഞ്ഞുങ്ങളെ നോക്കാൻ. ഒരു ഭാര്യമാത്രമേ ഉണ്ടാകുകയുള്ളു ഇവരിലെ ആണുങ്ങൾക്ക്.

മുട്ടവിരിയിക്കാൻ കൂട്ടിരിക്കുന്ന അച്ഛൻമ്മാരുണ്ട്, മീനുകളിൽപ്പോലും. ആഹാരം കഴിയ്ക്കാതെ വായിൽ മുട്ടകൾ വിരിയുന്നതുവരെ കൊണ്ടുനടക്കുന്ന മീനുകളുണ്ട്. കുഞ്ഞുങ്ങളെ നോക്കുന്ന പക്ഷികളുണ്ട്. പക്ഷേ ഇവരിൽ ഒന്നും ജൈവബന്ധം ഉരുത്തിരിയുന്നില്ല. നീന്താനോ പറക്കാനോ പ്രാപ്തിയായാൽ അച്ഛന്മാർ വിട്ട്പോകും.


    സമ്പദ് വ്യവസ്ഥ മാറിമറിയുമ്പോൾ അച്ഛൻ വെറും ബീജദാതാവ് മാത്രമാകുന്നു. ഉദാഹരണം മരുമക്കത്തായം. അച്ഛനുമായി ജൈവബന്ധം ഒന്നും ഉരുത്തിരിയുന്നില്ല, അച്ഛൻ ആരെന്നു പോലും അറിയേണ്ടതില്ല.  അച്ഛന്റെ സ്വത്തിൽ അവകാശം എന്ന രീതി നടപ്പുള്ള ഇൻഡ്യയിൽ മക്കൾ ആജ്ഞാനുവർത്തികളും അച്ഛൻ അധികാരിയും നിയന്ത്രിതാവും ആകുന്നു. ജൈവബന്ധമുണ്ടെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു.സ്വന്തം ഭാര്യ പ്രസവിച്ചതെങ്കിലും മറ്റൊരാളുടേതാണ് കുട്ടി എന്നത് അച്ഛനു സഹിക്കാൻ പറ്റാതാവുന്നു.

  പരിണാമവിധികൾക്കെതിരെ പൊരുതേണ്ടി വരുന്ന, ജൈവബന്ധം എന്ന കൃത്രിമത്വവുമായി പൊരുതുന്ന ആണുങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടി ചുരമാന്തുകയാണ്. അവർ കലിപ്പ് തീർക്കുന്നത് ആണുങ്ങളായ സ്വന്തം മക്കളെ തല്ലിയും ഭേദ്യം ചെയ്തുമാണ്.


No comments: