Tuesday, April 30, 2019

സമയമാപിനികൾ ഒളിപ്പിക്കുന്നത്-'അതിശയങ്ങളുടെ വേനൽ'



ബാലമനസ്സുകളുടെ സങ്കീർണ്ണത വെളിവാക്കുന്ന സിനിമയാണ് അതിശയങ്ങളുടെ വേനൽ 



 ഗഗനമെന്തൊരദ്ഭുതം സമുദ്രമെന്തൊരദ്ഭുതം
അഖിലലോകജീവജാലമെന്നതെന്തൊരദ്ഭുതം
എന്ന സന്ധ്യാനാമം കേട്ടു കൊണ്ട് വളർന്നവനാണ് എട്ടുവയസ്സുകാരൻ അനു എന്ന് വിളിക്കപ്പെടുന്ന ആനന്ദ്. അദ്ഭുതങ്ങൾ തീർച്ചയായും സംഭവിക്കുമെന്നും  അതിനുവേണ്ടി പരിശ്രമിക്കുകയേ വേണ്ടൂ എന്ന് അവനു നല്ല നിശ്ചയമുണ്ട്. അവന്റെ അച്ഛൻ അപ്രത്യക്ഷനായിടത്തേക്ക് എത്തിച്ചേരണമെന്നാണ് അവന്റെ ഉൽക്കടമായ ആഗ്രഹവും വാശിയും. ദി ഇൻവിസിബിൾ മാൻഎന്ന പുസ്തകത്തിൽ ചില സൂചനകൾ നൽകിക്കൊണ്ട് അച്ഛൻ പൊടുന്നനവേ കാണപ്പെട്ടവനല്ലാതായിത്തീർന്നിരിക്കയാണ്.. ആ ഇൻവിസിബിലിറ്റിയുടെ മായികതന്ത്രങ്ങൾ വശത്താക്കുനുള്ള പരീക്ഷണാത്മകമായ   തേടലിൽ ജീവിതത്തെക്കുറിച്ച് മാത്രമല്ല സമയത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും അവൻ അനുഭവജ്ഞാനങ്ങൾ ഉൾക്കൊള്ളുകയാണ്. ദൈവസങ്കൽപ്പത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും വലിയവരുടെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും അവന്റെ പ്രായത്തിൽ കവിഞ്ഞുള്ള അറിവുകൾ നേടുകയാണ് ആനന്ദ് അക്കൊല്ലത്തെ മദ്ധ്യവേനലവധിയിൽ.

   പ്രശാന്ത് വിജയ് സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനൽ എന്ന സിനിമ ലോകശ്രദ്ധ ആകർഷിക്കപ്പെട്ടതാണ്, നിരവധി ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ളതുമാണ്. എട്ടു വയസ്സുകാരൻ ആനന്ദ് ആയി അഭിനയിച്ച ചന്ദ്രകിരൺ വിസ്മയിപ്പിക്കുന്ന അഭിനയപാടവം ആണ് കാഴ്ച്ചവച്ചിരിക്കുന്നത്, മികച്ച നടനുള്ള സമ്മാനങ്ങളും നേടിയിട്ടുണ്ട്. അച്ഛനില്ലാതായതിന്റെ സങ്കടവും പെട്ടെന്നുള്ള തിരോധാനത്തിന്റെ കാരണം പിടികിട്ടായ്കയാലുള്ള വിഹ്വലതയും നിരാശയും അദ്ഭുതാവഹമായ ചാതുര്യത്തോടെയാണ് ചന്ദ്രകിരൺ അവതരിപ്പിച്ചത്. ബാല്യകാലസംബന്ധിയായ കളിതമാശകളിൽ പെടാതെ ഒരേയൊരു ലക്ഷ്യം മുൻ നിറുത്തി , വലിയവരുടെ യുക്തിബോധത്തെ ഖണ്ഡിച്ചുകൊണ്ട് നവീന ലോകഘടനകളുടെ സാദ്ധ്യതകൾ ഉൾക്കൊണ്ട് വേനലവധിക്കാലം ചെലവഴിക്കുന്ന  ഈ കുട്ടിയെ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സംവിധായകനും ഇത്  ഒരു വെല്ലുവിളി ആയിരുന്നിരിക്കണം.
      അമ്മയോ അച്ഛനോ നഷ്ടപ്പെട്ട കുട്ടിയുടെ കഥ മലയാളസിനിമയിൽ പുതിയതൊന്നുമല്ല. കണ്ണും കരളും’, ‘അമ്മയെ കാണാൻ തുടങ്ങിയ സിനിമകളിൽ  അമ്മയെ തേടുന്ന കുട്ടി കുടുംബത്തിൽ സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങൾ ആഖ്യാനപ്പെടുത്തിയെങ്കിൽ ഇവിടെ ഒരു കുട്ടിയുടെ സങ്കീർണ്ണമായ മനസിക നിലകളാണ് പരിശോധിക്കപ്പെടുന്നത്. അച്ഛനെ തേടുന്ന കുഞ്ഞ് അല്ല അനു; അച്ഛന്റെ തിരോധാനത്തിന്റെ പൊരുൾ അഴിയ്ക്കാനും അതിലെ സത്യങ്ങൾ അറിയാനും അദൃശ്യരുടെ ലോകത്ത് എന്തു നടക്കുന്നു എന്നറിയാനുമുള്ള അഭിവാഞ്ഛയോടൊപ്പം അച്ഛന്റെ പരിലാളന പൊടുന്നനവേ ഇല്ലാതായതിന്റെ സങ്കടം തീർക്കാനുള്ള വഴികളും തേടുന്ന കുഞ്ഞുമനസ്സിന്റെ  വിഭ്രാന്തികളാണ് സിനിമ വരച്ചിടുന്നത്. സംവിധായകൻ പ്രശാന്ത് വിജയിന്റെ അതിശയകരമായ ആഖ്യാനപാടവം സൂക്ഷ്മമായ ചുറ്റുപാടുകൾ ക്യാമെറയിലാക്കിയും കൃത്യമായി ഷോടുകളുടെ വിന്യാസങ്ങൾ നിയന്ത്രിച്ചും പ്രയാസമേറിയ ബാലമനഃശാസ്ത്ര വിശകലനം സാധിച്ചെടുക്കുന്നു. സന്ദർഭങ്ങൾക്ക് വിവിധ അർത്ഥതലങ്ങൾ സൃഷ്ടിച്ചും കുട്ടിയുടെ   മനോവ്യാപാരങ്ങൾ വിദിതമാക്കുന്ന  ചെയ്തികളും അവയുടെ പരിണതികളും നിബന്ധിച്ചും വിരസമായിപ്പോകാവുന്ന പ്രമേയത്തെ രക്ഷിച്ചെടുക്കുന്നുണ്ട് സംവിധായകൻ.  സംഭാഷണങ്ങൾ കുറച്ചുകൊണ്ട് സിനിമ നിശ്ചിതമായും ദൃശ്യാഖ്യാനത്തിന്റെ കല തന്നെ എന്നത് ഉറപ്പിക്കുന്നു. കഥ പറഞ്ഞുപോകലല്ല, ദൃശ്യങ്ങൾ കൊണ്ട് കഥ നിർമ്മിച്ചെടുക്കലാണിവിടെ.  നാടകീയത തീരെ വർജ്ജിച്ചും അനുക്രമമായി വികസിക്കുന്ന സംഭവഗതികളെ സൂക്ഷ്മമായി വിന്യസിപ്പിച്ചും ഘടിപ്പിച്ചുമാണ് കുട്ടിയുടെ മാനസികവ്യാപാരങ്ങൾ വിശ്വസനീയവും ദൃഢനിശ്ചിതവും ആക്കപ്പെടുന്നത്. സ്ക്രീനിലെ ഇരുട്ട് എന്നതും ആശയപ്രദാനുഭാവി ആകുന്നുണ്ടിവിടെ.

അനുവിന്റെ അറിവു നേടൽ
    ദൈവത്തെക്കുറിച്ച്, ‘ഷെയ്പ് മാറുന്ന പ്രായപൂർത്തിയാവരെക്കുറിച്ച്, പ്രാർത്ഥനയുടെ സാംഗത്യത്തെക്കുറിച്ച് പലതും മനസ്സിലാക്കിയെടുക്കുന്നു അനു ചുരുങ്ങിയ മദ്ധ്യവേനലവധിക്കാലം കൊണ്ട്.  സമയം എന്ന സങ്കൽപ്പം- അത് ദൃശ്യമായതിനെ അദൃശ്യമാക്കുന്നു, മറിച്ചും-തൊട്ടനുഭവിക്കാൻ അവനെ സഹായിക്കുന്നത് അച്ഛന്റെ വാച്ചാണ്. അവനും അച്ഛനും തമ്മിലുള്ള ദൂരം സമയം മാത്രമാണ്.  സമയമാപിനിക്ക് ചില ശക്തികളുണ്ട്, സമയത്തിന്റെ ആപേക്ഷികത അവനെ കുഴക്കുന്നുമുണ്ട്. വാക്കുകളിലൂടെ വ്യവഹാരം സാധിക്കുന്ന ലോകത്തിനും അപ്പുറം പരസ്പരം സംവദിക്കാൻ മറ്റ് ഉപായങ്ങൾ ഉപയോഗിക്കപ്പെടാം എന്ന് അവനു തോന്നുണ്ട്. ഗായത്രി മുടി ഉപയോഗിച്ച്  ഇത്തരം സംവേദനങ്ങൾ സാദ്ധ്യമാക്കുന്നു എന്ന് അവനു സംശയമുണ്ട്.

      അവൻ കാണുന്നതോ വിഭാവനം ചെയ്യുന്നതോ ആയ ലോകത്തെക്കുറിച്ച്  ഇത്തരം ചില പ്രത്യേക ധാരണകൾ നിർമ്മിച്ചെടുക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഇത് വലിയവരുടെ ആദർശത്തിനു സമാന്തരമോ പകരം വയ്ക്കാനാവുന്നതോ ആണ്.യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ പ്രയാസമാക്കുകയാണ് ഈ പ്രത്യേക കാഴ്ച്ചപ്പാടുകൾ. അതുകൊണ്ട് തന്നെ ചുറ്റുമുള്ളവർ  അവനെ മനസ്സിലാക്കുന്നില്ല. എന്റെ തലയിൽ കളിമണ്ണാണെന്ന് ചേച്ചി പറഞ്ഞുഎന്ന് അവനു പരിതപിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. പ്രായമായവരുടെ മാനസികവ്യാപാരങ്ങൾ മുഴുവൻ ശരിയാണെന്ന് അവനു വിശ്വാസം വരുന്നുമില്ല. ലോകം നിലനിന്നു പോക്കുന്ന വ്യവഹാരങ്ങൾ കൃത്രിമം ആണെന്നാണ് അവനു തോന്നുന്നത്. അച്ഛന്റെ തിരോധാനം തന്നെ ഉദാഹരണം.പെട്ടെന്ന് ഒരാളെങ്ങിനെ ഇല്ലാതാകും? ഉണ്മ എന്നത് എന്ത്? കനത്ത വിദ്യുച്ഛക്തി പായിച്ചാൽ സത്യത്തിനും അസത്യത്തിനും ഇടയ്ക്കുള്ള നേർ വരമ്പ് ഇല്ലാതാകില്ലേ? അദൃശ്യതയിലേക്ക് കടക്കാനുള്ള അനുവാദം നൽകുന്ന ശക്തി അല്ല്ല്ലെങ്കിൽ പോം വഴിയുടെ നിയന്ത്രിതാവ് ആരാണ്? എന്തുകൊണ്ട്? ആ കുഞ്ഞുമനസ്സിൽ ഇത്തരം പ്രഹേളികകകൾ നുരഞ്ഞ് പൊന്തുകയാണ്.

  ഈ സമസ്യകൾ അനുവിന്റെ മനസ്സിനെ മഥികുന്നതും അവയിൽ എത്തിച്ചേരാനുള്ള സാഹചര്യങ്ങളും അവയുടെ പരിണിതഫലങ്ങളുമാണ് സിനിമയുടെ ആഖ്യാനത്തിന്റെ കാതൽ. ഗായത്രി എന്ന കസിൻ വരുന്നതോടേ സങ്കീർണ്ണമാകുകയാണ് പുറം ലോകവുമായുള്ള അവന്റെ അനുഭവങ്ങൾ. ഫെയ്സ്ബുക്ക് വഴി വ്യാജവ്യക്തിത്വം നിർമ്മിച്ചെടുത്ത് പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്ന വേലകൾ ഒക്കെ അവനു മനസ്സിലാകാത്ത കാര്യങ്ങളാണ്. ഗായത്രിയെ കുടുക്കിയ ബാലകൃഷ്ണൻ ഷെയ്പ് മാറുന്ന വിദ്യ കൈവശമുള്ള ആളാണെന്നാണ് അവന്റെ വാദം. വ്യക്തവും ദൃഢവും ആയ യുക്തികൾ അവനുണ്ട്. അമ്മയുമായി ദൈവത്തിന്റെ സാംഗത്യത്തെക്കുറിച്ച് അവൻ വാദിയ്ക്കുന്നുണ്ട്. ദൈവം അപ്രമേയശക്തിയുള്ളവനാണെന്ന അമ്മയുടെ വാദം അവൻ പൊളിയ്ക്കുന്നത്  അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ പോകുന്ന ദൈവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്. അപകടത്തിനാണോ ദൈവത്തിനാണോ പവർ കൂടുതൽ എന്ന ചോദ്യം എറിയുന്നു അവൻ. അച്ഛൻ തിരിച്ചു വരണ്ടെന്ന് ദൈവം എന്തിനു തീരുമാനിച്ചു എന്ന ചോദ്യത്തിനു അമ്മയ്ക്ക് ഉത്തരമില്ല. പ്രാർത്ഥിച്ചിട്ട് എന്തു കാര്യം എന്ന് നിഷ്ക്കളങ്കമായ അവന്റെ ചോദ്യം സാധുതയേറ്റുന്നു. ശാസ്ത്രം, വിശ്വാസം എന്നീ വിരുദ്ധദ്വന്ദങ്ങളെക്കുറിച്ച് വ്യക്തമായ അറിവുകൾ കിട്ടുകയുമാണവന്. അദ്ഭുതങ്ങൾ സാദ്ധ്യമാണെന്നും പക്ഷേ അത് ശാസ്ത്രത്തിന്റെ യുക്തിയുടെ പരിധിക്കുള്ളിലായിരിക്കുമെന്നത് അവന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുകഴിഞ്ഞു.

    ശരീരത്തിൽ വിദ്യുച്ഛക്തി കടത്തുന്നതാണ് അദൃശ്യത കൈവരിക്കാനുള്ള ആദ്യപടി എന്നാണവൻ വിശ്വസിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും അത് പരീക്ഷിച്ച് അപകടത്തിൽ പെടുന്നവനുമാണ്. അവനോടൊപ്പം നിന്ന് ശാസ്ത്രത്തിന്റെ നിഗൂഢതകളും അനന്തസാദ്ധ്യതകളും തെര്യപ്പെടുത്തിയ ആളാണ് അവന്റെ അച്ഛൻ. പെട്ടെന്നുള്ള തിരോധാനം അവനെ ആകെ വിഷമിപ്പിച്ചിരിക്കുകയാണ്. അതേ ശാസ്ത്രവിധികൾകൊണ്ട് തന്നെ അച്ഛന്റെ ലോകത്ത് എത്താമെന്നാണ് അവന്റെ കണക്കുകൂട്ടൽ.  ശാസ്ത്രപദ്ധതികളിൽ വൻ വിശ്വാസവും  അതിൽ ആകർഷിക്കപ്പെട്ടവനുമാണവൻ. നോട്ടുപുസ്തകത്തിൽ പരീക്ഷണപദ്ധതികൾ വിശദമായി വരച്ചിട്ട് എല്ലാം മുൻ കൂട്ടി തീരുമാനിക്കാനും മിടുക്കനാണവൻ. ഉൽക്കാനിപാതം അവനെ വിസ്മയിപ്പിക്കുന്നുണ്ടെന്ന് മാത്രമല്ല അതിൽ ശ്രദ്ധചെലുത്താത്ത ചേട്ടനോടും അമ്മയോടും നിരാശകലർന്ന വെറുപ്പും ഉണ്ട്. ഗായത്രിയ്ക്കും അദൃശ്യയാകാനുള്ള സിദ്ധിയുണ്ടെന്നും അത് ചില മന്ത്രങ്ങളുടെ സഹായത്തോടെ ആണെന്നെമുള്ള അറിവും അവനു നിരാശയാണ് സമ്മാനിക്കുന്നത്. അതിലൊന്നും സയൻസില്ലേ”? എന്ന് ദയനീയമായാണ് അവൻ ചോദിക്കുന്നത്.

   അച്ഛന്റെ വേർപാട് അവനെ എത്രമാത്രം ദുഃഖിതനാക്കിയിരിക്കുന്നു എന്നതിന്റെ പരോക്ഷമായ ആഖ്യാനം കൂടിയാണ് സിനിമ. അതുമായി സമരസപ്പെടുന്നതിന്റെ വഴികളാണ് സിനിമയിലെ കഥ വേർതിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. മരണം, കൊലപാതകം എന്നിവയൊന്നും മനസ്സിലാകാനുള്ള പ്രായമായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട പലതും മനസ്സിലാക്കിയെടുക്കുന്ന  അതിവിശാലമായ, ആഴമുള്ള മനസ്സ് സ്വായത്തമാക്കിയെടുക്കുകയാണവൻ.  ഒരു ഡിറ്റെക്റ്റീവിന്റെ അവധാനതയോടും സൂക്ഷ്മതയോടുമാണ് അവൻ അച്ഛൻ ഇട്ടിട്ടുപോയ സൂചനകൾ പരിശോധിയ്ക്കുന്നത്. കൂടുതൽ വിവരങ്ങൾ താഴെ താമസിക്കുന്ന ഘോഷ് എന്ന പുസ്തകവായനക്കാരനിൽ നിന്നും സ്വായത്തമാകുന്നുണ്ട്. അവൻ കാണുന്ന ലോകം അനുഭവിക്കുന്ന ലോകം സത്യമാണ്, അസത്യമാം വിധം സത്യമാണ്. മറ്റുള്ളവരുടെ ലോകം ഈ അസത്യസത്യം അറിയുന്നില്ലാ എന്നത് അവനെ സംബന്ധിച്ചിടത്തോളം വിശദീകരണം അർഹിക്കുന്ന കാര്യമാണ്.  

     ഭരണകൂടത്തിന്റെ നിഷ്ഠൂരത ഒരു കുഞ്ഞുമനസ്സിൽ എൽപ്പിക്കുന്ന ആഘാതത്തിന്റെ ആഖ്യാനം ഗൂഢമാക്കിയതാണ് പ്രശാന്ത് വിജയ് ന്റെ സംവിധാനചാതുര്യത്തിന്റെ അടയാളം.  അനുവിന്റെ അച്ഛൻ വേണു ഛത്തിസ്ഗഢിൽ എത്തപ്പെട്ട ജേണലിസ്റ്റ് ആണ്. മനുഷാവകാശലംഘനവും പോലീസ് അതിക്രമങ്ങളും വേണുവിന്റെ തിരോധാനവും സിനിമയിൽ അനുവിന്റെ തീവ്രസങ്കടങ്ങളായി പ്രതിപാദിക്കപ്പെടുകയാണ്, അത് ആഖ്യാനത്തിൽ പ്രാധാന്യം നേടുന്നില്ലെങ്കിലും. അവനെ സ്വമേധയാ ഒരിയ്ക്കലും വിട്ടുപോകയില്ല അച്ഛൻ എന്ന് അവനു പൂർണ്ണവിശ്വാസമുണ്ട്. അച്ഛന്റെ പെട്ടി തുറന്ന് അതിൽ അടുക്കി വച്ചിരിക്കുന്ന ഉടുപ്പുകളിലും മറ്റും തഴുകി കണ്ണീർ വാർക്കുന്ന ദൃശ്യം വെളിവാക്കുന്നത് അച്ഛനില്ലാതെയായ കുഞ്ഞിന്റെ തീരാസങ്കടം മാത്രമല്ല വലിയവരുടെ കൃത്രിമലോകത്ത് പെട്ടുപോയ നിഷ്ക്കളങ്ക മനസ്സിന്റെ വ്യഥകളാണ്. അനുവിന്റെ അമ്മയുടെ ദൈന്യമുഖം വീണ്ടും വീണ്ടും ചിത്രീകരിച്ചാണ് വേണുവിന്റെ തിരോധാനത്തിന്റെ ഗാഢത വെളിവാക്കുന്നത്.
    
     അനുവിന്റെ വ്യർത്ഥ അന്വേഷണപരതയിലും തീരാദുഃഖമുണ്ട് അമ്മയ്ക്ക്.
 അവനെ പ്രീതിപ്പെടുത്താനും അപകടകരമായ പരീക്ഷണങ്ങൾക്ക് തെല്ലൊരു അറുതി വരുത്താനും അദൃശ്യത അവനു സിദ്ധിയായി എന്ന് ധരിപ്പിക്കാൻ അമ്മയും ചേട്ടനും സമർത്ഥമായി അഭിനയിക്കുന്നുണ്ട്. പാവം അനു ഇത് കുറച്ചു നാളത്തേയ്ക്ക് വിശ്വസിച്ചു പോകുന്നുമുണ്ട്. വലിയവർ കളിയ്ക്കുന്ന കളിയിൽ ദയനീയമായി അവൻ പെട്ടു പോകുകയാണ്. ഇന്നത്തെ സൈബർ ലോകം അദൃശ്യത എന്നത് കുറ്റകൃത്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് ഗായത്രി-ബാലകൃഷ്ണൻ ബന്ധങ്ങൾ. അനുവാണ് ഇത് കണ്ടു പിടിയ്ക്കുന്നത്, ഗായത്രിയുടെ ബോയ് ഫ്രണ്ട് അദൃശ്യനാണെങ്കിൽ അത് ആരാണെന്ന അവന്റെ അന്വേഷണത്വര പ്രേരിപ്പിച്ചതാണവനെ. സത്യങ്ങൾ പുറത്തുകൊണ്ടുവന്ന അവന്റെ തലയിൽ കളിമണ്ണാണെന്ന് വലിയവരുടെ ലോകം സമർത്ഥിക്കുന്നതിൽ തകർന്നുപോകുന്നുണ്ട് അവൻ.

   കഥ പറഞ്ഞ്പോകുന്നതിൽ നിന്ന് വിഘടിച്ച്, ദൃശ്യങ്ങൾ കൊണ്ട് ആഖ്യാനവും ആശയവിനിമയവും സാദ്ധ്യമാക്കാനാണ് സംവിധായകൻ ഉദ്ദേശിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മേന്മ. അനുവിന്റെ മാനസികനിലകളും സംഘർഷങ്ങളും ചിത്രീകരിക്കപ്പെടുന്നത് സംഭാഷണങ്ങളിൽ ഊന്നാതെ ദൃശ്യങ്ങളാലാണ്. തൊട്ടിയിൽ നിറച്ച വെള്ളത്തിൽ പ്രതിബിംബം നോക്കി നിൽക്കുന്നതും അതിൽ തരംഗങ്ങൾ സൃഷ്ടിക്കുമ്പോൾ പ്രതിബിംബത്തിനു രൂപവികൽപ്പം സംഭവിക്കുന്നതും അനുവിന്റെ ആശയങ്ങളുടെ സാരൂപ്യം പോലെയാണ്. ഉൽക്കാനിപാതത്തിന്റെ വാർത്തയുടെ പശ്ചാത്തലത്തിൽ സാവധാനം നടന്ന് നട കയറി ഇരുട്ടിൽ മറയുന്ന അനുവിന്റെ ചിത്രീകരണവും ഇതുപോലെ പ്രതീകാത്മകമാണ്. വെയിലും നിഴലും രേഖാചിത്രങ്ങൾ വരയ്ക്കുന്ന മതിലിനു മുൻപിൽ സൈക്കിൾ നിറുത്തി ട്രാൻസ്ഫോർമർ നോക്കുന്നത്, ഗായത്രി അദൃശ്യയായി മുറിയിൽ  ഉണ്ടെന്നുള്ള നിശ്ചയത്താൽ സ്വകാര്യതയ്ക്കു വേണ്ടി കിടക്കവിരി കൊണ്ട് മൂടിപ്പുതച്ച് ഉടുപ്പ് മാറുന്നത്, ഇവയൊക്കെ അനുവിന്റെ മനസ്സിന്റെ ബാഹ്യപ്രകടന ദൃശ്യങ്ങളാണ്.

      ജനലിൽക്കൂടി പുറത്തേക്ക് നോക്കി ബാഹ്യലോകത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുക അനുവിന്റെ പതിവാണ്. അവസാനം അവൻ ബാൽക്കണിയിൽ ഇറങ്ങി നിന്ന് അനന്തവിഹായസ്സു നോക്കി പ്രപഞ്ചശക്തികളെപ്പറ്റിത്തന്നെയുള്ള അറിവുകൾ നേടുന്നു എന്ന വിധം സ്വയം പരിശോധനയ്ക്ക് വിധേയനാകുന്നുണ്ട്. പ്രപഞ്ചസൂചനയെന്നവണ്ണം ഒരു കാറ്റ് അവനെ തലോടുന്നുണ്ട്. താനേ അടഞ്ഞു തുറക്കുന്ന ബാൽക്കണി വാതിൽ അവൻ നിരീക്ഷിക്കുന്നുണ്ട്. ഇൻ വിസിബിൾ ആകുന്നത് വല്യകാര്യമൊന്നും അല്ല കേട്ടൊ എന്ന സത്യം അവനിൽ വെളിപാടായി ഉണരുകയാണ്. മായ എന്ന വേദാന്തസത്യം തന്നെ ഇത്.മായയുടെ പൊരുൾ തേടി പുരാണങ്ങൾ ചികഞ്ഞവനാണവൻ. കാലം എന്നത് പ്രപഞ്ചത്തിൽ ദുരൂഹമായി വർത്തിക്കുന്നത് അവനു പിടികിട്ടിയ മാതിരിയാണ്. അച്ഛന്റെ വാച്ച് അതുമായി ബന്ധപ്പെടുത്തുന്ന സമയമാപിനിയാണ്. കാലക്കടലിന്റെ അക്കരെ അക്കരെ മരണത്തിൻ മൂകമാം താഴ്വരയിൽ ആയിരിക്കണം അവന്റെ അച്ഛൻ. കാലം എന്നത് നമ്മെ അദൃശ്യരോ ദൃശ്യരോആക്കും. സമയം എന്ന പ്രഹേളികയുടെ ചില പൊരുളുകൾ അവനു പിടികിട്ടിത്തുടങ്ങുകയാണ്. അത് ചിലരെ ഒളിപ്പിക്കും, ചിലരെ വെളിച്ചത്താക്കും. ഗായത്രിയെ കാണാതാകുമ്പോൾ അച്ഛന്റെ വാച്ച് അവളുടെ പക്കൽ ഉണ്ടെന്നും അതുകൊണ്ട് അദൃശ്യരുടെ ലോകത്താണ് അവൾ എന്നും അനു തീർപ്പ് കൽപ്പിക്കുന്നുണ്ട്. അരിപ്പൊടി വിതറി കാൽപ്പാടുകൾ തെളിവായി എടുക്കാം, നൂലുകൊണ്ടോ തുണിക്കീറുകൾ കൊണ്ടോ വല നെയ്ത് അവരുടെ സാന്നിദ്ധ്യം  കണ്ടു പിടിയ്ക്കാം. അസ്പഷ്ടം ദൃഷ്ടമാക്കുന്ന പൊരുളെന്താണെന്നാണ് അന്വേഷണം..   ഒറ്റപ്പെട്ടുപോയ എല്ലാവർക്കും വേണ്ടി, ഒരു കൂട്ട്, ഒരു സ്നേഹസാന്ത്വനം, ഒരു ഉപദേഷ്ടാവ് എന്ന നിലയിൽ കാലം വർത്തിക്കുകയാണ്. അവസാനം ആ വാച്ച് പ്രപഞ്ചത്തിനു തന്നെ സമർപ്പിക്കുകയാണവൻ. അനന്തമായ സാഗരം തന്നെ പ്രപഞ്ചസൂചകം. അതുകൊണ്ട് സമുദ്രത്തിനു വിട്ടുകൊടുക്കുകയാണവൻ അവന്റെ പ്രിയപ്പെട്ട വാച്ച്. അവന്റെ അച്ഛൻ അവനോടു കൂടെത്തന്നെ ഉണ്ടെന്ന സ്വയം വിശ്വാസപ്പെടുത്തൽ കൂടിയാണിത്. ദി ഇൻവിസിബിൾ മാൻഎന്ന പുസ്തകം തന്നെ അച്ഛൻ അവനു കൊടുത്തത് എന്തിനാണെന്നും അവൻ മനസ്സിലാക്കിയിരിക്കുന്നു. അച്ഛൻ ഇനി തിരിച്ചു വരികയില്ല എന്നും പിടികിട്ടിയിരിക്കുന്നു അതിശയങ്ങളുടെ വേനൽക്കാലത്ത്. ഗഗനവും സമുദ്രവും അദ്ഭുതങ്ങളായിരിക്കുന്നതു പോലെ അവനും അദ്ഭുതങ്ങളുടെ ഒരു ഭാഗമാണെന്ന വൻ തിരിച്ചറിവാണ് ആ കുഞ്ഞുമസ്തിഷ്ക്കത്തിൽ വിടർന്നു പടരുന്നത്. അച്ഛൻ അദൃശ്യരുടെ ലോകത്താണെങ്കിലും  അദ്ഭുതങ്ങൾക്ക് ഇനിയും സാദ്ധ്യതകളുണ്ട്, സാംഗത്യമുണ്ട്. ഈ മഹാപൊരുൾ, ആത്യന്തികസത്യം മനസ്സിലാക്കി ആ വേനൽ അവസാനിക്കുകയാണ്. സ്കൂൾ തുറക്കുന്ന ദിവസം ബസ് സ്റ്റോപ്പിൽ അനന്തതയെ നോക്കി നിൽക്കുന്ന അനു എന്ന എട്ടുവയസ്സുകാരന്റെ ഷോടോടെ സിനിമ അവസാനിക്കുന്നു. അവന്റെ അച്ഛൻ കൊടുത്ത കൃത്യസൂചന, എന്നും സ്വപ്നം കാണുക എന്നതനുസരിച്ച് സ്വപ്നങ്ങളുടെ ബസ് വന്നണയാൻ അവൻ കാത്തു നിൽക്കുന്നു.