Sunday, April 14, 2019

കുമ്പളങ്ങിയിലെ രാത്രികളിൽ മീൻ പിടിയ്ക്കുന്നത്   ആർക്കും വേണ്ടാത്ത പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടെ കളയുന്ന സ്ഥലത്താണ് നെപ്പോളിയന്റെ നാലു മക്കളുടെ വീട്. അച്ഛനും അമ്മയും ഇവിടെ വിട്ടുപോയവരാണ്  സജിയും ഇളയവർ ബോബിയും ബോണിയും ഫ്രാങ്കിയും. ഒരേ അമ്മയ്ക്ക് പലരിൽ ഉണ്ടായവരാണെന്ന് നാട്ടുകാർ കിംവദന്തി പ്രചരിപ്പിക്കുന്നുമുണ്ട്. ബോബി അവന്റെ ഉള്ളം കയ്യിൽ അവന്റെ മാത്രം പെഡിഗ്രി വരച്ച് കൂട്ടുകാരി ബേബിമോളെ കാണിയ്ക്കുന്നുണ്ട്. നിങ്ങടെ കുടുംബത്തിൽ എത്ര അച്ഛനമാരുണ്ട് എന്ന് ഒരു കുസൃതിച്ചോദ്യം അവൾ ചോദിക്കുന്നുമുണ്ട്.ലോകമേ തറവാട് എന്ന മാതിരി കതകും കെട്ടുറപ്പും ഇല്ലാത്തതാണിത്. പഞ്ചായത്തിലെ ഏറ്റവും മോശം വീട് എന്ന് ഫ്രാങ്കി നിരാശയോടെ പ്രസ്താവിക്കുന്നുമുണ്ട്  തീട്ടപ്പറമ്പിലെ ഈ വീടിനെപ്പറ്റി.

  ഈ വാതാവരണത്തിൽ അവനവനെ സ്വയം കണ്ടുപിടിയ്ക്കുകയും അമ്മ, അച്ഛൻ സ്വരൂപങ്ങളെ ആവാഹിക്കുകയും ചെയ്യുന്ന  മാന്ത്രികവിദ്യാകഥനമാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഉള്ളടക്കം. സമാന്തരമായി കുടുംബത്തിന്റെ അധികാരസ്വരൂപത്തെ കൃത്രിമമായി ഉൾക്കൊള്ളാൻ ശ്രമിക്കുന്ന മറ്റൊരു വീട്ടുകാരന്റെ പാളിപ്പോകുന്ന ശ്രമങ്ങളും. സ്വന്തം സ്വത്വം മാത്രമല്ല അവനവന്റെ ഇടങ്ങളും അവയുമായുള്ള താദാത്മ്യവും ഉൾക്കൊള്ളൂന്നത്  എങ്ങനെ എന്നതും സിനിമയുടെ വെളിവാക്കലിൽ പെടുന്നു. രാത്രിയിൽ കായലിലെ സൂക്ഷ്മജീവികൾ ഉജ്ജ്വലമായ ഫ്ളൂറസൻസ് ഉള്ള സ്വയം പ്രഭ (Bioluminescence എന്ന പ്രതിഭാസം‌) കളാകുന്നത് അപാരസുന്ദരകാഴ്ച്ചയാണ്. ഈ കുമ്പളങ്ങിസൗന്ദര്യം ആസ്വദിക്കാനും അവരുടെ ഉള്ളിലെ പ്രകാശം തിരിച്ചറിയാനും സജിസഹോദരങ്ങൾ പ്രാപ്തരാകുന്നിടത്ത് സിനിമ അവസാനിക്കുന്നു. അവർ വലയെറിയുന്നത്  വെറും മീൻ പിട്യ്ക്കാൻ മാത്രമല്ല.
 
       അതിജീവനത്തിന്റെ തന്ത്രങ്ങളൊന്നും പഠിച്ചെടുക്കാനോ അവയെപ്പറ്റി ബോധമുദിക്കാനോ സാധിച്ചവരല്ല  നെപ്പോളിയൻ മക്കൾ. ബോധമുദിപ്പിക്കാൻ ആരുടേയും ഊഷ്മളസാന്നിദ്ധ്യം ഇല്ലാതെ പോയതു തന്നെ കാരണം. ചുറ്റുപാടും ധാരാളം മീൻ ഉണ്ട്, അതു പിടിയ്ക്കാനറിയാം, അതുകൊണ്ട് മീൻകറി വീട്ടിൽ എപ്പോഴുമുണ്ട്.  ഇളയവൻ ഫ്രാങ്കി, മൂത്തവർ ഉള്ളതുകൊണ്ടായിരിക്കണം സ്കോളർഷിപ്പോടേ ദൂരെ പ്ലസ് റ്റു പഠിയ്ക്കുന്നുണ്ട്. പുറം ലോകവുമായുള്ള താരതമ്യം സാദ്ധ്യമാവുന്ന ഒരേ ഒരു കുടുംബാംഗം. ഒരു കുടുംബനാഥൻ (patriarch) ഇല്ലാതെ പോയതിന്റെ ദുഃഖം കൂടുതൽ പേറുന്നവനാണവൻ. പരസ്പരം വെറുതെ തല്ലു കൂടുന്ന സജിയേയും ബോബിയേയും നിരാശകലർന്ന വെറുപ്പോടെയാണവൻ വീക്ഷിക്കുന്നത്. ഇവരുടെ ഇത്തരം തെമ്മാടിത്തരം കൊണ്ടായിരിക്കണം അപ്പൻ വിട്ടു പോയതെന്നാണ് അവന്റെ നിഗമനം. വീട്ടിലേക്ക് വരാൻ ഔൽസുക്യം കാണിയ്ക്കുന്ന കൂട്ടുകാരോട് എല്ലവരും ചിക്കൻ പോക്സ് പിടിച്ച് കിടക്കുകയാണെന്ന് അവനു കള്ളം പറയേണ്ടി വന്നത് ചേട്ടന്മാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കൊണ്ടും കൂടെയാണ്. രാത്രിയിൽ വീട്ടിലേക്ക് വരുന്ന ബോണിയ്ക്ക് വഴക്കുണ്ടാക്കി ഉല്ലസിക്കുന്ന ചേട്ടന്മാർ കാരണം തിരിച്ചു പോകയേ നിവൃത്തി ഉള്ളൂ.

  ഇവരുടേ alter ego എന്ന മാതിരിയാണ് സ്വൽപ്പം ദൂരെ താമസിക്കുന്ന ഷമ്മിയുടെ പ്രകൃതം. എല്ലാത്തിലും കണിശക്കാരൻ. സജിയും അനിയന്മാരും ഷേവ് ചെയ്യാൻ പോലും മടിയുള്ളവരും തങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച്  തികച്ചും ഉദാസീനരും ആയിരിക്കെ ക്ളീൻ ഷേവ് ചെയ്ത് മിനുക്കിയ മുഖം വേണമെന്ന് നിർബ്ബന്ധം പിടിയ്ക്കുന്ന ഷമ്മി മേൽമീശ വെട്ടിയൊതുക്കി അത് തടവി ആകൃതി കൃത്യമാക്കാൻ വെമ്പുന്നവനാണ്. സജിയും ബോബിയും ഷർട് പോലും ധരിക്കാത്തവർ ആണെങ്കിൽ ഷമ്മി  പരസ്യചിത്രങ്ങളിൽ കാണുന്നമാതിരി മുഴുവൻ ജെന്റിൽമാൻആയിരിക്കണമെന്ന് നിർബ്ബന്ധമുള്ളവനാണ്. ഡിസൈനർ ഷർടുകൾ ധരിച്ച് റെയ്മണ്ട്  സ്യൂടിങ്ങിന്റെ പരസ്യമോഡലാണെന്നു വരെ ധാരണയുണ്ട് അയാൾക്ക്. വീട്ടിലെ അംഗങ്ങൾ തമ്മിൽ പരസ്പരസ്നേഹത്തോടെ പെരുമാറണമെന്ന് ശാഠ്യവുമുണ്ട്, ദുർച്ചിന്തകളുടെ ഭാഗമായിട്ടാണെങ്കിലും.  കൂടെയുള്ള ഭാര്യയുടെ അമ്മയേയും ഭാര്യ സിമിയുടെ അനിയത്തി ബേബിമോളെയും കുടുംബനാഥൻ എന്ന നിലയിൽ അയാളെ കാണാൻ പരിശീലിപ്പിക്കുന്നുമുണ്ട്. സജിസഹോദരങ്ങൾക്ക് ജീവിതസത്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ സൃഷ്ടിച്ച (മോശം) മാതൃകയാണ് ഷമ്മി എന്ന നിലയിലാണ് സിനിമ പുരോഗമിക്കുന്നത്.

           ഈ വിപരീതധ്രുവങ്ങളിലുള്ള രണ്ടു കൂട്ടരും തമ്മിലുള്ള സംഘർഷം ഉടലെടുക്കുമ്പോൾ അച്ഛനമ്മമാരുടെ സ്വാധീനങ്ങൾ, അനുശാസന (ഡിസിപ്ലിൻ) നിർമ്മിതികൾ, കുടംബത്തിലെ ശ്രേണീബദ്ധപദ്ധതികളുടെ ഉരുത്തിരിയൽ, അതിജീവനത്തിനു അത്യാവശ്യമായ ജോലിയുടെ സാംഗത്യം  ഒക്കെ പുനർ നിർവ്വചനം ചെയ്യപ്പെടുകയാണ്. അമ്മയുടെ സാന്നിദ്ധ്യത്തിനു വേണ്ടി കേഴുന്ന സജി സഹോദരങ്ങളും ഭാര്യ, അവരുടെ അമ്മ,അനിയത്തി എന്നിവർ അടങ്ങുന്ന കുടുംബം ഉള്ള ഷമ്മി യും കുടുംബഘടനയും പ്രവർത്തനങ്ങളും  വ്യവസ്ഥപ്പെടുത്താൻ ശ്രമിക്കുകയാനെങ്കിലും രണ്ട് വഴികളിലാണ് അവർക്ക് സഞ്ചരിക്കേണ്ടി വരുന്നത്.

കുടുംബം എന്ന തുഴഞ്ഞാൽ നീങ്ങാത്ത തോണി

    മൂത്തമകൻ സജിയ്ക്കും ഒരു അച്ഛൻ പ്രതിരൂപം ഉണ്ടെങ്കിൽ എന്ന ആശ ചിലപ്പോൾ വന്നു കയറാറുണ്ട്.   അപ്പൻ മരിച്ച ദിവസം എല്ലാരും ഒന്നിച്ച് അത്താഴം കഴിക്കണം എന്ന് ഫ്രാങ്കി പറയുമ്പോഴാണ് അയാൾ അത് ഓർത്തെടുത്തത് എങ്കിലും അപ്പന്റെ ഫോടോ യുടെ മുൻപിൽ മെഴുകുതിരി കൊളുത്തി പ്രാർത്ഥിക്കാൻ ഒരുമ്പെടുന്നത് വെറും പ്രഹസനമായേ ബോബി കാണുന്നുള്ളു. കാരണം അപ്പനെ മക്കളാരും ബഹുമാനത്തോടെ ഓർക്കാറില്ല എന്നത് സത്യമാണെന്ന് അവനറിയാം. സജിയെ ഒരു ജേഷ്ഠൻ എന്ന രീതിയിൽ കാണാനും ബോബിയ്ക്ക് പരിശീലനം കിട്ടിയിട്ടില്ല. ഒരിയ്ക്കൽ സജി തന്നെ അയാളെ ചേട്ടാഎന്ന് വിളിയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അവൻ പരുങ്ങിപ്പോകുന്നുണ്ട്. മനസ്സില്ലാ മനസ്സോടേ ആ വാക്ക് ഉച്ചരിക്കുന്നുണ്ടെങ്കിലും അത് വികാരരഹിതമാണു താനും. പിതൃത്വത്തെക്കെറിച്ചുള്ള ആശങ്കകൾ സജിയ്ക്ക് മാനസികാഘാതങ്ങൾ വരെ സമ്മാനിച്ചിട്ടുണ്ട്, സൈക്കിയാട്രിസ്റ്റിനോട് ഇത് തുറന്നു പറയുന്നുമുണ്ട്.

          എന്നാൽ കുടുംബം എന്ന സ്ഥാപനത്തെക്കുറിച്ച് പ്രിയപ്പെട്ടവൾ ബേബിമോളുമായുള്ള സംസർഗ്ഗത്താൽ- ചില അറിവുകൾ കിട്ടിത്തുടങ്ങിയതിനു ശേഷം ഇവിടെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിക്കാൻ മാത്രം പ്രാപ്തനാകുന്നുണ്ട് ബോബി. നല്ല കുടുംബത്തിനു ഒരു സംസ്കാരമുണ്ട്. അത് കാത്തു സൂക്ഷിക്കേണ്ടേ....എന്ന് പിന്നീട് അയാൾ ദയനീയമായി ചോദിക്കുന്നുമുണ്ട്, കാരണം അവന്റെ പെണ്ണിനെ അവിടെ കൊണ്ടുവരാനുള്ള പ്രതിബന്ധം ഈ പാളിപ്പോയ കുടുംബഘടനയാണ്. ഇതുമായി ബന്ധപ്പെട്ടതായ ചില അടിസ്ഥാന നിഷ്ക്കർഷകൾ സജിയേയും ബോണിയേയും ബോധിപ്പിക്കാൻ പാഴ്ശ്രമം നടത്തുന്നതും ബോബിയാണ്. ആ വീട്ടിലെ ഏറ്റവും വലിയ തമാശയാണിത്, ഇതിനു പത്തുപൈസയുടെ മൂല്യം പോലുമില്ല എന്ന ഉടൻ  ഇളയവൻ ബോണി അവനെ ധരിപ്പിക്കുന്നുണ്ട്. പലപ്പൊഴും ഒരു അച്ചടക്കവും ശിക്ഷണവും അനുസരണാശീലവും അവരിൽ ഉളവാക്കുന്ന തരത്തിൽ ഒരു അച്ഛൻ പ്രതിരൂപത്തിലേക്ക്ക്ക് കയറിക്കൂടുന്നുണ്ട് ബോണി. ബാറിൽ വച്ച് വഴക്കുണ്ടാക്കിയപ്പോഴും പോലീസ് സ്റ്റേഷനിൽ നിന്ന് സജിയെ ഇറക്കിക്കൊണ്ട് പോകാനെത്തിയപ്പോഴും ബോണി ഈ രക്ഷകർത്താവ് രൂപം നേരിട്ട് എടുത്തണിയുന്നുണ്ട്. സജിയുടെ നല്ലനടപ്പിനുള്ള നിർദ്ദേ ശങ്ങൾ ബോണിയിൽ നിന്നാണ് ഉറവിടുന്നത്. നിശബ്ദമോ അദൃശ്യമോ ആയ ഒരു അച്ഛൻ സാനിദ്ധ്യമെന്ന പ്രതീതിയ്ക്കു വേണ്ടിയായിരിക്കണം ബോണിയെ സംവിധായകനും കഥ/തിരക്കഥാകൃത്തും ഊമയാക്കി സൃഷ്ടിച്ചത്.

   ഷമ്മിയുടെ കുടുംബത്തിലും അച്ഛന്റെ അഭാവം ഉണ്ട്. സിമിയുടെ അച്ഛൻ മരിച്ചു പോയിരിക്കുന്നു, ഷമ്മിയുടേ അച്ഛനമ്മമാരെപ്പറ്റി സൂചനകളൊന്നുമില്ല. ഷമ്മി മാനസിക വൈകൃതങ്ങൾ പ്രദർശിപ്പിച്ചപ്പോൾ സിമി ഫോൺ വിളിച്ചത് ഷമ്മിയുടെ ബന്ധുക്കാരനെയാണ്, അതുകൊണ്ട് ഷമ്മിയ്ക്ക് അങ്ങനെയാരും ഇല്ലാ എന്ന് കരുതാം.എന്നാൽ ബലമായി അച്ഛൻ പ്രതിരൂപം നിർമ്മിച്ചെടുക്കാനാണ് ഷമ്മിയ്ക്ക് ആസക്തി. അത്താഴസമയത്ത് നടുവിലത്തെ കസേരയിൽ തന്നെ ഇരുന്ന് പ്രമാണിത്തം കാണിയ്ക്കണമെന്ന് അയാൾക്ക് നിർബ്ബന്ധമുണ്ട്. സിമിയുടെ അച്ഛന്റെ ഫോടൊയ്ക്ക് സമാന്തരമായി ഷമ്മിയുടെ മുഖം പ്രതിഷ്ഠിക്കുന്ന ഒരു ഷോട് സിനിമയിൽ ഉൾപ്പെടുത്തിയത് യാദൃശ്ചികമല്ല.

   വളരെ കൊച്ചിലെ മുങ്ങിച്ചാകാൻ തുടങ്ങുമ്പോൾ പോലും ശ്രദ്ധ തിരിയ്ക്കാത്ത അമ്മയെക്കുറിച്ച് ദുസ്വപ്നം കാണുന്നവനാണ് ഫ്രാങ്കി. നിലയില്ലാവെള്ളത്തിൽ അവൻ മുങ്ങിപ്പോകുമ്പോഴും തുണി കഴുകുകയാണവർ തൊട്ടടുത്ത്. അധികം ദൂരെയല്ല താമസം എങ്കിലും അവർ ഒരു കൾറ്റ് മെമ്പർ ആയി മാറിയതിനാൽ വീടുമായോ മക്കളുമായോ ബന്ധമില്ല. നാൽവരും അവിടെ ചെന്ന് യാചിച്ചിട്ടും വരാനുളള മനഃസ്ഥിതി അവർക്കില്ല. പണ്ടേ അവർക്ക് അസുഖമായിരുന്നു എന്ന് സജി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവരെ പ്രാകരുതെന്ന് സജി ബോബിയോട് നിർദ്ദേശിക്കുന്നുമുണ്ട്. അവരുടെ അമ്മപ്രതിരൂപം അവർ പണ്ടേ ഉപേക്ഷിച്ചതാണ്. അമ്മ ഒരു സങ്കൽപ്പം മാത്രമായി തുടരും എന്ന് നാലുപേരും മനസ്സിലാക്കുന്നത് നിരാശയോടെയാണ്. 

ജോലി, അധികാരം , കുടുംബവ്യവസ്ഥ
  അധികാരത്തിന്റെ പണിയായുധമായാണ് ജോലി എന്നതിനെ ഷമ്മി വീക്ഷിക്കുന്നത്.  ജോലി ഉണ്ടെന്ന കാര്യം വീമ്പുപറച്ചിൽ പോലെ പുറത്തെത്തിയ്ക്കുന്നുണ്ട് അയാൾ. സിമിയുടെ ചിറ്റപ്പന്റെ വീട്ടിൽ അത്താഴം കഴിക്കുന്ന സമയത്തും അയാൾ ഈ വീര്യം പുറത്തെടുക്കുന്നുണ്ട്. അയാൾ വിഭാവനം ചെയ്യുന്ന, ഒരു തീൻ മേശയുടെ ചുറ്റിലും ഇരുന്ന് എല്ലാ കുടുംബാംഗങ്ങളും ആഹാരം പങ്കിടുന്ന പരിപൂർണ്ണതയും ചിറ്റപ്പൻ പാചകത്തിൽ മിടുക്കനാണെന്നതും അയാളെ അലോസരപ്പെടുത്തുന്നുണ്ടാകണം. അവിടെയും ചിറ്റപ്പനു ഒരു ജോലിയില്ല എന്ന് ആരോപമട്ടിൽ വിളിച്ചു പറയുകയാണ് ഷമ്മി. ചിറ്റപ്പനെ അധികാരക്കസേരയിൽ നിന്ന് വലിച്ചു താഴത്തിടുകയുമാണ് ഉദ്ദേശം. ബോബിയ്ക്ക് ജോലി ഇല്ല എന്നതാണ് അയാളെ ബേബിമോളുടെ പ്രതിശ്രുതവരനായി സ്വീകരിക്കാൻ ഷമ്മിയെ തയാറല്ലാതാക്കുന്നത്. വലയെറിയുന്നതിൽ മിടുക്കനാണ് ബോബി എന്ന് ബേബിമോൾക്ക് നന്നായറിയുകയും ചെയ്യാം. (ബേബിമോളുടെ മുഖത്തിനു മുൻപിലൂടെ ബോബി എറിയുന്ന വെളുത്ത വലക്കണ്ണികൾ താഴോട്ട് നിപതിക്കുന്ന ഒരു ബഹുകേമൻ ഷോട്ടുമുണ്ട് സിനിമയിൽ). സജിയും ബോബിയും ഇക്കാര്യത്തിൽ ഷമ്മിയുമായി വിരുദ്ധ ധ്രുവങ്ങളിലാണ്.  തേപ്പുകടയിൽ പാർട്ണർഷിപ് ഉണ്ടെങ്കിലും വലിയ വരുമാനമൊന്നും ഇല്ല. ഓസിനാണു ജീവിതം എന്നത് അയാൾ അറിഞ്ഞില്ലെന്ന് നടിയ്ക്കുകയാണ്. ഇക്കാര്യം തേപ്പുകടക്കാരൻ മുരുകൻ വ്യക്തമായി ബോദ്ധ്യപ്പെടുത്തിയപ്പോൾ ആ സത്യം ഇടിത്തീ പോലെ വന്നു വീഴുകയും സജി ആത്മഹത്യ മാത്രം പോംവഴിയായും കാണുന്നു. പ്രത്യേകിച്ചും സ്വന്തം അനുജനേക്കാളും സ്നേഹിച്ച മുരുകൻ തന്നെ ഇത് പറഞ്ഞത് സജിയ്ക്ക് താങ്ങാനാവുന്നതല്ല. ആത്മഹത്യാശ്രമം വിപരീതഫലമാണ് ഉളവാക്കിയത്, ആ ആഘാതത്തിൽ നിന്ന് അയാൾക്ക് പുറത്തു കടക്കാനുമാവുന്നില്ല.വിളക്കുകാലിൽ തലതല്ലി സ്വയം ആരാണെന്ന അറിവിലേക്ക് സാവധാനം എത്തപ്പെടുകയാണയാൾ.
  ജീവിതത്തിനു അർത്ഥം നൽകുന്നതും അതിജീവനത്തിനു അത്യാവശ്യവുമായ ജോലി എന്നത് ഷമ്മി കൽപ്പിക്കുന്ന അർത്ഥതലങ്ങളിൽ അല്ലെങ്കിലും ബോബിയും അതിൽ പെട്ടുപോകുകയാണ്.. ബേബിമോളെ ലഭിയ്ക്കണമെങ്കിൽ ജോലി ചെയ്യണം. ക്രിസ്ത്യാനി ആണെന്നുള്ളത് അത്രപ്രശ്നവൽക്കരിക്കുന്നില്ല സിനിമ. ജീസസ് നമ്മൾക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ എന്ന ബേബിമോളുടെ പ്രസ്താവന വഴി ലളിതവൽക്കരിച്ച് ഇൻഡ്യൻ സിനിമയിലെ സ്ഥിരം പ്രശ്നം ആയ മതം-ജാതി-വിവാഹസാദ്ധ്യത എന്ന കണ്ണികൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു.   മൽസ്യ സംസ്കരണ പ്ളാന്റിൽ ജോലി കിട്ടിയെങ്കിലും ജീവിതരീതിയിലെ വൻ മാറ്റങ്ങളുമാമായി പൊരുത്തപ്പെടാനാവുന്നില്ല അയാൾക്ക്. ഒരു വിഭ്രാന്തിയുടെ നിമിഷത്തിൽ അയാൾ അവിടുന്ന് ഇറങ്ങിയോടുകയാണ്. ഇനി ഒരു വിമോചനമില്ല എന്ന് തീർച്ചപ്പെടുത്തി ബേബിമോളോട് തന്നിൽ നിന്നും രക്ഷെപെട്ടുകൊള്ളാൻ അയാൾ ഉപദേശിക്കുന്നുമുണ്ട്.

     കുടുംബത്തിനു ഘടന നിർമ്മിച്ചെടുക്കുക, അതിന്റെ പരിപാലനത്തിനു പോം വഴി കണ്ടെത്തുക ഇങ്ങനെ രണ്ട് മൂല്യാധിഷ്ഠിത സമൂഹനിർമ്മിതിയിൽ വ്യാപൃതരാണ് ഷമ്മിയും സജിയുടെ കുടുംബവും. ആണിന്റെ അധികാരപ്രമത്തത സ്ഥാപിച്ച് അംഗങ്ങളെ അടിമകളെപ്പോലെ നിലനിർത്തുകയാണ് ഷമ്മിയുടെ ലക്ഷ്യമെങ്കിൽ കുടുംബം എന്ന സാംസ്കാരികമൂലകം അടിപടലേ നിർമ്മിയ്ക്കുക എന്നതിൽ തുടങ്ങേണ്ടിയിരിക്കുന്നു സജിയ്ക്കും അനിയന്മാർക്കും. ഫ്രാങ്കി ഇക്കാര്യത്തിൽ കർമ്മോൽസുകനായിക്കഴിഞ്ഞു; സ്കോളർഷിപ്പ് തുകകൊണ്ട് വീട്ടിൽ കക്കൂസ് പണിഞ്ഞു തുടങ്ങിക്കഴിഞ്ഞു അവൻ. സമാന്തരമായി വർത്തിക്കുന്ന രണ്ട് വീട്ടുകാരുടെ ആശയസാമ്യങ്ങൾ സംഘർഷത്തിലേക്ക് നയിക്കുന്നതെങ്ങനെ എന്ന് വിദിതമാക്കുകയാണ് സിനിമയുടെ പ്രധാന ഉദ്ദേശം.

   ബേബിമോളെ  സ്വന്തമാക്കണമെങ്കിൽ അവളുടെ വീട്ടുകാരുമായി, പ്രധാനമായും ഷമ്മിയുമായി സംസാരിക്കേണ്ടി വരും, അതിനു കുടുംബത്തിലെ മൂത്തവനായ സജിയോടൊപ്പം അയാളെ കാണേണ്ടിവരും എന്ന ഘട്ടമെത്തിയപ്പോഴാണ് കുടുംബം എന്നതിന്റെ ചില അടിസ്ഥാനഘടകങ്ങൾ തങ്ങൾക്കില്ല എന്ന് സജിയും ബോബിയും മനസ്സിലാക്കുന്നത്. ബോബിയെക്കൊണ്ട് നിർബ്ബന്ധമായി ചേട്ടാ എന്ന് വിളിപ്പിക്കുന്നുണ്ടെങ്കിലും അതിൽ ആർജ്ജവത്തിന്റെ തരി പോലുമില്ലെന്ന് രണ്ടുപേർക്കുമറിയാം. ആന്തരസംഘർഷങ്ങൾ   കിളിപോയഅവസ്ഥയിൽ എത്തിയ്ക്കുകയാണ് സജിയെ. ഷമ്മിയ്ക്ക് എന്തുണ്ടോ അതൊന്നും ഇല്ലാത്തവനാണ് സജി. മുരുകന്റെ ഭാര്യ സതിയെക്കാണാൻ പോയ അയാൾ അവരുടെ സ്വപ്നസദൃശ്യമായ വീട് നിർന്നിമേഷനായി നോക്കി നിന്ന് പോകുകയാണ്. പൂക്കളാൽ സമൃദ്ധമായ ചെടികളും ചിത്രശലഭങ്ങളും സമ്മോഹനചാരുത നിർല്ലോഭം ചാർത്തിയതാണാ വീട്.  മുരുകൻ എത്തിയടത്ത് എത്തുകയാണെന്ന് പറഞ്ഞ് സതിയുടെ മുന്നിൽ സാഷ്ടാംഗപ്രണാമം ചെയ്യുന്ന സജിയ്ക്ക്  ജീവിതത്തെക്കുറിച്ച് ചില പ്രായോഗിക അറിവുകളും ബാദ്ധ്യതകളും പിടികിട്ടുകയാണ് അവിടെ വച്ചുതന്നെ.ആസന്നപ്രസവത്തിനു സതിയെ ആശുപത്രിയിൽ എത്തിക്കണം. സ്വന്തം വീട്ടുകാർ ഉപേക്ഷിച്ചതിനാൽ പ്രസവശേഷം പോകാൻ അവൾക്കും കുഞ്ഞിനും ഒരിടമില്ല എന്ന് മാത്രമല്ല തുണയ്ക്കും ആരുമില്ല. അവളെയും കുഞ്ഞിനേയും നിസ്സങ്കോചം ഏറ്റെടുക്കുന്ന സജി  ഒരിഞ്ച് സ്ഥലമില്ലാത്ത വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു വരികയാണ്. ഇല്ലാതിരുന്ന മാതൃസ്വരൂപം ആ വീട്ടിൽ വന്നു ചേരുകയാണ് ഇതോടെ. സതിയെ വള്ളത്തിൽ കൊണ്ടുവരുന്ന ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത് സാർവ്വലൗകിക മാതൃബിംബം ആയ  ഉണ്ണിയേശുവിനെ കയ്യിലേന്തിയ മറിയം എന്ന കൃത്യമായ രൂപകൽപ്പനയിലാണ്. സിനിമയിലെ അർത്ഥവർത്തായ ഈ രംഗം സുന്ദരവുമാണ്. സതിയുടെ താരാട്ടുമൂളൽ ആ വീടിനെ ആകെ മാറ്റിമറിയ്ക്കുന്നതായി അനുഭവപ്പെടുന്നത് ഫ്രാങ്കിയുടെ സന്തോഷം രേഖപ്പെടുത്തുന്നതിലൂടെയാണ്.  അവൾ വാഴ്കൈ ഇടം മുടിഞ്ചുപോകുമെന്ന് അമ്മയുടെ ശാപം കിട്ടിയവളാണ് സതി. അതു പറയുമ്പോൾ ചേച്ചി കൃത്യമായ സ്ഥലത്താണ് എത്തിയിരിക്കുന്നത്, ഇതിലും മുടിഞ്ഞ ഒരു സ്ഥലം വേറേ ഇല്ലെന്നുമാണ് ബോബിയുടെ വാദം. അവളെ ചേച്ചിഎന്നാണ് സംബോധന ചെയ്യുന്നതും.   ആ വീട് അതിനു മുൻപ് തന്നെ സ്ത്രീസാന്നിദ്ധ്യം അറിഞ്ഞു തുടങ്ങിയിരുന്നു: ബോണിയുടെ ഗേൾ ഫ്രണ്ട് ആഫ്രിക്കൻ അമേരിക്കൻ, ന്യൂയോർക്ക് നിവാസി നൈല അവിടെ താമസം തുടങ്ങിയിരുന്നു കുറച്ചു ദിവസം മുൻപ്. ഷമ്മിയെ പ്രകോപ്പിക്കാൻ, അയാളുടെ ഒളിഞ്ഞുനോട്ടത്തിനെ ആക്ഷേപിക്കാൻ ബോണിയെ പരസ്യമായി ഉമ്മ വച്ചവളാണവൾ. അമ്മയും കാമുകിയുമൊക്കെ ചേരുന്ന കുടുംബഘടനാ നിർമ്മിതി എളുപ്പമായി സാധിക്കപ്പെട്ടിരിക്കുന്നു. വീട് എന്ന ബാഹ്യസ്വരൂപത്തെ മറികടന്ന് ഊഷ്മളബന്ധങ്ങൾ കുടുംബം എന്നത് ഉരുത്തിരിയിക്കുന്നത് എങ്ങനെ എന്ന് സൂചിപ്പിക്കാൻ സംവിധായകൻ കണ്ടുപിടിച്ച വഴികളിലൊന്ന്. സൈക്കിയാട്രിസ്റ്റിന്റെ  ക്ളിനിക്കിലേക്ക്  സജിയ്ക്ക് കൂട്ടുപോകുന്നത് പയ്യനായ ഫ്രാങ്കി തന്നെ, തിരിച്ചു പോകുമ്പോൾ തോളിൽ കൈവച്ച് അവർ നടന്നു നീങ്ങുന്ന പുറകിൽ നിന്നുള്ള ഒരു ഷോട് കൊണ്ട് മാത്രം സംവിധായകൻ നിർവ്വഹിച്ചതും ഇതു തന്നെ.

ഏറ്റവും വലിയ മീൻ
  സജിയുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകൾ വിടർന്നു തുടങ്ങുമ്പോൾ ഷമ്മിയുടെ  സംഘർഷങ്ങൾ മൂർദ്ധ്യന്യത്തിലേക്ക് പായുന്നു. ഇവ രണ്ടിന്റേയും സമാന്തരസഞ്ചാരങ്ങൾ ഉദ്വേഗപൂർണ്ണമായി ആഖ്യാനം ചെയ്യുന്നതാണ് സിനിമയുടെ ദൃശ്യസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. ഷമ്മിയുടേയും സജിയുടേയും ആന്തരസംഘർഷങ്ങൾ രണ്ട് വ്യത്യസ്ത വീക്ഷണകോണുകളിൽക്കൂടിയാണ് ദൃഷ്ടമാക്കപ്പെടുന്നത്. ഈ വേഷങ്ങൾ ചെയ്ത ഫഹദ് ഫാസിലും സൗബിൻ ഷാഹിറും മലയാളസിനിമയിൽ അനന്യമായ അഭിനയശൈലികളാണ് കൈക്കൊള്ളുന്നത്. സിനിമയുടെ ആഖ്യാനത്തെ സുഗമമാക്കുന്നതും കഥാഗതികൾക്ക് മിഴിവേറ്റുന്നതും ആത്മസംഘർഷങ്ങൾക്ക് ഗാഢതയണയ്ക്കുന്നതും നൂതനവും മിതത്വമാർന്നതുമായ ഈ പ്രകടനങ്ങളാണ്.ഫഹദ് ഫാസിലിന്റെ സ്വതവേ ഭാവദീപ്തങ്ങളായ കണ്ണുകൾ കള്ളത്തരത്തിലൊളിപ്പിച്ച അധികാരത്തിന്റെ ഗർവ്വും ആണത്തത്തിന്റെ അഹങ്കാരവും വിദ്വേഷത്തിന്റെ കനലും ഒരു  സൈക്കോപാത് ആകുമ്പോഴുള്ള ഭ്രാന്തൻ ആവേശവും ഉജ്ജ്വലമായി പ്രകാശിപ്പിച്ചിട്ടുണ്ട്.
        
             ഷമ്മിയുടേയും സജിസഹോദരങ്ങളുടേയും സമാന്തരങ്ങൾ കൂട്ടിമുട്ടേണ്ടത് അനിവാര്യമാകുകയാണ്.  നെഞ്ചിൽ ശർക്കരയുണ്ട വച്ച് മലർന്ന് കിടന്ന് തേങ്ങാമുറി കടിച്ചു തിന്നുന്നവന്റേയും ഡൈനിങ് മേശയ്ക്ക് ചുറ്റും നിശ്ചിതകസേരയിൽ ഇരുന്ന് ഔപചാരികച്ചപ്പാത്തി തിന്നുന്നവന്റേയും വൈരുദ്ധ്യനിർമ്മാർജ്ജനം കുമ്പളങ്ങിയുടെ  നൈസർഗ്ഗികയ്ക്ക് അത്യാവശ്യമാണുതാനും. കുമ്പളങ്ങിയിലെ അസ്വസ്ഥവും കലുഷിതവുമായ ഇരുണ്ട രാത്രികൾക്ക് അറുതിവരുത്തി പ്രകാശമാനമാക്കേണ്ടത് സജിയുടേയും അനിയന്മാരുടേയും ദൗത്യവുമാണ്. ഭാര്യയുടെ അനിയത്തി, അതും ഒരു കിളിന്തുപെണ്ണ് ചില സത്യങ്ങൾ ഷമ്മിയുടെ മുഖത്തുതന്നെ അടിച്ചേൽപ്പിക്കുന്നതും ഭാര്യ സിമി കൊതുകുബാറ്റ് അടിച്ചു വീശി അയാൾക്കെതിരെ പ്രതിരോധം തീർത്തതും ഷമ്മിയുടെ മാനസികവൈകല്യങ്ങളെ പൊലിപ്പിച്ച് മായാവിഭ്രാന്തി (delusion)യും പീഡനോന്മാദവും (paranoia) ഉൾക്കൊണ്ട സൈക്കോപാത് ആക്കി മാറ്റുകയാണ്. തന്റെ പണിയായുധമായ ക്ഷൗരക്കത്തി വരേ അയാൾ അവിടെ വന്നുകയറുന്ന സജിസഹോദരങ്ങൾക്കെതിരേ ഉപയോഗിക്കുന്നുണ്ട്. സ്റ്റാൻലി കുബ്രിക്കിന്റെ ദി ഷൈനിങ്ഇലെ ചില രംഗങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട് ഷമ്മിയുടെ ആക്രമണരീതികൾ.
  
   ഷമ്മിയുടെ പൂർവ്വകാലകഥകളെക്കുറിച്ച് അധികം സൂചനകളില്ല. അയാളിൽ മനോവൈകൃതങ്ങൾ രൂപപ്പെട്ടതിന്റെ അടിസ്ഥാനം ദുരൂഹമാണ്. ബാല്യകാലത്ത് കഠിനശിക്ഷകൾ മാതാപിതാക്കളിൽ നിന്ന് ഏറ്റുവാങ്ങിയവനായിരിക്കണം അവൻ. മുറിയുടെ കോണിൽ ഭിത്തിയോട് ചേർന്ന് കണ്ണു പൊത്തി നിൽക്കുന്നത് പണ്ടത്തെ ശിക്ഷാവിധികളുടെ ഭാഗമോ ഉള്ളിലെ പൈശാചികവ്യക്തിത്വം  ഒളിച്ചു വയ്ക്കാനുള്ള തത്രപ്പാടോ ആയിരിക്കണം. അല്ലെങ്കിൽ ഉൽക്കടമായ വെല്ലുവിളികൾ ഏൽക്കുമ്പോൾ രക്ഷപെടാൻ പഴുതു നോക്കുന്നത് ആയിരിക്കണം. ഈ സ്വഭാവം ഷമ്മിയ്ക്ക് നേരത്തെ ഉള്ളതായി അയാളുടെ ബന്ധുക്കാരൻ സിമിയോട് പറയുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്ന അച്ഛനും ചേട്ടനും മറ്റ് ആണുങ്ങളും ഉള്ള കുടുംബത്തിൽ (മലയാള സിനിമയുടെ ചരിത്രം തന്നെ ഇത്) വളർന്ന് അതിനെതിരെ പ്രതിരോധിക്കാനുള്ള യത്നത്തിൽ തോറ്റുപോയി അതിനു തന്നെ അടിമപ്പെട്ടവനുമായിരിക്കണം ഷമ്മി. കൊതുകുബാറ്റ് എന്ന വിദ്ധ്വംസനായുധം മാതാപിതാക്കളുടെ ക്രൂരശിക്ഷണവിധികളിൽ പെട്ടതായിരിക്കണം,അത് അയാൾക്ക് ദുരന്തങ്ങളുടെ ഓർമ്മകളായിരിക്കണം സമ്മാനിച്ചിട്ടുള്ളത്. സിമി അതുതന്നെ ഉപയോഗിച്ച് പ്രതിരോധം തീർക്കുമ്പോൾ അയാളുടെ സർവ്വനിയന്ത്രണങ്ങളും കൈവിട്ടുപോകയാണ്. അത് കത്തിച്ചുകളയേണ്ടത് പ്രതികാരനിർവ്വഹണതുല്യമാണ്. പെർഫെക്റ്റ് ജെന്റിൽമാൻവേഷമണിഞ്ഞാണ് അയാൾ പാതിരാത്രിയിൽ ഉറ്റബന്ധുക്കളായ സ്ത്രീകളെ കീഴ്പ്പെടുത്തുന്നത്. തന്റെ വേഷവിധാനത്തെ അധികാരത്തിന്റെ ചിഹ്നം തന്നെ ആക്കിയെടുത്തിരിക്കുന്നു അയാൾ.  ബേബിമോൾ അയാളുടെ ബദ്ധശത്രു ആകുന്നത് അവൾ ചെറുപ്രായത്തിൽത്തന്നെ ജോലി നേടിയവളും ഇംഗ്ളീഷ് സംസാരിക്കുന്നവളും തുല്യത നേടിയ പാശ്ചാത്യരാജ്യങ്ങളിലെ ആൾക്കാരുമായി ഇടപെടുന്നവളുമായതുകൊണ്ടാണ്. മാറുന്ന സ്ത്രീസമത്വനിർവ്വചനങ്ങൾ ഉൾക്കൊള്ളാനാവാതെ വിറളിപിടിച്ചുപോകുന്ന മലയാളി ആണിനു ആ നിലപാടിൽ നിന്ന് മാറേണ്ടത് അത്യാവശ്യമാകുമ്പോൾ ക്ഷൗരക്കത്തി വരെ ആയുധമായി ഉപയോഗിക്കേണ്ടി വരുന്നു.

       ഇൻഡ്യൻ സിനിമ ഇന്നോളം നിഷ്കർഷിച്ചിട്ടുള്ള ആൺസ്വരൂപത്തെ അപനിർമ്മിക്കുന്നതും സിനിമയുടെ ഒരു ഉദ്ദേശമാണെന്ന് തോന്നിയാൽ തെറ്റു പറയാവനാവില്ല. ധീരോദാത്ത നായകൻ-അയാൾ മാത്രം-പ്രദാനം ചെയ്യുന്ന സുരക്ഷയും അതിജീവനോപായങ്ങളും സ്വാസ്ഥ്യവും മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായത് ഈയിടെയാണ്.  ഇന്നത്തെ രാഷ്ട്രീയ വാതാവരണത്തിൽ വ്യക്തവും കെട്ടുറപ്പുള്ളതും നീതിയുക്തവുമായ ഒരു നേതൃത്വത്തിന്റെ അഭാവം സൂചിപ്പിക്കാനായിരിക്കണം മാതാപിതാക്കൾ നഷ്ടമായ മക്കളെ കുമ്പളങ്ങിയിൽ അണിനിരത്തി അവരുടെ വ്യഥകളും ആത്മസംഘർഷങ്ങളും ആവിഷ്ക്കരിക്കാൻ സംവിധായകൻ തുനിഞ്ഞത്.    

   കുടുംബം നിർമ്മിച്ചെടുക്കുന്നത് ആര്, നിർമ്മിച്ചെടുക്കേണ്ടത് ആര് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് സജിസഹോദരങ്ങൾക്ക് ഉത്തരം കിട്ടുന്നത് ഷമ്മിയുമായുള്ള സംഘർഷങ്ങളിൽക്കൂടിയാണ്. ആഡംബരവീടുകളിൽ കനത്തസെക്യൂരിറ്റിയുടെ വ്യാജസുരക്ഷിതയ്ക്കുള്ളിൽ ശിഥിലമായ കുടുംബബന്ധങ്ങളെ വകവയ്ക്കാതെ ഊഷ്മളബന്ധങ്ങൾ നിരാകരിച്ചുകൊണ്ടുള്ള മലയാളി ജീവിതത്തെ ഖണ്ഡനപരമായി വിമർശിയ്ക്കുകയാണ് കതകുകളും കെട്ടുപാടുകളുമില്ലാത്ത വീട് ഒരു പ്രസിദ്ധ ടൂറിസ്റ്റ് സ്ഥലത്തു തന്നെ പ്രതിഷ്ഠിച്ചു കൊണ്ട്  സംവിധായകൻ മധു സി നാരായണനും കഥാകൃത്ത് ശ്യാം പുഷ്ക്കരനും. ഒരു ന്യൂയോർക്ക്കാരിക്കും അവിടെ സുഖമായ് വസിക്കാം. അത്യാവശ്യമെങ്കിൽ എടുക്കാൻ പുതിയ തലയണക്കവറുകൾ ഒക്കെ അവിടെ ഉണ്ട്.

    കാട്ടാളനു കവിയായി മാറാൻ പറ്റുമെന്ന് തെളിയിക്കാൻ ശ്രമപ്പെടുന്ന സിനിമാക്കഥ അല്ലെങ്കിലും അത് തെളിഞ്ഞുവരുന്നുണ്ട് അവസാനരംഗങ്ങളിൽ. ബോബിയുടെ ഉള്ളിലെ ജോലിസാദ്ധ്യത അവനു തിരിച്ചറിവായി നൽകുന്നത് ബേബിമോളാണെന്നുള്ളത് സിനിമയുടെ സ്ത്രീപക്ഷനിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.  ജോലി എന്നത് വ്യവസായികവിപ്ലവത്തിന്റെ ഉപോത്പ്പന്നം മാത്രമല്ലെന്നും സ്വന്തം ചുറ്റുപാടിൽ നൈസർഗ്ഗികമായി ഉളവാകാൻ സാദ്ധ്യതയുള്ളതാണെന്നും അവസാനം സിനിമ സമർത്ഥിക്കുന്നുണ്ട്. സജിയും ബോബിയും ഒന്നിച്ച് മീൻ പിടിയ്ക്കാൻ പുറപ്പെടുന്ന ദൃശ്യം സിനിമയുടെ വെളിപാടാണ്.  ഏകദേശം ഇതേ ആശയം, സ്വന്തം നാടിനെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെന്നമട്ടിൽ ഈയിടെ ഇറങ്ങിയ ഞാൻ പ്രകാശൻ ഇലും പ്രകടമാകുന്നുണ്ട്.

     സജിസഹോദരങ്ങൾക്ക് അവരിൽ തെല്ലുമെങ്കിലും ആണധികാരപ്രമത്തത ഉണ്ടെങ്കിൽ അത് ഇല്ലാതാക്കേണ്ടതുണ്ട്. അവരിൽ പുളയ്ക്കുന്ന വിദ്വേഷത്തിന്റേയും വികലവീക്ഷണങ്ങളുടെ സത്തയേയും  ഉള്ളിലെ ഷമ്മിമാരേയും പിടികൂടേണ്ടതുണ്ട്.  അങ്ങനെ അവർ പിടിച്ച ഏറ്റവും വലിയ മീനാണ് ഷമ്മി. കുമ്പളങ്ങിയിൽ അവരുടെ മുന്നിൽക്കൂടി എന്നും നീന്തിക്കൊണ്ടിരുന്ന മീൻ. ഉള്ളിലെ ദുഷ്ടുകൾ വലയെറിഞ്ഞ്  പിടിച്ച് വരിഞ്ഞുകെട്ടി നിർമ്മാർജ്ജനം ചെയ്യുകയാണവർ. ഇതിനു ഏറ്റവും യോഗ്യമായത് പുറം ലോകവുമായി  കൂടുതൽ ബന്ധമുള്ള ഫ്രാങ്കി തന്നെ.  അവൻ എറിയുന്ന വല മൃദുവും ഊഷ്മളവുമായ പിങ്ക് നിറത്തിലുള്ളതാണെന്നുള്ളത് ശ്രദ്ധേയമാണ്.

  


2 comments:

nixongopal2010 said...

Wow .Very good article with important observations .

വൈഡ് ബോള്‍ said...

ഇനിയൊന്നു കൂടിക്കാണണം സിനിമ!
നല്ല എഴുത്ത് , സൂഷ്മമായ നിരീക്ഷണം!