Wednesday, February 11, 2015

പ്രകൃതിദർശനത്തിന്റെ സമർത്ഥസൂചകങ്ങൾ സിനിമാഗാനങ്ങളിൽ

       

        പ്രേമനാടകത്തിനു  ഉചിതാനുഭൂതിയണയ്ക്കാൻ  പ്രകൃതിയെക്കൊണ്ട് ബാക് ഡ്രോപ്  നിർമ്മിച്ചെടുക്കൽ  മാത്രമാണ്  സിനിമാഗാനങ്ങൾ സാധിച്ചെടുക്കുന്നത് എന്നൊരു പൊതു ധാരണയുണ്ട്. പ്രേമം, പരാജയം ഇവയൊക്കെ തിരനാടകങ്ങളുടെ പ്രധാന കാമ്പ് ആണെന്നത് സത്യമാണ്. പ്രകൃതിയിൽ ഇവയുടെ താദാമ്യങ്ങൾ ദർശിക്കുക എന്നത് കേവലവിനോദോപാധിയായ സിനിമയിൽ അനിവാര്യമായി വന്നുകൂടുകയും  പ്രേമഭാവങ്ങൾ പ്രകൃതിയിൽ നിന്നും നിർദ്ധാരണം ചെയ്തടുക്കുന്ന ഗാനങ്ങൾ ധാരളമായി പ്രത്യക്ഷപ്പെടുകയും ചെയ്തത് ഇക്കാരണം കൊണ്ടാണ്. “ഒരു പൂവിരിയുന്ന സുഖമറിഞ്ഞു” എന്നതിന്റെ ഭാവാർത്ഥത്തിൽ ഒതുക്കാം ഈ പ്രവണതാസാരങ്ങൾ. ഉത്ക്കടസംഘർഷങ്ങൾക്ക് മറുമരുന്ന് പ്രകൃതിയിൽ തേടുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ‘സാഗരമേ ശാന്തമാക നീ’ എന്ന് നായകൻ പാടിപ്പോയാൽ കുറ്റം പറയാനാവില്ല.  എന്നാൽ പ്രപഞ്ചവും ജീവനും തമ്മിലുള്ള ബന്ധം ഉദാത്തീകരിക്കുകയും സ്പഷ്ടമാക്കുകയും സിനിമാഗാനങ്ങളുടെ ധർമ്മമാണെന്ന് കരുതാനാവില്ലെങ്കിലും അങ്ങനെ വന്നുഭവിക്കുന്നത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല.   സഹസ്രദളസംശോഭിതനളിനം പോലെ മഹാഗഗനം , ആ തിരുനളിനപരാഗം ചാർത്തേണ്ടത്  അകമിഴിയാമരവിന്ദത്തിലാണ്, അതിന്റെ ദിവ്യസുഗന്ധം ആവാഹിക്കേണ്ടത് ആത്മദളങ്ങളിലും.  ഗാഢവും ദൃഢവുമാണ് പാടാൻ വേണ്ടി മാത്രം വിളക്കിയെടുത്ത ഗാനങ്ങളുടെ അകപ്പൊരുൾ.
            പ്രകൃതിയിൽ ദൈവസാ‍ന്നിദ്ധ്യം ദർശിച്ച്, അതിന്റെ ഭാഗമാണെന്നറിഞ്ഞ് സായൂജ്യം നേടുന്ന ഭാരതീയ ദാർശനികപദ്ധതിയുടെ അനുരണങ്ങൾ ഗാനരചയിതാക്കളെ ആകർഷിക്കാറുണ്ട്. കടുത്ത ചിന്താധാരകൾക്ക് ഇടമില്ല സിനിമാപരിസരങ്ങളിൽ; നേർപ്പിച്ചെടുക്കുകയേ വഴിയുള്ളു. എന്നാലും “ഒരു മലയുടെ താഴ് വരയിൽ ഒരു കാട്ടാറിൻ കരയിൽ താമസിക്കാൻ മോഹമെനിക്കൊരു താപസനെപ്പോലെ” എന്ന് തുറന്നു പറയുന്നതിന്റെ പിന്നിൽ ഈ ദർശനമാണ്.  കാലമാകും കലമാൻ ഉറങ്ങുന്ന കേളീമലർവനമാണവിടെ, മരവുരി ചുറ്റിയ കാടുകൾ ചൊല്ലും മർമ്മരമന്ത്രം കേൾക്കാനാണു പോകേണ്ട ത് എന്ന് ഉദ്ഘോഷിക്കുന്നു, കാൽ‌പ്പനികതയ്പ്പുറം പോകുന്ന യുക്തി. “കാട്ടുപൂവിൻ കല്യാണത്തിനു പാട്ടു പാടും മൈനകളേ, കൂട്ടു വരുമോ നാളെ ഞങ്ങടെ നാട്ടിലുണ്ടൊരു കല്യാണം”  “നീലക്കുട നിവർത്തീ മാനം എനിയ്ക്കുവേണ്ടി” എന്നൊക്കെയുള്ള സ്വാർത്ഥ ചിന്തയ്ക്ക് നേർ വിപരീതം ആണിത്. ‘കദളീവനത്തിൽ കളിത്തോഴനായ കാറ്റേ നീയുമുറങ്ങിയോ ‘ എന്ന മട്ടിലുള്ള ആത്സുഖാന്വേഷണ പരിവേദനത്തിനു മുൻപിൽ ഗാനരചയിതാവ് മാപ്പുസാക്ഷിയാകുകയാണ്.  സ്വന്തം സുഖസൌകര്യങ്ങൾക്ക് ആക്കം കൂട്ടാന്മാത്രം വിധിക്കപ്പെട്ടതല്ല പ്രകൃതി  എന്ന തിരിച്ചറിവ്  “എക്കോ സ്നേഹി” ആയ മനുഷ്യനെ സൃഷ്ടിയ്ക്കുന്നുണ്ട്, ഗാഡ്ഗിൽ റിപ്പോർടിനും  അപ്പുറമാണ് സിനിമാഗാനങ്ങളിലെ പ്രകൃതി ആദരവ്.
            പ്രപഞ്ചോൽ‌പ്പത്തിയും ഭൂമിയിലെ ഹരിതാഭയുടെ ഉറവിടവും അങ്ങനെ ആസ്റ്റ്രോഫിസിക്സും  ജ്യോതിശാസ്ത്രവുമൊക്കെ സിനിമാ ഗാനങ്ങളിൽ ഇടം പിടിയ്ക്കുക എന്നത് മലയാളത്തിലല്ലാതെ മറ്റ് ഭാരതീയഭാഷകളിൽ കാണാൻ സാദ്ധ്യതയില്ല.  ഇതിനൊപ്പം  തനിച്ചായിപ്പോകുന്ന മനുഷ്യന്റെ വിഹ്വലതകളും  ആശങ്കളും മിശ്രിതപ്പെടുത്തി കാൽ‌പ്പനികതയുടെ  തെളിനീരിൽ ചാലിച്ചാണ് ഗാനാമൃതം ഇറ്റിയ്ക്കുന്നത്.  പണ്ടു മനുഷ്യൻ ആദ്യമായി വന്നപ്പോൾ വിശ്വപ്രകൃതി വെറും കയ്യോട എതിരേറ്റതും കോടി യുഗങ്ങൾക്കകലേ  കാലം കൂടി ജനിയ്ക്കും മുൻപേ സൂര്യനിൽനിന്നൊരു ചുടു തീക്കുടമായി  ഭൂമി വേർപെട്ടതും പൊതുജനത്തിനു വിനോദത്തിനു സമർപ്പിക്കപ്പെടുന്ന പാട്ടിൽ കടന്നു കൂടുന്നത്  ചില്ലറക്കാര്യമല്ല.   ശൂന്യാകാശസരസ്സിൽ  വീണു തണുത്തു കിടന്നു മയങ്ങി ഉണർന്നവളാണു ഭൂമി, ഈറൻ ജീവകണങ്ങളെ വാരിച്ചൂടിയ ഭൂമി, ആ ഭൂമിയെ മനുഷ്യനാണു അഷ്ടൈശ്വര്യസമൃദ്ധികൾ ചൂടിച്ചത്. ഭൂമി സനാഥയായതോ സങ്കൽ‌പ്പങ്ങൾക്കു ചിറകുകൾ കിട്ടിയപ്പോഴാണ്.  സൌരയൂഥത്തിൽ വിടർന്ന കല്യാണസൌഗന്ധികം തന്നെ ഭൂമി എന്ന് തീർച്ചപ്പെടുത്തുന്നത് ഈ സങ്കല്പത്തിൻ പൂവ് വിടരുന്നതു കൊണ്ടാണ്. പ്രകൃതി വിടർന്നു വികസിച്ചത് മനുഷ്യസാന്നിദ്ധ്യം കൊണ്ടും ഭാവനാവികാസവിലാസം കൊണ്ടും ആണെന്ന് ഉദ്ഘോഷിക്കുന്ന കവി യുക്തിചിന്ത വെടിഞ്ഞു എന്ന് കരുതേണ്ടതില്ല, മനുഷ്യന്റെ കല്പനാശക്തിയ്ക്കും  ചിന്താപദ്ധതികൾക്കും ഉദാത്തവും അഗ്രഗണ്യവുമായ സ്ഥാനം കൊടുക്കാനുള്ള തിടുക്കം എന്നേ കരുതാനുള്ളു. പ്രപഞ്ചത്തെ ഉള്ളം കയ്യിലൊതുക്കാനുള്ള  ആശയും വിദ്യയും  അനുബന്ധമായിട്ടുണ്ടെന്നത് ഈ ഉൾക്കാഴച്ചയുടെ മറുപുറം. പതിനാലാം രാവുദിച്ച ത് മാനത്തല്ല കല്ലായിക്കടവത്താണ് എന്നത് വെറും വാശിയായിക്കണക്കാക്കാൻ വയ്യ.
                        എന്നാൽ  പ്രപഞ്ചത്തിന്റെ ഗഹനതയിൽ അനന്തമായ ഇരുളിന്റെ ഏകാന്തതയിൽ ഒറ്റപ്പെട്ടു പോകുമെന്ന പേടി തീക്ഷ്ണമായുണ്ട് കവിയ്ക്ക്. “ഗഗനമേ ഗഗനമേ ഗഹന ഗഹനമാം ഏകാന്തതേ” എന്ന്  ഉറക്കെ വിളിച്ചുപോകാൻ പ്രേരിപ്പിക്കയാണ് ഈ വിഹ്വലത.  ഈ ഏകാന്തതയിൽ  നിശബ്ദതയുടേ ഭൂതോദയം പോലെ , കത്തുന്ന കണ്ണുമായ് ക്ഷീരപഥത്തിലെ രാത്രിഞ്ചരനെപ്പോലെ നിൽക്കുന്ന മൂകനക്ഷത്രത്തെ കണ്ടിട്ട് ഭൂമിയ്ക്ക് “പേടി പേടി പേടി” എന്ന് അലറി വിളിച്ചു പോകുകയാണ് കവി. കാലത്തിൻ തേരിൽ നിന്നൊരു പെൺപൂവിനെ കൈനീട്ടി വാങ്ങിച്ചാൽ  ഈ പേടിപ്പെടുത്തുന്ന സ്വരൂപം മാറി താരള്യവും  പ്രണയലാവണ്യവും കൈവ രുമത്രേ. കാരണം  ഭൂമിയിൽ കല്ലിനു പോലും ചിറകുകൾ നൽകിയാണ് കന്നിവസന്തം വന്നുപോകുന്നത്.  ഊർവ്വരതയുടെ ലാക്ഷണികമാനത്തിൽ ഭൂമിയെ വീക്ഷിയ്ക്കാനാണ് ഗാനരചയിതാൾക്ക് കമ്പം. ഭൂമിദേവി പുഷ്പ്പിണിയാകുന്നതും അതോടേ കാമദേവന് ഉത്സവമാകുന്നതും  നൃത്തത്തിനുള്ള പാട്ട് വരികൾ ആകുന്നത് അതിലെ മുഴുപ്പിച്ച ശൃംഗാരം ശ്രദ്ധിക്കപ്പെടാനല്ല. ഇതേ ഊർവ്വരതാവേശം “അക്കാണും മാമല വെട്ടി വയലാക്കി ആയിരം വിത്തെറിഞ്ഞേ  അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ ഈണമാണെൻ കിളിയേ” എന്ന് കവിയെക്കൊണ്ട് പാടിപ്പിച്ചു പോയെങ്കിൽ അതിൽ വിസ്മയത്തിനവകാശമില്ല.
            പ്രപഞ്ചപ്രതിഭാസങ്ങളെ ഭൂമിയിലെ നിത്യസംഭവങ്ങളായി കാണുന്ന ലാളിത്യയുക്തി പണ്ടേയ്ക്കു പണ്ടേ നമുക്ക് പ്രിയകരമാണ്-കടംകഥകൾ വഴി. “ആനകേറാമലയിൽ ആളുകേറാമലയിൽ ആയിരം കാന്താരി പൂത്തിറങ്ങി” എന്നമാതിരി  പ്രപഞ്ചരഹസ്യങ്ങൾ നമുക്ക് എളുപ്പം പിടികിട്ടാവുന്ന സംഭവങ്ങളാണെന്ന്  വിളിച്ചോതുകയാണ്  കളിയെന്നു തോന്നുന്ന കാര്യങ്ങൾ. പ്രകൃതിപ്രതിഭാസങ്ങൾ മനുഷ്യചര്യകളുടെ സമാന്തരങ്ങളാണെന്നുള്ള പ്രഖ്യാപനം   കവിതകൾക്ക് ചമത്ക്കാരഭംഗി ഏറ്റുന്നത് സാർവ്വലൌകികമാണു താനും. ‘കൊട്ടും ഞാൻ കേട്ടില്ല കുഴലും ഞാൻ കേട്ടില്ല’എന്നമട്ടിൽ  പ്രകൃതിയുടെ കാര്യകലാപങ്ങളെ സ്വന്തം പ്രത്യക്ഷജ്ഞാനവുമായി സംയോഗിപ്പിച്ച്   ഈണവും ലയവും ഇണക്കിയെടുക്കുമ്പോഴുള്ള ആസ്വാദ്യതയുടെ മാധുര്യമാണ് സിനിമാഗാനങ്ങളിലെ സ്ഥാനാന്തരണത്തിൽ ഊറിക്കൂടുന്നത്. നിലാവും നക്ഷത്രങ്ങളും  പൂനിറയുന്ന മുല്ലപ്പന്തലും കുയിൽ‌പ്പാട്ടും  പാലപ്പൂമണവും ഒക്കെ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് കല്യാണാഘോഷത്തിന്റെ അനുരണനങ്ങളായാണ്. ജഗദ് സ്വരൂപവിലാസങ്ങൾ നമ്മുടെ വീട്ടുമുറ്റത്തെ ആഘോഷമാക്കുന്നതാണ് നമുക്കിഷ്ടം. ‘നാഴൂരിപ്പാലുകൊണ്ട് നാടാകേ കല്യാണം’ എന്ന വ്യംഗത്തിലാണ് രസാസ്വാദനത്തിന്റെ കാമ്പ്. മുരിക്കിൻപൂക്കൾ വീണുകിടക്കുന്നത് മുറുക്കിത്തുപ്പിയാതെണെന്ന് കരുതുന്നത് കുട്ടികൾ മാത്രമല്ല.  
             പ്രണയിനിയുടെ രൂപലാവണ്യവും ഭാവഹാവാദികളും  പ്രകൃതിയിൽ ദർശിക്കുകയും സ്മൃതിമാൻ, ഭ്രാന്തിമാൻ, സസന്ദേഹം എന്നു വേണ്ട പല അലങ്കാരങ്ങളും വാരിക്കോരി ഉപയോഗിക്കുക എന്നതും ഗാനരചിയാതാക്കളുടെ നിത്യവ്യവഹാരാരമായത് സിനിമ  ഒരു ലാവണ്യകല യായി അംഗീകരിക്കപ്പെട്ടതുകൊണ്ടാണ്. എത്ര സമുദ്രഹൃദന്തം ചാർത്തീ  ഇത്രയും നീലിമ നിന്റെ കണ്ണിൽ എന്ന് പ്രകൃതിയെ അവളുടെ ലാവണ്യത്തിൽ സംക്രേന്ദ്രിതമാക്കിയാലും പോരാ ‘ഏതിനൊടേതിനോടുപമിക്കും ഞാൻ“ എന്ന സന്ദേഹവും മറ്റു  സംശയങ്ങളും  പിന്നെയും ബാക്കിയാണ്..  “മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതോ മുക്കുറ്റിപ്പൂവേ..”എന്ന മട്ടിൽ പ്രകൃതിയുടെ ലീലാവിലാസങ്ങൾ നായികയിൽ സ്വാംശീകരിക്കപ്പെടാനുള്ള തത്രപ്പാടിന്റെ പാട്ടുകൾ  നൂറുകണക്കിനാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ പരിധികൾ എല്ലാം വിട്ട് പ്രകൃതിദർശനത്തിന്റെ സൂക്ഷ്മാംശങ്ങളിൽ കാമിനി തന്നെ പ്രത്യക്ഷമാകുന്ന രൂപകാതിശയോക്തി  പ്രണയദാഹത്തിനു തെല്ലൊരു ശമനം നിർവ്വഹിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് തളിർമരമിളകുന്നത് അവളുടെ തങ്കവള കിലുങ്ങന്നത് മാത്രമായി  കാമുകന് തോന്നുന്നത്.  അതുകൊണ്ടാണ് പൂഞ്ചോലക്കടവിൽ പാദസരം കിലുങ്ങുകയും പാലൊളിച്ചന്ദ്രികയുടെ തനിമ നഷ്ടപ്പെടുത്തി അവളൂടെ മന്ദഹാസം മാത്രമാക്കുകയും പാതിരാക്കാറ്റിൽ പട്ടുറുമാലിളകുന്നതും അതിസാധാരണമായി  സംഭവിച്ചു പോകുന്നത്. എന്നാൽ  ഈ സുന്ദരിയിൽ നിന്നും പ്രകൃതി ക്ക് ചിലതെല്ലാം തിരിച്ചു പിടിയ്ക്കാനുള്ള സൌജന്യങ്ങളും കവി നൽകിയിട്ടുണ്ട്. പ്രപഞ്ചസൌന്ദര്യത്തിന്റെ ഉറവിടം തട്ടത്തിൻ മറയത്തു തന്നെയാണത്രെ. അഞ്ചുസ്വരങ്ങളും പോരാതെ മന്മഥൻ അവളുടെ ചിരി സായകമാക്കുന്നു, ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവ്വൻ അവളുടെ തേൻമൊഴി സാധകമാക്കുന്നു. ഏഴുനിറങ്ങളും പോരാതെ മഴവില്ല്  അവളുടെ കാന്തി  നേടാൻ ദാഹിയ്ക്കുകയാണ്. നീലിമ തെല്ലും പോരാതെ വാനം അവളുടെ മിഴിയിൽ കുടിയിരിക്കാനും തീരുമാനിക്കുന്നു.  പ്രകൃതിയേത് പ്രണയിനിയേത് എന്ന് ഇനി ചികഞ്ഞുനോക്കിയിട്ട് കാര്യമില്ല.
             പ്രകൃതിയ്ക്കും ഇണകളുടെ മോഹാവേശങ്ങൾക്കും ത്രിമാന രൂപം നിർമ്മിച്ചെടുക്കുന്ന അദ്ഭുതവൃത്തി ചില പാട്ടുകളിൽ  ഉണർന്നെഴുന്നുണ്ട്. ശ്രീകുമാരൻ തമ്പിയുടെ “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണു” എന്ന ഗാനത്തിൽ പ്രത്യേകിച്ചും.   കണ്ണന്റെ മന്മഥലീലാവിനോദങ്ങൾ അനുകരിയ്ക്കുന്ന പ്രകൃതിയെ പ്രിയതമയിലേക്ക് ആവാഹിക്കാനുള്ള നായകന്റെ ഉദ്യമമാണ് ഗാനപ്രമേയം. രതിലീലയ്ക്കു തയാറാകാ‍ാനുള്ള ക്ഷണം പ്രകൃതിസൂചകങ്ങളിൽക്കൂടിയാണ് നായകൻ വെളിവാക്കുന്നത്. പ്രകൃതി ഇതാ വിവസ്ത്രയാകുന്നു എന്തുകൊണ്ടു നീയും ഇല്ലഎന്ന ചോദ്യം ഗാനരചയിതാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് അതീവപാടവത്തോടെയാണ്. പ്രണയബദ്ധരായ മൂന്നു ഇണകളാണ് ഈ ഗാനത്തിൽ. കണ്ണനും രാധയും, രാധയെപ്പോലെ രതിയ്ക്കു തയാറാകുന്ന സുന്ദരി വനറാണി, പിന്നെ കഥാനായകനും നായികയും. സമയം സന്ധ്യയാവുകയാണ്. വെയിൽ മങ്ങുന്നത് പൊൻ മണിക്കച്ച അഴിഞ്ഞുവീഴലാണ്, സ്വർണ്ണപീതാംബരം ഉലഞ്ഞു വീഴലാണ്. സന്ധ്യാവേളയിലെ സിന്ദൂരവർണ്ണം അവളുടെ മുഖം തുടുക്കലാണ്, വനറാണിയും സന്ധ്യയും കാളിന്ദിയും രതിലീലാമോഹാവേശിതരായി സ്വയംസമർപ്പണത്തിനൊരുങ്ങുകയാണ്. സന്ധ്യ ഒരു ഗോപസ്ത്രീ തന്നെ. നക്ഷത്രങ്ങൾ ഉദിച്ചത് അവളുടെ ചെന്തളിർ മേനിയിലെ നഖക്ഷതങ്ങൾ തന്നെ. നിലാവിൽ മന്ദതയാർന്ന തെല്ലു നിശബ്ദയായ കാളിന്ദിയാകട്ടെ നൂപുരങ്ങൽ അഴിച്ചു വച്ച് മയക്കത്തിലാകുന്നതാണെന്നാണ് നായികയെ ബോദ്ധ്യപ്പെടുത്തുന്നത്. മന്മഥലീലയ്ക്ക് അനുയോജ്യപശ്ചാത്തലമൊരുക്കുകയല്ല പ്രകൃതി, മന്മഥലീല കൊണ്ടാടുക തന്നെയാണ്. വിജൃംഭിതയായ പ്രകൃതി കാമമുണർത്താൻ പര്യാപ്തം. പ്രകൃതിയുടെ ഈ കാമസംത്രാസം പ്രണയിനിയിൽ മോഹാവേശമുണർത്തുമെന്ന്, കണ്ടു കണ്ടു കൊതി കൊണ്ടു നിൽക്കുമെന്ന് മാത്രമല്ല, മണിക്കച്ച അഴിച്ച അവൾ തന്റെ രതിവീണയാകുമെന്ന് കൂടിയാണ് പ്രത്യാശ. അവൻ സ്വയം രാജീവനയനനാകുകയും അവൾ രാധികയുമായാൽ കണ്ണന്റെ മാറിൽ വനമാലയായി പറ്റിച്ചേരാം. ശ്രീകുമാരൻ തമ്പി ബിംബ-പ്രതിബിംബങ്ങൾ മിഴിവോടെയും യുക്തിസഹമായുമാണ് വിന്യസിച്ചിട്ടുള്ളത്. സാ‍ധാരണ സിനിമാഗാനങ്ങളിൽ കാണാത്തതാണ് ഇതിലെ കാവ്യസങ്കേതനിലകൾ.
            എന്നാൽ പ്രത്യക്ഷകാമിനി  വേണമെന്ന് നിർബ്ബന്ധമുണ്ടോ? ഇല്ല തന്നെ. പ്രകൃതി തന്നെ  പ്രണയിനി ആയാൽ പോരേ? മതി. “പ്രകൃതീ യുവതീ രൂപവതീ നിന്നോടെനിക്കുള്ള ഹൃദയവികാരം പ്രേമം പ്രേമം” എന്ന് ഉദ്ഘോഷിക്കുവാൻ നായകനു യാതൊരു മടിയുമില്ല. പ്രകൃതിസൌന്ദര്യം നിരുപമമാണെന്നും പ്രേമപ്രഹർഷത്തിനു മറ്റൊരു പോം വഴി വേണ്ടെന്നുമുള്ള ലളിതചിന്തയുടെ വിസ്താരണം  തന്നെയാണ്  ഈ പ്രകൃതിപ്രേമത്തിനു നിദാനം. ഈ പ്രപഞ്ചത്തെ മുഴുവൻ ഞാൻ സ്നേഹിക്കുന്നു എന്ന മട്ടിലുള്ള കാടടച്ചുള്ള വെടിവെപ്പല്ലിത്.  അവളുടെ ഉഷസ്സുകൾ, ത്രിസന്ധ്യകൾ, രാത്രികൾ, രാഗിണിപ്പൂക്കൾ ഒക്കെ അവന്റെ അനുഭൂതികൾക്ക് നിറം പകരാനായുണ്ട്.  “നിന്റെ മൃദുസ്വരം നിന്റെ മധുസ്മിതം നിന്റെ ലജ്ജയിൽ മുങ്ങിയ മൌനം  അവയുടെ മണിമഞ്ജുഷങ്ങളിൽ നിന്നു ഞാൻ ആയിരം സ്വപ്നങ്ങൾ കവർന്നെടുത്തൂ, അനുരാഗത്തിനു കടം കൊടുത്തൂ” എന്നൊക്കെയാണ് ഈ ഉൽക്കടാവേശം അവനെക്കൊണ്ട് പാടിയ്ക്കുന്നത്.  ഇതൊരു ഭ്രാന്തൻ ചിന്തയായി മാറി  “പ്രകൃതീ പ്രകൃതീ പ്രകൃതീ  പതിനേഴു തികയാത്ത യുവതീനിന്നോടെങ്ങനെ യാത്ര പറഞ്ഞു മടങ്ങും ഞാൻ,  നിന്നെ സ്വപ്നം കാണാതെങ്ങനെ നിദ്രയിൽ അലിയും ഞാൻ” എന്നു  ദീനവിലാപം വരെ  ചെയ്യുന്നുണ്ട് നായകൻ മറ്റൊരു സിനിമയിൽ.  പ്രകൃതി-പുരുഷ ദ്വന്ദവും അവയുടെ സംയോഗവും അർദ്ധനാരീശ്വരസങ്കൽ‌പ്പവും ഭാരതീയർക്ക് സ്ഥിരപരിചിതമാണ്, സിനിമാപ്പാട്ടിലും ഇവയൊക്കെ വന്നു കയറിയാൽ അദ്ഭുതപ്പെടാനില്ല. ഉദാത്തചിന്തകൾ അവയുടെ ക്ലിഷ്ടതകൾ വെടിഞ്ഞ് അതിസാധാരണവും ലളിതവും ആക്കി മാറ്റിയ ഗാനരചയിതാവിനെ നമ്മൾ നമിച്ചുപോകുന്നത് ഇവിടെയാണ്. കിളിയെക്കൊണ്ട്  പ്രൌഢഗംഭീരമായ ആദ്ധ്യാത്മിക കൽ‌പ്പനകൾ  ലാളിത്യത്തിത്തിന്റെ തേനിറ്റിച്ച് പാടിച്ച കവിയുടെ മഹത് പാരമ്പര്യമുള്ള നമുക്ക് ഇത് തീരെ അന്യവുമല്ല.
             പ്രകൃതിപ്രേമം നായകന്റെ കുത്തക മാത്രമാണെന്നു കരുതിയാൽ തെറ്റി.  പ്രകൃതിയിലെ തുറസ്സിൽ വിലയനം പ്രാപിക്കുന്ന നായിക  പ്രണയത്തിന്റെ കുരുക്കിൽ‌പ്പെട്ട് കാമുകദർശനത്തിൽ ഒതുങ്ങിപ്പോകുന്നവളല്ല. കുറച്ചുകൂടെ വിശാലമാണ് അവളുടെ കാഴച്ചപ്പാടുകൾ. ഏലമണിക്കാടുചുടി ഓടിയെത്തും കാറ്റ് അവളുടെ സഖിയാണ്, സഖിയുടെ മെയ്യിൽ ആകട്ടെ പൊന്നിലഞ്ഞിപ്പൂമണം, വിയർപ്പിലോ ചന്ദനത്തിൻ കുളിർമണം . ഒളിച്ചിരിയ്ക്കാൻ വള്ളിക്കുടിൽ ഒരുക്കി വച്ചവളാണ് വനാന്തരം.  തോഴികളായ  മുല്ലയും മുക്കുറ്റിയും അവൾ കഥ പറയുമ്പോൾ മൂളിക്കേൾക്കാത്തതിൽ ആകുലതയുള്ളവളാണവൾ.. “തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമാണെന്നോ“ എന്ന് ഹൃദയം തുറക്കുന്നുണ്ട്.  പക്ഷേ ഈ വന്യതയ്ക്ക് ഇരുളും വെളിച്ചവും പോലെ വിപരീത മുഖങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് അവൾക്കുണ്ട്. പകലൊളിയിൽ വനമൊരു പരമശാന്തി മന്ദിരം  കാവൽ നിൽക്കും വൻ തരുക്കൾ നാമം ചൊല്ലും താപസർ  രാവു വന്നു കേറിയാൽ കൂരിരുളിൻ ഗഹ്വരം  മൂടുപടം മാറ്റിയലീ കാടുമൊരു രാക്ഷസൻ എന്നാണവളുടെ വ്യതിരിക്തബോധം അവളെക്കൊണ്ട് പാടിയ്ക്കുന്നത്.
             പുരുഷനും പ്രകൃതിയും ഉൾച്ചേർന്നാണ് ജീവലോകത്തിന്റെ സത്ത ഉരുത്തിരിയുന്നത്. പ്രകൃതിയാണ് ശക്തി. പുരുഷനാകട്ടെ ബീജപ്രദായകൻ. പരസ്പരപൂരകങ്ങളാണിവ. സിനിമാഗാനങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്നുണ്ട്  ഇത്തരം പൊരുളുകൾ. പ്രകൃതിയ്ക്ക് മാതൃബിംബം കൽ‌പ്പിക്കുന്നതും സാധാരണം തന്നെ. “ അമ്മേ പ്രകൃതീ ഉഗ്രരൂപിണീ മൂലകാരിണീ സൃഷ്ടിസംഹാരിണീ” (കാട്ടിലെ പാട്ട്-മുല്ലനേഴി)  എന്നിങ്ങനെ ഭയവും ഭക്തിയും കലർന്ന ആരാധന സുവിദിതമാണ്.  “വ്യർത്ഥയാത്രയിൽ ഏതോ സന്ധ്യയിൽ അർത്ഥമറിഞ്ഞൂ  സത്യമറിഞ്ഞൂ   പിന്നെയും ഭ്രൂണമായ് നിന്റെ ഗർഭാശയത്തിൽ “ എന്ന  പ്രകൃതിയുമായുള്ള പൊക്കിൾക്കൊടി ബന്ധം പൂർണ്ണമായും അംഗീകരിച്ച് അടിയറവ് പറയുകയാണ് കവി. ഭാരതപ്പുഴ അമ്മ/ദേവി ഏകഭാവം കൈക്കുള്ളുന്നത് നമുക്ക് “അമ്മേ നിളാദേവി നിൻ മടിത്തട്ടിൽ” വഴി  പരിചയമാണ്.  മേനിയിൽ പുഷ്പാഭരണം ചാർത്തി മോഹിനിയാട്ടം നടത്തിയവളാണീ അമ്മ, സാഹിത്യം കലകൾ ഇവയൊക്കെ പ്രദാനസ്രോതസ്സുമാണ്. എന്നാൽ കണ്ടാലറിയാതെ വിവശയായതെന്തേ എന്ന ചോദ്യമാണ് കവിക്കു പ്രധാനമായും ചോദിയ്ക്കാനുള്ളത്.
                                    ഈ പുഴയും സന്ധ്യകളും പ്രണയിനിയുടെ ഓർമ്മകളിൽ ഒതുക്കപ്പെടുന്നത്  മോഹമുഗ് ദ്ധനായ നായകനു ചേരുമെന്നതിൽ സംശയമില്ല. എന്നാൽ പിന്നെയുമൊഴുകുന്ന ആലുവാപ്പുഴ സ്നിഗ്ധമധുരമായ ഓർമ്മകളോട് ബന്ധിപ്പിച്ചു തന്നെ നിലനിൽക്കണമെന്നില്ല. ആകുലതളാണ് ഏറെ. ഈറനായ നദിയുടെ മാറിലെ നീർക്കുമിളകളിൽ വേർപാടിന്റെ വേദനയുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ നിലാവും ഈ കുളിർകാറ്റും ഈ പളുങ്കു കൽ‌പ്പടവുകളും ഇനിഓർമ്മകൾ മാത്രമാവാൻ പോകുകയാണെന്ന് ഗദ്ഗദത്തോടെ മാത്രം അറിയുകയാണ് അയാൾ. ഒഴുകിയൊഴുകിയൊഴുകിയിങ്ങനെ പുഴയെവിടെ പോണൂ എന്ന് വിസ്മയിച്ച പ്രണേതാക്കളിലെ നായികയ്ക്ക്  പുഴയായ് ഒഴുകീ ഞാൻ എന്ന തോന്നൽ വരുന്നത് പ്രേമാവേശത്താൽ തന്നെ. ‘നദികൾ നദികൾ നദികൾ  നാണം കുണുങ്ങികൾ  നദികൾ‘  അവൾക്ക് സർവാംഗസുന്ദരികളായ സഖികൾ തന്നെ.  പുഴയുടെ ഈ മനുഷ്യരൂപാന്തരണം ഭാവനാവിസ്തൃതമാകുന്നുമുണ്ട് പലപ്പോഴും. വെളുക്കുമ്പ പുഴയൊരു കളിക്കുട്ടി, വെയ്ലത്തു പുഴയൊരു മണവാട്ടി, കാറ്റത്തു പുഴയൊരു കിറുക്കത്തി, അന്തിയ്ക്കിവളൊരു മുതുമുത്തി  ഇങ്ങനെപോകുന്നു പുഴയുടെ വളർച്ച—വാർദ്ധക്യദശകൾ. പുഴ എന്ന ബിംബം മലയാളസിനിമാഗാങ്ങളിൽ ആഭിമുഖ്യം സ്ഥാപിക്കുന്നതിന്റെ ഉദാഹരണം ഇതേ സിനിമയിൽ (റോസി) വേറേ രണ്ടു പുഴ/തോണിപ്പാട്ടുകൾ (ചാലക്കുടിപ്പുഴയും വെയിലിൽ ചന്ദനച്ചോലയെടീ, അല്ലിയാമ്പൽക്കടവിൽ അന്നരയ്ക്കു വെള്ളം) ഉണ്ടെന്ന സത്യമാണ്.   പുഴയുടെ കല്യാണം  ആഘോഷിക്കപ്പെടേണ്ടതു തന്നെ, ഉജ്ജ്വലമായ് രേഖാചിത്രങ്ങളാലാണ്    അത് ആലേഖനം ചെയ്യപ്പെടുന്നത്. മഴവില്ലിനജ്ഞതവാസം കഴിഞ്ഞ്  മണിമുകിൽ തേരിലിറങ്ങി  മരതകക്കിങ്ങിണിക്കാടുകൾ  പുളകത്തിൻ മലരാടചുറ്റിയൊരുങ്ങി ഉത്സാഹത്തിമിർപ്പിൽ ഉൾച്ചേരുകയാണ്.  പുഴയുടെ ആദ്യത്തെ രാത്രിയിൽ മതിലേഖ പുതിയ പാൽക്കിണ്ണം സമ്മാനം നൽകുന്നുമുണ്ട്. പണ്ട് പൊന്നാനിപ്പുഴയിൽ വീണു പോയ കന്നിരാവിൻ കളഭക്കിണ്ണമാണോ ഇത്?
             എന്നാൽ മാനസികവ്യഥകൾക്ക് സമാന്തരം കണ്ടെത്തി ആശ്വാസമേകാൻ പുഴയെ ആശ്രയിക്കാം സിനിമാഗാനരചയിതാൾക്ക്. കരയുന്നോ പുഴ ചിര്യ്ക്കുന്നോ എന്ന ആശങ്ക അസ്ഥാനത്തല്ല ഇക്കാലത്ത്. കൈവഴികൾ പിരിയുന്നത് പുഴയ്ക്കിഷ്ടമായിട്ടാണോ എന്ന ചോദ്യം അസ്ഥനത്താക്കിക്കൊണ്ട് പുഴ കരയുകയാണോ എന്ന് ഇന്ന് ചോദിക്കുന്നത് അതിലെ മാലിന്യങ്ങളുടെ ഉയരുന്ന തോത് അമ്പരിപ്പിക്കുന്നതുകൊണ്ടാണ്, വാരിമാറ്റപ്പെടുന്ന വെള്ളാരമണൽത്തരികളെ ഓർത്തിട്ടാണ്.  പെരിയാറേ പർവ്വതനിരയുടെ പനിനീരേ കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന നീ  നാടാകെത്തെളിനീരു നൽകേണം നാടോടിപ്പാട്ടുകൾ പാടേണം എന്ന് ആലുവാ ഭാഗത്തെ പെരിയാറിനെ നോക്കി ആരും പാടുകയില്ല ഇന്ന്. പുഴകൾ മലകൾ പൂവനങ്ങൾ ഭൂമിയ്ക്കുകിട്ടിയ സ്ത്രീധങ്ങൾ എന്നിങ്ങനെയുള്ള ചൊല്ലുകൾ വിരോധാഭാസങ്ങളായിത്തീരുന്നത് നോക്കി നിൽക്കുയാണ് നമ്മൾ.
                         അനാഥമായിപ്പോകുന്ന വ്യഥിതഹൃദയം ആശ്രയവും ആശ്വാസവും തേടുന്നത്  മഴ, പുഴ, പൂവ്, കായ്, കായാമ്പൂ എന്നിങ്ങനെ കണ്ടപത്രാദി വസ്തുക്കളിൽ ആകുന്നത് മറ്റൊരാശ്രയം ഇല്ലാഞ്ഞിട്ടാണ്. ഓ മുകിലേ വിണ്ണിലായാലും കണ്ണീരു തൂകുന്നു നീ എന്ന പരിതാപം ഓതുന്ന നഷ്ടാത്മാവ്,  ആ തേങ്ങലിനു പ്രകമ്പമാനം കൂട്ടി ‘വാർമുകിലേ താഴെ വരൂ‘, ‘സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടൊ‘, ‘പെയ്യാതെ പോയ മേഘമേ‘ എന്നിങ്ങനെ ആർത്തലച്ച് നിരാശാഗർത്തത്തിൽ നിന്നും ഭാവനയുടെ തുണകൊണ്ട് മാത്രം അത്യുപരിതലത്തിൽ എത്തിപ്പെടാൻ ശ്രമിക്കാറുണ്ട്.   വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ ഓർമ്മകളിൽ  ശ്യാമവർണ്ണൻ കളിയാടി നിൽക്കും, കദനം നിറയും എന്ന് അവൾക്ക് ഉറപ്പാണ്.  എന്നാൽ താമസിയാതെ പെയ്യുന്ന മഴ പ്രണയമണിത്തൂവൽ പൊഴിക്കുന്നതും  പ്രിയചുംബനങ്ങൾ പൂന്തേൻ മഴയായി തോന്നുന്നതും  ഇതേ നായികയ്ക്കു തന്നെയാണ്.  തോരത്ത മോഹം ഈ മഴ എന്നു വരെ അവൾ പാടിപ്പോകയാണ്.   പ്രണയത്തിനായ് മാത്രമെരിയുന്ന  ജീവന്റെ തിരികളുണ്ടാത്മാവിനുള്ളിൽ എന്നത് സമർത്ഥിക്കപ്പെടുന്നത്   മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ എന്നതു സ്ഥിരീകരിച്ചു കൊണ്ടാണ്.
             അന്തിമമായും അനിവാര്യമായും പ്രകൃതിയിൽത്തന്നെയാണ്  മനുഷ്യന്റെ നിതാന്ത അഭയം. അത് നിത്യപ്രണയം ആണ്.  പ്രകൃതിയുടെ വിലാസവിന്യാസങ്ങൾ നമ്മുടെഹൃദയത്തുടിപ്പുതന്നെ എന്ന് സിനിമാഗാനങ്ങൾ  വിളിച്ചോതുന്നത് അവയുടെ ധാർമ്മികോദ്ദേശത്തിനും അപ്പുറമുള്ള കുന്നിൻപുറത്തുള്ള മിന്നലാട്ടമാണ്. “നൃത്യതി നൃത്യതി ജീവപ്രപഞ്ചം പ്രകൃതീ നിത്യപ്രണയമയീ  നീയാം അഭയം തിരയും പഥികൻ വരവായ് ഹൃദയാഞ്ജലിയോടെ“  എന്ന് ഗാനരചയിതാവ് പാടിപ്പോകുന്നത് ആകസ്മികമായല്ല്ല.