Sunday, March 13, 2011

കരാറെഴുതുമ്പോൾ........

കരാറെഴുതുന്നതിൽ എനിക്കുള്ള ചില എക്സ്പീരിയൻസ് ഇവിടെ പങ്കുവയ്ക്കട്ടെ.

നാലഞ്ചുകൊല്ലത്തിനു ശേഷം ഇത്തവണ നാട്ടിലെത്തിയപ്പോൾ-
നെടുമ്പാശ്ശേരിയിൽ ഡ്രൈവർ കാറുമായി എത്തുമെന്നറിയിച്ചിരുന്നു. ആൾ എന്നെ കണ്ടുപിടിച്ചു. കാക്കനാട്ടെയ്ക്ക് വച്ചുപിടിച്ചു.

വെളുപ്പിനു ഏകദേശം നാലുമണി. പൊതുവേ നിശബ്ദമാണ് പ്രകൃതി.

ഡ്രൈവർ പാട്ടുപ്രിയനാണ്. സി ഡി പ്ലേയറിൽ കുത്തി.
ഇതാ വരുന്നു:
“മന്മനോ വീണയിൽ നീ ശ്രുതി ചേർത്തൊരൂ തന്ത്രികൾക്കാകവേ
തുരുമ്പുവീണൂ....”

“ഇതു വേണോ ചേട്ടാ ഈ കൊച്ചു വെളുപ്പാങ്കാലത്ത്”?-ഞാൻ

സോറി സാറേ”
അയാൾ ആ കുന്ത്രാണ്ടത്തിൽ മറ്റൊരു കുത്തു കുത്തി
“രാഗവും താളവും വേർപിരിഞ്ഞൂ
ഏതാണ്ടിലൊക്കെ കിഴുത്ത വീണൂ”

നാട്ടിൽ വെക്കേഷൻ അടിച്ചു പൊളിയ്ക്കാൻ വരുന്ന എന്റെ തുടക്കം ഇങ്ങനെ തന്നെ, ഇങ്ങനെ തന്നെ ആയിരിക്കണം.

“ വല്ല സുപ്രഭാതവും ഒക്കെ കേൾക്കേണ്ട സമയമല്ലേ ചേട്ടാ” ഞാൻ ഭക്തിമാർഗ്ഗത്തിൽ സഞ്ചരിച്ച് ആനന്ദതുന്ദിലനാകുന്നവനാണെന്ന ധാരണ വച്ചു നീട്ടി.
മറ്റൊരു കുത്ത് പ്ലേയറിൽ

“കണ്ണാ ആലിലക്കണ്ണാ പാലാഴിത്തിരയിൽ......
ഞാനൊരു കന്നിമുക്കുവപ്പെണ്ണ്
എന്റെ തോണിയിലേ പൊന്നു വേണോ പൊന്ന്....“

“ആ ഇതിരിക്കട്ടെ” ഞാൻ.
ഇതൊരു ഭക്തിഗാനമാണോ? ആങ്, പോട്ടെ. സ്വൽ‌പ്പം പുണ്യം കിട്ടുന്നെങ്കിൽ വേണ്ടെന്നു വയ്ക്കേട്ണ്ട.


ഡ്രൈവൻ പണ്ട് മദ്രാസിൽ സിനിമാഫീൽഡിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സംഭാഷണം ആ വഴി തിരിഞ്ഞു.
“ഹോ എന്തെല്ലാം പുകിലുകൾ കണ്ടിട്ടൊണ്ട് സാറേ. ആ സീമ... സെറ്റിൽ ഐ വി ശശിയുമായുള്ള ചുറ്റിക്കളികളൊക്കെ അന്നേ ഞങ്ങൾ കണ്ടു പിടിച്ചതാ....പിന്നെ ഉണ്ണിമേരി..........”

“ഒരു ചായ കുടിയ്ക്കണം. ചായയിലും എൻഡോസൾഫാൻ കാണുവോ ചേട്ടാ?:-ഞാൻ ഒന്നു മാറ്റിപ്പിടിച്ചു.

അയാൾ ഉണ്ണിമേരിയെ വിട്ടു.എൻഡോസൽഫാൻ കലർത്തി ഡയലോഗിൽ.
ആശ്വാസം.

അളിയന്റെ വീട്ടിലെത്തി. സിനിമാപ്പാട്ടിലൊന്നും താൽപ്പര്യമില്ലാത്ത അളിയനോട് ഈ ഡ്രൈവറെ ആ കാരണത്താൽ പിരിച്ചുവിടാൻ പാടില്ലെന്ന് റെക്കമെൻഡ് ചെയ്തു.
ജെറ്റ് ലാഗ് കാരണം വൈകുന്നെരം തന്നെ ഉറങ്ങിപ്പോയി. എണീയ്ക്കുന്നത് വെളുപ്പിനെ മൂന്നരയ്ക്കാണ്.
അത്യാവശ്യമായി ഒരു ചായയെങ്കിലും കുടിയ്ക്കണം. അടുക്കള ഭാഗത്തേക്ക് നീങ്ങി. തേയില പഞ്ചസാര ഒക്കെ കണ്ടു പിടിച്ചാൽ ഉണ്ടാക്കിയെടുക്കാം. പാൽ ഫ്രിഡ്ജിൽ കാണുമല്ലൊ.
എവിടെയാ സ്വിച്ച്? നാട്ടിലെ സ്വിച്ചുകളൊക്കെ വയ്ക്കുന്നത് വല്ലയിടത്തുമൊക്കെയാണ്. ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഒന്നു രണ്ടെണ്ണം ഞെക്കി. ഒന്നും നടക്കുന്നില്ല.

മൂന്നാമത്തെ സ്വിച്ച് ഞെക്കിയതോടെ ഒരു ഭൂകമ്പം ഉണ്ടായി. അതിഭയങ്കര ശബ്ദത്തോടെ അടുക്കളമുഴുവൻ കുലുങ്ങി. എന്തോ ഒക്കെ അരയുന്നു ഒടിയുന്നു ചിതറിത്തെറിയ്ക്കുന്നു. എന്തോ ഒരു വൻ സാധനം നീങ്ങിപ്പോകുന്നുണ്ട്. സർവ്വത്ര ഇരുട്ടാണെങ്കിലും ഗ്യാസ് സ്റ്റൌ കുലുങ്ങതു കാണാം.

ഞെക്കിയത് അരി അരയ്ക്കുന്ന യന്ത്രത്തിന്റെ സ്വിച്ചാണ്. ബാലൻസ് ഇല്ലാതെ അത് നിരങ്ങുകയാണ്. ചെറിയ സ്റ്റീൽ പാത്രങ്ങളും സ്പൂണുകളുമൊക്കെ അതിനുള്ളിൽ ഇട്ടു വച്ചിരുന്നു. വലിയ മെറ്റാലിക് ശബ്ദം കേൾക്കുന്നത് അത് എല്ലാം കൂടെ ഒടിഞ്ഞ് മുടിയുന്നതാണ്. സ്വിച്ചുകൾ പലതും ഞെക്കി. യന്ത്രം പൂർവ്വാധികം ശക്തിയിൽ.
അതിന്റെ വയറ് പിടിച്ചു വലിച്ചു നോക്കി. പ്ലഗ് ഊരി വരുന്ന ലക്ഷണമൊന്നുമില്ല. നാട്ടിലെ വയറിങ്ങല്ലെ, ഷോക്ക് അടിച്ചു മരിയ്ക്കുന്നതും എപ്പോഴാണെന്ന് അറിയത്തില്ല.
.

അളിയന്റെ ഉദ്യോഗത്തിന്റെ വശമനുസരിച്ച് വൻ സെറ്റപ്പാണ്. നാലുപാടും സെക്യൂരിറ്റിയുണ്ട്. ചെറിയ അനക്കത്തിനും ഓടി വരാൻ തയാറെടുത്തു നിൽക്കുന്നവർ. സത്യമായിട്ടും അതിലൊരുത്തന്റെ കയ്യിൽ ഒരു തോക്കുണ്ട്. ഞാൻ ശരിക്കും കണ്ടതാ. അവർ വന്നാൽ “അളിയാ ഇതു ഞാനാണെന്നേ, ഞാനാ അളിയാ ഇതു....’ എന്നൊക്കെപ്പറഞ്ഞാൽ എന്നെ കണ്ടിട്ടില്ലാത്ത അവർ “അളിയനോ? ഞങ്ങളൊക്കെ നിന്റെ അളിയന്മാരാടാ. ബയങ്കര സ്നേഹമാടാ നിന്നോട്“ എന്നു പറഞ്ഞ് വാത്സല്യത്തോടെ തരുന്നതൊക്കെ മേടിച്ചോണം. പിന്നെ അളിയൻ തന്നെ ആ ഇരുട്ടിലും ബഹളത്തിലും എന്നെ തിരിച്ചറിഞ്ഞെന്ന് വരില്ല. രാവിലെ കണ്ടപ്പോൾ പറഞ്ഞതു തന്നെ “കഷണ്ടിയൊക്കെ കേറിയപ്പോൾ ഇതു നീ തന്നെയാണോ എന്നു ഞാനോർത്തു” എന്നാണ്.

ചേച്ചി ഓടി വന്ന് ലൈറ്റ് തെളിച്ചു. സ്വിച്ച് ഓഫ് ചെയ്തു. ഷോക്ക് (ഇലക്ട്രിക്ക് ഷോക്കല്ല, മറ്റേ ഷോക്) കാരണം സോഫയിൽ വീണുപോയി.

അടുക്കളയിൽ സഹായിക്കുന്നവൾ പേടിച്ച് എത്തി. “എന്റെ ചേച്ചീ ഭൂമികുലുക്കവും കള്ളൻ കയറിയതും ഒരുമിച്ചാരുന്നെന്നാ ഞാൻ വിചാരിച്ചേ“ എന്നു പറഞ്ഞ് ഒരു മാതിരി കരച്ചിലായി.

പ്ലഗ് ലൂസാരുന്നതിനാൽ കൊട്ടുവടി കൊണ്ട് അടിച്ചുറപ്പിച്ച് ആന പിടിച്ചാലും ഊരാതെ വച്ചിരിയ്ക്കുകയാണെന്ന് ചേച്ചി എന്നെ സാന്ത്വനപ്പെടുത്തി. (മൂന്നാലു ദിവസത്തേയ്ക്കുള്ള ദോശയ്ക്കും ഇഡ്ഡലിക്കുമുള്ളത് അരച്ചു വച്ചിട്ടുണ്ടല്ലോ ചേച്ചീ എന്ന് പിന്നെച്ചോദിക്കാമെന്നു വച്ചു).

സെക്യൂരിറ്റിക്കാർ വന്നു. അളിയൻ കാര്യം വിശദീകരിച്ചു. അരി അരയ്ക്കുന്ന യന്ത്രം അറിയാതെ ഓൺ ആക്കിയതാണ്.
‘ഈ രാവിലെ മൂന്നരയ്ക്കണോ സാറേ അരിയരയ്ക്കുന്നത്?“ അവർക്ക് പിടി കിട്ടുന്നില്ല.

അളിയനു സ്വൽപ്പം തമാശയൊക്കെയുണ്ട്.
“അതേ, ഇങ്ങേരു അമേരിക്കേന്നു വന്നതാ. അവിടെ അരി അരയ്ക്കുന്ന സമയമാ ഇത്. അറിയാതെ ഓർത്തു പോയതാ”

അളിയനുമായി ഒരു കരാറെഴുതാൻ തീരുമാനിച്ചു.

1. രാവിലെ കാറ് കൊടുത്തു വിടുമ്പോൾ ശോകഗാന സി ഡി കൾ എടുത്തു മാറ്റണം.
2. അരിയരയ്ക്കുന്ന യന്ത്ര സ്വിച്ചനടുത്ത് ‘ ഇതു ഞെക്കിയാാൽ തേയില പഞ്ചസാര പാൽ ഇവയൊന്നും കിട്ടുകയില്ല‘ എന്ന് ഇരുട്ടത്തും തെളിയുന്ന ഫ്ലൂസറന്റ് മഷിയിൽ എഴുതി വയ്ക്കണം. .
(രാവിലെ മൂന്നരയ്ക്കു ഇതു ഞെക്കുന്നവനെ ജീവനോടെ വച്ചേക്കുകെല എന്ന് കരാർ മാറ്റിയെഴുതാൻ അളിയൻ ശ്രമിക്കുന്നു).

29 comments:

എതിരന്‍ കതിരവന്‍ said...

കരാറെഴുത്തിൽ ചില എക്സ്പീരിയൻസൊക്കെ നേടി വരുന്നു.

പാഞ്ചാലി :: Panchali said...

;))

sreee said...

കരാറെഴുതി വയ്ക്കുന്നതു നന്നായിരിക്കും.ഇനീം വരണമല്ലോ. :-)

cALviN::കാല്‍‌വിന്‍ said...

ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ?
:)

kARNOr(കാര്‍ന്നോര്) said...

എന്തായാലും കൊള്ളാം..!

Vinayaraj V R said...

സ്വിച്ച് ഇട്ട ശേഷം കയറിപ്പിടിച്ചാൽ മാത്രം കത്തുന്ന ബൾബ് എവിടേലും കണ്ടിരുന്നോ?

suraj::സൂരജ് said...

ചിരി...പൊട്ടിച്ചിരിയായി... ഞങ്ങടിവിടുത്തെ വലിയ ഗ്രൈൻഡറെങ്ങാൻ രാത്രി ഓണായിരുന്നേൽ മുറം+പ്ലാസ്റ്റിക് കവറുകൾ+ ചില ഒണക്കപ്പച്ചക്കറി എല്ലാം ചേർന്ന കുഴമ്പ് വല്ലോം കിട്ടും.. ;))

[ഇപ്പം സ്ഥലം മെനക്കെടുത്തുന്ന ആ സൈസ് സാധനങ്ങൾ പോയി...കൌണ്ടർടോപ്പ് മിനി ഗ്രൈൻഡർ സുന്ദരന്മാരുടെ കാലമാണ്... പണി കഴിഞ്ഞാൽ കമ്പ്ലീറ്റ് ഡിസ്മാന്റിൽ ചെയ്ത് കഴുകി കമിഴ്ത്താം]

junaith said...

അരി അരയ്ക്കുന്ന സമയത്ത് തന്നെ എഴുനേല്‍ക്കണ്ടി വന്നു അല്ലെ..അളിയന്‍ ആള് കൊള്ളാം...

സുല്‍ |Sul said...

ഉവ്വ... ചിരിച്ചൊരു വശായി ഇഷ്ടാ..

-സുല്‍

നിരക്ഷരൻ said...

കാക്കനാട് സ്മാർട്ട് സിറ്റിക്ക് അടുത്തായി ഒരേക്കർ സ്ഥലം വാങ്ങീട്ട്, അതിന്റെ കരാർ എഴുതാൻ വന്നതിനെപ്പറ്റി ആയിരിക്കുമെന്ന് കരുതിയാ വായന തുടങ്ങിയത്...

ഇതൊരു മാതിരി കുടല് വെളീലെടുക്കാനുള്ള കരാറായിപ്പോയല്ലോ :)

Umesh::ഉമേഷ് said...

hahaha!

MANIKANDAN [ മണികണ്ഠൻ ] said...

ഈശ്വരാ ചിരിരിച്ച് ഒരു വിധമായി. സാറ് നാട്ടിൽ എത്തി ആദ്യം സംഭവിച്ച ഈ അബദ്ധം ഒരു പാടു ചിരിക്കാനുള്ള വകനൽകി. കടുകട്ടിയായ സാഹിത്യം മാത്രമല്ല ഇത്രയും നല്ല നർമ്മവും വഴങ്ങും എന്നും മനസ്സിലായി.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

രസകരമായിട്ടുണ്ട് :)

മുസാഫിര്‍ said...

നിരക്ഷരന്‍ പറഞ്ഞ പോലെ സ്ഥലം വാങ്ങിക്കുന്നതിന്റെ കരാറാണെന്നാണ് ഞാനും കരുതിയത്.ഇത് സ്വപ്നാടനത്തിന്റെ വേറൊരു വശമാണെന്നു തോന്നുന്നു.എന്തായാലും തടിയില്‍ തുള വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം.

Captain Haddock said...

ഹ..ഹ...ഹ.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല എക്സ്പീരിയെൻസായല്ലൊ...!

എതിരന്‍ കതിരവന്‍ said...

മണികണ്ഠൻ:
മുഴുവൻ സംസ്കൃതത്തിലാ ആദ്യം എഴുതിയത്. അതേ എനിക്ക് പരിചയമുള്ളല്ലൊ. പിന്നെ സാധാരണക്കാരായ നിങ്ങൾക്കൊക്കെ വേണ്ടി ദേ ഇവിടെ നോക്കി വെറും മലയാളത്തിലാക്കിയതാ:
http://padamudra.com

കോറോത്ത് said...

ha ha ha :)

നട്ടപ്പിരാന്തന്‍ said...

കുറേ കാലങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞ് ചിരിച്ചു.

ചിതല്‍/chithal said...

ഹഹ!! ഇതു് കലക്കി!

തമനു said...

നട്സ് പറഞ്ഞതു പോലെ ... കുറേ നാളുകൾക്കു ശേഷം ചിരിച്ചു മറിഞ്ഞു...

റീനി said...

ഹ..ഹ...എതിരാ.....നാട്ടില്‍ ചെന്ന് വെളുപ്പാന്‍കാലത്ത് ആള്‍ക്കാര്‍ക്ക് പണികൊടുത്തല്ലേ?

Villagemaan said...

ശരിക്കും അമേരിക്കേല്‍ ആ നേരത്താണോ അരി അരക്കുന്നത് ? ഹി ഹി

ഉപാസന || Upasana said...
This comment has been removed by the author.
നിഷ്ക്കളങ്കന്‍ said...
This comment has been removed by the author.
prasanna raghavan said...

എതിരാ കതിരാ,
അമേരിക്കേന്നു വന്നതു കോണ്ടായിരിക്കും ഈ കരാറു റ്റേംസില്‍ എല്ലാം ആക്കാമെന്നു വച്ചത്. കരാറിനു വിലയുള്ളതീ ലീഗല്‍ സൊസൈറ്റികളിലല്ലേ എതിരാ.

കേരളത്തില്‍ കരാറു ലംഘിച്ചാല്‍ എന്തെങ്കിലും റികോഴ്സ് ഉണ്ടോ? കൊടതീ? ഓ അതാണു വല്യ തമാശ.

മൂന്നാലു കൊല്ലം കൂടി വരുകല്ലേ ഏതായാലും ഗണപ്തിക്കു കുറിച്ചതിങ്ങ്നായി എന്നൊന്നും വിചാരിച്ചു മടിക്കാതെ പുതിയ കേരളം ഒക്കെ എന്‍ജോയ് ചെയ്യുക. ഇനി സ്വിച്ച് എവിടെക്കാണുമ്പോഴും അല്പം ശ്രദ്ധിക്കുക.

സസ്നേഹം
മാവേലികേരളം

ഞാന്‍ പുതിയ ഒന്നും രണ്ടൂ ബ്ലോഗുകള്‍ കൂടി തുടങ്ങി, ഞാനെഴുതുന്നതൊക്കെ എന്റെ മക്കളും ഭാവിതലമുറയും വായിക്കണെമെന്നു നിര്‍ബന്ധമുള്ളതു കോണ്ട് അതിംഗ്ലീഷിലാക്കി.ഇതു പോസ്റ്റു ചെയ്യുന്നത് അതിന്റെ ഒരു ലിങ്കില്‍ നിന്നാണ്.

ഓള്‍ ദ് ബെസ്റ്റ്

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതു കൊള്ളാലോ… :)

rakesh said...

enthayalam sabdham kettu pedichu.. urangi kidanna servanstinta melilengum veenilallo....angana anel kadha mariyennam....."americayil anenno vayasithra ayanno oonum paranjittu karyamilla....angerkippozhum pazhaya swabhavatheenu oru matavumilla" enayenna....... punyalachanmarkku stothram.....

ഒരു നദി ഉണ്ടാകുന്നത് said...

ചിരി...അസഹ്യമായ ചിരി....:-) :-)