Friday, October 15, 2010

എത്സമ്മ തീർക്കുന്ന സങ്കടങ്ങൾ

എത്സമ്മ എന്ന ആൺ കുട്ടി എന്ന സിനിമ പൂർത്തീകരിയ്ക്കുന്ന മലയാളിമോഹങ്ങൾ


              സ്വപ്നങ്ങളുടെ സാക്ഷത്കാരവഴികളിലൊന്നാണ് മിത് നിർമ്മിക്കപ്പെടൽ. മോഹങ്ങളുടെ സഫലീകരണം തേടുന്ന മനസ്സ് കളിയ്ക്കുന്ന കളികൾ നിർബ്ബാധം കനിഞ്ഞുനൽകുന്ന സാകല്യങ്ങൾ. മിത്തുകളുടെ ബാഹുല്യം ഭാരതം പോലെ മറ്റൊരിടത്തും കാണില്ല. സാഹിത്യ-കലാദികളെ ഇത്രയും സ്വാധീനിച്ചിട്ടുള്ളതും ഭാരതത്തിൽ തന്നെ. അതുകൊണ്ട് തന്നെ നമ്മുടെ സിനിമകളും മിത് അധിഷ്ടിതമാണ്. മിത് പോലെ ‘സാമുദായിക സ്വപ്നം’ ആണ് സിനിമകൾ എന്നിരിക്കെ സ്വപ്നം കാണാൻ ധാരാളം ആവശ്യങ്ങൾ ഉള്ളവർ എന്ന നിലയ്ക്ക് സിനിമകളെ അഭീഷ്ടപൂർത്തീകരണത്തിനും വാസനാത്മകനിറവേറലിനും ഉപയോഗിച്ച മറ്റൊരു ജനത ഉണ്ടോ എന്നു സംശയമാണ്. സിനിമാതാരങ്ങളുടെ ചിത്രത്തിന്മേൽ പൂജിച്ച് പാലഭിഷേകം നടത്തുകയും സിനിമാ റിലീസ് ദിവസ്ം മൃഗബലി നടത്തുകയും ചെയ്യുന്നവരാണു നമ്മൾ. സിനിമയുടെ സാമ്പത്തികവിജയത്തിനു അമ്പലത്തിൽ തുലാഭാരം കഴിയ്ക്കുന്ന താരത്തിനെ ദൈവത്തേക്കാളും ആരാധിയ്ക്കുന്നവർ . സിനിമയും ഫാനറ്റ്സിയും സ്വപ്നവും അബോധമനസ്സിന്റെ കളിസ്ഥലങ്ങളിലാണ് പരിതൃപ്തി നേടുന്നത്, അറിഞ്ഞറിയാതെയുള്ള മോഹങ്ങൾ ഫാന്റസിയിലൂടെ ഉള്ളിലേക്ക് പ്രക്ഷേപണം ചെയ്യപ്പെട്ട് പുറത്തേയ്ക്ക് ധാരാപ്രവാഹമൊഴുക്കുമ്പോൾ പൂർത്തീകരിക്കപ്പെടുന്ന ഭാവനാവിലാസങ്ങളാണ് പലേ കഥാവിഷ്ക്കാരങ്ങളും. സിനിമയും അങ്ങനെ മിത്തിന്റെ /സ്വപ്നത്തിന്റെ സാക്ഷാത്കാരമാകപ്പെടുകയാണ്. സ്വന്തം ഫാന്റസി വെള്ളിത്തിരയിലെ നിഴൽ രൂപങ്ങളുമായി കെട്ടുപിണഞ്ഞ് മോഹസാന്ദ്രമാവുകയാണ്. സമയബന്ധിതമല്ലാത്ത, ശാശ്വതമായ ആദിരൂപങ്ങൾ, സമഗ്രമായ് പ്രതിരൂപങ്ങൾ, മൌലികപ്രതിബിംബങ്ങൾ ഇവയൊക്കെയും വ്യക്തിവളർച്ചയുടെയും അസ്തിത്വപരമായ അർത്ഥകൽ‌പ്പനകളുടെയും പ്രാതിനിദ്ധ്യോപകരണങ്ങളാണ്. മിത് എന്ന പോലെ സിനിമയും ഇവയുടെ ഒക്കെ വ്യാഖ്യാന വിതരണോപാധിയാണ്. ഇതുകൊണ്ടാണ് സമകാലീനസമൂഹത്തിൽ ഇവയുട ആവിഷ്കരണത്തിനും ആത്മപ്രകാശനത്തിനും ഉള്ള മാദ്ധ്യമമാർഗ്ഗമായി ആയി സിനിമാ രൂപാന്തരപ്പെട്ടത്. ആധുനിക മിത്തുകളുടെ മാദ്ധ്യമം തന്നെ സിനിമ. പൌരാണികബിംബങ്ങൾ വിശാല ദരശനങ്ങ്ല്ങ്ങളിലേക്ക് പുനർജ്ജനിച്ചത് അതിശക്തവും മാനസികവ്യവഹാരപരമായി അതിവ്യാപകവുമായ കഥാകഥനമാദ്ധ്യമത്തിലൂടെയാണ്-- ചലച്ചിത്രം എന്ന പ്രതിഭാസം.

                 സമൂഹത്തിന്റെ അധമതയാണു പലപ്പൊഴും പൊരുതേണ്ട വിഷയം നമുക്ക്. ഈ വില്ലൻ വേഷത്തോടു പൊരുതാൻ അമ്പും വില്ലുമേന്തിയ ദൈവസ്വരൂപമോ വാളെന്തിയ രാജാവോ വിധ്വംസനശരീരഭാഷയിൽ മടക്കിയുയർത്തിയ കയ്യുമായി അശ്ലീലോച്ചരണങ്ങളോടെ സുരേഷ് ഗോപിയോ വരും. സമൂഹമാറ്റത്തിനനുസരിച്ച് പുനർനിർമ്മിക്കപ്പെടുകയും ആഖ്യാനങ്ങൾ മാറ്റിമറിയ്ക്കുകയും ചെയ്യുകയാണിവിടെ. കാടത്തവും സംസ്കാരവും തമ്മിലുള്ള കടിപിടിയുടെ ആഖ്യാനങ്ങൾ എന്ന് ലളിതമായി ഇതിനെ നിർവ്വചിക്കാം. സിനിമയിൽ ദ്വന്ദങ്ങളായി കാണപ്പെടുന്ന ഈ നേർപോരാളികൾ ചരിത്രപരമായോ സമൂഹപരമായോ നേരും സത്യവുമായി ബന്ധപ്പെടുന്നതിനേക്കാൾ മൂല്യങ്ങളിൽ വിദൂരതപുലർത്തുന്ന ദ്വന്ദങ്ങളായാണ് പ്രതിഷ്ഠിക്കാറ്. കഥാപാത്രങ്ങൾ “ടൈപ്പു” ചെയ്യപ്പെടുന്നതും ചില സമുദായങ്ങൾ പ്രതിനിധീകരിക്കുന്നത് അവാസ്തവികമായ ചിന്താപദ്ധതിയിൽ പെട്ടുപോയവരായിട്ടുമൊക്കെ പരിണിതഫലങ്ങൾ. ഉദാഹരണത്തിനു മലയാള സിനിമയിലെ നമ്പൂതിർമാർ മിക്കവാറും വിഡ്ഢികൾ ആയിരിക്കണമെന്ന് നിർബ്ബന്ധം ഉള്ളപോലെയാണ്. ഇന്ന് മുസ്ലീമുകളെ തീവ്രവാദി/അതീവ്രവാദി എന്ന് ഏതെങ്കിലും ഗ്രൂപ്പിൽ പെടുത്തണമെന്നുള്ളതും സിനിമയിൽ വന്നു കൂടിയ മിത്ത് നിയമമാണ്. അധികാംശവും വിസ്തൃതവുമായി ഉൽ‌പ്പാദിപ്പിക്കപ്പെട്ട ഭ്രമക്കാഴ്ചകൾ കൊണ്ടാണ് കൽചർ ഇൻഡസ്റ്റ്രി കൌശലപ്രയോഗങ്ങളോടെ മിഥ്യാവബൊധം സൃഷ്ടിച്ചെടുക്കുന്നത്.

               അപചയപ്പെട്ട മലയാളസമൂഹത്തിലേക്ക് ഒരു രക്ഷകൻ പ്രതിരൂപം അവതരിക്കുമെന്ന സ്വപന്ം സിനിമകളിൽ നിരന്തരമായി പ്രമേയപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും വ്യവസ്ഥാപനത്തോട് പൊരുതുന്നവനായിട്ടാണ് സാമുദായികസ്വപ്നനായകൻ എഴുന്നെള്ളാറ്. പോലീസ്/ഐ പി എസ് ഓഫീസർ, ഐ എ എസ് കാരൻ, ഡോക്റ്റർ, എഞ്ജിനീയർമാർ ഒക്കെ ഈ പരേഡിന്റെ ഭാഗമായിവന്നുപോയിക്കഴിഞ്ഞു. പ്രതിദ്വന്ദ്യിയുടെമേൽ വിജയം കൈവരിക്കുക, അല്ലെങ്കിൽ ധീരമായി പോരാടി മരണത്തിലൂടെ ത്യാഗം എന്ന നിത്യവിജയം കൈവരിക്കുക, തോറ്റു മടങ്ങുകയാണെങ്കിലും ഇനിയും പ്രത്യാശയുണ്ണ്ടെന്ന് ധ്വനിപ്പിക്കുക ഇവയൊക്കെ സങ്കലിച്ചതാണ് ഈ രാമ രാവണ പോർക്കളചരിതങ്ങൾ. ഉദ്ഘോഷണമാകട്ടെ അകലെയെങ്ങാനോ പ്രഭാതമുണ്ട് എന്ന തരത്തിലാണ്. അല്ലെങ്കിൽ നന്ദി വീണ്ടും വരിക എന്ന പ്രതീക്ഷാ നിർഭമായ ക്ഷണിയ്ക്കൽ. ഇംഗ്ലീഷ് സിനിമകളിൽ എഴുപതുകളോടെ പൊളിറ്റിക്കൽ മോഡേണിസം മാറിപ്പോയെങ്കിലും മലയാളം സിനിമകൾ ഈ സ്വപ്നങ്ങളെ താലൊലിക്കാതെ വയ്യ എന്ന നിലപാട് പ്രേക്ഷകർക്കിട്ടുകൊടുത്തുകൊണ്ടേ ഇരുന്നു. എത്സമ്മ എന്ന ആൺകുട്ടി എന്ന സിനിമ ഇതേ മിത്തിന്റെ പിന്തുടർച്ചയാണ്. മലയാളി ആകുലതകൾക്ക് അറുതിയുമായി വരുന്ന അതിശക്തിസ്വരൂപിണിയായ കൊച്ചുപെൺകുട്ടിയാണ് എത്സമ്മ.

                           വ്യവസ്ഥാപനത്തിനെതിരായി പൊരുതി ജയിച്ചതൊ തോറ്റതോ ആയ നിരവധി കഥാപാത്രസങ്കലനങ്ങൾ എത്സമ്മ എന്ന കഥാപാത്രനിർമ്മിതിയ്ല് അടുക്കിക്കെട്ടിയിട്ടുണ്ട്. മലയാളസിനിമയിൽ കണ്ടിട്ടുള്ള ദ്വന്ദങ്ങളെ പ്രതീകാത്മകമായും നേരായിട്ടും അവതരിപ്പിച്ചാണ് ഇതു സാധിച്ചെടുത്തിരിക്കുന്നത്. അനീതിയോടു പട വെട്ടുന്ന ജേർണലിസ്റ്റ്, രാഷ്ട്രീയത്തിലെ കാപട്യങ്ങൾ തുറന്നു കാട്ടി അതിനെ നേരിടുന്ന അതികായമൂർത്തി, അബ്കാരികളോടൂം വ്യാജമദ്യലോബികളോടും പടവെട്ടുന്നയാൾ, ഇളയവർക്കു വേണ്ടി ത്യാഗം സഹിച്ചും അവരെ അനുശാസനശിക്ഷാവിധികളിലൂടെ നേർവഴിക്കു നടത്തുന്ന ചെയ്യുന്ന ചേട്ടൻ/ചേച്ചി സ്വരൂപം, പ്രകൃതിനശീകരണത്തീതിരെ പൊരുതുന്ന എകോഫെമിനിസ്റ്റ്, അതിഭക്തിയിലേക്ക് ഒളിച്ചോട്ടം നടത്തുന്നവരെ കർമ്മനിരതരാക്കുന്ന സോഷ്യോളജിസ്റ്റ് അങ്ങനെ നായക/നായിക സ്ഥാനത്ത് പണ്ടേ കണ്ടിട്ടുള്ള വേഷങ്ങളെല്ലം എടുത്തണിയുകയാണ് എത്സമ്മ. ഇതിലെല്ലാം അവൾ വിജയം കൈവരിക്കുന്നുമുണ്ട്,. എത്സമ്മയിലെ ഈ അധീശശക്തികൾ പലപ്പോഴും പരസ്പരപൂരിതങ്ങളുമാവുന്നുമുണ്ട്. കേരളസമൂഹത്തിലെ ജഡിലതകൾ പ്രോടൊടൈപ് ആയി അവതരിക്കപ്പെടുകയും സമകാലിക രാഷ്ട്രീയ സാമൂഹ്യ സമസ്യകൾ പുറത്തെടുത്ത് അതിലൊക്കെ എത്സമ്മയെ നിർണ്ണായകവിധികർത്താവോ പരിഷ്ക്കർത്താവോ സംശോധകയോ ആയി പ്രതിഷ്ഠിച്ചുകൊണ്ടും ആണ് മലയാളിയിലെ മിത് മോഹസാക്ഷാൽക്കാരമായിത്തീരുന്നത്.

                       മരിച്ചുപോയ , മദ്യപാനിയായിരുന്ന പൂക്കുല വർക്കിയുടെ മകളാണ് എത്സമ്മ. ഗ്രാമവികസനം എന്ന സ്വപ്നത്തിന്റെ പ്രതീകാത്മവിളംബരം ആണ് അയാൾ ആ ഗ്രാമത്തിനു നൽകിയ പേര്-- ബാലൻ പിള്ള സിറ്റി. സ്മാർട് സിറ്റി പോലെ വികസനത്തിന്റെ സൂചകം. ഒരു ഡയലോഗിലൂടെ ഈ സാമ്യം പ്രതിഷ്ഠിയ്ക്കുന്നുമുണ്ട്. ഇല്ലാതെ പോയ അച്ഛൻസ്വരൂപത്തിലാണ് അയാളുടെ കൈലിയും ഷർടും അണിഞ്ഞ് എത്സമ്മ പ്രവേശിച്ച് പ്രത്യക്ഷപ്പെടുന്നത്. പത്രത്തിൽ ചെറിയ വാർത്തകൾ കൊടുക്കുന്നതിനാൽ ചെറിയ ഒരു ജേണലിസ്റ്റ് ആണെന്നു പറയാം. പക്ഷെ ഇതാണ് എത്സമ്മയ്ക്കു ഏറ്റവും ശക്തി നൽകുന്ന ഘടകം. പൊലീസ് എസ് ഐ സുനന്ദനനു വരെ എത്സമ്മയെ കരുതൽ ഉള്ളത് അവൾ അയാളുടെ സ്ഥലം മാറ്റക്കാര്യത്തിൽ ഇടപെട്ടേയ്ക്കും എന്നതിനാലാണ്. പഞ്ചായത്ത് മെമ്പർ സുഗുണനു മാത്രമല്ല നാട്ടിലെ പലർക്കും ഈയൊരു കാര്യത്തിൽ അവളെ പേടിയാണ്. ബാലൻപിള്ള സിറ്റി എൽസമ്മയ്ക്ക് പുനർ നവീകരിക്കാനുള്ള കേരളം തന്നെയാണ്. പഞ്ചായത്ത് മെമ്പറായ രമണന്റെ അധികാരക്കളികൾ പ്രത്യേകിച്ചും “ഒപ്പിനു കുപ്പി” എന്ന നിയമവും തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള കള്ളക്കളികളും സമർത്ഥമായാണ് അവൾ നേരിടുന്നത്. തൂപ്പുകാരിയ്ക്ക് ഇടതുപക്ഷാനുഭാവിയായ രമണൻ എഴുതിയ പ്രേമലേഖനമാണ് അയാൾക്കെതിരെ പ്രയോഗിക്കാൻ എത്സമ്മ തെരഞ്ഞെടുക്കുന്ന ആയുധം. തൂപ്പുകാരി മുസ്ലീമാണു കഥയിൽ. തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകളോട് ചേർന്നും പിരിഞ്ഞും രാഷ്ട്രീയസംഘടനകൾ കളിയ്ക്കുന്ന കളിയ്ക്ക് സമാന്തരം വരച്ചെടുക്കാനായിരിക്കണം ഈ കഥാപാത്രത്തെ മുസ്ലീം ആക്കിയത്. കരിപ്പള്ളി സുഗുണന്റെ മദ്യലോബിയിൽ ആഘാതങ്ങൾ ഏൽ‌പ്പിക്കാനും പിന്നീട് അയാളുടെ വ്യജവാറ്റുകേന്ദ്രം റെയ്ഡ് ചെയ്യാൻ പോലീസിനെ സഹായിക്കാനും രമണനെ അവൾ വശംവദനാക്കുന്നുണ്ട്.. സുഗുണൻ മണ്ണിടിച്ച് നശിപ്പിക്കാനൊരുമ്പെടുന്ന മലയോരത്തെ രക്ഷിക്കാനായി വിപ്ലവജാഥയും മീറ്റിങ്ങും സംഘടിപ്പി ച്ച് നാട്ടുകാരുടെ പിന്തുണ ഉണ്ടാക്കിയെടുക്കുകയും രമണനെ സമർത്ഥമായി ഇതിനു ഉപയോഗിക്കാനും പ്രാപ്തയാണീ കൊച്ചു പെണ്ണ്.

               ഗ്രാമത്തിന്റെ ധാർമ്മികബോധം കാത്തുസൂക്ഷിയ്ക്കാനും അതിൽ വേണ്ട പരിവർത്തനം വരുത്താനും എത്സമ്മ തന്നെ വേണം. സാധാരണ ഇത്തരം മലയോര-ക്രൈസ്തവ സിനിമകളിൽ കാണാറുള്ള, മതധാർമ്മികബോധം വിളമ്പിയെത്തുന്ന ക്രിസ്തീയപുരോഹിതൻ ഈ സിനിമയിൽ ഒഴിവാക്കപ്പെട്ടിരിക്കയാണ്-എത്സമ്മ ആ നിയോഗം ഏറ്റെടുത്തിരിക്കുന്നതിനാൽ. അയൽ വാസിയായ കുന്നേൽ പാപ്പന്റെ വീട്ടിലെ ഇല്ലാത്ത അമ്മച്ചി വേഷം ചമഞ്ഞ് അവിടെ വച്ചു വിളമ്പുക എത്സമ്മയുടെ പതിവു ചര്യകളിലൊന്ന്. ഇളയ സഹോദരികളെ റ്റി വി സീരിയലുകൾ കാണിക്കാതെ നിലയ്ക്കു നിർത്തി പഠിത്തതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചട്ടം കെട്ടുന്നവളാണവൾ. ആൺനോട്ടങ്ങളിൽ നിന്ന് അവരെ രക്ഷപെടുത്തി നിറുത്തുകയും പ്രേമബന്ധങ്ങളിൽ കുടുങ്ങിപ്പോവാതിരിക്കാൻ മാതൃക എന്ന നിലയിൽ സ്വന്തം പ്രണയം വിഗൂഢമായി സൂക്ഷിയ്ക്കുകയുമാണവൾ. ഉറക്കത്തിൽ അറിയാതെ വന്നുപോകുന്ന പ്രണയചേഷ്ടകൾ ഈ കുട്ടികളെ ഒരു പാഠം പഠിപ്പിക്കാനുള്ള തന്ത്രം പോലുമായി മാറുന്നു. പത്താം ക്ലാസ് റാങ്കോടെ പാസായെങ്കിലും അക്കാര്യം മറച്ചു വച്ച് വീടു നോക്കിനടത്താൻ മാത്രം ജീവിതം ഉഴിഞ്ഞുവച്ച ത്യാഗിനിയാണവൾ. റാങ്കു കിട്ടിയാൽ ലഭിയ്ക്കാമായിരുന്ന സ്വർണ്ണക്കാപ്പ് വേണ്ടെന്നു വച്ച് സ്വർണ്ണത്തിൽ തീരെ താൽ‌പ്പര്യമില്ല എന്നു തെളിയിച്ചവൾ. അമിതഭക്തിയിൽ മുഴുകി സ്വധർമ്മം മറക്കുന്ന അമ്മച്ചി രാവിലെ തന്നെ പള്ളിയിലേക്ക് പോകുന്നതു തടയിട്ട് അവരെ കർമ്മനിരതയാക്കാൻ ശ്രമിക്കുന്നുണ്ട് എത്സമ്മ. നഗരവാസികളായ ചെറുപ്പക്കാരുടെ തോന്നിയവാസത്തിന്റെ സടപറിച്ചെടുക്ക‍ാനും ഗ്രാമീണർ എളുപ്പം ചൂഷണം ചെയ്യപ്പെടാനുള്ളവരാണെന്നുമുള്ള ധാരണയുടെ പല്ല് കൊഴിയ്ക്കാനും എത്സമ്മ തന്നെ വേണം . കുന്നേൽ പാപ്പന്റെ തെമ്മാടിയായ പേരക്കുട്ടി എബിയെ മിടുക്കനാക്കി മാറ്റിയെടുക്കാൻ കുറെ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട് എത്സമ്മ. അവന്റെ അനുജത്തിയുടെ അപഥസഞ്ചാരം അന്വേഷണപ്പോലീസ് മുറയിൽ രാത്രിയിൽ ടോർചുമായി ഇറങ്ങിയാണ് അറുതിയിലെത്തിയ്ക്കുന്നത്. സ്ത്രീശരീരവും അവരുടെ കാമനകളും ചൂഷണത്തിനു ഇരയായിപ്പോവാതിരിക്കാനുള്ള മുൻ കരുതലുകളാണ് എത്സമ്മ പ്രായോഗികമാക്കുന്നത്. ഇതിനു ആപെൺകുട്ട്യ്ക്ക് ആത്മഹത്യാശ്രമം ശിക്ഷയായി വിധിയ്ക്കുന്നതിനു മുൻപു തന്നെ നഗരവാസി ആൺകുട്ടികളുടെ വിവാഹവാഗ്ദാനങ്ങൾ വെറും തട്ടിപ്പാണെന്നു തിരിച്ചറിയുന്ന അതിബുദ്ധിക്കാരിയുമാണ് എത്സമ്മ. മാത്രമല്ല ഒളിച്ചു വയ്ക്കപ്പെട്ട അവളൂടെ പ്രേമം ഒരു ഹിന്ദുവിനോടാണ്. അയാളെ വിവാഹം കഴിയ്ക്കാൻ പോവുകയാണെന്ന് അവസാനപ്രഖ്യാപനവുമുണ്ട്. മതമൈത്രിയുടെ മകുടോദാഹരണമായി ഈ സാർവ്വലൌകിക സാഹോദര്യത്തിന്റെ സന്ദേശം പൊടിതൂളുകയുമാണ് അവൾ. വിവാഹം കമ്പോളവ്യവസ്ഥയിൽ ചിട്ടപ്പെടുത്തുന്ന സിംബോളിക് പ്രതിരൂപമായ ബ്രോക്കറോടു തന്നെയാണ് ഈ വെളിപ്പെടുത്തൽ. സ്വർണ്ണത്തിൽ താൽ‌പ്പര്യമില്ലാത്തവൾ സ്ത്രീധനസമ്പ്രദായവും അട്ടിമറിക്കാൻ തയാറാണ്.


                 മദ്യപാനികൾക്ക് ശിക്ഷാവിധികളുമുണ്ട് എത്സമ്മയുടെ കയ്യിൽ. വീട്ടുപകരണങ്ങൾ വിറ്റുതുലച്ച് കുടിച്ച് ലക്കു കെട്ട് ഭാരയെ തല്ലുന്നവന്റെ ചെവിട്ടത്ത് ആഞ്ഞടിക്കുന്നു എത്സമ്മ. അതോടെ അയാളുടെ മദ്യപാനശീലം മാറുകയും വത്സലകുടുംബനാഥനായി മാറുകയും ചെയ്യുന്നുണ്ട് അയാൾ. മലയാള സിനിമയിലോ മറ്റ് ഇൻഡ്യൻ സിനിമയിലോ കാണാറില്ല പ്രായത്തിൽ കൂടിയ ഒരു ആണിനെ ഒരു പെണ്ണ് ചെവിട്ടത്തടിച്ച് അവനെ നേർവഴിയ്ക്കു നടത്തുന്ന രംഗങ്ങൾ. അസംഖ്യം സിനിമാസീനുകളിൽ പെണ്ണിനെ മര്യാദ പഠിപ്പിക്കാനാണ് ഈ ചെകിട്ടത്തടി പ്രയോഗം. അതിനു പെൺകഥാപാത്രങ്ങളും എന്തിനു പ്രേക്ഷകർ വരെ അനുകൂലഭാവം കൈക്കൊള്ളുകയും ചെയ്യും എന്നതാണു നാട്ടുനടപ്പ്. ഈ വ്യവസ്ഥയാണു തകിടം മറിയുന്നത്. ഈ പ്രയോഗത്തിനു ബാലൻപിള്ള സിറ്റിയിലെ സ്വൽ‌പ്പം തന്റേടിയായ ഓമന (സീമ ജി നായർ അവതരിപ്പിക്കുന്ന കഥാ പാത്രം)യ്ക്കു പോലും ധൈര്യമില്ല.. ശക്തകഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള പദ്മപ്രിയയ്ക്ക് വരെ സ്ക്രീനിനു പുറത്ത് സിനിമാക്കാരുടെ തന്നെ- സംവിധായകന്റെ- ചെവിട്ടത്തടി കിട്ടിയിട്ടുണ്ടെന്നുള്ള സാഹചര്യത്തിൽ എത്സമ്മയുടെ ഈ അടി വിപ്ലവം തന്നെ. മറിച്ചിടപ്പെട്ട ഈ സമവാക്യം അസത്യത്തിൽ ബന്ധിതമല്ല. മദ്യപാനിയായ ഭർത്താവിനു വിഷം കൊടുത്തോ അല്ലതെയൊ കൊല്ലൻ ശ്രമിച്ച ഭാര്യമാരുടെ കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്., പ്രതികാരത്തിന്റേയോ രക്ഷപെടലിന്റേയോ നിർവ്വഹണം ആയിരുന്നാൽ കൂടി.

                      എത്സമ്മയ്ക്ക് പത്രവുമായുള്ള ബന്ധമാണ് അവളെ അതിശക്തയാക്കുന്നത്. ചെറിയഒരു ലേഖികയാണവൾ, ഒരു ജേണലിസ്റ്റ് അല്ല. പത്രമാദ്ധ്യമത്തിന്റെ സ്വാധീനം പലേ സിനിമകളിലുംയ്യും കാര്യസാദ്ധ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ‘പത്രം’ ‘വാർത്ത’ ഇങ്ങനെ പേരുള്ള സിനിമകൾ തന്നെ ഉണ്ട്. എസ്റ്റാബ്ലിഷ്മെന്റ്നെതിരെ പൊരുതുന്ന മാദ്ധ്യമക്കഥാപാത്രങ്ങളും അതിന്റെ ഭാഗമയിട്ട് ദുർവിധി അനുഭവിക്കുന്നവരും സിനിമകളിൽ വന്നും പോയി ഇരുന്നിട്ടുമുണ്ട്. ധീരയായ പത്രപ്രവർത്തകയെ ‘പത്രം’ സിനിമയിൽ (മഞ്ജു വാര്യർ അഭിനയിച്ച കഥാപാത്രം) കാണാമെങ്കിലും അവർ വ്യവസ്ഥാപനത്തിനെതിരെ പൊരുതി ജയിക്കുന്നതായി കഥയിൽ ഇല്ല. ‘പാസഞ്ചറി‘ലെ നായിക (മംത മോഹന്ദാസ്) യ്ക്ക് പ്രൊഫെഷണൽ ജേണലിസ്റ്റ് എന്ന നില്യ്ക്ക് ചിലതൊക്കെ ചെയ്തുകൂട്ടുവാൻ സാധിയ്ക്കുന്നുണ്ട്. “സ്വ ലേ’ യിലെ നായകനാവട്ടെ പത്രക്കാർ തന്നെ എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായതിനാൽ അതിനോട് പൊരുതേണ്ടി വന്ന ദൌർഭാഗ്യവാനാണ്. ‘നിറക്കൂട്ടി‘ലെ സ്ത്രീജേണലിസ്റ്റ് സ്വന്തം ഫീച്ചറിലൂടെ നായകന്റെ കൊലക്കുറ്റത്തിന്റെ നിജാവസ്ഥ വെളിവാക്കാൻ ശ്രമിയ്ക്കുന്നുണ്ട്. ഒരു ജേർനലിസ്റ്റിന്റെ ശക്തമായ സ്വാധീനം വ്യവഹരിക്കപ്പെടുന്നത് ‘സമൂഹം‘ എന്ന ചിത്രത്തിലാണ്.. നായകനായ പവിത്രൻ (ശ്രീനിവാസൻ) തന്റെ പത്രമെഴുത്തിലൂടെ ശക്തമായ ഇടപെടലുകൾ നടത്തുന്നതായിട്ടുണ്ട് ഈ സിനിമയിൽ. ‘ന്യൂ ഡെൽഹി’ യിലെ കൃഷ്ണമൂർത്തിയും പത്രവാർത്താപ്രഭാവത്താൽ അതിമാനുഷപരിമാണം ഉയിർക്കൊണ്ടിട്ടുണ്ട്. . എത്സമ്മ പത്രത്തിൽ വാർത്ത എഴുതി ആരെയെങ്കിലും പിടികൂടുന്നതായി സിനിമയുടെ ആഖ്യാനത്തിൽ പെടുത്തിയിട്ടില്ല എങ്കിലും ഗ്രാമത്തിന്റെ ചില അത്യാവശ്യങ്ങൾ പത്രവാർത്തയിലൂടെ സാധിച്ചെടുത്തതിനു തെളിവായി ചില കട്ടിംഗുകൾ ദൃശ്യപ്പെടുത്തുന്നുണ്ട്. കല്യാണ ബ്രോക്കറായ മണവാളന്റെ തട്ടിപ്പുകൾ പത്രത്തിൽ പരസ്യപ്പെടുത്തും എന്ന താക്കീതിലാണ് അയാളെ ചൊൽ‌പ്പടിയ്ക്ക് നിറുത്തുന്നത്.


                       പെൺ കഥാപാത്രം പ്രബലയായെങ്കിൽ അതിനു സമീകരണം അത്യാവശ്യമാണ്. എത്സമ്മയോടു പ്രേമമുണ്ടെങ്കിലും അതു തുറന്നു പറയാൻ പോലും ചങ്കുറപ്പില്ലത്ത പാവമാണ് ഈ സിനിമയിലെ നായകൻ. പാലുണ്ണി എന്ന പേരുതന്നെ ഈ ലളിതവൽക്കരണത്തിന്റെ ഉദാഹരണമാണ്. മണ്ണു വിറ്റു നടന്നിരുന്നു വെങ്കിൽ മറ്റൊരു പേരു വന്നേനേ എന്നൊരു ഡയലോഗുമുണ്ട് സിനിമ തുടങ്ങുമ്പോൾ. ‘മണ്ണുണ്ണി’ എന്ന ശുദ്ധനും ബലഹീനനും ആയവനെ വിശേഷിപ്പിക്കാൻ പോന്ന പേരാണു ധ്വനി. വീരസ്യങ്ങൾ മടക്കിക്കുത്തി ധീരചരിതങ്ങൾ ഡയറിക്കുറിപ്പുകളാക്കി പോക്കറ്റിലിട്ടു നടക്കുന്ന പ്രതികരണ ശേഷി അസാരം കുറഞ്ഞു പോയ മലയാളിക്കുട്ടൻ തന്നെ ഇത്. വിധ്വംസകന്റേയോ പോരാളിയുടേയോ തെമ്മാടിയായ പോലീസ് ഒഫീസറുടേയോ വേഷങ്ങൾ ചെയ്തിട്ടില്ലാത്തെ കുഞ്ചാക്കോ ബോബനെ കാസ്റ്റു ചെയ്തതും ഈ സമീകരണോദ്ദേശസാഫല്യത്തിനാണ്. എത്സമ്മയുടെ ആൺ-പെൺ മാറാട്ടക്കളി സൂചിക്കപ്പെടുന്നത് വേഷത്തിലുള്ള മാറ്റത്തിൽക്കൂടിയാണ്. പത്രവിതരണത്തിനു പോകുന്ന നാടൻ പെൺകുട്ടി ചൂഡീദാർ ധരിക്കുമ്പോൾ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥകളെ നേരിടുമ്പോൾ ഷർടും കൈലിയും. അസാധാരണ ധൈര്യശാലിയും സാമർത്ഥ്യകാരിയും തന്ത്രശാലിയുമായ എത്സമ്മ മുഴുവൻ പെണ്ണായിരിക്കാൻ പുരുഷാധിപത്യ മലയാളി മനസ്സും സിനിമയും ഒരേപോലെ സമ്മതിയ്ക്കുകയില്ല. അതുകൊണ്ടാണു എത്സമ്മ ആൺകുട്ടിയാണെന്ന് ആദ്യം തന്നെ പറഞ്ഞുവയ്ക്കുന്നത്. പിതൃബിംബത്തിന്റെ ആവേശം, അച്ചൻ ധരിച്ച കൈലിയും ഷറ്ടും ഏറ്റെടുത്ത് ധരിയ്ക്കാൻ പ്രേരണ നൽകി ആൺ തലച്ചോർ സൃഷ്ടിച്ചെടുത്ത പെൺ പ്രതിച്ഛായയെ മാറ്റിമറിയ്ക്കുകയാണ്.. എങ്കിലും പെണ്ണിലെ ആണത്തമാണ് ഈ വിജയങ്ങൾക്കെല്ലാം സമൂലകാരണമെന്ന്നു വാദിക്കപ്പെടുന്നുമുണ്ട്. പെണ്ണത്തം നിലനിറുത്തുന്ന സ്വഭാവചര്യകൾ അവളിൽ ധാരാളം ഉണ്ടുതാനും. ഈ വസ്ത്രം അവൾക്ക് പ്രതിരോധവസ്തു ആകുന്നുമുണ്ടാ‍ായിരിക്കണം, ആൺകാഴ്ചകൾക്കുള്ള ശരീരമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്. എന്നാൽ ഒറ്റയടിക്ക് ഒരു പെണ്ണു വഴി സമൂലപരിവർത്തനം നടന്നാൽ അത് യുക്തിരഹിതമാവുമെന്ന, സിനിമാകൽ‌പ്പനകൾ അനുശാസിക്കുന്ന, പേടിയായിരിക്കണം ആണത്തം കലർന്ന പെണ്ണിനെ അധികാരം ഏൽ‌പ്പിയ്ക്കുന്നത്. ജസ്റ്റീസ് അന്ന ചാണ്ടി, ഡോക്റ്റർ മേരി പുന്നൻ, ക്യാപ്റ്റൻ ലക്ഷ്മി, കെ ആർ ഗൌരി, മാധവിക്കുട്ടി, മന്ദാകിനി, അജിത ഇവർക്കൊന്നും ആൺ വേഷം കെട്ടേണ്ടി വന്നില്ല എന്നത് സിനിമയിലെത്താൻ സ്വപ്നങ്ങൾ ഇനിയും കാണേണ്ടി വരും.

                    ഇന്നത്തെ മലയാളിയുടെ വ്യക്തവും അവയ്ക്തവുമായ മോഹങ്ങളാണ് എത്സമ്മ എന്ന മിത്ത് തെളിച്ചു വരച്ച് ദൃശ്യങ്ങളാക്കുന്നത്.. മറ്റു കഥാപാത്രങ്ങളും കൂടെച്ചേരുന്നുണ്ട് ഈ ദൌത്യത്തിൽ. ഒരു സിറ്റിയെന്ന നിലയിൽ വികസിയ്ക്കുന്ന ഗ്രാമമാണ് എത്സമ്മയുടെ പിതാവിന്റെ തന്നെ മോഹം. ഗ്രാമാന്തരീക്ഷം നിലനിർത്തുമ്പോൾ തന്നെ സ്വയം പര്യാപ്തതയിൽ എത്തുന്ന കേരളം എന്ന സ്വപ്നം ഒരു നിശ്ചിത ഗ്രാമപ്രതിരൂപത്തിലേക്ക് ചുരുക്കുക എന്ന ലളിതകൃത്യമാണ് സിനിമയുടെ ലാക്ഷണികോദ്ദേശം.. പാലും കാർഷികോൽ‌പ്പന്നങ്ങളും ഇറക്കുമതിചെയ്യ്ണ്ടാത്ത, മായം കല്ര്ത്തപ്പെടേണ്ടാത്തതായ സ്ഥിതിവിശേഷം ഇതാ ഇവിടെ വരെയെത്തി എന്ന പ്രത്യാശ നൽകുമ്പോൾ കാണികൾ അത് ആവോളം മോന്തിക്കുടിച്ചുകൊള്ളും. നഗരവാസികൾ തോന്ന്യാസങ്ങൾ കാട്ടിയാൽ അവർക്ക് റിഫ്രഷർ കൊഴ്സുകൾ നൽകി നന്നാക്കിയെടുക്കാം. പെൺ കുട്ടികൾ റ്റി വി സീരിയലുകൾ കാണാതിരിക്കാൻ, കുടുംബത്തിലെ അപഭ്രംശങ്ങൾക്ക് തടയിടാൻ വടിയുമായി നിൽക്കുന്ന ചേച്ചിയുണ്ട്. അമിതമദ്യപാനികൾ ഇല്ലാതാവുന്നു.

എന്തുകൊണ്ട് എത്സമ്മ?

                 സിനിമയിലെ മിത്തുകളും കാലാനുസൃതമായി പുനർ നവീകരിക്കപ്പടുക സ്വാഭാവികമാണ്. പൊതുചിന്താഗതിയിലെ മാറ്റങ്ങൾ ഇതിൽ പ്രബലമായി ഇടപെടുമെങ്കിലും സിനിമയുടെ സാങ്കേതികവും വ്യാവസായികവും ആയ ഗതിവിഗതികളും അടിയൊഴുക്കുകളും മാറ്റിമറിയ്ക്കലുകൾക്ക് ചാലുകീറുക തന്നെ ചെയ്യും. സമയാനുസൃതമായ കൽ‌പ്പനകൾക്കും ഉപായകുശലതകൾക്കും യഥോചിതമായി പരിവർത്തനം അനുവദിച്ചും പരിഷ്കരിച്ചും പഴകിത്തുടങ്ങിയ സിനിമാ മിത്തുകളെ ഇന്നുകൾക്ക് സ്വീകാര്യമാക്കേണ്ടത് അനിവാര്യമായി വന്നു കൂടും. സമകാലീന സൂക്ഷ്മേന്ദ്രിയത്വം നിലനിർത്തേണ്ടത് പൊതുജനസമക്ഷം വാങ്ങേണ്ട തീട്ടൂരത്തിനു അത്യാവശ്യമാണ്. വ്യവഹാരരീതികളും സന്ധിപത്രങ്ങളും പതിവ് ആചാരങ്ങളും പരിശോധിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന വേളകളാണിത്. ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും വെക്കം കൊൽവാൻ വരുന്ന കൽക്കിയ്ക്ക് പുതിയ രൂപഭാഷ്യങ്ങൾ അത്യന്താപേക്ഷിതമാകുന്നതിനു പ്രധാന കാരണം ഇതു തന്നെയാണ്. വിവിധതുറകളിൽ ജോലിചെയ്യുന്നവർ, സ്കൂൾ ടീച്ചർമാർ, പോലീസ് ഓഫീസർമാർ, കലക്ടർമാർ, ത്യാഗിനികളായ ചേച്ചിമാർ, ഹിറ്റ് ലർ മാധവൻ കുട്ടികൾ, വല്യേട്ടന്മാർ, ബാലേട്ടന്മാർ, മാടമ്പികൾ, പരുന്തുകൾ, പോക്കിരിരാജകൾ, കൂടോത്രം വശമാക്കിയ മനഃശാസ്ത്രജ്ഞന്മാർ, ഒക്കെ ഈ മായക്കുതിരയുടെ പുറമേറി വന്നവരാണ്. എന്നിട്ടും പിന്നെയും തെങ്ങിൻ മുകളിൽ ഇരിയ്ക്കുന്ന ശങ്കരനെ താഴെയിറക്കാൻ പറ്റാതെ ചുറ്റിത്തിരിഞ്ഞുപോയവരാണ് ഇവർ. .പുതുപരീക്ഷണങ്ങൾ സാദ്ധ്യമായില്ലെങ്കിൽ പഴയ ആർക്കിടൈപ്പുകളെ നവോർജ്ജത്തിന്റെ സ്റ്റീറോയിഡ് കുത്തിവച്ചുവരുന്ന വ്യത്യസ്ത മാറ്റൊലി മുഖങ്ങളായി അവതരിപ്പിക്കുക തന്നെ പോംവഴി.. ‘പുതിയ മുഖം’ എന്ന സിനിമ (പൃഥ്വിരാജ്, ബാല, പ്രിയാമണി) തേഞ്ഞുപോയ കഥയും ആഖ്യാനവും ഒന്നു ചൂടാക്കി മൂർച്ചകൂട്ടി എടുത്ത ഒന്നാണ്. നായകനെ കീഴ്പ്പെടുത്തുന്ന വില്ലൻ, ദൂരെപ്പോയി പുതിയ ട്രിക്കുകളും പഠിച്ച് തിരിച്ചെത്തി വില്ലന്റെ മേൽ വിജയം കൈവരിക്കുന്ന നായകൻ എന്ന നൂറ്റൊന്നാവർത്തിച്ച പുരാണം പിന്നെയും സ്വീകാര്യമായത് നടന്റെ പുതിയ മുഖവും നവീനപരിവേഷം അതിൽ തേച്ച പുതുചായവും സ്വീകാര്യമായതുകൊണ്ടു മാത്രമാണ്. പുതിയ കുപ്പിയിലെ പഴയവീഞ്ഞിലാണ് ഈ ചായം ചാലിച്ചതെങ്കിലും. സമകാലീനത എന്നതിലുള്ള പ്രത്യാശയാണ് ഈ ചിന്താപദ്ധതിയ്ക്ക് സാഫല്യമണയ്ക്കുന്നത്. വിജയകരമായതും സമ്പൂർണ്ണസന്തുഷ്ടിയാർന്നതുമായ ജീവിതത്തിലേക്ക് ഓടിച്ചുകയറ്റുന്ന പുത്തൻ വാഹനത്തിലാണ് സാംസ്കാരികമിത്തുകളായ ഈ ഗിരിഗിരികളുടെ സവാരി. ഈ സ്വപ്നലോകത്തെ ബാലഭാസ്കർമാരെ കണ്ടു മടുത്തപ്പോൾ സന്ദേഹങ്ങൾ മിച്ചം വയ്ക്കാത്ത, സുനിശ്ചിതവിജയികളായ പുതിയ സ്വരൂപങ്ങളെ അന്വേഷിച്ചിറങ്ങുന്ന മിത് സൃഷ്ടാക്കൾ ഇനിയും പുതുമയുമായി വരുവാനില്ലാരുമീ വിജനമാം വീഥിയിൽ എന്ന നിലപാടിലെത്തുകയാണുണ്ടായത്. വീരനായകാപദാനങ്ങളുടെ ആയിരമടിക്കണക്കിനു ഫിലിം റീലുകൾ അഴിഞ്ഞും കടുംകെട്ടും വീണ് നവീനപ്രത്യാശയുടെ പ്രൊജക്റ്ററുകളിൽ കറങ്ങിത്തിരിയാൻ പറ്റാതാവുകയാണ്. പകരം ശക്തിദുർഗ്ഗാസ്തോത്രം ഉരുവിടുക തന്നെപോംവഴി. ഈ യുക്തിയുടെ മരപ്പണി യാണ് എത്സമ്മ്യ്ക്കു വേണ്ടി സിംഹാസനം ഒരുക്കിത്തീർത്തത്. സൂസന്ന, ഒരു പെണ്ണിന്റെ കഥയിലെ നായിക, കെ. ജി ജോർജ്ജിന്റേയും പദ്മരാജന്റേയും ചില നായികമാർ, മനസ്സു മാറിത്തുടങ്ങിയ രഞ്ജിത്തിന്റേയും സത്യൻ അന്തിക്കാടിന്റേയും പെൺ കഥാപാത്രങ്ങൾ ഒക്കെ എൽസമ്മ്യ്ക്ക് അകത്തുകയറാൻ മണിച്ചിത്രത്താഴിട്ടു പൂട്ടിയ വാതിലുകൾ പലപ്പോഴായി തുറന്ന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചിരപരിചിതരൂപങ്ങൾ നവീകരണത്തിന്റെ ദൃഢമതമൊരുക്കാൻ പ്രാപ്തരല്ലാത്തതിനാൽ പുതുബോദ്ധ്യം ഉണർത്തിയെടുക്കുന്ന പുതു നായികാമുഖത്തെ അവതരിപ്പിക്കുക അത്യാവശ്യമാകുന്നു. പുതിയ നടി (ആൻ അഗസ്റ്റിൻ) യെ എത്സമ്മയായി അവതരിപ്പിക്കുക വഴി ഈ ഉദ്ദേശലക്ഷ്യം എളുപ്പത്തിലാണ് സാധിച്ചെടുത്തിരിക്കുന്നത്. കണ്ട വേഷങ്ങളേക്കാൾ കാണാത്തവേഷങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ലളിതമനോയുക്തി. ഭാര്യാത്വം, ലൈംഗികത ഇവയിലൊക്കെ സ്വാതന്ത്ര്യം ഉറപ്പിച്ചെടുക്കാൻ യത്നിക്കുന്ന മറ്റു നായികമാരിൽ നിന്നും വേറിട്ട് മറ്റൊരിടത്താണു എത്സമ്മ സ്ഥാനമുറപ്പിയ്ക്കുന്നത്. നാടിന്റെ സാംസ്കാരികമൂലഭൂതവ്യസ്ഥ (cultural infrastructure) പുനർ നിർമ്മിച്ചെടുക്കാനുള്ള വ്യഗ്രതയാണവൾക്ക്. അതുകൊണ്ടുതന്നെ മലയാളിയുടെ ഇന്നത്തെ സങ്കടങ്ങൾക്കുള്ള പച്ചമരുന്ന് അരച്ചെടുക്കുന്ന പെൺകുട്ടിയാണവൾ.

           എത്സമ്മാചരിതത്തിനു ഉചിത പരിപ്രേക്ഷ്യമൊരുക്കാൻ ചില നഗരങ്ങൾ, അവയിലെ ഫ്ലാറ്റ് കോംപ്ലക്സുകൾ, പഴയ നാലുകെട്ടുകൾ, ഭാരതപ്പുഴയുടെ തീരം ഇവിടെയൊക്കെ ഇത്രയും നാൾ ചുറ്റിത്തിരിഞ്ഞ സിനിമാക്യാമെറ അധികം പോക്കുവരവുകൾ ഇല്ലാത്തതും സിനിമാക്കാർക്കും പ്രേക്ഷകർക്കും അപരിചിതവുമായ തൊടുപുഴയ്ക്കടുത്ത് കുണിഞ്ഞി എന്ന മലയിലാണ് മുക്കാലി ഉറപ്പിച്ചത്. പുതുക്കാഴ്ചകളുടെ നിറവ് തീർച്ചയായും സ്വപ്നസാഫല്യത്തിനു നിദാനം. പ്രതിരൂപാ‍ാത്മകമായി കേരളത്തെ ചുരുക്കിയെടുക്കുമ്പോൾ കാണാക്കാഴ്ചകളുടെ വിസ്മയം ഈ അനുഭൂതിയെ ദൃഢപ്പെടുത്തും..കെട്ടുകഥയക്ക് അനുയോജ്യമായ സ്ഥലം. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഈ ഗ്രാമകാന്തി കേരളത്തിന്റെ രാമണീയകത്തിൻ ധാമം പോലെ എന്നെന്നും നിലനിൽക്കുമെന്ന്/നിലനിറുത്താമെന്ന വ്യാമോഹവും സമ്പ്രേഷിതമാക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല നക്സൽ യോഗങ്ങിളൊലൊന്ന് ഈ മലകളിൽ വച്ചാണു ആസൂത്രണം ചെയ്യപ്പെട്ടതെന്ന സത്യം ഒരു ഐറണിയായി നില കൊള്ളുന്നു.

            എത്സമ്മയ്ക്ക് അധികാരസ്വഭാവവും ശക്തിയും നൽകുന്നത് പത്രത്തിൽ അവൾ എഴുതുന്ന ചില വാർത്തകളെ ഗ്രാമവാസികൾക്കു പേടിയുണ്ട് എന്നതിന്റെ പിൻ ബലമാണ്. ആഹാരത്തോടൊപ്പം പത്രവായന എന്ന വ്യവസ്ഥ ചിത്രീകരിച്ചാണു സിനിമ തുടങ്ങുന്നതു തന്നെ. നായകൻ പാൽ വിതരണം ചെയ്യുമ്പോൾ നായിക പത്രവിത്രണവും. വാർത്തകൾക്ക്, മീഡിയ ചമയ്ക്കുന്ന കഥകൾക്ക്, അതിന്റേതായ സ്വാധീനം ഉണ്ടെങ്കിലും ഒരു ചെറിയ ഗ്രാമത്തിൽ ഇതിനു കഠിനസാംഗത്യം കൽ‌പ്പിയ്ക്കുന്നത് അതിമോഹമാണ്. എങ്കിലും സത്യം എന്നതാണു ഭയാനക വാസ്തവമെന്നും അതു പുറത്താകുന്നതിനെ പേടിയ്ക്കുന്ന മലയാളിയുടെ കാപട്യത്തേയും മിഥ്യാധാരണകളെയും തന്നെ പിടികൂടാൻ അത് വെളിച്ചത്താക്കുകയാണു നേർവഴിയെന്നും സഹജാവബോധം നൽകിയ വെളിപാടുകൾ എത്സമ്മയ്ക്ക് ധൈര്യശൌര്യങ്ങൾ നൽകുന്നു. മലയാളിയുടെ ഈ ഭീതിയിലേക്കാണ് എത്സമ്മയുടെ ടോർച് വെളിച്ചം വീശുന്നത്. പഠിച്ചുപാസ്സായി ഉദ്യോഗം ഭരിയ്ക്കാതെ കൃഷിയുമായി കൂടാൻ ആണുങ്ങളെ വിട്ടുകൊടുത്താലും പെണ്ണുങ്ങൾ വിദ്യാഭ്യാസത്തിലൂടെ ബോധവതികളാകണമെന്നു സിനിമ ആജ്ഞാപൂർവ്വം സൂചിപ്പിയ്ക്കുന്നുണ്ട്. എഴുത്തും വായനയും കൊണ്ട് വാണിജ്യതാൽ‌പ്പര്യങ്ങൾ കൌശലപൂർവ്വം സൃഷ്ടിച്ചുണ്ടാക്കിയ വികല പെൺപ്രതിച്ഛായകൾ ഉടച്ച് വാർക്കാമെന്ന പാഠവും വായിച്ചെടുക്കാം.

(ചില വിവരങ്ങൾ തന്നു സഹായിച്ച സിജു ചൊല്ലമ്പാടിനോട് കടപ്പാടുണ്ട്).

20 comments:

എതിരന്‍ കതിരവന്‍ said...

എത്സമ്മ എന്ന ആൺകുട്ടി എന്ന സിനിമ മലയാളിയുടെ മോഹങ്ങൾ പൂർത്തീകരിക്കുകയാണ്. എത്സമ്മ ഒരു മിത് തന്നെ.

ശ്രീ said...

നല്ല ലേഖനം മാഷേ.

ചിത്രം കണ്ടില്ല, കാണണം

കിരണ്‍സ്..!! said...

സിന്ധുരാജ് അമേരിക്കയിലെങ്ങാനും വന്നാൽ കാണാതെ പോവുകേല:).ആ കുഞ്ചാക്കോ ബോബന്റെ പാത്രസൃഷ്ടിയും കാസ്റ്റിംഗിന്റെ രീതികളും ജസ്റ്റിഫൈ ചെയ്ത ഭാഗം ഗംഭീരമെങ്കിലും മൊത്തത്തിൽ താങ്കൾ എന്താണ് കൃത്യമായി ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല.കഥ മുഴുവൻ പറയാതെ പുട്ടിനു തേങ്ങ ഇടുന്നത് മാതിരി പീസ്,പീസ്.ഒന്നുകിൽ നിരൂപണം,അല്ലെങ്കിൽ കഥമുഴുവൻ പറയണം.ഇതൊന്നുമല്ലാതെ..!

കിരണ്‍സ്..!! said...

ഒരു പാട്ട് കൂടി പാടിയേച്ച് പോട്ടെ..!

ട്രാക്കുവാൻ മറന്നു പോയ്..
കമന്റുകളാം എൻ കൂട്ടുകാർ..

sreee said...

എല്‍സമ്മയുടെ പല പ്രവൃത്തികളും അവിശ്വസനീയം ആണോ . വായിച്ചപ്പോള്‍ അങ്ങനെ തോന്നി .

ശ്രീനാഥന്‍ said...

നല്ല ലേഖനം, പക്ഷേ ചിത്രം നന്നായില്ല എന്ന് ഖേദപൂർവ്വം..

അചിന്ത്യ said...

ശ്രീനാഥൻ പറഞ്ഞതിന്റെ അടീലൊരൊപ്പ്

ലാല്ജോസ് അവടെണ്ടോ? കേൾക്കുന്നുണ്ടോ​‍ാ​‍ാ

വികടശിരോമണി said...

ലോകത്തെ മു‌ഴ്വോൻ പ്രശ്നങ്ങളും ഇനി ഒരു പെങ്കുട്ടി വന്ന് പരിഹരിക്കും എന്ന മിത്ത് രസായിട്ട്ണ്ട്.

shaji.k said...

മീശ പിരിച്ചു വെച്ച് മുണ്ട് മടക്കി കുത്തി തിന്മയെ നേരിടുന്ന നായകന്മാരെ കണ്ടു മടുത്ത നമുക്ക് ഈ മീശയുള്ള പെണ്‍കുട്ടിയിലൂടെ തിന്മക്കെതിരെ ജയിക്കാം. നല്ല ലേഖനം.

Babu Kalyanam said...

"പക്ഷേ ചിത്രം നന്നായില്ല എന്ന് ഖേദപൂർവ്വം.."

Well said "Sreenathan".

ഭൂമിപുത്രി said...

സിനിമ ഇതുവരെ കാണാത്തതുകൊണ്ട് സ്വന്തം നിലക്കൊരഭിപ്രായം പറയാൻ നിവൃത്തിയില്ല.
എങ്കിലും കഥാപാത്രസൃഷ്ടിയിൽ കേരളത്തിന്റെ വർത്തമാനകാല അബോധമനസ്സ് ചെലുത്തിയ സ്വാധീനം പഠിക്കാനുള്ള ഉദ്യമം രസമായി.

“എത്സമ്മ മുഴുവൻ പെണ്ണായിരിക്കാൻ പുരുഷാധിപത്യ മലയാളി മനസ്സും സിനിമയും ഒരേപോലെ സമ്മതിയ്ക്കുകയില്ല. അതുകൊണ്ടാണു എത്സമ്മ ആൺകുട്ടിയാണെന്ന് ആദ്യം തന്നെ പറഞ്ഞുവയ്ക്കുന്നത്. “
നല്ല നിരീക്ഷണം!
ക്യാബിനറ്റിൽ ഉള്ള ഒരേയൊരു പുരുഷൻ ഇന്ദിരാഗാന്ധിയായിരുന്നു എന്ന് പണ്ടൊരു അഭിപ്രായം കേട്ടിട്ടില്ലേ?

വീട്ടിലും നാട്ടിലും മിടുമിടിക്കിപ്പെണ്ണുങ്ങൾ എത്രതന്നെ കസറിയാലും,കാര്യപ്രാപ്തി പുരുഷന് മാത്രം അവകാശപ്പെട്ടതാണെന്ന മൌഢ്യം ഇന്നും വെച്ചു പുലർത്തുന്ന മലയാളീമനസ്സിനെ അഴിച്ചുപണിയാൻ ശ്രമിക്കുന്ന,എന്നാൽ മനസ്സാലേ അതിന് വിപരീതം പറയുന്ന അഴിച്ചുപണിക്കാരന്റെ ഉള്ളിലിരുപ്പ് വലിച്ച് പുറത്തിട്ടുവല്ലോ.അതാണസ്സലായത് :-)

നിരാശകാമുകന്‍ said...

എല്‍സമ്മയോ.....അതാരാ...?

ത്രിശ്ശൂക്കാരന്‍ said...

താങ്കളിത് ആ സിനിമയിറങ്ങുന്നതിന് മുന്‍പ് എഴുതിയിരുന്നെങ്കില്‍!

ശിക്കാറിനും, പ്രാഞ്ചിയേട്ടനും ടിക്കറ്റ് കിട്ടാത്തവന്മാര് വന്ന് ഈ നൂറ്റാണ്ടിലെ തന്നെ അതിഗംഭീരമായ ഒരു പ്രമേയത്തിനെ ചവുട്ടിക്കൂട്ടിയില്ലേ.
ഇതു പോലൊരു സിനിമ!

വിനയന്‍ said...

ഒരു നല്ല സിനിമയെക്കുറിച്ച് ആണ് ഇങ്ങനെ ഒരു എഴുത്ത് എഴുതിയിരുന്നതെങ്കില്‍!.. കലാപരമായും കഥാപരമായും ഒരുപാട് പിന്നില്‍ നില്‍ക്കുന്ന ഈ സിനിമക്ക് വേണ്ടി ഇങ്ങനെ ഒരു എഴുത്തോ? ...വാണിജ്യപരമായി ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചില രംഗങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ ഈ സിനിമ ഒന്നും തന്നെ മുന്നോട്ടു വെക്കുന്നില്ല... സമകാലീന മലയാളി സിനിമകളുമായി തട്ടിച്ചു നോക്കിയാല്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് പറഞ്ഞാലും, കൂട്ടത്തില്‍ ഇറങ്ങിയ പ്രാഞ്ഞിയേട്ടനെക്കാളും കാതങ്ങള്‍ പിന്നിലാണ് ഈ സിനിമയുടെ നിലവാരം...
ലേഖനത്തിലെ മറ്റു ഭാഗളോട് യോജിപ്പുണ്ടെങ്കിലും എല്‍സമ്മയെക്കുറിച്ചെഴുതിയ ഭാഗങ്ങളോട് പൂര്‍ണമായി വിയോജിക്കുന്നു. >>പുതിയ കുപ്പിയിലെ പഴയവീഞ്ഞിലാണ് ഈ ചായം ചാലിച്ചതെങ്കിലും. സമകാലീനത എന്നതിലുള്ള പ്രത്യാശയാണ് ഈ ചിന്താപദ്ധതിയ്ക്ക് സാഫല്യമണയ്ക്കുന്നത്<< എല്‍സമ്മയും ഈ രീതികളില്‍ നിന്നും വിഭിന്നയല്ല...മുന്‍പ് ഒരു നായകത്വത്തിന്‍ കീഴില്‍ വിളമ്പിയിരുന്ന കാര്യങ്ങള്‍(ഇന്ന് ക്ലീഷേകള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കാവുന്ന കഥാശകലങ്ങള്‍) ഇവിടെ പാത്രം മാറ്റി നായികയുടെ കീഴിലാക്കി... അതും പൂര്‍ണമായി നായികയല്ല, മറിച്ച് പുരുഷന്റെ ഷര്‍ട്ടും മറ്റും ധരിച്ചാണ് അവളെ കാണിക്കുന്നത് ... സിന്ധുരാജ് കീ ജയ്‌!...

എതിരന്‍ കതിരവന്‍ said...

വിനയൻ:
ഇത് “സിനിമയ്ക്കുവേണ്ടി’ എഴുതിയതല്ല. ഈ സിനിമയെ നല്ലതൊ ചീത്തയോ എന്ന് മാർക്കിട്ടു തീരുമാനിക്കാനും ഉദ്ദേശമില്ല.
ഒരു പെണ്ണ് വന്ന് കേരളസമൂഹത്തിലെ അപചയങ്ങൾക്ക് തകിടെഴുതിക്കെട്ടി ബാധയകറ്റുന്നു എന്ന സ്വപ്നം എന്തേ ഇന്ന് പ്രമേയമാക്കപ്പെടുന്നു എന്ന ചോദ്യമാണ് ഞാൻ മുന്നിൽ വയ്ക്കാൻ ശ്രമിച്ചത്. എത്സമ്മയെപ്പോലെ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് സാധിയ്ക്കുന്നതാണിതൊക്കെ എന്നത് ഒരു മിത് തന്നെ.

‘എന്തുകൊണ്ട് എത്സമ്മ’ എന്ന ഭാഗത്ത് ഈ സിനിമയുടെ പ്രമേയപരമായ സാംഗത്യം വിശദീകരിച്ചിട്ടുണ്ട്. പെണ്ണത്തമില്ലാത്ത ധൈര്യവതിയായ പെണ്ണ് അവസാനം അതൊക്കെ കളഞ്ഞുകുളിച്ച് ആണിന്റെ/നായക്ന്റെ അടുത്ത് നല്ല വേഷവുമിട്ട് (ചൂഡീദാറോ ജീൻസ്/ഷർടോ ധരിയ്ക്കുന്നവളാണെങ്കിൽ സാരിയിലേയ്ക്ക് മാറും) അടിയറവ് പറഞ്ഞ് സിനിമയും സമൂഹവും “നല്ല പെൺകുട്ടി’ എന്ന് നിർവ്വചിച്ച കളത്തിൽ എത്തിക്കൂടുകയാണ് പതിവ്. ‘കന്മ്ദം’ എന സിനിമാ ഓർക്കുക. മോഹൻലാൽ നായകൻ ആയതുകൊണ്ട് തന്റേടിയായ ഒരു പെണ്ണ്, വേഷം കെട്ടലുകൾ ഇല്ലാത്തവൾ ഈ നിബന്ധനകൾക്ക് കീഴടങ്ങുന്നു (മഞ്ജു വാര്യർ കഥാപാത്രം).
ധാർഷ്ട്യക്കാരൻ നായകൻ, അയാളുടെ പ്രഭാവത്തിൽ ബലഹീനയായി അദൃശയായി നിലകൊള്ളുന്ന പെണ്ണ് എന്ന മലയാളസിനിമാ ഇന്നോളം പടച്ചുവിട്ട വ്യവസ്ഥയ്ക്ക് മറുപടിയാണ് എത്സമ്മ. ആ രീതിയുടെ അന്ത്യവും.

തന്നേക്കാൾ പ്രായം കൂടിയ ഒരു മദ്യപാനിയെ ചെകിട്ടത്തടിച്ച് മര്യാദ പഠിപ്പ്ക്കുന്ന ഒരു നായികയെ അവതരിപ്പിച്ചു എന്നത് ഇൻഡ്യൻ സിനിമയിൽ തന്നെ ആദ്യമാണ്. പെണ്ണ് തെറ്റു ചെയ്താൽ അതിനു എപ്പോഴെങ്കിലും ശിക്ഷ നൽകുന്നതായി ദൃശ്യപ്പെടുത്തണമെന്നത് ഹോളിവുഡ്ഡിലെപ്പോലും ലിഖിത നിയമങ്ങളിൽ ഒന്നായിരുന്നു.

അതീവ സ്ത്രീ വിരുദ്ധമായ ഹിന്ദി സിനിമയിൽ സ്വൽ‌പ്പം ആത്മാഭിമാനമുള്ള പെണ്ണിനെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടിട്ടുണ്ട്. നായകന്റെ/ഭർത്താവിന്റെ എല്ലാ തെറ്റുകൾക്കും മാപ്പുനൽകി നല്ലപിള്ള ചമയേണ്ടി വരുന്ന സ്ത്രീകൾക്കിടയിൽ “യേ നസ്ദീകിയാ” എന്ന സിനിമയിലെ നായിക വേറിട്ട് നിലകൊള്ളുന്നു. മറ്റൊരു പെണ്ണിന്റെ കൂടെപ്പോയി തന്നെ അവഗണിച്ച ഭർത്താവ് മാപ്പു പറഞ്ഞ് തിരിച്ചെത്തുമ്പോൾ അവൾ അയാളെ സ്വീകരിയ്ക്കുന്നില്ല. വി. ശാന്താറാം അതീവ ധൈര്യത്തോടെ അകക്കാമ്പുള്ള ശകുന്തളയെ അവതരിപ്പിച്ചിട്ടുണ്ട് പണ്ട്. ദുഷ്യന്തൻ അവസാനം വന്നു വിളിയ്ക്കുമ്പോൾ പുറത്തോ‍ാട്ടു വച്ച കാൽ അകത്തേയ്ക്കു വലിയ്ക്കുന്നു ശാന്താറാമിന്റെ ശകുന്തള.

വ്യവസ്ഥാപനത്തിനു മേൽ അധികാരം സ്ഥാപിക്കുന്ന എത്സമ്മ പുതിയ കഥാപാത്രം തന്നെ.

Promod P P said...

എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ സിനിമ. ലാൽ‌ജോസിനു ഇതെന്തുപറ്റി?
(ഓ ടോ : അടുത്ത കാലത്ത് കണ്ട ഒരു നല്ല സിനിമ: പ്രാഞ്ചിയേട്ടൻ ദ സെയിന്റ്)

Roby said...

വിനയന്റെ കാഴ്ചപ്പാടിൽ ചില്ലറ പ്രശ്നങ്ങളുള്ളതു പോലെ തോന്നുന്നു.
1.സിനിമ നല്ലതോ ചീത്തയോ എന്നതല്ല ഇവിടെ വിഷയം.
2.എത്സമ്മ മോശവും പ്രാഞ്ചിയേട്ടൻ നല്ലതുമാണെന്നത് വിനയന്റെ അഭിപ്രായം എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ച് പരിഗണനയർഹിക്കുന്ന പരാമർശമൊന്നുമല്ല.
3.മോശമായ സിനിമയെക്കുറിച്ച് എഴുതുന്നതും മോശമായിരിക്കണമെന്നാണോ? റിവ്യൂവിന്റെ മികവ് സിനിമയുടെ മികവിനു ആനുപാതികമായിരിക്കണമെന്നോ?

ശരിക്കും സിനിമയെക്കുറിച്ചുള്ള എഴുത്ത്, സിനിമയോട് ബന്ധപെട്ട് മാത്രം നിൽക്കേണ്ട ഒന്നാണോ? അതിനു സ്വന്തമായൊരു സാംസ്കാരിക-അസ്ഥിത്വം പാടില്ലേ?

നല്ലതെന്നോ ചീത്തയെന്നോ മാർക്കിട്ടു വർഗീകരിക്കുന്ന ‘അഭിപ്രായമെഴു’ത്തല്ല ഈ പോസ്റ്റ്; ഒരു റിവ്യൂ ആണ്. അതിനെ ആ തലത്തിൽ കാണാൻ ശ്രമിച്ചാൽ നന്നായിരുന്നു.

സാധാരണയായി, സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരൊക്കെത്തന്നെ ലോ-എൻഡ് ഫിലിമുകളായി അവഗണിക്കുന്നവയാണ് ജെയിംസ് ബോണ്ട് പടങ്ങൾ. അഥവാ ആർട്ട്‌ഹൗസ് ശീലങ്ങൾ പരിചയമുള്ളവർക്ക് മോശം എന്നു തോന്നുന്നവ. ജെയിംസ് ബോണ്ട് ഫിലിമുകളെക്കുറിച്ച് നല്ല ഒന്നാം‌തരം നിരുപണങ്ങൾ വന്നിട്ടുണ്ട്. The man who saved Britain ഉദാഹരണം. അവരോടും വിനയൻ ആവശ്യപ്പെടുമോ ഈ എഴുത്ത് നല്ല സിനിമകളെക്കുറിച്ച് എഴുതാൻ?

എന്തിനെക്കുറിച്ച് എഴുതണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും കൊടുത്തുകൂടെ?

വിനയന്‍ said...

>>ശരിക്കും സിനിമയെക്കുറിച്ചുള്ള എഴുത്ത്, സിനിമയോട് ബന്ധപെട്ട് മാത്രം നിൽക്കേണ്ട ഒന്നാണോ?<< അല്ലല്ലോ... സിനിമയുടെ വായന ഒരിക്കലും സിനിമയോട് ചേര്‍ന്ന് തന്നെ പോവണം എന്ന് ഞാന്‍ കരുതുന്നില്ല. കഥാകൃത്തു ഉദ്ദേശിക്കുന്നത് തന്നെ വായിക്കുന്ന ആളും മനസ്സിലാക്കണം എന്നില്ല എന്നെനിക്കറിയാം ...വരികള്‍ക്കിടയിലെ വായന സുഖം തന്നെയാണ് ...പക്ഷെ അത്തരം ഒരു വായനക്ക് പോലും ഈ കഥയോ കഥ മുന്നോട്ടു വെക്കുന്ന കാര്യങ്ങളോ പ്രചോദനമാകുന്നുണ്ടോ എന്നതാണ് സംശയം ... ഞാന്‍ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്തത് മറന്നേക്കു ... പിന്നെ ഈ എഴുത്തിനെ ഒരിക്കലും ഒരു സാദാ നിരൂപണമായി കണ്ടല്ല ഞാനങ്ങനെ ഒരു വിമര്‍ശനം ഉന്നയിച്ചത് ... എല്‍സമ്മ എന്ന സിനിമയെ വിടാം ; എല്‍സമ്മ എന്ന സിനിമയിലെ കഥയെടുക്കാം ;അത് ഒരു ഉപരി വായനക്ക് പ്രേരകമാവുന്ന എന്തെങ്കിലും മുന്നോട്ടു വെക്കുന്നതായി തോന്നിയില്ല അത്ര മാത്രം ...

>>ഒന്നാം‌തരം നിരുപണങ്ങൾ വന്നിട്ടുണ്ട്. The man who saved Britain ഉദാഹരണം. അവരോടും വിനയൻ ആവശ്യപ്പെടുമോ ഈ എഴുത്ത് നല്ല സിനിമകളെക്കുറിച്ച് എഴുതാൻ?<< എല്‍സമ്മ എന്നൊരു സിനിമയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് ... ഒരു വാണിജ്യ സിനിമയെന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയാല്‍ പോലും ലോകസിനിമകളുടെ ചരിത്രത്തില്‍ ബോണ്ട്‌ സിനിമകള്‍ക്കും സ്ഥാനമില്ലെ? പിന്നെ ഒരു ആവശ്യപ്പെടല്‍ ഇവിടെയില്ല, മറിച്ച് ഇത്രയും നന്നായൊരു എഴുത്ത് ഈ സിനിമയുടെ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നു എന്നതിലുള്ള സങ്കടം ... ഒരു പക്ഷെ എല്‍സമ്മ എന്ന സിനിമയുടെ കഥയോടുള്ള മുഷിവ് എന്റെ ഈ പോസ്റ്റിനോടുള്ള നെഗറ്റീവ് സമീപനത്തിന് ഒരുപക്ഷെ കാരണമാവുന്നുമുണ്ടാവാം...

അദ്വൈതം അപ്പൂപ്പന്‍ said...

Mashe,

Nice...
I read your article in kalakaumudi..

Science ariyathathinal oru chukkum manasilayilla !

snehathode,
Appooppan

Jain Andrews said...

"എത്സമ്മയെപ്പോലെ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് സാധിയ്ക്കുന്നതാണിതൊക്കെ എന്നത് ഒരു മിത് തന്നെ"

അത് വളരെ കറക്റ്റ്‌ ആണ്. മലയാളത്തിലെ ഏതു കച്ചവട സിനിമയ്ക്കാണ് ഈ മിതിക്കല്‍ സ്വഭാവമില്ലാത്തത്. കേരളം പോലെ ഒരു സംസ്ഥാനത്ത് സംഭവിക്കാന്‍ വിദൂര സാധ്യതപോലുമില്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചാല്‍ അത് വിജയിക്കുമെന്നുള്ള സംവിധായകന്‍റെ പ്രത്യാശ ആയിരിക്കാം എല്‍സമ്മ എന്നാ സിനിമ. എല്‍സമ്മ എന്ന കഥാപാത്രത്തിലെ ത്യാഗത്തിന്‍റെ അംശം എടുത്ത്‌ കളഞ്ഞിരുന്നെങ്കില്‍ ഇതൊരു പക്ഷെ കുറച്ചു വ്യത്യസ്ഥമായേനെ.

നന്നായി എതിരന്‍. കിടിലന്‍ റിവ്യു :-)