Friday, September 25, 2009

പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു.........

ശ്രവണസുഖത്തിന്റെ നിദർശനമായി കണക്കാക്കാവുന്നതാണ് “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണൂ സ്വർണ്ണപീതാംബരമുലഞ്ഞു വീണു…“ എന്ന യേശുദാസ് കളകണ്ഠ നിസ്വനഗാനം. ലോലവും മൃദുവുമാണ് ഗാനപരിചരണം. നൂപുരങ്ങൾ അഴിച്ചു വച്ച കാളിന്ദിയുടെ ഒഴുക്ക്. തീക്ഷ്ണപ്രണയഭാവത്തെ സ്നിഗ്ദ്ധതയിൽ നീറ്റിയെടുക്കൽ. നാദസ്വരത്തിന്റെ ഉചിത നിയോഗസാന്നിദ്ധ്യം അണയ്ക്കുന്ന പ്രത്യേകത. ഇവയോടെല്ലാം യോജിച്ചുപോകുന്ന കവിത. ആലാപനപ്രസന്നതയുടെ നറുമധുരം വിട്ടുംവച്ചു പോകുന്നത് പാട്ടിന്റെ മണിക്കച്ച ഉലഞ്ഞുവീഴുമ്പോഴുള്ള അനുഭവസായൂജ്യം.

ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സഖ്യത്തിൽ നിന്നും ഉടലെടുത്ത നിരവധി കേൾവിക്കുളിർ ഉൾക്കൊള്ളുന്ന പാട്ടുകളിലൊന്നായി കണക്കാക്കാമെങ്കിലും വളരെ പ്രത്യേകതകൾ പേറുന്നു, ‘പൊന് വെയിൽ മണിക്കച്ച …‘ ഓർകെസ്ട്രേഷനിലെ പുതുമകളും ശിൽ‌പ്പപരിചരണത്തിൽ ആവിഷ്ക്കരിയ്ക്കപ്പെട്ട വ്യത്യസ്ത സങ്കേതങ്ങളും ഈ പാട്ടിനെ ഇവരുടെ മറ്റു പാട്ടുകളേക്കാൾ ഒരുപടി മേലെ നിറുത്തുന്നു. ശങ്കരാഭരണത്തിന്റെ ഗാംഭീര്യപ്രൌഢി ഒഴിച്ചു നിറുത്തി മന്ദ്രത കുറുക്കിയെടുത്ത് പ്രണയലോലന്റെ പ്രേമപൂർത്തിയ്ക്കുള്ള അഭിലാഷയാചനങ്ങൾക്കായി ഒരുക്കിയെടുത്തിരിക്കയാണ് ഇവിടെ. ശ്രീകുമാരൻ തമ്പി ശ്രദ്ധിച്ചെഴുതിയ ഗാനത്തിൽ നാദസ്വരത്തെ ഒരു പശ്ചാത്തലം എന്നല്ലാതെ സംഗീതസമഷ്ടിയിൽ വിളക്കിച്ചേർത്ത് ഭാവസാന്ദ്രമാക്കിയതിൽ സംഗീതസംവിധായകന്റെ വിരുതും ചില്ലറയല്ല. പാശ്ചാത്യസംഗീതസങ്കേതങ്ങൾ വിദഗ്ധവും എന്നാൽ ഒട്ടും പ്രകടവുമല്ലാതെയാണ് നിബന്ധിച്ചിരിക്കുന്നത്.

കണ്ണന്റെ മന്മഥലീലാവിനോദങ്ങൾ അനുകരിയ്ക്കുന്ന പ്രകൃതിയെ പ്രിയതമയിലേക്ക് ആവാഹിക്കാനുള്ള നായകന്റെ ഉദ്യമമാണ് ഗാനപ്രമേയം. രതിലീലയ്ക്കു തയാറാകാ‍ാനുള്ള ക്ഷണം പ്രകൃതിസൂചകങ്ങളിൽക്കൂടിയാണ് നായകൻ വെളിവാക്കുന്നത്. ‘പ്രകൃതി ഇതാ വിവസ്ത്രയാകുന്നു എന്തുകൊണ്ടു നീയും ഇല്ല’ എന്ന ചോദ്യം ഗാനരചയിതാവ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് അതീവപാടവത്തോടെയാണ്. പ്രണയബദ്ധരായ മൂന്നു ഇണകളാണ് ഈ ഗാനത്തിൽ. കണ്ണനും രാധയും, രാധയെപ്പോലെ രതിയ്ക്കു തയാറാകുന്ന സുന്ദരി വനറാണി, പിന്നെ കഥാനായകനും നായികയും. സമയം സന്ധ്യയാവുകയാണ്. വെയിൽ മങ്ങുന്നത് പൊൻ മണിക്കച്ച അഴിഞ്ഞുവീഴലാണ്, സ്വർണ്ണപീതാംബരം ഉലഞ്ഞു വീഴലാണ്. സന്ധ്യാവേളയിലെ സിന്ദൂരവർണ്ണം അവളുടെ മുഖം തുടുക്കലാണ്, വനറാണിയും സന്ധ്യയും കാളിന്ദിയും രതിലീലാമോഹാവേശിതരായി സ്വയംസമർപ്പണത്തിനൊരുങ്ങുകയാണ്. സന്ധ്യ ഒരു ഗോപസ്ത്രീ തന്നെ. നക്ഷത്രങ്ങൾ ഉദിച്ചത് അവളുടെ ചെന്തളിർ മേനിയിലെ നഖക്ഷതങ്ങൾ തന്നെ. നിലാവിൽ മന്ദതയാർന്ന തെല്ലു നിശബ്ദയായ കാളിന്ദിയാകട്ടെ നൂപുരങ്ങൽ അഴിച്ചു വച്ച് മയക്കത്തിലാകുന്നതാണെന്നാണ് നായികയെ ബോദ്ധ്യപ്പെടുത്തുന്നത്. മന്മഥലീലയ്ക്ക് അനുയോജ്യപശ്ചാത്തലമൊരുക്കുകയല്ല പ്രകൃതി, മന്മഥലീല കൊണ്ടാടുക തന്നെയാണ്. വിജൃംഭിതയായ പ്രകൃതി കാമമുണർത്താൻ പര്യാപ്തം. പ്രകൃതിയുടെ ഈ കാമസംത്രാസം പ്രണയിനിയിൽ മോഹാവേശമുണർത്തുമെന്ന്, കണ്ടു കണ്ടു കൊതി കൊണ്ടു നിൽക്കുമെന്ന് മാത്രമല്ല, മണിക്കച്ച അഴിച്ച അവൾ തന്റെ രതിവീണയാകുമെന്ന് കൂടിയാണ് പ്രത്യാശ. അവൻ സ്വയം രാജീവനയനനാകുകയും അവൾ രാധികയുമായാൽ കണ്ണന്റെ മാറിൽ വനമാലയായി പറ്റിച്ചേരാം. ശ്രീകുമാരൻ തമ്പി ബിംബ-പ്രതിബിംബങ്ങൾ മിഴിവോടെയും യുക്തിസഹമായുമാണ് വിന്യസിച്ചിട്ടുള്ളത്. സാ‍ധാരണ സിനിമാഗാനങ്ങളിൽ കാണാത്തതാണ് ഇതിലെ കാവ്യസങ്കേതനിലകൾ.

മധുരസംഗീതനിബന്ധനം കൊണ്ട് ഗാനത്തിലെ കൊഴുപ്പിച്ച കാമത്തെ, തീവ്രശൃംഗാരത്തെ ലഘൂകരിച്ചിരിയ്ക്കയാണ് ദക്ഷിണാമൂർത്തി. ഈ നേർപ്പിച്ചെടുക്കൽ പാട്ടിലുടനീളം വിളങ്ങി വിലസുകയാണ്, റൊമാൻസിന്റെ കടുപ്പച്ചായ ഒന്നയച്ചിരിക്കയാണ്. നായകന്റെ ചോദ്യം ചോദിയ്ക്കലൊക്കെ സൌമ്യതരമായാണ്. സാവധാനം അഴിഞ്ഞുവീഴുന്ന മണിക്കച്ച പോലെ ആദ്യവരിയും മെല്ലെ അഴിഞ്ഞടരുകയാണ്. “പൊൻ വെയിൽ മണിക്കച്ച അഴിഞ്ഞു വീണു” അയത്നലളിതമായ നിപാതം പോലെയാണ് ഈ ചിട്ടപ്പെടുത്തൽ. മെനഞ്ഞെടുത്ത ഗാനപരിസരം സന്ധ്യയാകയാൽ സന്ധ്യയുടെ പ്രതീതി വരുത്താൻ എതോ അമ്പലത്തിലേയെന്നപോലത്തെ നാദസ്വരാലാപനം. തുടക്കത്തിലെ നാദസ്വരബിറ്റിനു ശേഷം ഇടയ്ക്കയുമുണ്ട്. ഈ ഇടയ്ക്ക പല്ലവിയിലെ ആദ്യഭാഗത്തേയ്ക്കും സംക്രമിയ്ക്കുന്നുണ്ട്. ഒരു ദീപാരാധനപ്രതീതി. നാദസ്വരത്തെ ഇത്രയം സമാകലിച്ച വേറൊരു ഗാനം ഉണ്ടോ എന്നു സംശയമാണ്. മറ്റു ഗാനങ്ങളിൽ ചരണങ്ങൾക്കിടയ്ക്കോ ഒരു പശ്ചാത്തലം എന്ന നിലയ്ക്കോ അല്ലെങ്കിൽ സിനിമാ ഗാനചിത്രീകരണത്തിൽ നാദസ്വരം വായിക്കുന്ന കഥാപാത്രം വരികയോ ചെയ്യുമ്പോൾ ആവശ്യമെന്ന നിലയ്ക്കോ ആണ് നാദസ്വരം ഉപയോഗിക്കാറ്. ‘ശിങ്കാരവേലനേ ദേവാ“ (കൊഞ്ചും ശിലങ്കൈ) “നലം താനാ“ (തില്ലാനാ മോഹനാംബാൾ) ‘അനുരാഗനർത്തനത്തിൻ“ (സപ്തസ്വരങ്ങൾ) എന്നിവയിലെപ്പോലെ നായകൻ നാദസ്വരക്കാരനാവുമ്പോൾ പാട്ടിൽ അതിനുചിതമായി നാദസ്വരാലാപനം ഇഴചേർക്കുന്നതിൽ യുക്തിയുണ്ട്. കല്യാണഘോഷത്തെയോ ഉത്സവത്തെയോ ധ്വനിപ്പിക്കാൻ നാദസ്വരം ഉപയോഗിക്കപ്പെടാറുണ്ട്. (ദക്ഷിണാമൂർത്തിയുടെ തന്നെ “നാദസ്വരത്തിന്റെ നാദം കേൾക്കുമ്പോൾ“). എന്നാൽ ഇവയിലൊക്കെ നാദസ്വരം പാട്ടിനെ പിന്തുടരുകയോ പാട്ടിന്റെ വരികൾ ആവർത്തിക്കാനുള്ള ധർമ്മം എറ്റെടുക്കുകയോ ആണ്. ദക്ഷിണാമൂർത്തി-ശ്രീകുമാരൻ തമ്പി സഖ്യത്തിന്റെ തന്നെ “ഗോപീചന്ദനക്കുറിയണിഞ്ഞു” യിലും നാദസ്വരം ഇടയ്ക്ക് ഉണ്ടെങ്കിലും ഒരു ഫില്ലർ പോലെയേ ഉള്ളു. പാട്ടിന്റെ വരികളെ പിന്തുടരുക മാത്രം. ‘പൊൻ വെയിൽ മണിക്കച്ച ’യിൽ നാദസ്വരമാണ് ഭാവോന്മീലനത്തിനും ശിൽ‌പ്പചാരുതയ്ക്കും നിദാനം. ചരണങ്ങൾക്കിടയ്ക്ക് അത്യുത്സാഹം ദ്യോതിപ്പിക്കുന്ന സ്വരസംഘാതങ്ങൾ ഒരു ട്യൂൺ തന്നെ നിർമ്മിച്ചെടുക്കുന്നു. ചരണവരികളുടെ ആവർത്തനത്തിലും വോക്കലിനു പിന്നിലായി മന്ദ്രമായി ചില നാദസ്വര സ്വരസഞ്ചാരങ്ങൾ. അതിവിദൂരതയിൽ നിന്നും ഒഴുകിയെത്തുന്ന പോലെയാണ് ഇത് മൂളിവരുന്നത്. ദൂരെ നടക്കുന്ന ഒരു കല്യാണാഘോഷത്തേയോ ഉത്സവത്തിന്റെ പ്രതീതിയൊ ഈ ബിറ്റ് തോന്നിപ്പിയ്ക്കുന്നു എന്നു മാത്രമല്ല ആവർത്തിയ്ക്കപ്പെടുന്ന വരികൾ പുനർപ്രബലമാകുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ റെകോറ്ഡിങ് ഇല്ലാത്ത കാലത്ത് എളുപ്പമായിരുന്നിരിക്കില്ല ഈ സാങ്കേതികത ഉൾച്ചേർക്കൽ.

ഹാർമണൈസിങ് വിദ്യകൾ

ഒരു മെലഡിയ്ക്ക് അനുപൂരകമായി അതിലെ ശ്രുതിയുടെ മേലായോ കീഴായോ മറ്റൊരു മെലഡി (counter melody)ചേർക്കുന്നതും ഒരേ മെലഡി മേലോ കീഴോ ആയി കൂടെപ്പാടി ഹാര്ര്മണൈസിങ് വരുത്തുന്നതും പാശ്ചാത്യസംഗീതത്തിലെ സങ്കേതങ്ങളാണ്. സംഘഗാനങ്ങളിൽ പലപ്പോഴും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ഇത്, പ്രത്യേകിച്ചും സലിൽ ചൌധരിയുടെ ചില ഗാനങ്ങളിൽ. ‘നദി’യിലെ ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ യിലും ഹാർമണൈസിങ്ങ് പരിചയപ്പെടുത്തിയ ഉദാഹരണങ്ങൾ കാണാം. 1972 ഇൽ “പൊൻവെയിൽ“ കമ്പോസ് ചെയ്യുമ്പോൾ ഇങ്ങനെ വളരെ അപൂർവ്വമായേ ഹാർമണൈസിങ് മലയാളം പാട്ടുകളിൽ നിബന്ധിയ്ക്കപ്പെട്ടിട്ടുള്ളു. കൌണ്ടർമെലഡിയും ഇത്ര കൃത്യമായും പ്രത്യക്ഷമായും പ്രയോഗിക്കപ്പെട്ടതും വിരളം. പിന്നീട് തികച്ചും സങ്കീർണ്ണമായിത്തന്നെ ഹാർമണൈസിങ്ങ് ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ളത് 1981 ഇൽ എസ്. ജാനകി പാടിയ “കൌമാരസ്വപ്നങ്ങൾ പീലി വിടർത്തിയ” (ചിത്രം ആരതി, എം. ബി ശ്രീനിവാസൻ സംഗീതം) എന്ന പാട്ടിലാണ്. ദക്ഷിണാമൂർത്തി ഈ പാശ്ചാത്യസംഗീതവിദ്യയെ സ്വീകരിച്ചിരിക്കുന്നത് അപൂർവ്വമാണ്. പൊൻ വെയിൽ മണിക്കച്ചയിലെ രണ്ടു ചരണങ്ങളിലും ഹാർമണൈസിങ്ങിന്റെ ഒരു വേറിട്ട ഉപയോഗം കാണാം. മെലഡിയും ഹാർമണൈസിങ് മെലഡിയും ഒന്നിച്ചാകാതെ വേർപെട്ടാണിവിടെ പ്രത്യക്ഷമാകുന്നത്. “സന്ധ്യയാം ഗോപസ്ത്രീ തൻ മുഖം തുടുത്തു” എന്ന വരിയുടെ അതേ ട്യൂണാണ് “ചെന്തളിർ മെയ്യിൽ താരനഖമമർന്നൂ’ എന്ന വരിയ്ക്ക് പക്ഷേ ശ്രുതി ഒന്നുയർത്തിയാണ്. കാ‍ഞ്ചന നൂപുരങ്ങൾ അഴിച്ചു വച്ചൂ’ എന്ന വരിയുടെ സംഗീതം തന്നെ ‘കാളിന്ദി പൂനിലാവിൽ മയക്കമായി’ എന്ന വരിപാടുമ്പോൾ. രണ്ടുപേർ ഇത് ഒന്നിച്ചു പാടിയാൽ ഒന്നിന്റെ ഹാർമണൈസെഡ് മെലഡിയാകും മറ്റൊന്ന്. ഹിന്ദി പാട്ടുകളിൽ ഇത്തരം പ്രയോഗങ്ങൾ പണ്ടേ കാണാറുണ്ട്. ‘ഗൈഡ്' (Guide-1965 സംഗീതം എസ്. ഡി. ബർമ്മൻ) ഇലെ പ്രസിദ്ധ പാട്ടായ “പിയാ തോസെ നൈനാ ലാഗെ രേ’ (http://www.youtube.com/watch?v=S_gzVisz0XI) യിൽ ഇതേ വിദ്യ ചെയ്തിരിക്കുന്നു. ചരണങ്ങളിൽ ഒന്നായ “ഭോർ കി ബേലാ സുഹാനീ നദിയാ കേ തീരേ’ (3മി. 34 സെ.) തന്നെ യാണ് “ഭർ കേ ഗാഗര് ജിസ് ഘഡി മേ…”യുടെ റ്റ്യൂണും. മറ്റൊരു ചരണമായ “രാത് കൊ ജബ് ചാന്ദ് ചമ്‌കേ ജൽ ഉഢീ മൻ മോരാ’ (7മി. 46 സെ.) ധുൻ തന്നെയാണ് പിന്നെ വരുന്ന “മേ കഹൂ മത് കരൊ ചന്ദാ..’യുടേതും. പക്ഷേ സ്ഥായി ഒന്നു മുകളിൽ. മലയാളത്തിൽ പിന്നീട് പലപാട്ടുകളിലും ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1977 ഇൽ ശ്യാം സംഗീതം നൽകിയ “ സന്ധ്യ തന്നമ്പലത്തിൽ” എന്ന പാട്ടിൽ ചരണങ്ങളുടെ ആദ്യവരി ആവർത്തിയ്ക്കുന്നതും ഇതേ സങ്കേതത്തിൽ തന്നെ. “മാഘമുകിൽ മാലികകൾ വന്നു തൊഴുതു“ തന്നെയാണ് മേത്സ്ഥായിയിൽ “രാഗമധുരാഞ്ജലികൾ വീണു തൊഴുതൂ“. അതുപോലെ “മാളികയിൽ നിന്റെ നിഴൽ….ന്റെ ഹാർമണൈസ്ഡ് മെലഡിയാണ് “പാദസരം പാടുമെന്നു കാത്തു സഖി ഞാൻ“. 1972 ഇൽ ദക്ഷിണാമൂർത്തി ‘പൊൻ വെയിൽ മണിക്കച്ച ..….’ ആവിഷക്കരിയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ തന്നെ സംഗീതപ്പുതുമയായിരുന്നു. ചരണങ്ങൾ ആവർത്തിയ്ക്കുമ്പോൾ നാദസ്വരാലാപനം കൊണ്ട് വ്യത്യസ്തമായ കൌണ്ടർ മെലഡി തിളങ്ങിത്തെളിയുന്നുണ്ട്. ‘സന്ധ്യയാം ഗോപസ്ത്രീതൻ …..‘ ഉം ‘കാഞ്ചന നൂപുരങ്ങൾ’ ഉം രണ്ടാമതു പാടുമ്പോൾ വോക്കലിനു പിന്നിലായി മറ്റൊരു ശ്രുതിയിൽ മന്ദ്രമായ നാദസ്വരം കേൾക്കാം. പാട്ടിന്റെ ട്യൂണിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്, അതിന്റേതായ ആരോഹണാവരോഹണക്രമങ്ങളുമുണ്ട്. തബല വിട്ട് തകിൽ ആകുന്നു താളാനുസാരി. ഈ ചമൽക്കാരങ്ങൾ ആവർത്തിക്കപ്പെടുന്ന ചരണത്തിനു താരള്യം നൽകുന്നു, ആശയത്തിനു പ്രബലതയും. നാദസ്വരം സൃഷ്ടിക്കുന്ന ഈ ഭാവപ്രചുരിമ ഒന്നു വേറെതന്നെ. ചരണങ്ങൾക്കിടയ്ക്കു വരുന്ന നാദസ്വരം അത്യുത്സാഹപ്രകമ്പനം അനുഭവഭേദ്യമാക്കുന്നെങ്കിൽ ചരണങ്ങളോടൊപ്പം കൌണ്ടർ മെലഡി സൃഷ്ടിയ്ക്കുന്ന നാദസ്വരം സ്നിഗ്ദ്ധതക്കുളിർ തൊട്ടുപുരട്ടുന്നു.


യേശുദാസിന്റെ മന്ദ്രമായ ആലാപനം നായകന്റെ മോഹാവേശിത പ്രലാപത്തെ പ്രേമാനന്ദമിഴിനീരിൽ മുക്കി തോറ്റിയെടുത്തിരിയ്ക്കയാണ്. ശങ്കരാഭരണത്തിൽ തന്നെ ചിട്ടപ്പെടുത്തിയ, പ്രണയിനിയോടുള്ള മറ്റൊരു നായകാപേക്ഷയായ “മാണിക്യ വീണയുമായെൻ..” താരതമ്യേന ലളിതമാണ് ആവിഷ്കാരത്തിലും ശില്പരൂപത്തിലും. ഗമകങ്ങൾ വളരെ കുറവാണ് ഇതിൽ. ഈ ലാളിത്യമായിരിക്കണം ആ പാട്ടിന്റെ പ്രചാരത്തിനു പിന്നിൽ. “നിന്റെ വേദന എന്നോടു ചൊല്ലുകില്ലെ? മുഖത്തു മറഞ്ഞ പുഞ്ചിരി എന്നിനി കാണും“ എന്നും മറ്റും ആശങ്കാകുലമാകുന്ന ഭാവത്തിലുള്ള പാട്ടിൽ തോരണങ്ങൾ അധികം ചാർത്തേണ്ടെന്ന് ദേവരാജൻ കരുതാനും മതി. എന്നാൽ ‘പൊൻ വെയിൽ…...’ ഇൽ രാധികേ, കാമിനീ സംബോധനകളൊക്കെ ഗമകങ്ങളാൽ സുഭിക്ഷം. “നഖമമർന്നൂ” “മയക്കമായി” എന്നിവിടങ്ങളിലെ അവസാന അക്ഷരം തീർത്തെടുക്കുന്നതിൽ സൂക്ഷ്മ സ്വരനിബന്ധനകൾ. “മയക്കമായീ“ എന്നിടത്ത് ആലസ്യഭാവം നൽകാൻ യേശുദാസ് വളരെ ശ്രദ്ധിച്ചിട്ടുമുണ്ട്.

ഓർകെസ്ട്രേഷനിൽ ലാളിത്യഭംഗി വിരചിയ്ക്ക്യ്ക്കുന്നതാണു ദക്ഷിണാമൂർത്തിക്കു ശീലമെങ്കിലും ചില വേറിട്ടവഴികളുമാവാമെന്നാണിവിടെ.ഇടയ്ക്കയും തകിലും ഭാവചാരുതയ്ക്കു ചേരും പടിയേ ചേർത്തിട്ടുള്ളു. പല്ലവിയിലെ അക്ഷരവിന്യാസക്രമത്തിനനുസരിച്ച് നടകൾ തീർക്കുന്ന തബല ചരണങ്ങളിൽ കാലം മുറുക്കിയെടുക്കുന്നു, പല സിനിമാഗാനങ്ങളിലേയും പോലെ. പക്ഷെ ചരണത്തിനു ശേഷം പല്ലവി ആവർത്തിയ്ക്കുമ്പോൾ ഇരട്ടിച്ച താളത്തിൽനിന്നും തിരിച്ചു സംക്രമിയ്ക്കുമ്പോൾ പല്ലവിയിലെ ഓരോ അക്ഷരത്തിന്മേലും വന്നു പതിയ്ക്കുന്ന തബല ബീറ്റ്സ് വളരെ ആകർഷകമാണ്.

Sunday, September 13, 2009

അത്യന്താധുനികത ശാസ്ത്രത്തിൽ- ആർത്തവരക്തം, വിത്തുകോശങ്ങൾ

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം.

അത്യന്താധുനികർക്ക് ഇഷ്ടപ്പെട്ട വാക്കാണ് ആർത്തവരക്തം. സ്ത്രീലൈംഗികപ്രാപ്തിയെ സൂചിപ്പിക്കാനോ ബാല്യനഷ്ടത്തിനു ആലങ്കാരികമായി ഭാവുകത്വമണയ്ക്കാനോ എടുത്തുപയോഗിച്ച ഈ വാക്ക് ഭാഷയുടേയും ചിന്താഗതിയുടേയും പുരോഗതിസൂചകമാണെന്നു ധരിച്ചു വശായി എഴുത്തുകാർ.ജീവന്റേയും ആത്മാവിന്റേയും പ്രതിരൂപവും ലക്ഷണവുമായി പണ്ടേയ്ക്കുപണ്ടേ കരുതപ്പെടുന്ന രക്തത്തെ ലൈംഗികതയുമായി യോജിപ്പിക്കുന്നതിൽ കണ്ടെത്തിയ പുതുമ ആകർഷകമായി മാറിയതിൽ യുക്തിയുണ്ടു താനും.അൽ‌പ്പവിഭവന്മാർക്കും ശുഷ്കഭാവനാശാലികൾക്കും വായനക്കാരെ ഇക്കിളിപ്പെടുത്താൻ എളുപ്പവഴി. എന്നാൽ ജീവനൈര്യന്തരത്തിനു ആർത്തവരക്തം ചില ഉപായങ്ങൾ നൽകുകയാണെന്ന പരീക്ഷണശാലയിലെ കണ്ടുപിടിത്തം ആർത്തവരക്തത്തിനു എങ്ങാനുമില്ലാതിരുന്ന പ്രാധാന്യം കൈവന്നിരിക്കുന്നു. വിത്തുകോശങ്ങൾ (stem cells) ഉടെ അക്ഷയ ഖനിയാൺ മ്ലേച്ഛവും നികൃഷ്ടവും ആണെന്നു കരുതി ഒളിപ്പിച്ചു മാറ്റിക്കളയുന്ന ഈ ശരീരസ്രാവം.

രോഗബാധിതമായ കോശങ്ങൾക്ക് പകരം വയ്ക്കുന്ന പുതു കോശങ്ങളാണു സ്റ്റെം സെല്സ്. ഭ്രൂണവളർച്ചാകാലത്ത് ഹൃദയമോ കരളോ തലച്ചോറോ മസിലുകളോ ഒക്കെ ആയി മാറി സ്വന്തം വഴി തിരഞ്ഞെടുത്ത ഇവ നമ്മുടെ ശരീരത്തിൽ അധികമില്ല. ക്ഷതം ബാധിച്ച പോയ അവയങ്ങൾക്ക് അറ്റകുറ്റപ്പണികൾ വന്നുതീരണമെങ്കിൽ വിഘടിച്ച് ഉണ്ടാക്കിയെടുക്കാൻ സ്റ്റെം സെല്സ് ഈ അവയവങ്ങളിൽ ഇല്ല. ഭ്ര്രൂണവളർച്ചാസമയത്ത് വിഭേദീകരണ (differentiation) ത്തിനു മുൻപ് എല്ലാ കോശങ്ങളും ഏകദേശം നിരവധി അദ്ധ്യായങ്ങളുള്ള ഒരു പുസ്തകം പോലെയാണ്. ഒരു ന്യൂറോണോ പേശീകോശ(muscle cell) മോ ത്വക്കുകോശമോ ആയിത്തീരുമ്പോൾ ഈ പുസ്തകത്തിലെ അതാതു അദ്ധ്യായങ്ങൾ മാത്രം തുറക്കപ്പെടുകയാണ്. മറ്റ് അദ്ധ്യായങ്ങൾ എന്നെന്നേക്കുമായി അടയുകയും അവയിലെ എഴുത്ത് വായിക്കാൻ പറ്റാത്ത വിധത്തിലാവുകയും ചെയ്യും. അദ്ധ്യായങ്ങൾ ഇനിയും തുറക്കപ്പെടാത്തവയാണ് വിത്തുകോശങ്ങൾ. സ്വന്തം വഴി ഇനിയും തിരഞ്ഞെടുക്കാത്തവർ. അത്യാവശ്യം വേണ്ട നിർദ്ദേശങ്ങൾ കിട്ടിയാൽ ഇവ ചില അദ്ധ്യായങ്ങൾ തുറക്കാൻ സന്നദ്ധരായി പ്രത്യേക അവയവകോശങ്ങളായി മാറിയേക്കും. കോശാരോപം (cell transplantation) വഴി ജീവരക്ഷയ്ക്ക് അത്യാവശ്യമായ ഉപായം നൽകാൻ ഇന്ന് വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടുന്നു. പൊക്കിൾക്കൊടി (umbilical cord) യിലും അസ്ഥിയുടെ മജ്ജ (bone marrow) യിലും ആണ് വിത്തുകോശങ്ങൾ ധാരാളമായി കാണപ്പെടുന്നത്. കോശാരോപത്തിനു ഇവയാണ് ഉപയോഗിച്ചു വരുന്നതും. എന്നാൽ ഇനി തീണ്ടാരിച്ചോരയിലെ കുഞ്ഞു ജീവത്തുടിപ്പുകൾ ഇവയ്ക്കൊക്കെ പകരം വയ്ക്കാനാകും എന്നാണ് ശാസ്ത്രത്തിലെ അത്യന്താധുനികർ പറയുന്നത്..

ആർത്തവസമയത്ത് ഗർഭാശയഭിത്തിയിലെ ഒരു പാളി മുഴുവനുമാണ് ഇളകിപ്പോകുന്നത്. എന്നാൽ ഉടൻ രക്തക്കുഴലുകൾ ഉൾപ്പടെ 5 മില്ലിമീറ്റർ കട്ടിയുള്ള ഈ പാളി പുനർനിർമ്മിക്കപ്പെടും, വെറും ഏഴു ദിവസം കൊണ്ട്. കോടിക്കണക്കിനു വിത്തുകോശങ്ങളാണ് പുനർനിർമ്മാണത്തിൽ പങ്കാളികളാകുന്നത്. ഗർഭാശയഭിത്തി (uterine wall) ക്ക് ധാരാളം വിത്തുകോശങ്ങളെ തയാറാക്കി നിറുത്തേണ്ടതുകൊണ്ട് ഇത്തരം കോശങ്ങളുടെ ഖനി തന്നെയാണ് ഇവിടം. ആർത്തവസമയത്ത് ഇളകിവരുന്ന ഈ കോശങ്ങളിൽ വിത്തുകോശങ്ങൾ ധാരാളമായിക്കാണുന്നത് ന്യായം. പരീക്ഷണശാലയിലെ പ്ലാസ്റ്റിക് പിഞ്ഞാണങ്ങളിൽ എളുപ്പം വളരുന്നു ഇവ-20 മണിക്കൂറിൽ ഒരു വിഘടനം എന്ന കണക്കിൽ. അസ്ഥി, ന്യൂറോൺ, ഹൃദയ കോശങ്ങളുൾ‌പ്പെടെ ഒൻപതു തരം കോശങ്ങളായി വിഭേദീകരിക്കാൻ ത്രാ‍ണിയുമുണ്ടിവയ്ക്ക്. വിത്തുകോശങ്ങൾ എവിടുന്നൊക്കെ ശേഖരിക്കാം എന്നന്വേഷിച്ചു കൊണ്ടിരുന്ന ശാസ്ത്രജ്ഞർക്ക് അനുഗ്രഹമായിരിക്കയാണ് ഈ ‘അശുദ്ധ” രക്തം. കുട്ടികളുടെ കൊഴിയുന്ന പല്ലിനടിയിലും ലൈപൊസക്ഷൻ (liposuction) വഴി നീക്കുന്ന കൊഴുപ്പിനുള്ളിലും അലസിക്കപ്പെടുന്ന ഭ്രൂണത്തിലും വിത്തുകോശങ്ങൾ തേടി നടന്നവർക്ക് നിനച്ചിരിയാതെ കിട്ടിയ ഹിതലാഭം.

വിത്തുകോശസംഭരണത്തിനു നിലവിലുള്ള പ്രയോഗങ്ങളേക്കാൾ എന്തുകൊണ്ടും ഔന്നത്യവും പ്രഗതിയും അർഹിക്കുന്നു ഈ പുതിയ കണ്ടുപിടിത്തം. മജ്ജയിൽ നിന്നും ശേഖരിക്കപ്പെടുന്ന പോലുള്ള അതിക്രമിച്ചു കടക്കലൊന്നും ഇല്ല. പൊക്കിൾക്കൊടി മുറിച്ച് കൊശങ്ങൽ ശേഖരിക്കുന്നതിലെ കാര്യപ്രണാലികളൊന്നുമില്ല. ഏറ്റവും പുരോഗമനപരമായ കാര്യം പൊക്കിൾക്കൊടി ഭ്രൂണം ഇവയിൽ നിന്നൊക്കെ കോശങ്ങൾ എടുക്കുന്ന ഉപയോഗത്തിന്മേലുള്ള ധാർമ്മികപ്രശ്നങ്ങൾ മുഴുവനായും ഒഴിവാക്കപ്പെടുന്നു എന്നതാണ്. ഭ്രൂണങ്ങൾ വിൽ‌പ്പനച്ചരക്കാകുന്നുവെന്ന മുറവിളികൾക്ക് മറുപടിയും മറുകൃതിയും. മാത്രമല്ല ഒരിക്കൽമാത്രമേ ശേഖരിക്കപ്പെടാവവൂ എന്ന നിയന്ത്രണപരിമിതികളില്ല താനും. പന്ത്രണ്ടു വയസ്സു മുതൽ ഏകദേശം നാൽ‌പ്പത്തേഴു വയസ്സുവരെ അനുസ്യൂതമായി വന്നുചേരുന്നവയാണല്ലൊ ഈ കോശങ്ങൾ. അതും അതിധാരാളമായി. പൊക്കിൽക്കൊടി രക്തത്തിൽ നിന്നും കിട്ടുന്നപോലല്ല ഈ ചെറുതുള്ളികളിൽ ഉള്ളത്. കോടിക്കോടിക്കണക്കിനാണ്. പ്രതിരോധതന്ത്രങ്ങൾ (immune system) ശരീരത്തിൽ ചേർക്കപ്പെടുന്ന കോശങ്ങളെ ഒഴിവാക്കാൻ കളിയ്ക്കുന്ന കളികൾക്ക് എതിരെ നിൽക്കാനും ഈ ആർത്തവകോശക്കുഞ്ഞുങ്ങൾക്ക് ശക്തിയുണ്ടത്രെ.

ജീവന്മരണപോരാട്ടസമയത്ത് വിത്തുകോശങ്ങളുമായി വരുവാൻ സ്ത്രീകൾക്കു മാത്രമേ അവകാശമുള്ളു എന്നു ധരിച്ച് ആണുങ്ങൾ ബേജാറാവേണ്ട. ആണുങ്ങൾക്കും മടിയ്ക്കാതെ മുന്നോട്ടു വരാം, ഇതിൽ പങ്കെടുക്കാം. അവരുടെ വൃഷണങ്ങൾ (testis) വിത്തുകോശങ്ങളുടെ കലവറ കൂടിയാണെന്നാണ് കണ്ടു പിടിത്തം. ബീജങ്ങളാവാൻ തയാറെടുത്തുനിൽക്കുന്ന, തലയും വാലുമൊക്കെ വച്ചുതുടങ്ങാത്ത spermatogonia സംഭരിച്ച് ചില സൂത്രവിദ്യകളാൽ ബഹുപ്രബലകാരികളായ വിത്തുകോശങ്ങളാക്കി മാറ്റാം. പക്ഷേ സൂചിയും സിറിഞ്ചുമൊക്കെക്കൂടിയുള്ള ചില പ്രയോഗങ്ങൾ വേണ്ടിവരും ഇവയെ സ്വായത്തമാക്കാൻ. ലാബിലെ സ്ഫടികപ്പാത്രത്തിലെ ഒന്നുരണ്ട് ആഴ്ച സുഖവാസത്തിനു ശേഷംഈ ബീജജനിക്കുട്ടികൾ വിത്തുകോശങ്ങളായി മാറും. ശീതീകരണിയിൽ സൂക്ഷിയ്ക്കുക- അത്യാവശ്യം വരുന്ന സമയത്ത് ക്യാൻസറോ പ്രമേഹമോ തളർവാതന്മോ അങ്ങനെ അസ്കിതകൾ വരുമ്പോൾ എടുത്തുപയോഗിക്കാം.

ജൈവ ഇൻഷ്വറൻസ് (Bio insurance)

സമ്പത്തുകാലത്തു വിത്തുകൾ എടുത്തു സൂക്ഷിച്ചാൽ ആപത്തുകാലത്ത് നട്ടുനനച്ച് വിളവെടുത്ത് ശോഷിയ്ക്കുന്ന പത്തായങ്ങൾ നിറയ്ക്കാം എന്ന മാതിരിയുള്ള മുൻ‌കാഴ്ച്ചാപദ്ധതിപ്പഴഞ്ചൊല്ലുകൾ ഇവിടെയും ബാധകം. സ്വന്തം വിത്തുകോശങ്ങൾ സൂക്ഷിച്ചു വയ്ക്കുക, അനാ‍ാരോഗ്യകാലത്ത് ക്ഷയിക്കുന്ന അവയവങ്ങളിൽ തട്ടിപ്പൊത്തി വയ്ക്കാൻ. ജീവിതത്തിനു സംരക്ഷണയേകുന്ന ഇൻഷ്വറൻസ് പദ്ധതി തന്നെ ഇത്. ജൈവ ഇൻഷ്വറൻസ് (Bio insurance) എന്നൊരു പുതിയ വ്യവസ്ഥ ഇങ്ങനെ നടപ്പിലായി വരികയാണ് വിത്തുകോശങ്ങൾ വ്യക്തിഗതമായ ഏർപ്പാടായി മാറുന്നതിനാൽ. അവനവനു തന്നെയൊ ബന്ധുക്കാർക്കു വേണ്ടിയോ ആപത്തു കാലത്ത് എടുത്തുപയോഗിക്കാൻ സഞ്ചിത നിക്ഷേപപദ്ധതിയിൽ സൂക്ഷിച്ചു വയ്ക്കാം ഈ ആപൽബാന്ധവന്മാരെ.. സ്വന്തം കോശങ്ങൾ- ആർത്തവരക്തത്തിൽ നിന്നോ ബീജാണുക്കളോ- ആയതിനാൽ ശീതീകരണിയിൽ സൂക്ഷിക്കേണ്ടതിന്റെ ചിലവു മാത്രമേ വരികയുള്ളു. ജനിതകവൈകല്യങ്ങൾക്ക് സാദ്ധ്യതയേറുന്ന കുടുംബങ്ങളിൽ കുട്ടികൾ ഉണ്ടാകുമ്പോഴേ പൊക്കിൾക്കൊടിവിത്തുകോശങ്ങൾ എടുത്തു സൂക്ഷിയ്ക്കുന്ന പ്രവണത ഇപ്പോൾ തന്നെയുണ്ട്. ആർത്തവരക്തംശേഖരിയ്ക്കാനും തപാൽ വഴി അയയ്ക്കാനും ഉള്ള കിറ്റുകൾ വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. കൊഴിഞ്ഞപല്ലിലെ വിത്തുകോശങ്ങൾക്ക് ബയൊഈഡൻ, മജ്ജയിലെ കോശങ്ങൾക്ക് നിയോസ്റ്റെം, ആർത്തവരക്തകോശങ്ങൾക്ക് C’elle എന്നിങ്ങനെ പോകുന്നു ഈ വിപണിയിലെ കമ്പനികൾ.

രക്തബാ‍ങ്കു പോലെ വിത്തുകോശബാങ്കും തുടങ്ങാൻ എഴുപ്പവഴികളാണ് തുറക്കപ്പെടുന്നത്. കോശങ്ങളുടെ ചേർച്ച അനുസരിച്ച് സ്വീകാര്യത വിപുലപ്പെടാം. ഈ ബാങ്കുകളിൽ ശേഖരിക്കപ്പെടുന്ന വിത്തുകോശങ്ങളുടെ ബാഹുല്യവും വൈവിദ്ധ്യവും അനുസരിച്ച് സ്വീകരിക്കപ്പെടുന്നവരുടെ എണ്ണം അതിബ്രഹുത്തായിരിക്കും. ഹൃദയസംബന്ധിയായ പല അസുഖങ്ങൾക്കും വിത്തുകോശങ്ങൾ ഉപയോഗിക്കപ്പെടാം എന്ന പുതിയ അറിവ് വിപ്ലവാത്മകമായ മാറ്റങ്ങളാണ് വരുത്തിത്തീർക്കുന്നത്. ഹൃദയ കല (tissue) പുനർനവീകരണത്തിനു (regeneration) വശംവദമാകുമെന്ന അറിവ് നൂതനമാണ്. ഹൃദയത്തിന്റെ വേണ്ട ഭാഗത്ത് നിക്ഷേപിക്കപ്പെട്ട വിത്തുകോശങ്ങൾ മരാമത്തിലും അറ്റകുറ്റപ്പണികളിലും പങ്കെടുക്കുമെന്ന അറിവ് പുതിയ പരീക്ഷണങ്ങൾക്ക് വഴി തെളിയിച്ചിരിക്കയാണ്. കാർഡിയോളജി ക്ലിനിക്കുകൾ വൻപൻ മാറ്റങ്ങൾക്കു വിധേയമാകുമെന്നാണു സൂചന. സാഹിത്യത്തിൽ ആർത്തവരക്തം ലൈംഗികതാ സൂചനയാണെങ്കിൽ ഹൃദയം പ്രണയസംബന്ധിയുമാണെങ്കിൽ ഇവ രണ്ടും കൂട്ടിയൊജിപ്പിക്കുന്നത് ക്ലിനിക്കുകളിൽ ആയിരിക്കും. പ്രണയിനിയുടെ വിത്തുകോശങ്ങൾ കൊണ്ട് പ്രണേതാവിന്റെ ഹൃദയമുറിവുകൾ ഉണക്കിയെടുക്കുന്ന ഭാവുകത്വം സത്യമായിത്തീരാൻ സാദ്ധ്യത.

Friday, September 4, 2009

മാവേലി, കുട....... കുപ്പി........

മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒലിച്ചുപോയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല.

ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു. പൂക്കളവും ചുണ്ടൻ വള്ളവുമാണ് ഓണാഘോഷമെന്ന് ആദ്യം പ്രസ്താവിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. ഓലക്കുടയും ചൂടി വലിയ വയറുള്ള മഹാബലി വന്നു കയറിയത് പിന്നീട്. മാവേലിയുടെ വരവിന്റെ ഉത്സവം കൂടിയാണ് ഓണം എന്നു നാടൻ പാട്ടുകൾ ചൊല്ലി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ സ്വാംശീകരിച്ചില്ല മലയാളി. പൂവിടലും സദ്യയും ഓണക്കോടിയും പ്രധാന അനുഷ്ഠാനങ്ങൾ എന്നപോലെയാണ് രൂപഘടന.. ഓണത്തപ്പനെ കളിമണ്ണു കുഴച്ച് പ്രതിഷ്ഠിയ്ക്കുന്നതും ഇതിന്റെ ഒരു ഭാഗമായി നില നിന്നു. തൃക്കാരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ..എന്നതിൽ ദൈവീകാംശപ്രാർത്ഥന അത്ര പ്രകടമല്ല താനും
.
മാവേലി ആര്? കാൽക്കരൈ നാട്ടുരാജാവായ മഹാബലിപ്പെരുമാൾ എർപ്പെടുത്തിയ ഉത്സവാഘോഷത്തിലെ നായകനോ? മാനുഷരെല്ലാരുമൊന്നുപോലെ ചരിച്ചിരുന്ന ഒരുകാലത്തെ പ്രജാവത്സലനായ, ചേരരാജാവായ നെടും ചേരലാതനോ? തൃക്കാക്കരക്ഷേത്രത്തിലെ മഹാദേവനോ? വിഷ്ണുക്ഷേത്രമായി അത് മാറ്റിയെടുത്തപ്പോഴുള്ള ശൈവ-വൈഷ്ണവസംഘർഷത്തെ പുരാണവുമായി കൂട്ടിയിണക്കിയതായിരിക്കുമോ? ബുദ്ധമതത്തിലെ മൈത്രേയനും മാവേലിരൂപവും തമ്മിൽ സാദൃശ്യമില്ലേ? കേസരി ബാലകൃഷ്ണപിള്ള വ്യാഖ്യാനിച്ചതുപോലെ ബാബിലോണിയ-ഇറാൻ പ്രദേശത്തെ കുലീവ് രാജവംശത്തിലെ ‘മാബെൽ’ അല്ലെ മഹാബലി? ഇവരുടെ പിരമിഡ് ആകൃതിയിലുള്ള ശിൽ‌പ്പവ്യവസ്ഥയല്ലെ ആ രൂപത്തിൽ ഓണത്തപ്പനെ ഉണ്ടാക്കുന്നതിന്റെ പ്രാക്ചരിത്രം എന്ന് ആനന്ദും സംശയിച്ചില്ലെ?. മാവേലിയുടെ ആവിർഭാവത്തിന്റെ വേരുകൾ തേടാൻ ഇന്നും ചരിത്രസ്ഥലികൾ വെട്ടിത്തെളിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും വാമനനാൽ ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി എന്ന പുരാണപുരുഷനല്ല കേരളം കാണാൻ മാത്രം വിരുന്ന വരുന്ന മാവേലി എന്ന യുക്താനുശീലത്തിനു ഗവേഷണപ്രതിഭയൊന്നും ആവശ്യമില്ല.

എന്നാൽ നിർവ്വചിക്കപ്പെട്ട രൂപഭാവങ്ങളോടെ മാവേലി ഒരു ഓണ മോടിഫ് ആയി രംഗത്തിറങ്ങിയിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല. അൻപതുകളോടെയാണ് അച്ചടിമാദ്ധ്യമങ്ങളിലെ പരസ്യങ്ങളിൽ മാവേലി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതും ഒരു പ്രൌഢരാജാവിന്റെ വേഷഭൂഷകളൊന്നും ഇല്ലാതെ ഒരു കാരിക്കേച്ചർ എന്ന നിലയ്ക്കാണ് മലയാളിയുടെ ഈ അഭീഷ്ടദായകൻ ജനങ്ങളിലേക്ക് തിരുവെഴുന്നെള്ളത്ത് നടത്തിയത്.. കുടവയറുള്ള ബൃഹദാകാരൻ ഓലക്കുടയും ചൂടി കൊമ്പൻ മീശയും പിരിച്ചുവച്ച് നടന്നു വരുന്ന ഏറെക്കുറെ കാർടൂൺ ചിത്രമെന്നു തോന്നിയ്ക്കുന്ന ഈ സ്കെച്ച്പ്രയോഗം പ്രഛന്നവേഷമത്സരക്കാരനെ വരയ്ക്കുന്ന ഉദാസീനതയോടെയും ലാഘവത്തോടെയും ആയിരിക്കണം വരക്കാരൻ വരഞ്ഞത്.. ചിത്രകാരൻമാരെ സ്വാധീനിച്ചത് രവിവർമ്മ പെയിന്റിംഗുകളുടെ രൂപസവിധാനം സ്വാംശീകരിച്ച് ഹിന്ദി-തമിഴ് സിനിമകളിൽ ചിത്രീകരിക്കപ്പെട്ട രാജാവിന്റെ സ്വരൂപം ആയിരുന്നിരിക്കണം. കേരളത്തിലെ രാജാക്കന്മാരുടെ ലളിതവേഷങ്ങളൊന്നും പുരാണപ്രതിപുരുഷനെ വരച്ചുണ്ടാക്കുമ്പോൾ സ്വാധീനിക്കരുതെന്നുള്ള നിർബ്ബന്ധവും ഈ കാരിക്കെചറിസ്റ്റുകൾക്ക് തോന്നിക്കാണണം.

ഓണം ഒരു സാംസ്കാരികവിപണനച്ചരക്ക് ആയത് 60 കളോടു കൂടിയാണ്. അത്തപ്പൂക്കളമത്സരം പൊതുസംഘടനകൾ എറ്റെടുത്തതോടു കൂടി. മറ്റ് എതു മലയാളി വിശേഷാവസരവും പോലെ വ്യക്തി/കുടുംബത്തിൽ ഒതുങ്ങി നിന്നിരുന്ന ഓണം എന്ന അനുഭവത്തെ പൊതു ഇടങ്ങളിലേക്ക് പറിച്ചു നടലിനു വിത്തെറിയുകയാണ് ഈ പരസ്യപൂക്കളക്കലവി ചെയ്തത്. വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരും അധികം താമസിയാതെ ഈ പൂത്തയ്യിനു വെള്ളം കോരി നനച്ചു, എളുപ്പത്തിൽ അത് വളർന്നു പൊങ്ങി. കുടുംബത്തിൽ നിന്നും ഇറക്കിയെടുത്ത ഓണത്തെ വിറ്റുകാശാക്കാൻ വിപണികൾ മത്സരിച്ചു. ഓണത്തിനു ഐക്കണുകൾ വന്നു ചേരേണ്ടത് അത്യാവശ്യമായി വന്നു, ആശയത്തിലോ സങ്കൽ‌പ്പത്തിലൊ നിറഞ്ഞു വിലസിയ മാവേലി ഒരു ചിത്രകഥാനായകനായി ജനങ്ങൾക്കിടയിലേക്ക് എഴുന്നെള്ളി. ആഴ്ച്ചപ്പതിപ്പുകളിലെ പരസ്യങ്ങളിൽ എലെക്ട്രിക് ഉപകരണം , സോപ്പ് മുതൽ സിമെന്റു കട്ട വരെ മാവേലി പൊക്കിപ്പിടിച്ച് വിറ്റുതുടങ്ങി. റ്റെലിവിഷൻ പരസ്യങ്ങൾ കൂടുതൽ വിശ്വാസയോഗ്യത നേടിയതോടെ മാവേലി വീട്ടുപകരണങ്ങൾ, കിടക്ക ഉൾപ്പെടെ വിൽക്കാനുള്ള എജെന്റായി മാറി. ഇക്കൂടെ എളുപ്പത്തിൽ കെട്ടുകാഴച്ചയ്ക്കായി എത്തിയത് കഥകളി വേഷം ആണ്. ഓണവും കഥകളിയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് കുട്ടികളിൽ വരെ വിശ്വാസം ജനിപ്പിക്കാൻ പ്രാപ്തമായി ഓണത്തിന്റെ ഐകൊണോഗ്രാഫി പടർന്നു പരന്നു.


ഒരു അഭീഷ്ടദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സാന്ത്വനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്. ഫ്യൂഡൽ പാരമ്പര്യം വിടാൻ മനസ്സില്ലാത്ത മലയാളിയ്ക്ക് രാജഭക്തി പരോക്ഷമായി പ്രകടിപ്പിക്കനുള്ള ഉപാധിയും കൂടി ആയി ഈ മാവേലിമന്നക്കാഴ്ച്ച. രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി. ഈ പ്രതിരൂപങ്ങൾ ആവോളം സമാഹരിക്കപ്പെട്ട മാവേലിവേഷം അവന്റെ പൂജാ‍ബിംബം ആയതിൽ അദ്ഭുതമില്ല. കൊല്ലത്തിലൊരിക്കൽ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും ഇതിനകം മലയാളി മനസ്സിൽ വച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രവാസി യുടെ വിയർപ്പ് തൂശനിലയിൽ പഞ്ചസാരകലർത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ ഒരു പ്രഹസന നാടോടിമന്നനെന്നവണ്ണം വീക്ഷിച്ച് എലിപ്പത്തായനായകനായി ഞെളിയാൻ മലയാളി പഠിച്ചതോ എളുപ്പത്തിൽ.. മാവേലിയെ വിടാൻ മനസ്സില്ലാതെ വന്നത് ഇത്തരം മോഹസ്വരൂപങ്ങളുടെ സമ്മിളിത നിറവേറൽ മലയാളി സൈക്ക് സൌഭാഗ്യാനുഭൂതിനിർവൃതിയൊടെ നൊട്ടിനുണച്ച് അയവിറക്കിയതിന്റെ പരിണതി തന്നെ. സമത്വസുന്ദരസാഹോദര്യം നിറഞ്ഞ പൈതൃകവും ചരിത്രവും യാഥാർത്ഥ്യമല്ലെന്നും ഇത് സമയം തെറ്റിയ ഫലിതം പോലെ വെറും കെട്ടുകഥകളിൽ ഒതുക്കുകയാണു ഭേദം എന്നും അവൻ മുൻകൂട്ടിക്കണ്ടതും മാവേലിയ്ക്ക് ഒരു ഹാസ്യകഥാപാത്രത്തിന്റെ റോൾ നൽകാൻ വഴി വച്ചു. കൂടുതൽ കെട്ടുകാഴ്ച്ചകൾക്കു മാവേലി നിന്നു കൊടുക്കേണ്ടി വന്നത് മിക്കവാറും കേരളത്തിനു പുറത്താണ്. ഓണാഘോഷങ്ങൾ ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടി വരുന്ന പ്രവാ‍സികൾക്ക് ദൃശ്യപരത മുറ്റിനിൽക്കുന്ന ഒരു മോടിഫ് അത്യാവശ്യമായപ്പോൾ മാവേലി സ്വരൂപം എളുപ്പമായ കണ്ടുപിടിത്തമായി. വിദേശങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ വിവിധ വെറൈറ്റി മാവേലിമാർ ഇപ്പോഴും സ്ഥലകാലസമാകലനങ്ങളെ വെല്ലുവിളിച്ച് അപഹാസ്യമാം വിധം ഓണത്തിനു നിർവചനം ചമയ്ക്കുന്നുണ്ടായിരിക്കണം ഇതാ ഇപ്പോൾത്തന്നെ.

മാവേലിയ്ക്കു കൽ‌പ്പിച്ചു നൽകപ്പെട്ട സ്വരൂപം നിരവധി സങ്കൽ‌പ്പങ്ങളുടെ മേളനവും സംശ്ലിഷ്ടവുമാണെന്നാണു പറഞ്ഞുവന്നത്. വാമനനാൽ ചവിട്ടിത്താഴ്ത്തപ്പെട്ട അസുരചക്രവർത്തിയെ തെളിഞ്ഞു ദർശിക്കാം പലേ ചിത്രങ്ങളിലും കെട്ടുകാഴ്ച്ചകളിലും. ഓണത്തെക്കുറിച്ചുള്ള ചരിത്ര-സാമൂഹ്യ ഗവേഷണങ്ങളുടെ പാടെയുള്ള നിരാകരണമാണ് പുരാണത്തിലെ മഹാബലിയെ കേരളത്തിന്റെ രാജാവായി നാമനിർദ്ദേശം ചെയ്യുത്. ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലി യാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ. ഭാരതം മുഴുവനും പ്രചാരത്തിലുള്ള അവതാര കഥയെ കേരളത്തിൽ മാത്രമായി ഒതുക്കാനുള്ള വിഫലശ്രമം. ആഘോഷങ്ങൾക്ക് കാലാനുസൃതമായി ദൈവീക പരിവേഷം നൽകപ്പെടുന്നത് ചരിത്രം സമൂഹത്തിനു മേൽ കളിയ്ക്കുന്ന കളിയാണ്. വിഷുവിലേക്ക് ശ്രീകൃഷ്ണൻ കടന്നു വന്നിട്ട് അധികം നാളായില്ല. ശതപഥബ്രാഹ്മണത്തിൽ വിസ്തരിച്ചിരിക്കുന്ന വാമനാവതാര കഥ കേരളത്തിൽ മാത്രം നടന്നതാണെന്ന അസംബന്ധാലോചന ഇനി മായ്ക്കപ്പെടാനും എളുപ്പമല്ല. പക്ഷെ ശതപഥബ്രാഹ്മണത്തിലും വാമനൻ അസുരന്മാരെ മാത്രമേ ജയിക്കുന്നുള്ളു, മഹാബലിയെന്ന പരാമർശം ഇല്ല. മത്സ്യപുരാണം, അഗ്നിപുരാണം, വിഷ്ണു ധർമ്മോത്തരം, വൈഖാനസാഗമം, രൂപമണ്ഡനം, ശിൽ‌പ്പരത്നം ഇവയിലൊക്കെക്കൂടിയാണ് ഈ കഥ വളർന്നത്. പരിപൂർണമായി വികസിച്ച കഥാപാത്രങ്ങളും ഘടനയൊത്ത കഥയും ഭാഗവതപുരാണത്തിലാണ് തെളിയുന്നത്. മാവേലിയെ വരച്ചുണ്ടാക്കിയവർ പക്ഷെ ഒരു അതിസാധാരണന്റെ ഓലക്കുടയാണ് ഈ മഹാരാജാവിനു വച്ചുകൊടുത്തതെന്നുള്ളത് ശ്രദ്ധേയം തന്നെ. വാമനാവതാരവുമായി കണ്ണി കോർത്ത് പുരാണമഹാബലിയെ ഓണമാവേലിയിൽ ചേർത്തു ബാധ കയറ്റാനുള്ള ഉൾപ്രേരണയായിരിക്കണം വെൺകൊറ്റക്കുട ചൂടാൻ യോഗ്യനായ ചക്രവർത്തിതിരുമനസ്സിനെ വെറും ഓലക്കുട ചൂടിപ്പിച്ചത്. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രംഗം ഭാരതത്തിൽ ഉടനീളം ദൃശ്യവൽക്കരിച്ചിട്ടുള്ളത് ശിൽ‌പ്പങ്ങളിലാണ്: ശിലകളിൽ, ലോഹത്തിൽ, ദാരുവിൽ കൊത്തിവച്ചവ. മൂന്നുലോകവും കീഴടക്കിയ ത്രിവിക്രമൻ അതിഗാംഭീര്യത്തോടെ പ്രതാപവാനായി വിലസുന്നതായാണ് മഹാബലിപുരത്തും കാഞ്ചീപുരത്തും നാമക്കലും എല്ലോറയിലും രാജസ്ഥാനിലെ അബനേരിയിലും ഒറീസയിലെ ഉദയഗിരിയിലും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എല്ലാ ശിൽ‌പ്പങ്ങളിലും കുടയുണ്ടെങ്കിൽ അത് വാമനൻ മാത്രമാണ് ചൂടുന്നത്. മഹാബലിയ്ക് കുടയില്ല. രൂപമണ്ഡനയും ശിൽ‌പ്പരത്നവും വാമനന് കുട നിർദ്ദേശിക്കുന്നു. എന്നാൽ കേരളത്തിൽ വാമനാവതാതരത്തിന്റെ ചിത്രീകരണമോ ശിൽ‌പ്പങ്ങളോ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തടുത്ത് ത്രിവിക്രമമംഗലം എന്നൊരു ക്ഷേത്രമുണ്ടെങ്കിലും വാമനനോ മഹാബലിയോ പ്രത്യക്ഷപ്പെടുന്നില്ല. കോട്ടയം ജില്ലയിലും പാലക്കാട് ജില്ലയിലെ വാവന്നൂരിലും ഉള്ള വാമനക്ഷേത്രങ്ങലിലും വാമനനോ മഹാബലിയൊ കല്ലിലോ ദാരുവിലോ കൊത്തിവയ്ക്കപ്പെടുകയോ ചുവർചിത്രങ്ങളായി പ്രത്യക്ഷീഭവിയ്ക്കുകയോ ചെയ്യുന്നില്ല.. വാമന-മഹാബലി കഥയും മാവേലിയുമായി കണ്ണി ചേർത്തത് പിൽക്കാലത്താണെന്നതിന്റെ തെളിവാണ് തൃക്കാക്കര അമ്പലത്തിലും ഇവരുടെ നാടകാവിഷ്ക്കാരം തെളിയുന്നില്ല എന്നത്. വാമനനുമായി ബന്ധിപ്പിക്കുന്ന കൃത്യം അബോധമനസ്സിലെങ്കിലും ആദ്യകാല കാരിക്കേച്ചറിസ്റ്റുകളിൽ വെളിപാടുണർത്തിച്ചത് വാമനന്റെ ഓലക്കുട മാവേലിയിലേക്ക് വച്ചുമാറ്റാൻ വഴിവച്ചു എന്നതായിരിക്കണം സത്യം. മലബാർ ഭാഗത്ത് പതിവുണ്ടായിരുന്ന ‘ഓണപ്പൊട്ടൻ’ ഓലക്കുടയുമായാണ് ഓണത്തിനു വീടുവീടാന്തരം കയറി ഇറങ്ങാറ്. ഓണപ്പൊട്ടന്റെ ഈ കുടയും മാവേലിയെ വരച്ചുണ്ടാക്കിയവർക്ക് ആശയപ്രദാനം നൽകിയിട്ടുണ്ടാവണം. പാണപ്പാട്ടുകളിൽ കുടയും പിടിച്ച് ഓണം കൊള്ളാൻ എഴുന്നെള്ളുന്ന മാതേവപരാമർശം മനസ്സിലെവിടെയൊ ഉടക്കിയിരുന്നതാകാനും മതി. ആഗമശാസ്ത്രങ്ങളേയും ശിൽ‌പ്പനിബന്ധനകളേയും പുരാണങ്ങളേയും മറികടന്ന് മലയാളി സ്വന്തം മോഹങ്ങളുടെ പരിപൂർത്തി നിറവേറ്റാൻ പലേ രക്ഷാരൂപന്മാരേയും സഫലബിംബങ്ങളേയും സമാഹരിയ്ക്കുകയാണ് മാവേലി വേഷനിർമ്മിതിയിൽക്കൂടി. പുരാണരാജാപ്പാർട്ടിനെ മലയാളീകരിയ്ക്കുന്ന സൌജന്യസൌഭാഗ്യവും ഓലക്കുടസമ്മാനത്തിൽക്കൂടെ നേടിയെടുത്തു..

ഭാരതീയോത്സവങ്ങളൂടെ വേരുകൾ സൂര്യ-നക്ഷത്രങ്ങളുടെ രാശിപ്പകർച്ചകൾ, കാർഷികം, ഋതുഭേദങ്ങൾ, പുരാണപുണ്യസ്മൃതികൾ, പ്രകൃതിക്ഷോഭ- പകർചവ്യാധികളിൽ നിന്നുള്ള വിടുതൽ ഇവയിലൊക്കെയാണ് പടർന്നു കിടക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചരിത്രപരമായ ലക്ഷണങ്ങളോ കാരണങ്ങളോ കുഴിമാന്തിയെടുക്കാൻ പ്രയാസവുമാണ്. കാലാനുസൃതമായി ഇവയിൽ ഒന്നു വേറൊന്നോട് കെട്ടുപിണയുകയും സംശ്ലേഷണ-വിശ്ലേഷണങ്ങൾ സംഭവിയ്ക്കുകയും അതോടെ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. ആഘോഷങ്ങളേയും ഉത്സവങ്ങളേയും വിപണി കയ്യടക്കുമ്പോൾ സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും വിപണിമൂല്യാധിഷ്ഠിതമായ അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യും. ഓണം ഈ സന്നിഗ്ധാവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ മാവേലിയും കഥകളിരൂപവും ചുണ്ടൻ വള്ളവും പൂക്കളവും വിറ്റഴിയ്ക്കപ്പെടനുള്ള മോടിഫുകൾ മാത്രമാവുകയാണ്.


ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസം ഹൈജാക്ക് ചെയ്യുമ്പോൾ സമ്പദ്ഘടന അഴിച്ചു പണിയപ്പെടുകയാണ് ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യം കലർന്ന സാമ്പത്തികവീക്ഷണം അറം പറ്റിയപോലായിട്ടുണ്ട് ഇന്ന്. വർദ്ധിച്ചു വന്ന മദ്യപാനാസക്തി യെ മുതലെടുത്ത് മദ്യലോബികൾ വലിയ കൊയ്ത്താണു ഓണത്തിനു കൊയ്യ്തെടുക്കുന്നത്. കഴിഞ്ഞ ഓണത്തിനു 126 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. ഇക്കൊല്ലം അതിലും കൂടി കുടിയുടെ വിളവ്. ഓണം കയ്യടക്കിയ സർക്കാരും ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു ഉപകാരസ്മരണയാൽ നിർവൃതിയടയുന്നു. ഖജനാവു നിറയുന്ന ഐശ്വര്യയവേള. ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം. സർക്കാർ പത്തായത്തിൽ സമൃദ്ധിയുടെ പുന്നെല്ലു നിറയ്ക്കാൻ മാവേലി വന്നെത്തുകയാണ്. അദ്ദേഹം ഇടുക്കിപ്പിടിച്ചിരിക്കുന്ന വലിയ മദ്യക്കുപ്പി കാണാതെ കാണുകയാണു നമ്മൾ.

Thursday, July 23, 2009

സിമിത്തേരിക്കപ്പുറം, കാട്ടിൽ മരത്തിനു കീഴെ....

ഫ്യൂണറൽ ഹോമിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പച്ചൻ സിമിത്തേരിയിലേക്ക് ഒന്നു കൂടെ പോയി. അതിനു പുറകിലുള്ള കാട് കുറേ നേരം നോക്കി നിന്നു. “എലിക്കുളത്തെ പാപ്പച്ചന്റെ റബർതോട്ടം പോലെ തന്നെയാ” എന്നു പറഞ്ഞതുകേട്ട് സ്റ്റാൻലി ചിരിച്ചു. “അപ്പച്ചാ ഈ നീളമുള്ള മരങ്ങൾ ഇവിടെയെല്ലാം ഉണ്ട്. ദേ ഇവിടുന്ന് പടിഞ്ഞാട്ടു പോയാൽ ഒരു സ്ഥലം മുണ്ടക്കയം മാതിരി തോന്നും”
“അതേ പിറ്റ്സ്ബർഗിലെ മുണ്ടക്കയം” അപ്പച്ചനും ചിരിച്ചു.


കാറെടുത്തു വളവു തിരിയുമ്പോൾ അപ്പച്ചൻ ചെറിയ സ്വരത്തിൽ ചോദിച്ചു. “ഇവിടെയാണോടാ എന്നേം അടക്കുന്നത്”?

“ഈ അപ്പച്ചൻ എന്നാ ഭാവിച്ചോണ്ടാ. ഇന്നലെയല്ലെ ഷുഗറൂം ഒക്കെ ചെക്ക് ചെയ്തത്? വല്യ കൊഴപ്പമില്ലെന്നല്ലെ ഡോക്ടർ പറഞ്ഞത്?” പിന്നെ അപ്പച്ചൻ ഒടനേ എങ്ങും പോകുന്ന ലക്ഷണമില്ല. ചാച്ചന്മാർ മൂന്നുപേര് നല്ല പയറുമണി പോലെയാ ഇരിക്കുന്നെ. പിന്നെയെങ്ങനെയാ അപ്പച്ചന്റെ ചാൻസു വരുന്നേ’

“എടാ എന്നാലും ഇവിടെ വന്നേപ്പിന്നെ എനിക്കൊരു ശ്വാസം മുട്ടലാ. “
സ്വരം താഴ്ത്തി-“ അന്നക്കുട്ടിയെ അടക്കിയതിന്റെ അടുത്തു മതി എന്നേം അടക്കാൻ”

“അപ്പച്ചനെ ഈ ഫ്യൂണറലിനൊന്നും കൊണ്ടു വരേണ്ടാരുന്നു“ റോസ്മേരിയ്ക് സ്വൽപ്പം നീരസം. “ ഞങ്ങടേം കൂടെ മനസ്സു വിഷമിപ്പിയ്ക്കുകയാ”

“സിമിത്തേരിയുടെ പൊറകിലെ ആ കാടൊണ്ടല്ലൊ അത് ശരിക്കും നമ്മടെ പള്ളി സിമിത്തേരിയ്ക്ക്കു പുറകിലുള്ള റബർ തോട്ടം പോലെയാ” അപ്പച്ചൻ നെടുവീർപ്പിട്ടു.

അന്നക്കുട്ടിയെ അടക്കിയ സിമിത്തെരിയ്ക്കു പിന്നിലെ റബർതോട്ടത്തിലേക്ക് അപ്പച്ചന്റെ മനസ്സ് തെന്നി നീങ്ങി. അവരെ അടക്കിയതിന്റെ മൂന്നാം ദിവസം തന്നെ ആ റബർ തോട്ടത്തിൽ ചുറ്റിപ്പറ്റി നടക്കാൻ തുടങ്ങി. ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് അവരുടെ കല്ലറ വെറുതെ നോക്കിയിരിക്കും.

ആ നിമിഷം തന്നെ നാട്ടിലത്താൻ ഉൽക്കടമായ ഒരു ആഗ്രഹം അപ്പച്ചനിൽ മിന്നൽപ്പിണർ പോലെ പാഞ്ഞു. നാട്ടിലെത്തിയാലോ? അന്നക്കുട്ടിയുടെ കല്ലറ നോക്കിയിരിക്കുമോ? അന്നക്കുട്ടിയുടെ കല്ലറയ്ക്കടുത്തു തന്നെ തൂമ്പാകൾ ഉയർന്നു താഴുന്ന ദൃശ്യം അപ്പച്ചന് ഒരു നിമിഷം മനസ്സിൽ മിന്നി. മരിയ്ക്കാനുള്ള ആശ ഒരു ചെറിയ നടുക്കം പോലുമില്ലാതെ സ്വമേധയാ വന്നുകയറിയതിൽ അപ്പച്ചൻ ഒന്നു വിഭ്രാന്തിപ്പെട്ടു. തന്നെ അടക്കാൻ നാട്ടിലേക്കു കൊണ്ടുപോകാൻ സ്റ്റാൻലി തയാറാവുമോ? സ്റ്റാൻലിക്കു താൽപ്പര്യം ഉണ്ടെങ്കിലും റോസ്മേരി സമ്മതിയ്ക്കുമോ?

ഗ്രീൻ കാർഡിന്റെ കടലാസുകൾ ശരിയായി സ്റ്റാൻലി ടിക്കറ്റും അയച്ചപ്പോഴേ അപ്പച്ചനു സ്വല്പം പരിഭ്രാന്തി ആയതാണ്. അപ്പച്ചൻ ഇനി അമേരിക്കയിൽ സുഖവാസത്തിനല്ലേ പോകുന്നെ ഇനിയെന്നാ വെപ്രാളം എന്നു
എൽസി ചോദിച്ചത് കേട്ടില്ലെന്നു നടിച്ചു. അന്നക്കുട്ടിയുടെ ഒരു ഫോട്ടൊ തപ്പിയെടുത്ത് സ്റ്റുഡിയൊയിൽ കൊടുത്ത് എൻലാർജ് ചെയ്തെടുപ്പിച്ചു. സ്റ്റുഡിയോക്കാരൻ തെളിയാത്തഭാഗങ്ങളിൽ കരവിരുത് കാണിച്ച് അന്നക്കുട്ടിയുടെ സ്വതവേ വിഷണ്ണഭാവം മറ്റൊന്നാക്കി വികൃതിത്തരം ചെയ്തുകൂട്ടി. ദേഷ്യമാണോ സങ്കടമാണൊ മുഖത്ത് എന്നു പറയാൻ പറ്റാത്തവണ്ണം അന്നക്കുട്ടി ഫോട്ടോ നോക്കുന്നവരെ തെല്ലു അലോസരപ്പെടുത്തി. “ഫോടോ എടുക്കാൻ നേരത്തും കഴുവേറ്ട മകൾക്കൊന്നു ചിരിക്കാൻ തോന്നിയില്ല” എന്ന് അപ്പച്ചൻ ആ പടത്തോട് കയർത്തു. “അമ്മച്ചിയ്ക്ക് അല്ലേലും ഒണ്ടാരുന്നു ഒരു മൊകം കൂർപ്പിയ്ക്കല്“ എന്നു എൽസി. ശ്രീയേശുവിന്റെ രണ്ടു ചിത്രങ്ങൾക്കു നടുവിലാണ് സന്തോഷ് ഫോട്ടൊ വയ്ക്കാൻ സ്ഥലം കണ്ടുപിടിച്ചത്. ആണിയടിച്ചു തൂക്കിക്കഴിഞ്ഞപ്പോൾ യേശുവിന്റ് മുഖത്തേക്കാളും സ്വൽപ്പം മുകളിലായി അന്നക്കുട്ടിയുടെ മുഖം. “തമ്പുരാൻ കർത്താവിന്റെ ഒപ്പം ഇരിയ്ക്കുന്നോടീ നീയ്’ എന്നു പറഞ്ഞ് അപ്പച്ചൻ തന്നെ സ്റ്റൂളിൽ കയറി ഫോട്ടോ ഇളക്കൻ ശ്രമിച്ചപ്പോൾ എൽസി വന്നു തടയിട്ടു. “അപ്പച്ചനെന്തിനാ ഇപ്പൊ അതൊക്കെ ചെയ്യുന്നത്. സന്തോഷ് ചെയ്യുകേലേ അതൊക്കെ” എന്നവൾ. സന്തോഷ് വന്നു ഫോട്ടോ ഇളക്കിപ്രതിഷ്ഠിച്ചപ്പോഴെ അപ്പച്ചന് ഇരിക്കപ്പൊറുതി വന്നുള്ളു.

പിറ്റ്സ്ബർഗിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് അന്നക്കുട്ടിയുടെ യാത്രയ്ക്കുവേണ്ടി പ്രത്യേകം കരുതിവാങ്ങിച്ച നേര്യത് കവണി അപ്പച്ചൻ തന്നെ എടുത്തുകൊണ്ടു വന്നു. നീളത്തിൽ ഞൊറിഞ്ഞ് പടത്തിന്റെ മുകളിൽ ഒരു നൂൽക്കമ്പി കെട്ടി ഉറപ്പിച്ച് ഫ്രെയിമിനു രണ്ടു വശത്തേയ്ക്കും ഒതുക്കിയിട്ടു. എൽസി നോക്കിനിന്നു കരയാനായപ്പോൽ “ഇതെന്തിനാ എന്റെ പെട്ടിയിൽ ഇനിയും വയ്ക്കുന്നേ ഇവിടെയാരിക്കും ഭംഗി” എന്നൊക്കെ ചാതുര്യം പറയാൻ ശ്രമിച്ചു അപ്പച്ചൻ. നെടുമ്പാശ്ശേരിയിലേക്കു പോകാൻ സന്തോഷ് കാറുമായി എത്തിയപ്പോഴും അപ്പച്ചൻ കവണിയുടെ ഞൊറിവുകൾ ഒന്നു കൂടി അടുക്കിയിട്ടേ ഇറങ്ങിയുള്ളു.

പിറ്റ്സ്ബർഗിലെ തണുത്തകാറ്റിൽ അപ്പച്ചന്റെ ദീർഘനിശ്വാസങ്ങൾ അലിഞ്ഞുപരന്നു. രാത്രിയിൽ ‘ഏഷ്യാനെറ്റ് കാണണ്ടെ അപ്പച്ചാ’ എന്നോ “അപ്പച്ചനു ഒരു ഡ്രിങ്ക് തരട്ടെ“ എന്നൊക്കെയോ സ്റ്റാൻലി ചോദിച്ചത് ഒഴിവാക്കിയ മട്ടായിരുന്നു അപ്പച്ചന്. ബെഡ്രൂമിൽ ജനലിൽ കൂടെ ഏറെ നേരം പുറത്തേയ്ക്കു നോക്കി നിൽക്കുന്നത് റോസ്മേരി ഒന്നു ശ്രദ്ധിച്ചിരുന്നു.

പാതിരാ കഴിഞ്ഞു നേരം കുറെ ആയിക്കാണും അപ്പച്ചൻ ബെഡ് റൂമിനു പുറത്ത് നേരിയ ഒരു കാൽപ്പെരുമാറ്റം കേട്ടു. കഞ്ഞിമുക്കി ഉണങ്ങിയ മുണ്ടിന്റെ കശകശ ശബ്ദം. ചാരിയിട്ടിരുന്ന വാതിൽ തുറന്നു. അന്നക്കുട്ടിയാണ്. അലക്കിത്തേച്ച മുണ്ടിന്റേയും ചട്ടയുടേയും വെളുപ്പ് കണ്ണഞ്ചിയ്ക്കുന്നു. ഫോട്ടോയിൽ താൻ ചാർത്തിയ കസവു കവണി ചുറ്റിയിരിക്കുന്നു.

“വന്നേ“ അന്നക്കുട്ടി അപ്പച്ചന്റെ കയ് പിടിച്ചു സാവധാനം മുന്നോട്ടാഞ്ഞു.
ഒരു സ്കൂൾകുട്ടി മാതിരി അപ്പച്ചൻ അനുസരിച്ചു. താഴേയ്ക്കുള്ള പടികളിറങ്ങി.

പുറത്തേയ്ക്കുള്ള വാതിൽ അന്നക്കുട്ടി തന്നെ ശബ്ദമുണ്ടാക്കാതെ തുറന്നു. അത്യാഹ്ലാദത്തോടെ അപ്പച്ചൻ പിന്തുടർന്നു. “എങ്ങോട്ടാടീ ഈ രാത്രിയില്” എന്നു ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നു വച്ചു. എന്നും തനിയെ നടക്കാൻ പോകുന്ന വഴികൾ. ഇന്ന് അന്നക്കുട്ടി കൂടെ. അപ്പച്ചന് ഉത്സാഹമായി.

“ഞാൻ നേരത്തെ വരാത്തതിന് എന്നോട് കെറുവൊണ്ടോ?’ അന്നക്കുട്ടി നടത്തത്തിനു വേഗത കുറച്ചില്ല.

“നീ വരുമെന്നു പോലും ഞാൻ വിചാരിച്ചില്ല” അപ്പച്ചന്റെ വാക്കുകളിൽ സന്തോഷം തിളങ്ങി. “അതെങ്ങനെയാ ഗ്രീൻ കാർഡു കിട്ടുന്നതിനു മുൻപു തന്നെ നിന്നെയങ്ങോട്ടു കെട്ടിയെടുത്തു”.

“ഗ്രീൻ കാർഡ്! ഹ ഹ ...” അന്നക്കുട്ടിയുടെ ചിരി സ്വൽപ്പം മുഴക്കത്തിലായിപ്പോയി.

ബ്രൂക് ഡെയിൽ റോഡും ഹിന്റെർലോങ് അവെന്യുവും കൂടിച്ചേരുന്നിടത്ത് അവർ ഒന്നു നിന്നു. ഇനിയുള്ള വഴികൾ അപ്പച്ചനു പരിചയമില്ല. അന്നക്കുട്ടി നിശ്ചയദാർഢ്യത്തോടെ റോഡു മുറിച്ച് നാലുവരിപ്പാതയായ ബ്രൂക്ഡെയിലിൽ കൂടെ നടന്നു തുടങ്ങി.

“നിനക്കീ വഴിയൊക്കെ അറിയാവോടീ? സ്റ്റാൻലി എപ്പഴും കാറിൽ ഒരു യന്ത്രം വച്ചാ വഴി കണ്ടു പിടിയ്ക്കുന്നത്. എന്നിട്ടും അവനു ചിലപ്പം വഴി തെറ്റും”

‘ അതോ എവിടെയാ എത്തേണ്ടത് എന്നൊരു തോന്നൽ അങ്ങു വന്നാൽ പിന്നെ ആ നേരേ അങ്ങോട്ടു നടന്നോണ്ടാൽ മതി” അന്നക്കുട്ടി നാടൻ യുക്തി നിരത്തി. “ഇച്ചിരൂടെ പെട്ടെന്നു നടക്ക് എന്റെ ഇച്ചായാ”

പാർക് അവെന്യുവും വുഡ്ലോൺ അവെന്യുവും കോട്ടേജ് ഗ്രൊവും പിന്നിട്ട് ഓക്കു മരങ്ങളും മേപ്പിൾ മരങ്ങളും ഇരുട്ടിനുമേൽ പിന്നെയും നീട്ടിയിട്ട നിഴലുകൾക്കിടയിലൂടെ തിടുക്കത്തിൽ അവർ നീങ്ങി. വല്ലപ്പൊഴും ഓടി മറയുന്ന കാറകൾക്ക് വഴി കൊടുക്കാൻ ഒരു ഒരു ജങ്ക്ഷനിൽ അവർ തെല്ലിട നിന്നു. കുസൃതിത്തം തൊട്ടുതേച്ച അന്നക്കുട്ടിയുടെ മൂക്കിനു വശത്തെ മറുക് ഇരുട്ടത്തും തിളങ്ങിയത് അപ്പച്ചൻ ശ്രദ്ധിച്ചു. അവരെ പൂണ്ടടടക്കം കെട്ടിപ്പിടിച്ചു. അന്നക്കുട്ടി അതിൽ ഒതുങ്ങിക്കൂടി നിന്നു. കാപ്പിപ്പൂവിന്റെ സുഗന്ധം അപ്പച്ചൻ ശ്വാസം വലിച്ച് ഉൾക്കൊണ്ടപ്പോൾ തെല്ല് ഉന്മത്തനായി. ആവേശം ഏറെച്ചെന്ന രാത്രിയുടെ ക്ഷീണത്തിനു വഴി മാറി. അന്നക്കുട്ടിയുടെ കയ്യും പിടിച്ച് നടത്തം തുടർന്നു.

സിമിത്തേരിയ്ക്കപ്പുറം കാട്ടിൽ കടന്നതോടെ അപ്പച്ചൻ വിളിച്ചു പറഞ്ഞു “അമ്പടീ നിന്റെ ഒരു സാമർത്യം! ഇങ്ങോട്ടു തന്നെ നീ കൊണ്ടുവന്നു” ഉറക്കെ ചിരിക്കാൻ അന്നക്കുട്ടി സമ്മതിച്ചില്ല. “ഒരു ചെത്തോം ഇല്ലാത്ത സ്തലമാ. ഇത്രേം ഒച്ച വേണ്ട.”

“ഇത്രേം നടന്നതല്ലെ എനിയ്ക്ക് ഇരിയ്ക്കണം” അപ്പച്ചൻ അന്നക്കുട്ടിയുടെ തോളിലേക്കു ചാഞ്ഞു.

“ദേ ഇവിടെത്തന്നെ” അന്നക്കുട്ടി ഒരു മരത്തിന്റെ കീഴെ കരിയിലകൾ മാറ്റി സ്ഥലം വെടിപ്പാക്കി. കാലുകൾ നീട്ടിയിരുന്നു. അൽപ്പം നനവുള്ളതെങ്കിലും നിലത്ത് അപ്പച്ചൻ ചുരുണ്ടു കൂടിക്കിടന്നു. അവർ അപ്പച്ചന്റെ തല സാവധാനം മടിയിൽ എടുത്തു വച്ചു.

“ഇച്ചിരെ തണുക്കുന്നുണ്ട്” അപ്പച്ചനിൽ ഒരു കുളിർ പാഞ്ഞു.

“ദേണ്ടെ പൊതപ്പിക്കാം.” അന്നക്കുട്ടി കസവു കവണി അഴിച്ച് ആകെ പുതപ്പിച്ചു. അപ്പച്ചൻ ഒരു നിർവൃതിയിലെന്നപോലെ മെല്ലെ കണ്ണുകളടച്ചു.

പിറ്റേന്ന് പോലീസും ചില സന്നദ്ധസേവാംഗങ്ങളും ഒരുപാടു മലയാളികളും വ്യാപകമായി തെരഞ്ഞതിനു ശേഷമാണ് അപ്പച്ചന്റെ ദേഹം കണ്ടുകിട്ടിയത്. സിമിത്തേരിയ്ക്കപ്പുറം കാട്ടിലെ മരത്തിനു കീഴെ പിണച്ചകൈകളീൽ തല വച്ച് ഉറങ്ങുന്ന മട്ടിൽ. മോർച്ചറിയിൽ വച്ച് പോലീസ് കസവു കവണി മടക്കി കൊടുത്തപ്പോൾ സ്റ്റാൻലിയും റോസ്മേരിയും പരസ്പരം നോക്കി, ഒരു ഞെട്ടൽ ഉള്ളിലൂടെ പാഞ്ഞു. കവണിയുടെ നടുക്ക് നൂൽക്കമ്പി കെട്ടിയിടത്തെ തുരുമ്പ് പുതുതായിത്തന്നെ അതിലുണ്ടായിരുന്നു.

തലേ ദിവസം പെട്ടെന്നു കവണി കാണാതെ പോയത്തിൽ ഒരു വെപ്രാളത്തിൽ ആയിരുന്നു എൽസി. സ്റ്റാൻലി വിളിച്ച് മരണവിവരം പറഞ്ഞപ്പോൾ കവണിയുടെ കാര്യം പറഞ്ഞതുമില്ല.

പക്ഷേ എൽസി വേറൊരു കാര്യം സ്റ്റാൻലിയോടും പറഞ്ഞില്ല. തലേന്നു രാത്രി കവണി കെട്ടിവച്ചിരുന്ന നൂൽക്കമ്പി അഴിഞ്ഞും കിടക്കുന്നല്ലൊ എന്നു കണ്ട് ഫോട്ടൊ സൂക്ഷിച്ചു നോക്കിയപ്പോൽ അവൾക്ക് തല ചുറ്റിപ്പോയി.

അമ്മച്ചി ഫോട്ടോയിൽ അതിമനോഹരമായി ചിരിക്കുന്നു.

Thursday, July 16, 2009

ഭഗവദ് ഗീത വീഴുമ്പോൾ

“വിളക്കു കൊളുത്തിയല്ലൊ ഇല്ലേ? എന്നാൽ ഭഗവദ് ഗീത വായിക്കാം”
അയാൾ ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരിപ്പുറപ്പിച്ചു.  ഭാര്യ നേരേ മുൻപിൽ മറ്റൊരു കസേരയിൽ ഇരുന്നു. മഴപെയ്യാൻ പോകുന്നതിനു മുൻപായി വീശിയകാറ്റിലും അവർ വിയർത്തിരുന്നു. പെട്ടെന്നു വർദ്ധിച്ച ചങ്കിടിപ്പ് അവഗണിയ്ക്കണോ എന്നറിയാതെ  കുഴങ്ങി.

അടയാളം വച്ച പേജ് തുറന്നു, അയാൾ.
“അഥ കേന പ്രയുക്തോ യം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ”

“മനസ്സിലാകുന്നുണ്ടോ നിനക്ക്” അയാൾ ഭാര്യയുടെ മേൽ ചോദ്യമെറിഞ്ഞ് പ്രൌഢി നടിച്ചു.

“എന്നു വച്ചാൽ , അർജ്ജുനൻ ചോദിച്ചു, വാർഷ്ണേയ, എന്തിനാലാണ് ഒരാൾ തനിയ്ക്കിഷ്ടമില്ലെങ്കിൽ‌പ്പോലും ബലാൽക്കാരേണയെന്നപോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് എന്നാണ്.“
 പുറത്ത് ഇരുട്ടു കനത്തിരുന്നു. മങ്ങിയ ബാൽക്കണി വെളിച്ചത്തിലും അയാളുടെ നെറ്റിയിലെ ചന്ദനം ഒട്ടൊന്നു തിളങ്ങിയത് ഒരിളിഭ്യച്ചിരി പോലെ അവരിൽ വന്നു തറച്ചു.

മനസ്സിലായോ ഇല്ലയോ എന്നൊനും വെളിവാക്കാതെ നിശ്ചലയായി ഇരുന്നു അവർ.

അകത്ത് കിടപ്പുമുറിയിൽ  നിന്നും മകളുടെ നേർത്ത ഞരക്കം പോലും കേൾക്കുന്നില്ല എന്ന വിചാരം അമ്മ യിൽ വീണ്ടും ഒരു നടുക്കം സൃഷ്ടിച്ചു.  നേർമുകളിലെ സീലിങ്ങിലെ അദൃശ്യബിന്ദുവിൽ കണ്ണും നട്ട് മകൾ കിടന്നു. .  അടിവയറ്റിനും താഴെയുള്ള നീറ്റൽ ഇല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചില്ല അവൾ. എട്ടാം ക്ലാസ് പാഠപ്പുസ്തകങ്ങളിലൊന്നും അച്ഛനു സമീപം മകൾ മകളല്ലാതെയാവുന്നതിന്റെ ശാ‍സ്ത്രമോ സാമൂഹ്യപാഠമോ ഹോം സയൻസ് വിദ്യകളോ ഇല്ലെന്നു അവൾ അറിഞ്ഞുകഴിഞ്ഞിരുന്നു. ആ സമയങ്ങൾക്ക് എന്ത് ആപേക്ഷികതയാണ് സിദ്ധാന്തങ്ങൾ കണ്ടുപിടിച്ചു തരുന്നത് എന്നു  പഠിയ്ക്കാനുള്ള പ്രായവും ആയിട്ടില്ല അവൾക്ക് എന്ന് മുന്നേ അറിവുണ്ടായിരുന്നു. വെറുതേ സീലിങ്ങിലുള്ള വെളുപ്പിൽ നോക്കി അവൾ കിടന്നു.

അയാൾ വായന  തുടർന്നു.
‘ധൂമേനാവ്രിയതേ വഹ്നിർ യഥാദർശോ മലേന ച
യഥോൽബേനാവൃതോ ഗർഭസ്തഥാ തേനേദമാവൃതം”

“പുക തീയിനെ എന്ന പോലെയും പൊടി കണ്ണാടിയെയെന്നപോലെയും ഗർഭാശയം ഭ്രൂണത്തെയെന്നപോലെയും ജീവാത്മാവിനെ വ്യത്യസ്തമായ അളവുകളിലുള്ള കാമം ആവരണം ചെയ്തിരിക്കുന്നു.”
“ഹ ഹ ഹ... ഈ മനുഷ്യരുടെ ഒരു കാര്യമേ. ആസക്തി വെടിഞ്ഞിട്ട് ഒരു കാര്യമുണ്ടോ?  പിന്നെ മലയാളികൾക്കിടയിൽ കൺസ്യൂമെറിസം കൂടുതലാണത്രെ. നീ അറിയുന്നുണ്ടായിരിക്കുമല്ലൊ.ഭഗവാൻ ശിക്ഷിക്കാതിരിക്കുമോ ഇവറ്റകളെയൊക്കെ? നാമം ജപം ഉള്ള എത്ര വീടുകളുണ്ട്? ഭഗവദ് ഗീത നമ്മളെപ്പോലെ കുറച്ചുപേർ മാത്രം വായിക്കുന്നതേ കാണുകയുള്ളു..” ഭക്തിപാരവശ്യങ്ങൾക്കിടയിൽ ചില യുക്തികളും കയറ്റാനായി അയാളുടെ ശ്രമം.


അവർ ഒരു നിമിഷം അയാളുടെ മുഖത്തു തന്നെ  കണ്ണു നട്ടു. പെട്ടെന്ന് ബാൽക്കണിയിലെ ബൾബണച്ചു. നേരെ ചെന്ന് അയാളുടെ കയ്യിലെ ഭഗവദ് ഗീത ഒറ്റ വലിയ്ക്കു പിടിച്ച് കയ്യിലാക്കി.

ഒരു ചെറിയ ബലപ്രയോഗത്തോടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഇട്ടു.

ഒരു പുസ്തകത്തിന്റേതല്ല,  ഭാരമുള്ള എന്തോ  വീണ ശബ്ദം ഏറ്റവും താഴത്തെ ഫ്ലാറ്റിലുള്ളവർ കേട്ടു. ഒരു നിലവിളിയും കേട്ടതായി ചിലർക്കു തോന്നി.

Friday, July 10, 2009

ഡെൽഹിയിൽ നിന്നും വന്ന മകൻ

ബലിക്കല്പുരയിൽ അവരെ കണ്ടപ്പോൾ ശാന്തിക്കാരൻ തെല്ലൊന്ന് വിസ്മയിച്ചു. ”ഇത്ര രാവിലെ എങ്ങനെയെത്തി? നടന്നു വരാൻ വഴിയില്ല”
"ഹേയ് നടന്നൊന്നുമല്ല.  ഈ കാലും വച്ച് എങ്ങനെ നടക്കാൻ.  ഡ്രൈവർ കൂടെയുണ്ട്” അവർ പറഞ്ഞു.

“അല്ലെങ്കിലും അന്നേൽ‌പ്പിന്നെ ഡ്രൈവ് ചെയ്യുകേലെന്ന് എനിക്കറിയാം” ശാന്തിക്കാരന്റെ ഈ പ്രസ്താവനയിൽ അവർ ഒന്നു പതറി. കേട്ടില്ലെന്നു മട്ടിൽ ശ്രീകോവിലിനു നേരെ തിരിഞ്ഞ് കണ്ണടച്ചു.  ഒരു നിമിഷത്തിനു ശേഷം സ്വരം ദൃഢീകരിച്ചു.
“മകൻ വന്നത് കണ്ടില്ലെ. ഇന്നലെ വന്നതേ ഉള്ളൂ. പിറന്നാളിനു തന്നെ എത്തി. ദേ ഞാൻ നിർബ്ബന്ധിച്ചാ അമ്പലത്തിലേക്കു കൊണ്ടു വന്നത്” അവർ ഒന്നു ചിരിക്കാനും  ശ്രമിച്ചു.

“അതു പിന്നെ എനിയ്ക്കറിയാൻ മേലേ. തൃക്കേട്ട. മീനമാസത്തിൽ. വഴിപാട് പതിവുള്ളതാണല്ലോ" അവർ സ്വൽ‌പ്പം മോടിയിൽ വസ്ത്രമണിഞ്ഞിട്ടുണ്ടെന്ന് ശാന്തിക്കാരൻ ശ്രദ്ധിച്ചു.

രഹസ്യം പറയുന്നപോലെ അവർ ശാന്തിക്കാരനൊട് അടുത്ത് നിന്നു പറഞ്ഞു. “ഇത്തവണ കല്യാണം ഉണ്ടുകേട്ടോ. ഇവൻ ഇങ്ങനെ നടന്നാൽ പോരല്ലൊ. പെണ്ണുകാണലിനു സമ്മതിച്ചിട്ടുണ്ട്. അമ്മയെ ഒന്നന്വേഷിക്കൽ ഉണ്ടൊ ഇവന്? അത്പോട്ടെ സ്വന്തം കാര്യം നോക്കുന്നുണ്ടോ? “

പിന്നെ പുറകോട്ട് തിരിഞ്ഞ് ചെറുതായി ചിരിച്ചുകൊണ്ട്  ഇത്രയും. “ജോലിയാണത്രെ ജോലി! ഇങ്ങനെയുമുണ്ടോ ഒരു ജോലി? ഡെൽഹിയിൽ എല്ലാരും ഇങ്ങനെയൊന്നുമല്ലെന്നേ“.

ശാന്തിക്കാരൻ മ്ലാനമായ മുഖം മറയ്ക്കാൻ ശ്രമിച്ചു. ധിറുതിഭാവിച്ച് അകത്തേയ്ക്കു പോയി.


     അടുത്ത അമ്പലത്തിലേക്കു പോകുന്ന വഴി പാലം കടന്നപ്പോൾ ഡ്രൈവർ ശ്രദ്ധിച്ചു. പാലത്തിന്റെ കൈവരി പൊളിഞ്ഞത് ഇനിയും അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. പൊളിഞ്ഞ കോൺക്രീറ്റിൽ നിന്നും കമ്പികൾ വളഞ്ഞും തിരിഞ്ഞും എഴുന്നു നിൽക്കുന്നു. പുറകിലത്തെ സീറ്റിൽ അവർ സന്തോഷവതിയായിട്ടാണ് ഇരിപ്പ്. ഇങ്ങനെ ഈയിടെ എങ്ങും കണ്ടിട്ടില്ല.

    ഗണപതിയമ്പലത്തിലും ശാന്തിക്കാരൻ അവരെ കണ്ടതോടെ മകന്റെ പിറന്നാൾ ദിവസമാണെന്ന് ഓർമ്മിച്ചെടുത്തു. അവർക്ക് ഉത്സാഹം കൂടി. “ഇന്നു തന്നെ എല്ലാ അമ്പലങ്ങളിലും പോകണമെന്നു പറഞ്ഞ് രാവിലെ നിർബ്ബന്ധിച്ചാ ഇവനെ എഴുനേൽ‌പ്പിച്ചത്. ഡെൽഹിയിലാണെങ്കിൽ അത്ര നേരത്തെ ഉണർന്നെണീയ്ക്കുകേലെന്ന്!   ഇവിടെ വന്നാൽപിന്നെ ഞാൻ പറയുന്ന പോലെ കേൾക്കാതിരിക്കാൻ പറ്റുവൊ?. ഒന്നും പറയാതെ എന്റെ കൂടെ ഇങ്ങു പോന്നു.”

ശാന്തിക്കാരന് ഒന്നും പറയാനുണ്ടായിരുന്നില്ല.

“അല്ലെങ്കിലും മിണ്ടാട്ടം വളരെ കുറവാ ഈയിടെ അവന്” അവർ തന്നോടു തന്നെ പറഞ്ഞു.

ശാസ്താമ്പലത്തിൽ കൊച്ചുതിരുമേനിയെ കണ്ടതോടെ അവർക്ക് നിയന്തണം വിട്ടു. “കേട്ടൊ മധുക്കുഞ്ഞേ ഇവനോട് ഒന്നു പറയണേ. നിങ്ങളു ഒന്നിച്ചു പഠിച്ചവർ. വല്യ കൂട്ടുകാർ അല്ലാരുന്നോ? മധുക്കുഞ്ഞിനു മൂന്നുവയസ്സായ കുഞ്ഞു വരെ ആയി. ഇവനെ ഒന്നു കാണാൻ കിട്ടുന്നുണ്ടോ? അവന്റെ ഒരു ഡെൽഹിയും ജോലിയും. ഇങ്ങനെ വല്ലപ്പോഴും വരും. കല്യാണക്കാര്യം പറയുമ്പോൾ ഒന്നും മിണ്ടുകേം ഇല്ല. അല്ലെങ്കിൽ തന്നെ എന്നോട് വല്ലതും മിണ്ടുകേം പറയുകേം ചെയ്യുമോ ഇവൻ? ഇനി ഡെൽഹിയിൽ പരിചയക്കാരി ഉണ്ടെങ്കിൽ അതും ആയിക്കോട്ടെ.  എനിക്കു വിരോധമൊന്നും ഇല്ലെന്നേ. മധുക്കുഞ്ഞ് ഒന്നു ചോദിച്ചു നോക്കിയേ.“

പ്രസാദം നിറച്ച ഇലക്കീറ്‌ കൊടുത്തപ്പോൾ കൊച്ചുതിരുമേനി അവരുടെ കയ്യുകൾ അടക്കിപ്പിടിച്ചു. കണ്ണുകളിൽ തന്നെ നോക്കി. കരച്ചിൽ അടക്കാൻ വയ്യാതെ കൊച്ചുതിരുമേനി വശത്തേയ്ക്കു മുഖം തിരിച്ചു.

     പുറത്ത് കാത്തുനിന്ന ഡ്രൈവറോട് ഉച്ചത്തിൽ തന്നെ അവർ പറഞ്ഞു. “വേഗം പോകാം. സുബ്രഹ്മണ്യന്റെ അമ്പലത്തിൽ ഉച്ചപ്പൂജ കഴിയുന്നതിനു മുൻപു തന്നെ എത്തണം. വിഷ്ണുത്തിരുമേനിയ്ക്ക് അറിയാം ഞാനും മോനും ഇന്ന് എത്തുമെന്ന്. എന്നാലും വേഗം ചെല്ലണം”

“തിരുമേനിയേ ഞങ്ങളിങ്ങെത്തി കേട്ടൊ” ഉറക്കെപ്പറഞ്ഞുകൊണ്ടാണ് അകത്തെത്തിയത്. അകത്തു നിന്നും ഇറങ്ങിവന്ന പുതിയ ശാന്തിക്കാരൻ തന്നെ പരിചയമുള്ള ആരെങ്കിലുമായിരിക്കും എന്നു കരുതി  ചെറിയ ഒരു ചിരി വരുത്തി.

പുതിയ ശാന്തിക്കാരനെ കണ്ടിട്ടും അവർ ദൃഢത വിടാതെ പറഞ്ഞു “ തിരുമേനി പുതിയ ആളാ ഇവിടെ അല്ലേ? ഈ ദിവസം ഞങ്ങൾ എത്തുമെന്ന് വല്യതിരുമേനിക്ക് ആണെങ്കിൽ ശരിക്കും അറിയാം കേട്ടൊ. മോന്റെ പിറന്നാളാ ഇന്ന്. ദാ അവനാ കൂടെ. ഡെൽഹിയിൽ നിന്ന് ഇന്നലെ എത്തിയതേ ഉള്ളു. ഇങ്ങോട്ടു മാറി നിക്കടാ. തിരുമേനി നിന്നെ കണ്ടിട്ടേ ഇല്ലല്ലൊ”

     ശാന്തിക്കാരൻ ശരിക്കും അന്ധാളിച്ചു. ‘ ആരുടെ കാര്യമാ നിങ്ങൾ പറയുന്നത്? കൂടെ ആരുണ്ടെന്ന്?’ അയാളുടെ നോട്ടം അവരുടെ പുറകിലെ ശൂന്യത കടന്ന് പഴകിദ്രവിച്ച തിടപ്പള്ളിയുടെ പലകകൾ വരെ ചെന്നെത്തി.

അവർ ശരിക്കും പകച്ചു.  തുറിച്ചുപോയ കണ്ണുകൾ ശാന്തിക്കാരന്റെ മുഖത്തിനും അപ്പുറം പാഞ്ഞു. പെട്ടെന്നു പുറം തിരിഞ്ഞു. ഒരു ഓട്ടത്തിന്റെ വേഗതയിൽ പുറത്തെത്തി.

പാലം കടന്നപ്പോൾ അവിടെ നിറുത്താൻ ഡ്രൈവറോട് പറഞ്ഞു. പൊളിഞ്ഞ കയ്‌വരി ചേർന്ന് അവർ കണ്ണടച്ച് നിന്നു.  കയ്യിലെ ഇലക്കീറുകൾ മടക്കു നിവർത്തി താഴേയ്ക്ക് കുടഞ്ഞു.

താഴെ മണലിൽ അവിടവിടെയായി പൊന്തി നിന്ന ഒരു കാറിന്റെ തുരുമ്പിച്ച ലോഹക്കഷണങ്ങളിൽ ശർക്കരപുരണ്ട തേങ്ങാപ്പൂളും അതിന്മേൽ പറ്റിയ തുളസിയിലകളും ചെന്നു പതിച്ചു.

Thursday, July 2, 2009

ഇദം ന മമ

പൊളിഞ്ഞുതുടങ്ങിയ വീടിന്റെ പുറംകോണിലെ ചെടികൾക്കു പിന്നിൽ അവൻ ബൈക്ക് നിറുത്തി. പുറകിൽ നിന്നും അവളാണ് ആദ്യം ഇറങ്ങിയത്.
“ഒരു ഹോട്ടൽ മുറി കിട്ടാഞ്ഞിട്ടാണോ” അവൾക്ക് നീരസം.
‘ഇവിടെയാകുമ്പം ആരും അത്ര അറിയുകേലല്ലൊ“. അവൻ തോന്നിയ യുക്തി പ്രയോഗിച്ചു. പോക്കറ്റിലെ നോട്ടുകളിൽ തടവിയത് ഇരുട്ടത്തും അവൾ കാണുന്നുണ്ടെന്നു വിചാരിച്ചു.

അകത്ത് ഒരു മുറിയേ കുറച്ചു ഭേദമുള്ളു. ബാക്കിയൊക്കെ നനഞ്ഞൊലിച്ച് വൃത്തികേടായി കിടക്കുന്നു.
ചാരിക്കിടന്ന വാതിൽ തുറന്ന്‌ അവനും പിന്നാലെ അവളും.
“ഇവിടെ ഒരു കട്ടിൽ ഉണ്ടായിരുന്നല്ലൊ” അവൾ പിറുപിറുത്തു.
“ഇവിടെ വന്നിട്ടുണ്ട് അല്ലെ” കട്ടിലില്ലാത്തത് കുറവെന്ന ജാള്യത മറയ്ക്കാൻ അവൻ മറുചോദ്യമെറിഞ്ഞു.

“ഇവിടുന്ന് എടുത്തോണ്ടു പോകാൻ അതേ ബാക്കി ഒള്ളാരുന്നാരിക്കും.” അവൻ മെഴുകുതിരി കൊളുത്തി ഒരുകോണിൽ വച്ചു.

“എന്റെ ബാഗിൽ ഒരു ഷീറ്റ് ഉണ്ട്. അതു വിരിയ്ക്കാം” അവൾക്ക് സമ്മതമാകുമെന്ന ആശ അവന്.

“ഈ വൃത്തികെട്ട നിലത്ത്? ഒരു ഷീറ്റിന്മേൽ കിടക്കാനോ? എനിയ്ക്കു വയ്യ.‘ അവൾ എങ്ങോട്ടെന്നില്ലാതെ നോക്കി.
അവൻ ചുറ്റിനും ഒന്നു പരതി. ഒരു കോണിൽ കൂമ്പാരം കൂട്ടിയിരിക്കുന ഓലക്കെട്ടുകളിൽ നോട്ടം തറച്ചു. അതിബുദ്ധിമാനാണെന്ന തോന്നലിൽ ആഹ്ലാദം കൊണ്ടു. താളിയോലകളാണ്. ഈർപം കൊണ്ട് സ്വൽ‌പ്പം പതം വന്നിട്ടിട്ടുണ്ട്. വാരി മുറിയ്ക്കു നടുക്ക് ഇട്ടിട്ട് ഓരോന്നായി നിലത്ത് അടുപ്പിച്ച് നിരത്തി. നാലഞ്ചു വരികളായി.

ജനലിൽ കൂടെ വന്ന അരണ്ട വെളിച്ചത്തിൽ താളിയോലകളിലെ അക്ഷരങ്ങൾ ഒന്നു കണ്ണുചിമ്മിത്തുറന്നു.

അവൻ ബാഗിൽ നിന്നും ഷീറ്റ് എടുത്ത് ഓലനിരയുടെ മേൽ വിരിച്ചു. ഉടുപ്പഴിച്ച് മാറ്റി അതി്ൻമ്മേൽ ഇരുന്നു. ഒന്നു സംശയിച്ചു നിന്നിട്ട് അവൾ അടുത്തു വന്നു കിടന്നു.
“കുഴപ്പമില്ല. ഒരു മെത്തപ്പായയുടെ ഫീലിങ് ഉണ്ട്’ അവൾക്ക് സ്വൽ‌പ്പം ആശ്വാസം. അവൻ മെഴുകുതിരി ഊതിക്കെടുത്തി.

താഴെ താളിയോലകൾ ഞെരിഞ്ഞു, വിതിർന്നു. കുറച്ചു കഴിഞ്ഞ് ഒരു താളിയോല മറ്റൊരു താളിയോലയോട് സുഖാലസ്യസ്വരത്തിൽ പറഞ്ഞു:
“എപ്പോഴും അത് തന്നെ ഉരുവിട്ടോണ്ടിരിക്കേണ്ടായിരുന്നു”.

“ഏത്?”

“അതേയ്. ഇദം ന മമ.”

Tuesday, June 23, 2009

ബിഗ് ഫിഷ് സ്മാൾ ഫിഷ്

അച്ഛൻ ഗോവണിയിറങ്ങി വന്നതോടെ രാജൻ ചായ ഡൈനിങ് മേശയിൽ എടുത്തു വച്ചു. “ജെറ്റ് ലാഗ് മാറാൻ ഒരാഴ്ചയെങ്കിലും എടുക്കും”
“ഞാൻ നാലുമണ്യ്ക്കേ ഉണർന്നതാ. നിന്നെ ഉണർത്തെണ്ട എന്നു കരുതി” അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.രാജൻ അച്ഛന്റെ പാദങ്ങൾ കസേരയിൽ കയറ്റി വച്ചു. “നീര് ഇപ്പഴും ഉണ്ട് കുറച്ച്”

“ഷൂസ് ഇട്ടതുകൊണ്ടാ നീരു വന്നതെന്നാ നിന്റെ അച്ഛൻ പറയുന്നെ” അമ്മയുടെ സ്വരത്തിൽ കളിയാക്കൽ ധ്വനി ഉണ്ടോ എന്ന് അച്ഛൻ സംശയിച്ചു കഴിഞ്ഞു.“പിന്നെ ഞാൻ നാട്ടിൽ ഷൂസുമിട്ടല്ലെ നടന്നിട്ടുള്ളത്. ഈ പാന്റു തന്നെ കഷ്ടിച്ചാ വലിച്ചിട്ടോണ്ടു നടക്കുന്നേ”

അച്ഛൻ സ്വരം കടുപ്പിച്ചെന്നു കരുതി അമ്മ അകത്തേക്കു വലിഞ്ഞു. സ്വകാര്യം മാതിരി ശബ്ദം മയത്തിലാക്കി. ‘‘മോനേ, വിസാ കിട്ടിയ അന്നുമുതൽ എനും ബ്ലഡ് ഷുഗർ ചെക്കു ചെയ്തു തുടങ്ങിയതാ അച്ഛൻ. കാലു മുറിഞ്ഞാൽ ഭേദമാകുമോ എന്ന പേടിയുമായിട്ടു നടക്കുകാ ആളിപ്പോ”.

“ഇന്ന് ഷൂസ് ഇട്ടേ പറ്റുകയുള്ളു. ലാബിൽ സേഫ്റ്റി നിയമങ്ങൾ അനുസരിക്കണം. നിർബ്ബന്ധമാണ്.”രാജൻ ശ്രദ്ധിച്ചത് അച്ഛൻ പുരികം ചുളിച്ച് നെറ്റിയിൽ മടക്കുകകളുണ്ടാക്കി സ്ഥിരം ചോദ്യഭാവം കൈക്കൊള്ളുന്നുണ്ടോ എന്നാണ്.

“ഓ ഇട്ടേക്കാം. അതിന്റെ പേരിൽ നാണക്കേടു വേണ്ട”. മകന്റെ മേൽനോട്ടത്തിലുള്ള കെമിക്കൽ ലാബ് കാണാൻ അച്ഛന്റെ ഉത്സാഹം തെളിഞ്ഞുവന്നു. പേരുകേട്ട ഫാർമസ്യൂടിക്കൽ കമ്പനിയല്ലെ.

“അച്ഛനു ചട്ണി ഞാനുണ്ടാക്കാം. ഇന്ദു ഉണ്ടാക്കിയത് വേറെ വയ്ക്കാം. സ്വൽ‌പ്പം ഇഞ്ചിയും കൂടെ അരച്ചതാ അച്ഛനിഷ്ടം. എനിയ്ക്കറിയാം. കടുകു വറക്കുമ്പോൽ ചുവന്നുള്ളിയും മൂപ്പിക്കണം“. രാജൻ അടുക്കളയിലേക്കു നീങ്ങി. അമ്മ ചുണ്ടിൽ വന്ന ചിരി ഒതുക്കാൻ ശ്രമിച്ചു.തന്റെ ഇഷ്ടങ്ങൽ എന്നും വാശി പോലെ കൊണ്ടു നടന്നത് ഓർത്ത് അച്ഛൻ താഴേക്ക് നോക്കി ഇരുന്നു.

കൊച്ചുമോൻ പുസ്തകവുമായി എത്തി. “മുത്തച്ഛൻ വായിച്ചു തരട്ടെ മോന്?” “വേണ്ട, അച്ചൻ വായിച്ചാ മതി’ അവൻ കൊഞ്ചി.
“ഇവിടെ അച്ഛനും മോനും ഒരു സെറ്റാ. ഞാൻ വെറും കാഴ്ചക്കാരി “ ഇന്ദു ചെറുതായി ചിരിച്ചു.

മുൻപിൽ നിരന്ന ഇഡ്ഡലിയും ചട്ണിയും അച്ഛൻ ഒരു നിമിഷം നോക്കിയിരുന്നു. കടുകുമണികൾ എണ്ണമയത്തിൽ തിളങ്ങുന്നതതും മൂപ്പിച്ച കരിവേപ്പിലമടക്കുകളിൽ അവ ഒഴുകി നീങ്ങുന്നതും മൊരിഞ്ഞ ചുവന്നമുളക് നിശ്ചലം അടങ്ങിക്കിടക്കുന്നതും അച്ഛൻ വെറുതെ കണ്ടിരുന്നു. കൊച്ചുമോനെ മടിയിലിരുത്തി രാജൻ ഇഡ്ഡലി പൊട്ടിച്ചു കൊടുക്കുന്നു. കൊച്ചുമോൻ ചട്ണിയിൽ കഷണം മുക്കി വായിൽ വച്ച് “ശ്ശ്…” എന്ന് എരിവ് അഭിനയിക്കുന്നു. “ഇനി അച്ചൻ” രാജനും ഇഡ്ഡലികഷണം ചട്ണിയിൽ മുക്കി വായിൽ വച്ച് എരിവ് അഭിനയിച്ചു. “ശ്ശ്”..വീണ്ടും. ഒരൊ ‘ശ്ശ്’നും കൊച്ചുമോന്റെ കുടുകുടെ ചിരി.

അച്ഛൻ അതു മാത്രം കണ്ണിമയ്കാതെ നോക്കിയിരുന്നു. ചട്ണിയുടെ സ്വാദ് കൃത്യമായിരിക്കും എന്നു കണക്കുകൂട്ടി. തികട്ടിവന്ന വിമ്മിഷ്ടം എവിടെ ഒളിക്കെണമെന്നറിയാതെ ….

കൊച്ചുമോൻ താഴെയിട്ട പുസ്തകം എടുക്കാൻ രാജൻ കുനിഞ്ഞപ്പോഴാൺ അച്ഛൻ അതു ശ്രദ്ധിച്ചത്.ഇടതുകാലിന്റെ പുറകിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ നീണ്ട പാട്. അതെ അതു തന്നെ. ഒരു നീണ്ട മണ്ണിര കടിച്ചുകിടക്കുന്നതു പോലെ വികൃതമായത്. ഇത്രനാൾ കഴിഞ്ഞിട്ടും മാഞ്ഞില്ല?

രാജൻ കണ്ടു അച്ഛന്റെ കണ്ണുകൾ തന്റെ ആ മുറിപ്പാടിൽ ഉടക്കിയത്. പെട്ടെന്നു മുഖം തിരിച്ചു. മോന്റെ പുസ്തകത്തിൽ നോക്കുന്നെന്നു ഭാവിച്ചെങ്കിലും അതിശക്തമായി ഒരു ഒരു ശ്വാസം മുട്ടൽൽ വന്നതു പോലെ അറിഞ്ഞു. ഇരമ്പിവന്ന ഒരു ഉൾക്കാറ്റ് ദിശാബോധമില്ലാതെ അവിടെയും ഇവിടെയും തല്ലിയാർക്കുന്നത്ത് അടക്കാൻ ശ്രമിച്ചു. കൊച്ചുമോന്റെ പുസ്തകത്തിലെ പേജ് നോക്കി വായിക്കുന്നെന്ന തോന്നൽ വരുത്താൻ ശ്രമിച്ചു.

ബിഗ് ഫിഷ് സ്മാൾ ഫിഷ്
One fish, Two fish, Red fish, Blue fish
Black fish, Blue fish, Old fish, New fish
Some are old and some are new
Some are sad and some are glad
And some are very very bad
Why are they sad and glad and bad?
I do not know, go ask your dad.

ബിഗ് ഫിഷ് സ്മാൾ ഫിഷ്………
ബിഗ് ഫിഷ്....... സ്മാൾ ഫിഷ്..........

ബി. എസ്. സി ഫൈനൽ പരീക്ഷ എഴുതിയ രാജശേഖർ എസ്. മുഖത്തു സദാ ചോദ്യഭാവം മാത്രം കൊണ്ടുനടക്കുന്ന അച്ഛന്റെ മുൻപിൽ പരുങ്ങി നിന്നു. പുരികങ്ങൽ ചുരുക്കി നെറ്റിയിൽ ചുളിവുകൾ വരുത്തി തറച്ചു നോക്കുന്നത് രാജൻ സ്ഥിരം കാണുന്നതാണ്. എങ്കിലും ഒന്നു പതറി. തിയറി നന്നായിടെഴുതിയിട്ടുണ്ട്. അതിന്റെ ധൈര്യവുമുണ്ട്. ഇനി പ്രാക്റ്റിക്കൽ ഈ ആഴ്ച ഒരു ദിവസം.

പെട്ടെന്നാണ് അച്ഛന്റെ പോലീസുമുറ ചോദ്യം.

“എന്നാടാ പ്രാക്റ്റിക്കൽ പരീക്ഷ?”
കസേരയിൽ കയറി നിന്നു ബൾബു തിരിച്ച് എന്തോ അറ്റകുറ്റപ്പണി ചെയ്യുന്നു അച്ഛൻ. ചുറ്റിലും ഇലക്ട്രിക് വയറുകൾ വീണു കിടക്കുന്നു.
രാജൻ ഒരിക്കലും നേരിടേണ്ടതില്ലെന്നു കരുതിയ ചോദ്യം. ഈ ആഴ്ച എന്നോ ഒരു ദിവസമാണ്. അടുത്തയാഴ്ച ഹോസ്റ്റലിലെ കൂട്ടുകാരൊക്കെ പോയ് മറയുകയാണ്. എന്നും രാവിലെ പത്തുമണിയോടു കൂടി കോളേജിലെത്തുക, ടൌണിൽ കറങ്ങുക, കാശുണ്ടെങ്കിൽ ഹോട്ടലിൽ കയറുക, അല്ലെങ്കിൽ ഹോസ്റ്റലിൽ കൂട്ടുകാർ ഊണ് തരപ്പെടുത്തുക ഇങ്ങനെ പോകുന്നു അവസാന ദിവസങ്ങൾ. എന്നും രാത്രി പ്രാക്റ്റിക്കലിനുവേണ്ടി പഠിയ്ക്കുന്നതു കൊണ്ട് വേവലാതി ഇല്ല. ഹാ‍ൾ ടിക്കറ്റ് വിനോദിന്റെ മുറിയിൽ വച്ചിട്ടുണ്ട്. അതെയോ ബാബുരാജിന്റെ? ശ്രീധർ ബാലന്റെ മുറിയിൽ? പ്രാക്റ്റിക്കൽ പന്ത്രണ്ടു മണിക്കാണു തുടങ്ങുന്നതെന്നറിയാം. അവിടെയെത്തുമ്പോൾ കൂട്ടുകാർ പറയുമല്ലൊ. നേരേ കെമിസ്ട്രി ലാബിലെത്തിയാൽ മതി.

“നിന്നോടാ ചോദിച്ചത്. എന്നാ പ്രാക്റ്റിക്കൽ?”

ഈ ആഴ്ച ഒരു ദിവസം എന്ന സത്യം പറയേണ്ടി വന്നു.

“ഹാൾ ടിക്കറ്റ് എവിടെടാ?”

“ഹാൾ ടിക്കറ്റ് എവിടയാണെന്നാ ചോയിച്ചേ”
കലി ആവേശിച്ചു കഴിഞ്ഞു അച്ഛന്.

ബാക്കി സത്യവും പുറത്തു വന്നു.

“ഹാൾ ടിക്കറ്റ് വല്ലവന്റേം കയ്യിൽ കൊടുത്തിട്ട് നീ ഇവിടെ എന്നാ ചെയ്യുകാണെടാ.”. ഭ്രാന്തനായ അച്ഛൻ തന്റെ രണ്ടു തോളും പിടിച്ച് കുലുക്കി. “ഹാൾ ടിക്കറ്റ് കയ്യിലില്ലേടാ പട്ടിക്കഴുവേറീ” പിന്നെ കൊടും തെറി വാക്കുകൾ. ബാധ കയറി വിറയ്ക്കുന്ന അച്ഛന്റെ മുൻപിൽ ഒരിക്കൽ കൂടി രാജൻ പകച്ചു നിന്നു. അച്ഛന് കയ്യിൽ കിട്ടിയത് ഇലക്ട്രിക് വയറാണ്. അതു മടക്കിയെടുത്ത് ആഞ്ഞടിച്ചു. പലതവണ. ഒരു തവണ വള്ളി കാലിൽ ചുറ്റിപ്പിണഞ്ഞു ഊക്കോടെ വലിച്ചെടുത്തപ്പോൾ തൊലി പിളർന്നു കൊണ്ട്ടാണ് വള്ളി പാഞ്ഞത്. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകുവരെ ഏങ്കോണിച്ച് നീണ്ട ഒരു മുറിവ്. പിന്നത്തെ അടിയൊക്കെ ചോരത്തുള്ളികൽ തെറിപ്പിച്ചുകൊണ്ട്. ഇറയത്തിന്റെ കോണിൽ കിടന്നതോർമ്മയുണ്ട്. രാത്രിയിൽ മുറിവു തുന്നിക്കെട്ടേണ്ടതല്ലെ എന്നൊക്കെയുള്ള അമ്മവിലാപങ്ങൾ എവിടെയുമെത്താതെ അലഞ്ഞു.

“ഞാനും വരുന്നുണ്ട് അച്ചാ അച്ചന്റെ ആപ്പീസിൽ” കൊച്ചുമോൻ കാലിൽ കെട്ടിപ്പിടിയ്ക്കുന്നു. പെട്ടെന്നു പുസ്തകം മടക്കി അവനുകൊടുത്തു.

“ഉടനെ ഇറങ്ങുകയായ്ണോ മോനേ?” അമ്മ ചോദിക്കുന്നു.
“അതേ. റെഡി ആയിക്കോളുക, പെട്ടെന്ന്. ഒരു മണിക്കൂറോളം ഡ്രൈവ് ഉണ്ട്.“

ഭിത്തിയ്ക്കു പകരം ചില്ലുകൾ കൊണ്ട് പണിതിട്ട കമ്പനിക്കെട്ടിടത്തിനു സുതാര്യതയല്ലെ കൂടുതൽ എന്ന് അച്ഛൻ വിസ്മയിച്ചു. അകത്ത് മകന്റെ ഡിപാർറ്റ്മെന്റിൽ ഡോക്ടർ രാജശേഖർ എസ്. ഡയറക്റ്റർ റിസേർച ആൻഡ് ഡെവലപ്മെന്റ് എന്നു കോറിയിട്ട പിച്ചളഫലകത്തിന്റെ മഞ്ഞപ്രകാശം നെറ്റിയിലെ രേഖകളിലെ ആഴങ്ങൾ നിറച്ചുമാച്ചു.

പ്രൊഡക്ഷൻ പ്ലാന്റ് എല്ലാം ചുറ്റിക്കണ്ട ആലസ്യം അച്ചനിൽ ഒരു മന്ദതകോരിയിട്ടു. പുറത്ത് നടകൾക്കു മുകളിൽ അച്ഛനും അമ്മയും പാർകിങ് ലോടിൽ നിന്നും രാജൻ കാറ് എടുത്തുകൊണ്ടുവരുന്നത് കാത്തു നിന്നു. ഒരു കോണിൽ മനോഹരമായ വെള്ളിക്കമ്പിവലപ്പെട്ടിയിൽ കമ്പനി വക പ്രസിദ്ധീകരണങ്ങൾ അടുക്കിവച്ചിരിക്കുന്നതിൽ ൽ അച്ചന്റെ നോട്ടം ചെന്നു പെട്ടു. തന്റെ പേര് പുറം കവറിൽ തന്നെ വലുതായി അച്ചടിച്ചിരിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ എടുത്തു. ഇതെങ്ങനെ? നിവർത്തി നോക്കി. മകന്റെ പേർ വിസ്തരിച്ച് എഴുതിയിരിക്കയാണ് അവസാന ഇനിഷ്യൽ മുഴുവനാക്കുമ്പോൾ തന്റെ പേരു തന്നെ. മകനെ Employee of the Year ആയി പ്രഖ്യാപിച്ചിരിക്കുന്ന വാർത്തയാണ്. കാര്യക്ഷമതയ്ക്കുള്ള ഈ അവാർഡു വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകൻ. പടിയിറങ്ങുമ്പോൾ കടലാസുകൾ ചെറുതായി വിറച്ചു. അക്ഷരങ്ങൽ ഓടിക്കളിക്കുന്നെന്നതോന്നൽ വിഭ്രാന്തിയോ? ഇടതുകാലിലെ ഷൂസ് ചെറുതായി ഇളകി മാറി. ഒരു പടിയുടെ വക്കിൽ കാൽ തെന്നി കയ്‌വരിയിൽ പിടിച്ചിട്ടും താഴെ നടയുടെ കോണിൽ വീണു കഴിഞ്ഞു അച്ഛൻ. വശത്തുള്ള പൂച്ചെടികളുടെ മേലെ ചെരിഞ്ഞു കിടന്നു പോയ അച്ഛനെ പിടിച്ചെഴുനേൽ‌പ്പിക്കേണ്ടി വന്നു.

കാറിൽ വച്ചു അമ്മയാണു കണ്ടത്. മുട്ടിനു താഴെ പാന്റ് ചോരകൊണ്ടു നനയുന്നു. രാജൻ കാറു നിറുത്തി. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ ഏങ്കോണിച്ച് തൊലി നന്നായി കീറിയിരിക്കുന്നു. പൂച്ചെടി താങ്ങിനിറുത്താൻ നാട്ടിയ കമ്പി കൊണ്ടതാകണം.

കട്ടിലിൽ തലയിണകളിൽ ചാരിയിരിക്കുന്ന അച്ഛന്റെ മുറിവിൽ രാജൻ ആന്റിബയോടിക് ക്രീം പുരട്ടി. തന്റെ കണ്ണുകളിൽ തന്നെ പെട്ടുപോയ നോട്ടത്തിനു നനവുണ്ടായിരുന്നത് നീറ്റൽ കൊണ്ടല്ല എന്ന തോന്നൽ അച്ഛനുണ്ടെന്നു രാജനും അറിഞ്ഞു. കൊച്ചുമോൻ ഓടിവന്ന് കട്ടിലിൽ കയറാൻ ശ്രമിച്ചു.

“മോനെ മുത്തച്ഛനു ഉവ്വാവൂ ആണ്. ബുദ്ധിമുട്ടിയ്ക്കാതെ”

“അവൻ ഇവിടെ ഇരുന്നോട്ടെ സാരമില്ല” നീറ്റൽ സഹിക്കാതെ അച്ഛന്റെ സ്വരം കലമ്പിച്ചു.

“ഇവിടെയാണോ മുത്തച്ഛന്റെ ഉവ്വാവൂ?” അവൻ മുറിവിനുമുകളിൽ തൊട്ടു. അച്ഛൻ കൊച്ചുമോനെ വാരിയെടുത്ത് ചേർത്തു കിടത്തി.

കതകുചാരാൻ തിരിഞ്ഞ രാജൻ ഒരു നിമിഷം മുഖം തിരിച്ചു അച്ഛനെ നോക്കി.

അച്ഛൻ വ്യക്തമായി കണ്ടു.

രാജന്റെ കാലിലെ മുറിപ്പാട് അവിടെയില്ല.

Wednesday, June 3, 2009

വാമൊഴിത്തെറ്റിനു വരമൊഴി പരിഹാരം-‘അറ്റോണ്‍മെന്റ്‘ (Atonement) കണ്ടപ്പോൾ

അറ്റോൺമെന്റ് (Atonement)  എന്ന സിനിമ വീണ്ടും കണ്ടപ്പോൾ...


               പ്രണയം, യുദ്ധം വിധി, കുറ്റബോധം ഇവയെല്ലാം ഇണക്കിയ ധാരാളം ക്ലാസിക്കുകളുണ്ട്, പ്രശസ്ത സിനിമകളുമുണ്ട്. പ്രണയകാലത്തെ യുദ്ധം, യുദ്ധകാലത്തെ പ്രണയം എന്നിങ്ങനെ പോകുന്നു ക്രമചയ സംഹതികള്‍ എന്നാല്‍ ഇവയെയെല്ലാം പശ്ചാത്തലത്തിലാക്കി കുറ്റബോധവും പാപപരിഹാരവും എഴുത്തിന്റെ ശക്തിയും പ്രകടമാക്കി അവതരിക്കപ്പെട്ട, 2007ൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അറ്റോൺ മെന്റ്. നിരവധി ഓസ്കാര്‍ നോമിനേഷനുകള്‍, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ ‍ പുരസ്കാരങ്ങൾ അങ്ങനെ സ്വീകാര്യതാനിദർശനങ്ങൾ ഏറെ. നവകൌമാരക്കാരിയുടെ അസൂയകലർന്ന ചാപല്യത്താല്‍ വന്നുഭവിക്കുന്ന ജീവിതനഷ്ടങ്ങളുടെ പരിഹാരം എഴുത്തിലൂടെ കൈവരുത്താനുള്ള ഉദ്യമം കണ് തെളിയിച്ച ഇയന്‍ മക്‌ ഇവന്റെ ഇതേ പേരിലുള്ള നോവലിന്റെ ആവിഷ്കാരമായിരുന്നു ഇത്.   പ്രണയം, കുടുംബബന്ധങ്ങള്‍, യുദ്ധം കുറ്റബോധം പാപപരിഹാരം എന്നിവയെല്ലാം പ്രമേയമാക്കിയ ഈ പ്രശസ്ത  നോവലിന്റെ ആവിഷ്കാരം അർത്ഥപൂർണമായി വെള്ളിത്തിരയില്‍ എത്തിച്ചു എന്നതിന്‍് സംവിധായകന്‍ ജോ റൈറ്റ് പ്രശംസ നേടിയിരുന്നു. വായനയില്‍ക്കൂടിമാത്രം കെട്ടിപ്പടുക്കാവുന്ന അനുഭൂതികൾ സമ്പന്നമായ ദൃശ്യങ്ങള്‍ കൊണ്ട് എങ്ങനെ സാര്‍ത്ഥകമാക്കാം എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ സിനിമ. 1935 മുതല്‍ ഇന്നു വരെയുള്ള കാലഘട്ടവും ഇതിന്റെ പശ്ചാത്തലമാക്കിയിട്ടുണ്ടെന്നുള്ളതും പ്രത്യേകത.

             കഥ ദൃശ്യങ്ങളാക്കി ആവിഷ്കരിക്കുക മാത്രമല്ല സിനിമ എന്ന് വ്യക്തമാക്കുന്നതാണ് അറ്റോണ്മെന്റിലെ  ആഖ്യാനരീതി.  ഒരു കഥാകാരിയെക്കുറിച്ചുള്ള കഥയായതിനാൽ അവളുടെ വീക്ഷണങ്ങ്ങളാൽ എങ്ങനെ കഥ രൂപപ്പെട്ടു വരുന്നു എന്നതിന്റെ ദൃശ്യത്തെളിവു നൽകല്യം കൂടിയാണ്. അതുകൊണ്ടു തന്നെ കഥയും ജീവിതവും കെട്ടുപിണയുകയാണ്. കഥയ്ക്കുള്ളിൽ കഥ വിടരുന്നു. സത്യമേത് മിഥ്യയേത് ഭാവനയേത് എന്ന വിഭ്രാന്തിയും. കഥാഭാഗങ്ങൾക്കും കഥാപാത്രമനോഭാവത്തിനും സാംഗത്യമണയ്ക്കാൻ കഥ ചിലപ്പോൾ പിന്നോട്ടു പായും. ജീവിതത്തിൽ നിന്നും കഥ പിടിച്ചെടുക്കാൻ കഥകാരി ആയാസപ്പെടുമ്പോൽ ഒരേ സംഭവത്തിനും വ്യത്യസ്ത പാഠാന്തരങ്ങൾ സാദ്ധ്യമാവുന്നു.   ഒരു കഥയിൽ രണ്ടു കഥ എന്ന പോലത്തെ സ്ഥിതി വിശേഷം. കഥയെഴുത്തിൽക്കൂടി പ്രായശ്ചിത്തവും പാപപരിഹാരവും തേടുമ്പോൾ കഥാകാരിയ്ക്ക് ഭാവനയേക്കാൾ വിഭ്രാന്തി ആവശ്യം തന്നെ. അതിവിദഗ്ധമായ എഡിറ്റിങിലൂടെയാൺ ഇതിന്റെ കൺപാർക്കൽ അനുഭവഭേദ്യമാക്കുന്നത്.

                      കഥയ്ക്കുള്ളിൽ  കഥാപാത്രങ്ങൾ കഥമെനയുന്ന ‘മെറ്റാഫിക്ഷൻ’ എന്ന ആഖ്യാനരീതിയാൺ മക് ഇവൻ തന്റെ നോവൽ രചനയ്ക്ക് സ്വീകരിച്ചിട്ടുള്ളത്.  തീർന്നു പോയ ജീവിതം തിരിച്ചു പിടിയ്ക്കാനാവില്ലെന്നും  ജീവിതത്തിൽ നിന്നും കഥ പിടിച്ചെടുക്കാനാവുമെന്നും  ഏറ്റുപറച്ചിലിന്റെ സങ്കീർത്തനം രചിച്ച് വാമൊഴിയാൽ ചെയ്ത തെറ്റിനു  വരമൊഴിയിലൂടെ പാപപരിഹാരം തേടാനാകുമെന്നും എഴുതിത്തെളിയിക്കാനാൺ നോവലിസ്റ്റ് ശ്രമിക്കുന്നത്. എന്നാൽ ആഖ്യാനവും ജീവിതവും രണ്ടായിത്തീരുന്നതിനാൽ ഒന്നാക്കാനുള്ള യത്നവുമാൺ നോവലിലെ കഥാകാരി മനസ്സറിഞ്ഞു ചെയ്യുന്നത്.തെറ്റുകളുടെ പരിണതി ദുരന്തഹേതുവും തിരിച്ചുവരവ് ഇല്ലാത്തതുമാൺ, ഭാവനയിൽ ഒഴിച്ച്. എന്നാൽ ഈ ഭാവന എഴുത്തിന്റെ ശക്തി കൊണ്ട് പ്രായശ്ചിത്തത്തിന്റെ സുഖശാന്തി നൽകുമെങ്കിലും അതിനു പരിമിതികൾ ഏറെ. ഭാവനയുടെ വ്യത്യസ്ത സാദ്ധ്യതകൾ സ്പർശിക്കാനും എഴുത്തുകാരനു താൽ‌പ്പര്യം. നശീകരണം അതിലൊന്നാണെങ്കിൽ ജീവിതസഫലീകരണം മറ്റൊന്നാണ്. രണ്ടും വിഭ്രാത്മകമായി ആണ് നോവലിസ്റ്റ് നേരിടുന്നത്.സംവിധായകൻ ജോ റൈറ്റ് ഇത്തരം അപഗ്രഥനവിശേഷങ്ങൽ സിനിമാപ്രയോഗത്തിലാക്കാൻ ശ്രമിച്ചതിലുള്ള വിജയമാണ് സിനിമയെ ശ്രദ്ധേയമാക്കിയത്. ദൃശ്യങ്ങൾ കൊണ്ടുള്ള സമീകരണമാണ് ആഖ്യാനത്തെ അർത്ഥവത്താക്കുന്നത്.  1935 മുതൽ 1999 വരെയുള്ള കാലഘട്ടം ദൃശ്യങ്ങളിലൊതുക്കുക, കഥയ്കുള്ളിൽ കഥ കോർക്കുക, പ്രണയവും ദുരന്തവും പ്രായശ്ചിത്തവും മിഴിവോടെ ദൃശ്യവൽക്കരിക്കുക ഇതൊക്കെ  നോവലിന്റെ കാതലാണ്,  ഇത് ചോർചവരാതെ കാണികളിലേക്കു പകരുക ഒക്കെ സംവിധായകന്റെ ക്ലിഷ്ടതകൾ എങ്കിലും വിജയം. വിക്ടോറിയൻ സദാചാരകാപട്യങ്ങൾ, കുടുംബമഹിമയുടെ പാഴ്ഗർവ്വ്, സമൂഹശ്രേണിയിലെ താഴേക്കിടയിലുള്ളവരുടെ സഹനങ്ങൽ, നിഷ്കളങ്കതയുടെ നഷ്ടം, സ്നേഹരാഹിത്യം   ഇവയൊക്കെ നോവലിൽ നിന്നും സിനിമയിലേക്കു നിഷ്പാദനം ചെയ്തിരിക്കുന്നത് സംവിധായകന്റെ ചാതുര്യവിലാസം കൊണ്ട്.   ചരിത്രഭൂമികയുടെ പശ്ചാത്തൽത്തിൽ മെനഞ്ഞ പ്രേമകഥ യുക്തിഭംഗം വരാതെ പ്രമേയത്തിൽ ഇണക്കപ്പെട്ടിരിക്കുന്നതും കഥയുടെ വഴിത്തിരിവുകൾ നിർണ്ണയിക്കുന്നതും സിനിമയ്ക്കുമാത്രം അവകാശപ്പെട്ട   ചില കുറുക്കുവിദ്യകളാൽ തന്നെ.. ഒരോ ഫ്രെയിമും നിർമ്മിച്ചെടുക്കുന്നതിലെ സൂക്ഷ്മതകൊണ്ടും ലോഭമെന്യേ വാരിവിതറിയിരിക്കുന്ന ദൃശ്യങ്ങളാലും ആണ് സംവിധായകൻ ഇതൊക്കെ സാദ്ധ്യമാക്കിയിരിക്കുന്നത്.  ക്രിസ്റ്റൊഫെർ ഹാമ്പ്റ്റൺ (Dangerous Laisions ന്റെ തിരക്കഥാകൃത്ത്) ന്റെ തിരക്കഥ സംവിധായകനെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുളത്. നായികാനായകരുടെ പ്രണയദുരന്തത്തിനു യുദ്ധം ഒരു കാരണമാകുന്നെന്നു പറഞ്ഞു വയ്ക്കുകയല്ല യുദ്ധത്തിന്റെ ഭീകരത, ആ‍ത്യന്തികമായി സ്നേഹരാഹിത്യത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നു നേരേയും ഒളിച്ചും പാത്തും ൽബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു ഈ ചിത്രം. സംവിധായകൻ ജോ റൈറ്റിനു  ബ്രിടീഷ് പീരീഡ് സിനിമ പരിചയമാണ്. നേരത്തെ ആയിരത്തിയെഴുനൂറിന്റെ അവസാനത്തിൽ വ്യാപരിക്കുന്ന കഥയായ ജെയിൻ ഓസ്റ്റിന്റെ  Pride and Prejudice  കന്നിസ്സംവിധായകനെന്ന നിലയ്ക്കുള്ള പാരിതോഷികങ്ങൾ വാരിയെടുത്തതാണ്.  പ്രധാന കഥാപാത്രത്തിന്റെ വേഷമണിഞ്ഞ കെയ്‌ര നൈറ്റ്ലി യെ അറ്റോണ്മെന്റിലും നായിക സെസിലിയയായി അവതരിപ്പിക്കാൻ ജോ റൈറ്റ് തീർമാനിച്ചതിൽ ഔചിത്യമുണ്ട്.  നായകവേഷത്തിലെത്തുന്ന പ്രഗൽഭൻ ജെയിംസ് മക് അവോയ് ഉം കെയ്‌ര നൈറ്റ്ലിയും തമ്മിൽ ചില രാസവിദ്യാപൂർത്തിയുമുണ്ട്..  സെസിലിയയുടെ അനുജത്തി 13 കാരി ബ്രയനിയായി വേഷമിട്ട സീർഷാ റോനൻ  നിരവധി അംഗീകരങ്ങൾ നേടി, സഹനടിയ്ക്കുള്ള ഓസ്കാർ  നോമിനേഷൻ വരെ.

                രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള പ്രക്ഷുബ്ധവും സ്ഫോടനാത്മകവുമായ പശ്ചാത്തലത്തിലാണു കഥയുടെ നിർണായകമായ സംഭവങ്ങൾ ഉടലെടുക്കുന്നത്. റ്റാലിസ് കുടുംബത്തിൽ ബന്ധുക്കൾ വന്നു ചേർന്നിരിക്കുന്നു, കൌമാരക്കാരി ബ്രയനി എഴുത്തു സപര്യ തുടങ്ങിയിരിക്കുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങൾക്ക് അതിവായനയുടേയോ അതിഭാവനയുടേയോ പരിവേഷം കൌമാരചാപല്യങ്ങളോടൊപ്പം വന്നു ചേരുകയാണ്. ചേച്ചി സെസിലിയയും ഇഷ്ടതോഴൻ റോബിയും അവളുടെ അസൂയകലർന്ന ഭാവനയ്ക്ക് വശംവദരാവുകയാണ്. പൊട്ടിപ്പോയ പൂപ്പാത്രത്തിന്റെ കഷണം തേടി, മേൽവസ്ത്രമൂരി ജലധാരായന്ത്രത്തിനു കീഴെ മുങ്ങി നിവർന്ന ചേച്ചി യെ ബ്രിറ്റനി കാണുന്നത്ത് ഒരു കാമപ്രകടനം മാത്രമായാണ്. റോബി തന്റെ പ്രണയവിളംബരത്തിനു അതിലൈംഗികത കലർത്തി എഴുതി മാറ്റിവച്ച കുറിപ്പു  അറിയാതെ സെസിലിയയ്ക്കു കൊടുക്കാൻ ബ്രയനിയെ തന്നെ ഏൽ‌പ്പിച്ചതും ഇയാ‍ൽ ഒരു രതിക്രിയാജ്വരബാധിതനാണെന്ന മുൻ വിധി നിർണ്ണയിക്കാനും എളുപ്പമായി. ലൈബ്രറിയിലെ ഇണചേരൽ കണ്ണാൽ കണ്ടതോടെ  പരിപക്വലൈംഗിതയെക്കുറിച്ച് അറിവൊന്നുമില്ലാത്ത ഈ കൌമാരക്കാരി തീവ്രമായ കാലുഷ്യത്തിലും വീണുപോകയാണ്.അന്നു രാത്രിയിൽ ബന്ധുവായ പതിനാറുകാരി ലോലയെ ഇരുട്ടിൽ പ്രാപിക്കുന്നത് റോബി തന്നെയാണെന്ന് അവൾ വിധിയെഴുതുന്നതിലും കാപട്യവും അസൂയയും ഉണ്ട്.  വീട്ടിൽ അന്നു വിരുന്നുവന്ന സുഹൃത്താൺ പ്രതിയെന്ന കാര്യം അവൾ മനപൂർവ്വം മറച്ചു വയ്ക്കുകയാണ്. താൻ എഴുതിവരുന്ന Trials of Arabella എന്ന നാടകത്തിലെ കഥാപാത്രങ്ങളുമായി ചുറ്റിലുമുള്ളവരെ താദാത്മ്യം പ്രാപിപ്പിക്കാനുള്ള ഗൂഢോദ്ദേശവുമുണ്ട് ബ്രയനിയ്ക്ക്. ഈ ചിന്താപദ്ധതിയുടെ പരിണതി റോബി പോലീസ് കസ്റ്റഡിയിൽ ആകുന്നതു വരെ എത്തി. വീട്ടുകാര്യസ്ഥന്റെ മകൻ മാത്രമായ റോബിയെ പ്രതിസ്ഥാ‍നത്തു നിറുത്താൻ ആഢ്യകുടുംബത്തിനു തെല്ലും മടിയുമില്ല. ജലധാരായന്ത്രത്തിനു മുൻപിലുള്ള രംഗങ്ങളും അബദ്ധത്തിൽ മാറി  നൽകപ്പെട്ട എഴുത്തിന്റെ സത്യം വിശദീകരിക്കുന്ന രംഗങ്ങളും ബ്രയനിയുടെ ഭാവനയിലുള്ളതും യഥാതഥമായതും ആയ രണ്ടു വ്യത്യസ്ഥ ദൃശ്യപാഠാന്തരങ്ങളാലാണു വെളിവാക്കപ്പെടുന്നത്. കൽ‌പ്പിതകഥ രചിയ്ക്കുന്നവളുടെ വിഹ്വലതകൾ സത്യത്തിൽ നിന്നും എത്ര അകലെയാൺ എന്ന് നിജപ്പെടുത്താനുള്ള സംവിധായകതന്ത്രമാണിത്.

          ഒരു രാതിർയിലെ സംഭവങ്ങൾ പൊടുന്നനവേ മൂന്നുപേരുടെ ജീവിതമാൺ എന്നെന്നേയ്ക്കുമായി മാറ്റിമറിച്ചത്. റോബി-സെസിലിയമാരുടെ വിദൂരപ്രണയവും യുദ്ധദുരന്തങ്ങളും സമന്വയിപ്പിച്ചാണ് കഥാഖ്യാനം നീങ്ങുന്നത്. കേംബ്രിഡ്ജിലെ പഠനം നിറുത്തി പട്ടാളക്യാമ്പിൽ മുറിവേറ്റവരെ ശുശ്രൂഷിയ്ക്കുന്ന ജോലി സ്വയമേവ ഏറ്റെടുത്തിരിക്കയാണ് ബ്രയനി. സെസിലിയയും യുദ്ധരംഗത്ത് നേഴ്സായി എത്തിയിരിക്കുന്നു. മെഡിക്കൽ കോളെജിൽ പോവേണ്ടിയിരുന്ന റോബി ജയിൽ ശിക്ഷയിൽ നിന്നും മറ്റൊരു ശിക്ഷയായ പട്ടാളസേവനത്തിൽ.  പ്രണയാതുരനും  സമസൃഷ്ടിസ്നേഹിയുമായ റോബിയുടെ തീവ്രാനുഭവങ്ങളിൽക്കൂടി യുദ്ധത്തിന്റെ കെടുതിയും നിഷ്ഠൂരതയും സ്നേഹവിപരീതയുക്തികളും ദൃശ്യങ്ങളാക്കുകയാണ് സിനിമ ഇവിടെ.  ജയിലിൽ നിന്നും പട്ടാളത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കപ്പെട്ട തടവിലാക്കപ്പെട്ട മനസ്സിനു ഒരിയ്ക്കൽ മാത്രം കണ്ടു മുട്ടിയ സെസിലിയ നൽകിയ ,കടൽത്തീരത്തെ ചെറുവീടിന്റെ ഫോടൊ മാത്രമാണ് ആശ്വാസം. അത് ഒരു സ്വപ്നം മാത്രമാണെങ്കിലും.  നിർദ്ദാക്ഷിണ്യകൊലപാതങ്ങൽക്കു മുൻപിൽ വിങ്ങിപ്പൊട്ടിക്കരയുന്ന പട്ടാളക്കാരൻ അമ്മയെ ഓർത്ത് മാഴ്കുന്ന പട്ടാളക്കാരൻ വലിയ സിനിമാ സ്ക്രീനിൽ പ്രണയമിഥുനങ്ങൽ ഉമ്മ വയ്ക്കുന്ന രംഗം വെറും വിരോധാഭാസമെന്നു തിരിച്ചറിഞ്ഞ് നിശബ്ദവിലാപത്തിൽ പൊട്ടിപ്പോകുന്ന കരളിനെ കഷ്ടിച്ചു നിയന്ത്രിക്കുന്ന പട്ടാളക്കാരൻ എന്നിങ്ങനെ അതിസാധാരണമനസിനെ യുദ്ധത്തിന്റെ ക്രൌര്യം ഞെരിച്ചുടയ്ക്കുന്നത്  മുഴുവൻ വെളിവാക്കാൻ സംവിധായകൻ ശ്രമിക്കുന്നത് റോബിയുടെ നിസ്സഹായവസ്ഥയും മനോവ്യാപരങ്ങളും ചിത്രീകരിയ്ക്കുക വഴിയാണ്.  ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് മുറിവേറ്റ പട്ടാളക്കാരെ ശ്രൂഷിക്കുക വഴി പാപപരിഹാരം സ്വകീയമാക്കുകയാണ് ബ്രയനി.  പരിസരബോധം സ്വല്പം കുറഞ്ഞ മാതിരി ക്യാമെറയെ/ നമ്മളെ തറച്ചു നോക്കി നിൽക്കുന്ന പതിനെട്ടുകാരി ബ്രയനിയെ ആൺ സംവിധായകൻ അവതരിപ്പിക്കുന്നത്.  ചേച്ചിയുടേയും റോബിയുടേയും പ്രണയത്തിന്റെ നിജസ്ഥിതി സ്വാംശീകരിച്ച് “ജലധാരായന്ത്രത്തിനടുത്ത് രണ്ടുപേർ’ എന്ന കഥ എഴുതിത്തുടങ്ങിയിട്ടുണ്ട് അവൾ. കഥയുടേയും കാലപ്പനികതയുടേതും ലോകത്തിന് സ്വന്തം സ്വത്വം അടിയറവു വയ്ക്കേണ്ടത് കുറ്റബോധം ഏൽ‌പ്പിച്ചു കൊടുത്ത ബാദ്ധ്യതയാണവൾക്ക്. “ബ്രയനി  ഇല്ല” (There is no Briony) എന്ന് അവൾ സ്വയമേവ മന്ത്രിക്കുന്നത് കണ്ണാടിയിലെ പ്രതിബിംബം ആയിത്തീർന്നെന്ന   സൂചനയിലൂടെയാണ്.  യുദ്ധരംഗത്ത് എത്തിയിരിക്കുന്നത് സെസിലിയയേയും റോബിയേയും   ഒരുമിച്ച് കണ്ട് മാപ്പുപറയാമെന്ന ആശയിലുമാണ്. മരണാസന്നനായ അജ്ഞാത ഫ്രെഞ്ച് പട്ടാളക്കാരന്റെ അവസാനനിമിഷങ്ങളിൽ അയാളുടെ ജീവിതവും അവളുടെ തദ്സദൃശ ജീവിതവും ഒന്നാക്കാൻ അറിയാതെ നുണ പറഞ്ഞുപോവുന്നുണ്ട് അവൾ. എല്ലാ കഥകളും നുണകളാണെന്നും നുണകളൊക്കെയാണ് കഥകളാകുന്നതെന്നും തെര്യപ്പെടുത്തുന്നു ഈ ദൃശ്യങ്ങൾ.  തലച്ചോറു പുറത്തു കാണുംവിധം പൊളിഞ്ഞ തല  അവൾക്കു കാണേണ്ടി വരുന്നതും അയാളുടെ നിരാലംബവിലാപങ്ങളും അവൾ ചെയ്ത കുറ്റം എത്രയും കഠിനതരമായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തുകയാണ്. സത്യം പലപ്പോഴും ഭാവന മാത്രമല്ലെ എന്ന ശങ്കയ്ക്കും അവൾ വശംവദയാവുകയാണ്.അത് റോബി തന്നെയല്ലെ എന്ന് നിമിഷനേരം അവൾ ശങ്കിച്ചു പോവുന്നുമുണ്ട്.

             യുദ്ധദൈന്യത ഹൃദയത്തിലും അതിനു പുറത്തും ഏൽ‌പ്പിച്ച മുറിവുകളുമായി റോബി കടൽത്തീരത്തെ വീട് എന്ന സ്വപ്നത്തിലാണ് നിതാന്തചര്യ. സുന്ദരവനസ്ഥലിയിലാണ് പൊടുന്നനവേ നാസികളാൽ വധിക്കപ്പെട്ട പെൺകുട്ടികളെ കാണുന്നത്. ഒരു പിക്നിക്കിന്റെ അവസാനം അലസമായി ഉറങ്ങുന്നപോലെയാണ് ഈ ഭീകരദൃശ്യം വെളിവാക്കിയിരിക്കുന്നത്. നിഷ്കളങ്കതയുടെ ക്രൂരോന്മീലനം അയാളെ പൊട്ടിക്കരയിക്കുകയാണ്. റോബിയുടെ വേഷം ചെയ്യുന്ന   ജെയിംസ് മക് അവോയ്   ഈ സീനിൽ അറിയാതെ കരഞ്ഞുപോയെന്ന് സംവിധായകൻ. അടുത്ത സീനിൽ ബ്രയനിയുടെ നിഷ്കളങ്കചാപല്യം  റോബിയ്ക്ക് ഓർമ്മ വരുന്നതിലേക്ക് നേർപരിച്ഛേദം ചെയ്യപ്പെടുകയാണ്.  കടൽ ദൂരെക്കണ്ട് നടന്നടുത്ത റോബി അതിഭീകരമായ യുദ്ധക്കളത്തിൽ എത്തിച്ചേരുകയാണ്.-ചരിത്രപ്രസിദ്ധമായ ഡങ്കിർക് പിന്മാറ്റം. . ആ‍യിരക്കണക്കിനു എക്സ്ട്രാകളെ നിരത്തി എപിക് ബൈബിൾ സിനിമാദൃശ്യം പോലൊന്നാണ് സംവിധായകൻ ഒരുക്കിയെടുത്തിരിക്കുന്നത്., നിറങ്ങളൊന്നുമില്ലാതെ.  പിടിച്ചെടുത്തിരിക്കുന്നത് യുദ്ധത്തിന്റെ ഭീകരപ്രലാപവും  ഇനിയൊന്നും നഷ്ടപ്പെടുവാനില്ലാത്തവരുടെ ഉന്മാദങ്ങളും. അമ്മയുടെ സ്നേഹമസൃണപരിലാളന ലഭിയ്ക്കുന്നുണ്ടെന്ന വിഭ്രാന്തിയിൽ  വരെ എത്തുന്നു റോബിയുടെ മാനസിക നില. ലോലയെ പീഡിപ്പിച്ച ആൾ,  കേസിലെ യഥാർത്ഥ പ്രതി തന്നെ അവളെ കല്യാണം കഴിയ്ക്കുമ്പോൾ പള്ളിയിൽ തന്റെ തെറ്റിന്റെ ആഴം അനുഭവിച്ചറിയുന്ന ബ്രയനി ഉണ്ട്.  സെസിലയിൽ നിന്നും റോബിയിൽ നിന്നും കൊടിയ ഭർസനം അനുഭവിക്കുക തന്നെ അവൾക്കു സ്വയംശിക്ഷയുടെ  പോം വഴി.  അവരെ കണ്ടുപിടിച്ച് ക്ഷമ ചോദിക്കുമ്പോൾ അവർ ഒന്നിച്ചായതിന്റെ ആഹ്ലാദം ഗൂഢമായി അവൾ ഉൾക്കൊള്ളുന്നുണ്ട്. അവിടെ ഇണ ചേർന്നതിന്റെ ലക്ഷണങ്ങൾ കാണുന്നത് അവൾക്ക് തീർത്തും ആശ്വാസകരം.  ശൂന്യതയിൽ കണ്ണുംനട്ടു നിൽക്കുന്ന ബ്രയനിയുടെ നേർമുകളിൽ ജനാലയ്ക്കത്ത് ആലിംഗനചുംബനനിബദ്ധരായി നിൽക്കുന്ന സെസിലയേയും റോബിയേയും വെളിപ്പെടുത്തുന്ന ഫ്രെയിം കഥയുടെ ചുരുക്കം തന്നെ.  പിന്നിൽ മാറിമറിയുന്ന ഇരുൾ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ബ്രയനിയുടെ ജീവിതം മുന്നോട്ടോടുന്നു, ഇനത്തെ ഹൈ ടെക് മീഡിയയിൽ  അഭിമുഖത്തിനിരിക്കുന്ന  പ്രശസ്ത നോവലിസ്റ്റിന്റെ രൂപത്തിൽ. കാസ്റ്റിങ്ങിലെ വൻ തിരിമറിവിലൂടെ ഈ രംഗം പ്രൌഢമാകുകയാണ്. അതിപ്രശസ്തയായ വനെസ്സ റെഡ്ഗ്രേവിനെയാണ് സംവിധായകൻ ഈ ചെറിയ വേഷത്തിനു വേണ്ടി നിയോഗിച്ചിട്ടുളത്. മരണാസന്നയായ ബ്രയനിക്ക് അവസാനത്തെ നോവലിലൂടെ പാപപരിഹാരം ലഭിക്കുമെന്ന വ്യർത്ഥപ്രത്യാശ ഉണ്ട്. ജീവിതസത്യങ്ങളുടേയും കഥയുടേയും സങ്കീർണ്ണപാരസ്പര്യം വെളിവാക്കപ്പെടുന്നത് സ്തോഭജനകം തന്നെ. അനുവാചകനു തികച്ചും അപ്രതീക്ഷിതവും

        പാപപരിഹാരത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും ദൃശ്യവൽക്കരണത്തിനു ബൈബിൾ മോടിഫുകൾ ധാരാളം വിന്യസിച്ചിരിക്കുന്നു സംവിധായകൻ.  പ്രതിപാദനത്തിനു ഋജുത്വം നൽകുന്നതിനോടൊപ്പം ത്വരിതമായ ആശയസംവഹനത്തിനും  ഈ ചിരപരിചിതമൂലാങ്കനങ്ങൽ വഴിതുറക്കുന്നു. രക്തം അണിഞ്ഞുള്ള പാപപരിഹാരം (blood atonement)  ഒരു അനുഷ്ഠാനം പോലെ ബ്രയനി ചെയ്യുന്നതായിട്ടുണ്ട്. ഫ്രെഞ്ച് പട്ടാളക്കാരന്റെ രക്തം അറിഞ്ഞോ അറിയാതെയോ മുഖത്ത് വാരിപ്പൂശുന്നുണ്ട് അവൾ. പാ‍പത്തിന്റെ കറകൾ കഴുകിക്കളയാനെന്നപോലെ ശക്തമായി കൈകൽ ഉരച്ചു കഴുകുന്നു അവൾ മറ്റൊരു സീനിൽ. ബൈബിളിൽ അനുഷ്ഠാനം പോലെ സവിശേഷതയാർന്ന സ്നേഹബഹുമാനസൂചകമായ വിസ്തരിച്ചുള്ള കാൽ കഴുകൽ റോബിയുടെ അമ്മ ചെയ്യുന്നതായിട്ട് അയാൾക്കു തോന്നുന്നതായുണ്ട്. വെള്ളത്തിനടിയിൽ പാറിനിൽകുന്ന സെസിലിയുടെ ശരീരം കുരിശുമരണത്തിന്റെ തനി മോടിഫ് തന്നെയാണ്.  ദൃശ്യം അവ്യകതമാണെങ്കിൽക്കൂടി. നെടുകെയും കുറുകെയും കടക്കുന്ന ജനൽക്കമ്പികൾ കുരിശിന്റെ രൂപം കൈവരിക്കുന്നത് പലപ്പോഴും ക്യാമെറ പിടിച്ചെടുത്തിട്ടുണ്ട്.  എന്നാൽ വിക്റ്റോറിയൻ സദാചാചാരവ്യവസ്ഥയ്ക്കും ക്രിസ്തീയ സഭ പിന്തുടർന്ന  ലൈംഗികതാനിരാസത്തിനും നേർവിപരീതമാണ് പ്രമേയതന്തു. നായികാനായകരെ ഇണ ചേർക്കാൻ ബദ്ധപ്പെടുകയാണു ബ്രയനി. അതിനു വിഘ്നം വരുത്തിയതാണ് അവളുടെ പാപം.  അതിനുള്ള സാഹചര്യമൊരുക്കുന്നത്, ഭാവനയിൽക്കൂടി മാത്രമാണെങ്കിലും അവൾക്ക് സായൂജ്യം. സെസിലിയയുടെ അപാർട്മെന്റിൽ അവരെ കാണുന്ന രംഗം പരോ‍ക്ഷലൈംഗിതാ ദൃശ്യങ്ങളാൽ സമ്പന്നമാണ്.


             ജീവനു വിലയില്ലാതാകുന്ന ചരിത്രസംബന്ധിയിൽ പ്രണയം കാത്തുസൂക്ഷിക്കുക ദുഷ്ക്കരം. ഏറ്റവും വലിയ പാഴ്ച്ചെയ്തിയായ യുദ്ധത്തെ ഭഗ്നപ്രണയത്തിന്റെ പശ്ചാത്തലമോ കാരണമോ ആക്കിയെടുക്കുന്നതിലുപരി സ്നേഹരാഹിത്യത്തിന്റെ ഉദാത്തോദാഹരണമായും മാനുഷികാംശങ്ങലുടെ പൂർണ്ണനിരാകരണവുമായി കാണിച്ചെടുക്കാൻ വിപുലമായ ദൃശ്യങ്ങളാൺ സിനിമ ഒരുക്കിയിട്ടുള്ളത്. പാഴിലാക്കപ്പെടുന്ന ജന്മങ്ങളുടെ നേർക്കാഴ്ച. കഥ ചരിത്രത്തിൽ നേരിട്ട് ഇടപെടുകയുമാണിവിടെ. കഥനായകനു അനുഭവപ്പെടുന്ന രൂപത്തിലാണ് ഈ ദൃശ്യരചന. വെടിവച്ചിടപ്പെടുന്ന കുതിരകൾ, നഗ്നരായി ഉഴലുന്നവർ, ദൂരെ വെറുതെ കറങ്ങുന്ന യന്ത്ര ഉഴിഞ്ഞാൽ, അതിൽ വൃഥാ തൂങ്ങിയാടുന്ന പേക്കോലങ്ങൾ, വിഭ്രാന്തിയിൽ പ്പെട്ടുഴലുന്നവർ ഇങ്ങനെ കാർണിവൽ സ്ഥലം ദുരന്തമേളയുടെ ഹിസ്റ്റീരിയയാകുന്ന പരിണാമഗുപ്തി.  പരിപൂർണജീവനഷ്ടം കിഴിച്ചിട്ട  ഉന്മാദത്തിലും ആണ് ഈ നിർഭാഗ്യജന്മങ്ങൽ വീണുപോയിരിക്കുന്നത്. അവ്യവസ്ഥയുടെ ഭീതിദവും ബീഭത്സവുമായ നേർക്കാഴ്ചകൾ വെറുങ്ങലിപ്പു സൃഷ്ടിയ്ക്കുള്ള വക തന്നെ. അഞ്ചുമിനിറ്റോളം നീളുന്ന ഒരൊറ്റ ഷോട്ടു കൊണ്ടാൺ`ചരിത്രപ്രസിദ്ധമായ ഡൺകിർക് പിന്മാറ്റദൃശ്യം ആവിഷ്കരിച്ചിരിക്കുന്നത്,  ഇടമുറിയാതെ സ്റ്റെഡികാം ക്യാമെറയാൽ. (ഈ രംഗം ചിത്രീകരിച്ചതോടെ ക്യാമെറാമാൻ തലചുറ്റി വീണു എന്ന് സംവിധായകൻ പിന്നീട് പറയുകയുണ്ടായി). പുറകോട്ടു നീങ്ങുന്ന ക്യാമെറയാണ് ഈ ദൃശ്യങ്ങൽ പിടിച്ചെടുക്കുന്നത്.  മുൻപോട്ടു നീങ്ങുന്ന ക്യാമെറയാണെങ്കിൽ കണ്ട ദൃശ്യങ്ങൾ പുറകിലാവുകയും അവ മറഞ്ഞോ മറന്നോ പോകാനും വഴിയുണ്ട്.  അദൃശ്യമാവുന്ന കാഴ്ചകൾക്ക് വ്യതിയാനം സംഭവിക്കാനും സാദ്ധ്യത.  ഭയാനകമായ കാര്യങ്ങൾ അങ്ങനെയല്ലാതായിത്തീർന്നെന്നു വിശ്വസിക്കാനും ആശ്വസിക്കാനും മനസ്സിന്റെ കളികൾ  വഴിയൊരുക്കിയേക്കാം. ക്യാമെറ പിറകോട്ട് നീങ്ങുമ്പോൾ ദൃശ്യവ്യാപ്തി വർദ്ധിക്കുകയാണ്. ദുരന്തദൃശ്യങ്ങൾ അതേപടി നിലനിൽക്കുന്നെന്നും ഉടൻ മറക്കേണ്ടതല്ലെന്നും ദൃഢീകരിക്കാൻ ഇതിലും ഉചിതവഴി വേറൊന്നില്ല.

             ആഖ്യാനവഴിയിൽ പ്രകൃത്യാ അത്ര അത്യാവശ്യമല്ലെന്നു തോന്നുന്ന ചലനചിത്രങ്ങളുമിണക്കിയിട്ടുണ്ട് സംവിധായകനും കൂട്ടരും. പൂപ്പാത്രത്തിന്റെ കഷണം തേടി ജലധാരയ്ക്കു കീഴേ  മുങ്ങിയ സെസിലിയയുടെ സ്വപ്നതുല്യമായ ഒരു ഷോട് ഉദാഹരണം. ജലോപരിതലം പ്രതിബിംബിപ്പിയ്ക്കുന്ന വെള്ളിക്കമ്പികൾ അവൽക്ക് പ്രണയമുഗ്ധയുടെ ചാരുത നൽകുന്നു. രംഗത്തിനു കാവ്യാത്മകതയും.  പിന്നൊരിടത്ത് വെള്ളത്തിനടിയിൽ കുരിശിലേറ്റവളെപ്പോലെ അവ്യക്തമായി ചിത്രീകരിയ്ക്കുന്നതിലെ നേർവിപരീതം ഏടുത്തുകാണിയ്ക്കാനാവാം ഈ മുൻകാഴ്ചാനിബദ്ധം. റോബിയും സെസിലിയയും ലൈബ്രറിയിൽ ഇണചേർന്നു നിൽക്കുന്ന രംഗത്തിനു ഒരു ഫാന്റസിയുടെ അസ്വാഭാവികത മനഃപൂർവം വരുത്തിയിരിക്കുന്നു. കൈകാലുകൾ വിടർത്തി വായുവിൽ പാറിനിൽക്കുന സെസിലിയ യുടെയും റോബിയുടെയും ഒന്നായിത്തീർന്ന  ശരീരങ്ങൽ പെട്ടെന്നു നിശ്ചലമായ ഒരു ജീവിയുടെ പ്രകൃതം തോന്നിപ്പിക്കുന്നത് ഉദ്ദേശപൂർവ്വമാണ്.    കൊച്ചുബ്രയനി ജനലിൽക്കൂടി രാത്രിയിലെ നാടകീയസംഭവങ്ങൾ നോക്കിക്കാണുന്നത് മറ്റിൽഡ എന്ന ഫെയറിയുടെ മോടിഫ് പതിപ്പിച്ച ജനലിൽ കൂടെയാണ്.  തത്സമയം നടക്കുന്ന സംഭവങ്ങളുമായി ബന്ധമുള്ളതും  തെറ്റുചെയ്യാത്തവർ ശിക്ഷാവിധി ഏൽക്കുന്നതുമായ കഥയാണ് മറ്റിൽഡയുടേത്. ചേച്ചിയുടെ അപാർട്മെന്റ് ബ്രയനി അന്വേഷിച്ചു ചെല്ലുന്നതായുള്ള ഫ്രെയിമിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന പന്നികളെ ഉൾപ്പെടുത്തിയത് വെറുതെയല്ല. മൃഗങ്ങളുടെ ദൃശ്യങ്ങൽ യുക്തിപ്രകരണമില്ലാതെ പലയിടെത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്.  മൂങ്ങയും ഗൌളിയും തവളയും കൊറ്റിയും ഉൾപ്പെടെ. യുദ്ധഭീകരത വെളിവാക്കപ്പെടുന്നത് അതിസൌഷ്ഠവമാർന്ന കുതിരകളെ ഒന്നൊന്നായി വെടിവച്ചു വീഴ്ത്തുന്നതായി ചിത്രീകരിച്ചാണ്. അതിവിശാലവും ജീവജാലബഹുലവും ആയ ലോകത്തിലാൺ നമ്മളെന്നും ജീവാവകാശം എല്ലാവർക്കും തുല്യമാണെന്നും വെളിപാടുണർത്താനാണ് ഈ ദൃശ്യനിബന്ധനകൾ. ഒറ്റപ്പെടലിന്റെ മുന്കാഴ്ച ബ്രയനി നേരിട്ടുകാണുന്നുണ്ട്.  തെരുവിൽ വിറച്ചു നീങ്ങുന്ന നിരാലംബയായ വൃദ്ധ അവൾക്കു നീക്കിവച്ചിരിക്കുന്ന ഏകാന്തദുർജ്ജീവിതത്തിന്റെ ഭാവിക്കാഴ്ച തന്നെ. ജീവിതം മായക്കാഴ്കളാൽ നിബദ്ധമാണെന്നും അയഥാർത്ഥബിംബങ്ങൽ കെട്ടുകഥകൾക്കും നേരിനും ഇടയ്ക്ക് വന്നുപോകുമെന്നും സൂചിപ്പിക്കാൻ കണ്ണാടികൾ പല രംഗങ്ങളിലും പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്. ബ്രയനിയുടെ ജീവിതസങ്ക്രമണസൂചകമായി ഇരുളും വെളിച്ചവും മാറി മാറി പുറകിൽ മിന്നിമറയുന്നത്-ഒരു ട്രെയിൻ പുറകിലൂടെ നീങ്ങുന്നത്-  അപൂർവ്വചാരുതയാർന്ന ദൃശ്യമാണ്. പിന്നീട് പൂർണ്ണമായും ഇരുളിലാകുകയാണ് സ്ക്രീൻ.  പൊടുന്നനവേയാണ് ഈ ഇരുട്ടിലൂടെ ഇന്നത്തെ ഹൈ ടെക് മീഡിയ യുഗത്തിൽ എത്തപ്പെട്ട വൃദ്ധയും മരണം കാത്തുകഴിയുന്നവളുമായ ബ്രയനിയിലേക്ക് അവസ്ഥാന്തരം ചെയ്യപ്പെടുന്നത്.

       നേർരേഖയിൽ വരഞ്ഞുപോകുന്ന ആഖ്യാനം പലപ്പോഴും പിൻതിരിഞ്ഞ് വർത്തുളമായി തിരിച്ചെത്തുന്ന വിദ്യ സിനിമയിൽ യുക്തിയും കാര്യകാരണൻങങളും നിരത്താനായി ഉപയോഗിക്കപ്പെടുന്നു.  പെട്ടെന്നുള്ള ഈ പിന്തിരിയൽ വിപരീതദൃഷ്ടിയും വേറിട്ട പരിപ്രേക്ഷ്യ്‌വും  സൃഷ്ടിയ്ക്കുന്നുണ്ട്.  എഡിറ്റിങ്ങിലെ ചാതുര്യങ്ങൾ
 തന്നെ ആഖ്യാനത്തിന്റെ പൊലിമ.  ഒരു സീൻ വേറൊന്നിലേക്കു സംക്രമിക്കുന്നത്  സംഭാഷണത്തിന്റെ അതിക്രമണം മൂലമാവുന്നത് എഡിറ്റിങ്ങിലുള്ള  സൂക്ഷ്മവിചാരം തന്നെ.   തീവ്രമായ് കട്ടിങ്  കൊണ്ടുള്ള ജാലവിദ്യകൽ വളരെ കുറവാണ്. പക്ഷെ കഥപറയുന്നത് അടക്കവും ഒതുക്കവും സംക്ഷേപിച്ചുതന്നെ. ഈ ഗതിചാൽനം  ദുരന്തത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന കഥാഗതിയ്ക്ക് ഒട്ടൊരു സഹായവുമാണ്.   നാടകീയതയ്ക്കും സംഭവതീവ്രതയ്ക്കും അതിചമൽക്കാരപൂർണമായ ഫ്രെയിമുകൽ ആണ്  ആവിഷ്ക്കരിച്ചിട്ടുള്ളത്.   സമയത്തെ കുലുക്കിക്കശക്കുന്ന വിദ്യയും എഡിറ്ററുടെ കൌശലം തന്നെ.  ഒരു നിശ്ചിത സംഭവപരമ്പരയ്ക്ക് താളക്രമങ്ങൽ വിന്യസിപ്പിച്ച്  നീണ്ടും കുറുകിയും സീനുകൽ തരംഗപ്രഭാവം ഉൾക്കൊള്ളുന്നതും കാണാം.  കഥാഭാഗങ്ങൾക്ക് കൽ‌പ്പിയ്ക്കുന്ന ഇടം (സ്പേയ്സ്) ഒരു ചോർപ്പ് (ഫണൽ) മാതിർ വിശാലതയിൽ നിന്നും  അനുക്രമം ചുരുങ്ങി ഒരു ബിന്ദുവിലെക്കു ഒതുങ്ങിക്കൂടുന്ന, സിനിമയുടേതു മാത്രമായ ദർശനവിധിയും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.   

              വളരെ വ്യത്യസ്തവും നൂതനുവുമായ സംഗീതമാണ് ഡേരിയൊ മരിയനെല്ലി (Dario Marianelli) ആവിഷ്കരിച്ച് സംഭാവന ചെയ്തിട്ടുളത്. മികച്ച സംഗീതത്തിനുള്ള ഓസ്കാറും നേടിയെടുത്തു ഇദ്ദേഹം.എഴുത്തിന്റെ കഥയായതുകൊണ്ട് ടൈപ് റൈറ്ററിന്റെ ക്ലിക് ക്ലാക് ശബ്ദമാണ് സംഗീതമായി മാറുന്നത്. അക്ഷരങ്ങൽ കടലാസിൽ പതിയുന്ന വിന്യാസക്രമം സാവധാനം താളാത്മകമായി മാറുന്നു. സംഗീതാത്മകമായും.  സംഭവങ്ങൾക്ക് ഉദ്വേഗമണയ്ക്കാനും ഈ കീബോർഡ് ശബ്ദങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആരോ എഴുതിയ കഥയാണ് ജീവിച്ചുതീർക്കപ്പെടുന്നതെന്നു സൂചിപ്പിക്കാൻ ഇതിലും ഉചിതമായതൊന്നില്ല എന്നത് രസകരം തന്നെ.

               നോവലിന്റെ മെറ്റാഫിസിക്കൽ ഉൾക്കാമ്പും വൈകാരികശക്തിയും പകർത്തി പ്രസരിപ്പിക്കുന്നതിലാണ് സിനിമയുടെ വിജയം. ഭാവന സ്വരൂക്കൂട്ടിയ കഥ കൃത്രിമമായി യാഥാർത്ഥ്യത്തെ നിർമ്മിച്ചെടുക്കുകയാണ്.  എഴുത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രഗതിവിഗതി കഥാകൃത്തിനു ദൈവസ്ഥാനം കൽ‌പ്പിച്ചരുളുകയാണെങ്കിലും കൽ‌പ്പിതകഥയുടെ പരിധികൾ ഇച്ഛശക്തിയ്ക്കും ഭാവനകൾക്കും അപൂർണ്ണത മാത്രമേ  നൽകുകയുള്ളു. പക്ഷേ എഴുത്തുകാരന്റെ/കാരിയുടെ അഭിലാഷപൂർത്തി ഭാവനയിൽക്കൂടിയാണെങ്കിലും സഫലീകൃതമാകുന്നതിൽ കൃതാർത്ഥരാകാൻ അവസരമൊരുക്കുകയാണ് ഇത്തരം ആവിഷ്കാരങ്ങളെല്ലാം.  റോബിയോടുള്ള ഗൂഢാഭിനിവേശമോ സെസിലിയയോടുള്ള അസൂയയോ അവളെ കള്ളം പറയാൻ പ്രേരിപ്പിച്ചു എന്നത് ലളിതയുക്തി മാത്രം. അവൾ എഴുതുന്ന കഥയോട് താദാത്മ്യം പ്രാപിക്കുന്ന തരത്തിൽ സ്വന്തപ്പെട്ടവരേയും കഥയിൽ നിബന്ധിച്ച്  ജീവിതം കഥയാക്കി മാറ്റിയെടുക്കാമെന്ന വ്യാമോഹവും കൂടിയാണ് അവളെക്കൊണ്ട് കള്ളം പറയിപ്പിച്ചത്.  എഴുത്തിന്റെ പരിപൂർണ്ണസാകല്യത്തിനു വേണ്ടി വരുത്തിക്കൂട്ടിയ വിക്രിയയ്ക്ക് എഴുത്തു തന്നെ പ്രായശ്ചിത്തം. വാസ്കുലാർ ഡിമെൻഷ്യ എന്ന മാരകരോഗവും സ്വയം ശിക്ഷയായി അവളുടെ ശരീരം പേറുന്നു.  ജീവിതത്തിലേയോ ലോകചരിത്രത്തിലേയോ സന്നിഗ്ധാവസ്ഥകൾ -ലോകമഹായുദ്ധങ്ങൽ വരെ-നുണകുളുടെ മേൽ കെട്ടിപ്പൊക്കിയവയാണെന്ന് മനസ്സിലാക്കുന്നതും അവൾക്ക് പാപപരിഹാരത്തിനു പിന്തുണ.  കഥകളാണ് സത്യങ്ങളായി മാറുന്നത് എന്നും എല്ലാ സത്യങ്ങളിലും നുണയുടെ അംശം പതിഞ്ഞു കിടക്കുന്നു എന്നതും അവൾ മനസ്സിലാക്കുകയാണ്. റോബിയ്ക്കും സെസിലിയയ്ക്കും ആനന്ദകരമായ ജീവിതം നൽകാൻ എഴുത്തും അതിലെ ഭാവനയും മാത്രമാണെന്നുള്ള അറിവ് അവളെ മറ്റൊരു നുണയുടെ പരിണതിഫലമായ നേരും നെറിവും  ഇല്ലാത്ത യുദ്ധരംഗത്ത് എത്തിയ്ക്കുകയാണ്. സിനിമയിൽ യുദ്ധത്തിന്റെ കരാളത വ്യക്തമായി ചിത്രീകരിച്ചാണ് ഇക്കാര്യം സംവേദനാപൂർണമാക്കുന്നത്.  ശുഭാന്ത്യമായ കഥ മെനയുന്നത് ബലഹീനതയോ ഒഴിഞ്ഞുമാറലോ അല്ലെന്നും അർഹിക്കപ്പെട്ട ജീവിതം തിരിച്ചുപിടിയ്ക്കാൻ ഇതേ പോംവഴിയുള്ളെങ്കിൽ അങ്ങനെ അസത്യം സത്യമായി മാറട്ടെ എന്നുമാണ് കഥാകാരിയുടെ  തൃപ്തചിന്താഗതി.   ഇതിനുവേണ്ടി ആത്മകഥയും മാറ്റി എഴുതുകയാണ് അവൾ. റോബിയ്ക്കും സെസിലിയയ്ക്കും അവരുടെ സ്വപ്നമായ കടൽത്തീരത്തെ വീടിനുമുൻപിൽ പ്രണയാന്വിതം ഓടിക്കളിയ്ക്കാൻ അവസരമൊരുക്കിയാണ് സംവിധായകനും സിനിമ അവസാനിപ്പിക്കുന്നത്.  ബ്രയനിയുടെ കഥയ്ക്ക്  ഇനിയും അപൂർൺനത ഉണ്ടെങ്കിൽ അതിനുള്ള സാദ്ധ്യത ഇല്ലാതാക്കാനുള്ള സംവിധായകന്റെ വ്യഗ്രതയാണിത്.

Sunday, May 3, 2009

മദ്ധ്യവേനലവധിയായീ.........

എല്ലാ മദ്ധ്യവേനലവധിക്കാലത്തും ചന്ദ്രു വരും വീട്ടിൽ. 6C യിലെ ഞാനും 6A യിലെ രാമചന്ദ്രയ്യർ എന്ന ചന്ദ്രുവും അടുത്ത കൂട്ടുകാർ ആയത് എനിയ്ക്ക് വേറേ ആത്മാർത്ഥന്മാർ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ സ്കൂളടച്ചപ്പോൾ നാലുകിലോമീറ്റർ ദൂരെയുള്ള ടൌണിൽ നിന്നും എന്റെ വീട്ടിൽ അവൻ പൊടുന്നനവേ എത്തിയപ്പോൾ അത്തവണത്തെ അവധിക്കാലം പൊടിപൊടിയ്ക്കാം എന്ന മനസ്സറിവിൽ സന്തോഷം കവിഞ്ഞു. അച്ഛൻ വക്കീലയ്യർ വല്ലയിടത്തും പോയപ്പോൾ നിന്നെ ഇവിടെ ഇറക്കിയതാണോ ചന്ദ്രൂ? അല്ല നിന്നെക്കാണാൻ തന്നെ എത്തിയതാ-അവൻ. പിന്നെ ഒന്നെങ്കിൽ അവൻ ഇവിടെ അല്ലെങ്കിൽ ഞാൻ അവിടെ എന്ന മട്ടായി. പുതുതായിക്കണ്ട തമിഴ് സിനിമയുടെ കഥ പറയുന്നതുമാത്രമാണെങ്കിലും മതി ഒരു ദിവസം പോകാൻ.

നീ തോട്ടിൽ ചാടുന്നോ? തോർത്തു ഞാൻ തരാം. തോട്ടിലേക്കു ചാഞ്ഞുകിടക്കുന്ന മുട്ടൻ മരക്കൊമ്പിന്മേൽ ക്കൂടെ ഓടി വെള്ളത്തിലേക്കു ചാടുക. നീന്തിക്കയറി നട കയറി പിന്നെയും ചാടുക. എന്റെ പുറകെ ചന്ദ്രുവും ചാടി. ഞാൻ നീന്തിത്തുടിയ്ക്കുമ്പോൾ അതാ കാണുന്നു ചന്ദ്രു കൈകാലിട്ടടിച്ച് മരണപരാക്രമം കാണിയ്ക്കുന്നു! വലിച്ചു കയറ്റി നടയിലിരുത്തി. ചുമച്ചു ഛർദ്ദിച്ചു വശം കെട്ട അവനോട് എനിയ്ക്ക് ദേഷ്യം വന്നു. നീന്താനറിയാൻ മേലെങ്കിൽ പറയേണ്ടെ? മൂന്നു ദിവസം കൊണ്ട് നീന്താനല്ലെങ്കിലും വെള്ളത്തിൽ പൊങ്ങിക്കിടക്കാ‍നെങ്കിലും വശമാക്കി. അതു കഴിഞ്ഞ് വയറു നിറെ ചക്കപ്പഴം തീറ്റ. ചിലപ്പോൾ ഒന്നുകൂടെ തോട്ടിൽ ചാടാൻ തോന്നും. ഒറ്റ ഓട്ടം.പിന്നെ ഒരു ചാട്ടം. മാമ്പഴം പിഴിഞ്ഞ് പാളയിൽ തേച്ച് വെയിലത്തുണക്കിയെടുക്കുന്ന മാമ്പഴത്തെര അവനു വേണ്ടി പ്രത്യേകം വച്ചിരിക്കും. “മദ്ധ്യവേനലവധി യായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…” ചന്ദ്രു നീട്ടിപ്പാടും. അവന്റെ വീട്ടിൽ ചെന്നാൽ വക്കീലയ്യർ പ്രത്യേകം നിഷ്കർഷിച്ചിട്ടുള്ള ഇംഗ്ലീഷ്- കണക്ക് പുസ്തകങ്ങളിലെ എക്സൈർസൈസ് ചെയ്തു തീർക്കാൻ ഉത്തരവാദിത്തമുണ്ട്. എനിയ്ക്കു മാർക്കു കൂടുതൽ കിട്ടാറുള്ളതുകൊണ്ട് ഈ ബോറടിപ്പരിപാടി ഞാൻ ഏറ്റെടുത്ത് ചന്ദ്രുവിനെ ഇമ്പ്രൂവ് ചെയ്യുക എന്നണ് വക്കീലയ്യരുടെ നിർദ്ദേശം.ഒരു ഉത്സവരാത്രി വളരെ വൈകി അവന്റെ മഠത്തിൽ ഉറങ്ങാൻ കിടന്ന നേരം എന്റെ ഒരു ഭംഗിയുമില്ലാത്ത വൃത്തികെട്ട തലയുടെ പുറകിലെ കൂർത്തഭാഗം തൊട്ട് “ഇതൊക്കെ ബുദ്ധി ആണോ” എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ ഉള്ളാലെ ചിരിക്കുകയായിരുന്നെന്ന് അവനറിഞ്ഞോ? ഏതായാലും അവധിക്കാലം ഇങ്ങനെ പഠിച്ചു തുലയ്ക്കാനുള്ളതല്ലെന്നു ഞങ്ങൾക്ക് തീർച്ചയുണ്ടായിരുന്നു. അതുകൊണ്ടല്ലെ ചന്ദ്രു എന്റെ വീട്ടിൽ മിക്ക ദിവസവും എത്തുന്നത്.

ഏഴാം ക്ലാസിലെ അവധിക്കാലവും ഇതു തന്നെ. നീന്തൽ പഠിച്ചതു കൂടാതെ അത്യാവശ്യം മരത്തിൽ കയരാനും ചന്ദ്രു പഠിച്ചെടുത്തു. “മദ്ധ്യവേനലവധിയായീ…’ അവൻ പാട്ടു തുടരും. എടാ അവധി പകുതിയായി. നിർത്ത് ചന്ദ്രൂ നിന്റെ ഈ പാട്ട്. അപ്പോൾ അവൻ തമിഴ് പാട്ടു പാടും. എന്നെ തോൽ‌പ്പിക്കാൻ.എന്റെ വെല്യേട്ടന്റെ കൂളിങ്ങ് ഗ്ലാസ് എടുത്ത് വച്ച് ശിവാജി ഗണേശൻ കളിച്ച് താഴെ വീണ് അതേൽ വിള്ളലുണ്ടാക്കിയത് നീയാണെന്ന സത്യം ഞാൻ പറയും എന്നതാണ് എന്റെ തുരുപ്പു ചീട്ട്. അവൻ ചിരിക്കുമ്പോൾ മുൻവശത്തെ വലിയ രണ്ടു പല്ല് മുഴുവൻ വെളിയിൽ വരുന്നത് എന്റെ തലയുടെ വൈകല്യത്തെ തുല്യപരിഹാരം ചെയ്യാനല്ലെ?

എട്ടാം ക്ലാസിലേക്കു കയറാൻ സ്കൂൾ തുറക്കുന്നതിനു ഒരാഴ്ച മുൻപാൺ അതു സംഭവിച്ചത്. ഞാൻ പഠിച്ചിരുന്ന ഗവണ്മെന്റ് സ്കൂൾ പോരാ, ഹൈ സ്കൂളിൽ ആകുമ്പോൾ ടൌണിലെ സെന്റ് തോമസിൽ പഠിയ്ക്കുന്നതാണു നല്ലതെന്ന് അച്ഛൻ തീരുമാനിച്ചു. പെട്ടെന്ന് ഒരു ദിവസം അച്ഛൻ എന്നെ സെന്റ് തോമസിൽ ചേർത്തതായി അറിയിക്കുകയാണ് ഉണ്ടായത്. ചന്ദ്രുവിനെ അറിയിക്കാൻ എനിയ്ക്ക് ടൌണിൽ പോകാൻ പറ്റിയില്ല. സ്കൂൾ തുറക്കുമ്പോൾ അവന്റെ സ്കൂളിൽ ഞാനില്ല! എനിയ്ക്ക് പരിഭ്രമം ആയി. ചന്ദ്രുവിനോട് ഇങ്ങനെ ചെയ്തത് ശരിയോ? എന്നാലും അവധിക്കാലത്തു കൂടാൻ എന്താ പ്രയാസം? പക്ഷെ സംഗതി കൈവിട്ടുപോയി. ടൌണിൽ വച്ച് പാട്ടുകാരൻ സഹദേവൻ വിവരം പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ചന്ദ്രു കാര്യം അറിഞ്ഞു. വീട്ടിൽ പോയി കരഞ്ഞു ബഹളമുണ്ടാക്കി. ഉടൻ സെന്റ് തോമസ്സിലെക്കു മാറ്റുക. അല്ലെങ്കിൽ സ്കൂളിൽ പോകുന്നില്ല എന്നായി ചന്ദ്രു. കണിശക്കാരനും കാർക്കശ്യക്കാരനുമായ വക്കീലയ്യർ ക്ക് കനിയാൻ തോന്നി. അദ്ദേഹം ട്രാൻസ്ഫർ വാങ്ങിച്ചു കൊടുത്തു.

മൂന്നാലു ദിവസത്തിനകം ചന്ദ്രുവിനെ സെന്റ് തോമസിൽ കണ്ടപ്പോഴേ എന്റെ ശ്വാസം നേരേ വീണുള്ളു. പക്ഷെ അവൻ മിണ്ടുന്നില്ല. അസെംബ്ലിയ്ക്ക് ലൈൻ നിന്നപ്പോൾ 8C യിലായിരുന്ന ചന്ദ്രുവിന്റെ ക്ലാസ് ലൈൻ 8D യിലായിരുന്ന എന്റെ ലൈനിന്റെ അടുത്തുതന്നെ. ഞാൻ തിരിഞ്ഞ് അവനെ നോക്കിയപ്പോൾ വശത്തേക്കു മാറി മുഖം തിരിച്ചു. ഒരു ദിവസം എന്റെ ക്ലാസിൽ വന്ന് ഒരു എഴുത്ത് എന്റെ പുസ്തകക്കെട്ടിനിടയിൽ വച്ചിട്ടു പോയി. സ്നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ ഒരു എട്ടാം ക്ലാസുകാരന് ആവുന്ന വിധത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുനു. മൂന്നാലു പേജു നിറയെ ചന്ദ്രുവിന്റെ മുഖം പോലെ ഉരുണ്ട അക്ഷരങ്ങൾ. ചിലടത്ത് സുഹൃത്ബന്ധത്തെ ചുറ്റിപ്പറ്റിയുളള ചില തമിഴ് ഡയലൊഗുകളുമുണ്ട്. അവസനം “ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ?” എന്നെഴുതിയത് എന്നെ വല്ലായ്മപ്പെടുത്താൻ തന്നെ അല്ലെ? സ്കൂൾ വിട്ടപ്പോൾ ആ എഴുത്തുമായി ചന്ദ്രു വരുന്ന വഴിയിൽ കാത്തു നിന്നു. മുഖം കുനിച്ച് അവൻ മിണ്ടാതെ നടന്നകന്നു.

എട്ടാം ക്ലാസു കഴിഞ്ഞുള്ള മദ്ധ്യവേനൽ അവധിയ്ക്ക് ഞാൻ അവന്റെ വീട്ടിൽ ചെന്നു. വലിയ മിണ്ടാട്ടമില്ല. ചേച്ചി പാമ്പു കടിച്ചു മരിച്ചതിനാലായിരിക്കും ഈ വൈമുഖ്യം എന്നു ഞാൻ കരുതി. ആ അവധിയ്ക്ക് “ചന്ദ്രു വിനെ കാണുന്നില്ലല്ലൊ“ എന്ന് അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഞാൻ മാറി നടന്നു. കഴിഞ്ഞ മൂന്നു കൊല്ലമായി വേറെ കൂട്ടുകാർ ഇല്ലാതിരുന്ന ഞാൻ ഏറെ വിഷമിച്ചു. തോട്ടിൽ ചാടാൻ ഉത്സാഹമില്ല.അവധിക്കാലം വെറും വിരസദിനങ്ങൾ.

ഒൻപതിലായപ്പോൾ സ്കൂൾ തുറന്ന് അധികം കഴിയാതെ തന്നെ ചന്ദ്രു എന്നെ കാണാൻ വന്നു. അവൻ പോവുകയാണ്. വീടൊക്കെ വിറ്റു. കുടുംബം മുഴുവൻ മദ്രാസിലേക്കു പറിച്ചു നടുകയാണ്. ചേച്ചിയുടെ മരണം, വക്കീലയ്യർക്കു പണ്ടത്തെപ്പോലെ കേസുകൾ കിട്ടുന്നില്ല, ആകെ വിഷമങ്ങൾ. മദ്രാസിൽ ചെന്നിട്ട് നീ എഴുത്തയക്കുമോ? ചോദിക്കാൻ തന്നെ എനിയ്ക്കു വിഷമം. ഇനി ഒരു മദ്ധ്യവേനലവധിക്കാലം വരുമോ? ഞാൻ ചോദിക്കേണ്ടതല്ലെ?

ആകസ്മികമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിൽ എം. എസ്സ്. സിയ്ക്കു പഠിയ്ക്കുന്ന എനിയ്ക്ക് ചന്ദ്രുവിന്റെ എഴുത്തു കിട്ടുന്നത്. ഞാൻ അവിടെയുണ്ടെന്ന് എങ്ങനെയോ അറിഞ്ഞത്രെ. മദ്രാസിൽ ചെന്നിട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് കുടുംബം വഴുതി വീഴുകയാണ് ഉണ്ടായത്. വക്കീലയ്യർ താമസിയാതെ മരിച്ചു. പെട്ടെന്ന് ഒരു ജോലി തേടേണ്ടി വന്നു. കോളേജു പഠിത്തം മുടങ്ങി. “പഠിച്ചിരുന്ന കോളേജിനു മുൻപിൽ കൂടെ പോകുമ്പോൾ കരച്ചിലു വരുമെടാ” അവൻ എഴുതി. സ്വന്തം അഡ്രസ്സ് വച്ചിട്ടില്ല. അറിഞ്ഞുകൊണ്ട്? പോസ്റ്റൽ മുദ്രയിൽ നിന്നും അറിയാം, എഴുത്ത് മദ്രാസിൽ നിന്നും തന്നെ പോസ്റ്റ് ചെയ്തത്. എഴുത്തിന്റെ താഴെ വലിയ അക്ഷരങ്ങളിൽ “ മദ്ധ്യവേനലവധിയായീ ഓർമ്മകൾ ചിത്രശാല തുറക്കുകയായീ” എന്ന് എഴുതിയതു കണ്ട് എന്റെ നിയന്ത്രണം വിട്ടു.

വർഷങ്ങൾക്കു ശേഷമാണ് ചന്ദ്രുവിന്റെ അകന്ന ബന്ധുവായ നാരായണയ്യരെ കാണുന്നത്. മദ്രാസിൽ സ്ഥിരതാസക്കാരൻ.

“ ചന്ദ്രുവിന്റെ വിവരം വല്ലതുമുണ്ടോ? ഞാൻ ചോദിച്ചു.

“ചന്ദ്രുവൊ? അവൻ…...നേരത്തെ ..…പോയല്ലൊ”

നാരായണയ്യർ കണ്ണുകൾ ചുരുക്കി എന്നെ നോക്കി.

“ആത്മഹത്യ ആയിരുന്നു”

എനിയ്ക്കു ശിക്ഷ തന്നിരിക്കുന്നു അവൻ.

പണ്ടു വന്ന എഴുത്തിലെ ഒരു വാചകം അപ്പോഴാണ് എന്റെ മുൻപിൽ കൂടുതൽ മിഴിഞ്ഞു വന്നത്. ‘അന്നു മുങ്ങിച്ചാകാൻ പോയ എന്നെ നീ രക്ഷപെടുത്തിയില്ലെ? അതു വേണ്ടായിരുന്നു”

“മദ്ധ്യവേനലവധിയായീ
ഓർമ്മകൾ ചിത്രശാല തുറക്കുകയായീ…..“
ചന്ദ്രു എവിടെ ഇരുന്നോ പാടുന്നു.

Thursday, March 5, 2009

“ഭാവയാമി രഘുരാമം.........” സ്വാതിതിരുനാളിന്റെ ശ്രീരാമന്‍

          “ഇതാ രാമനെ ഞാന്‍ മനസ്സില്‍ കാണുന്നു, ഭവ്യസുഗുണങ്ങളുടെ പൂന്തോട്ടമായി” ( ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം) എന്നിങ്ങനെ വിരിഞ്ഞുവിടരുന്ന സ്വാതിതിരുനാളിന്റെ ഈ പ്രസിദ്ധ കീര്‍ത്തന്ം എം. എസ്. സുബ്ബലക്ഷ്മിയുടെ കളകണ്ഠത്തിലൂടെ സുപരിചിതമാക്കപ്പെട്ടതാണ്. രാമായണകഥ നാലുവരിഖണ്ഡങ്ങൾ‍ വീതമുള്ള ആറു ചരണങ്ങളില്‍ അദ്ഭുതാവഹമായി ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്ന അതികവിപടുത്വവിസ്മയം. രഘുരാമൻ‍‍ വിശ്വാമിത്രനോടൊപ്പം  തപസ്സുകാവലിനു പോകുന്നതുമുതല്‍ പട്ടാഭിഷേകവിലസിതനാകുന്നതു  വരെയുള്ള കഥാകാവ്യത്തെ  സാവേരി രാഗത്തിലാണ് തിരുനാള്‍ ചിട്ടപ്പെടുത്തിയിരുന്നത്, അതിമോഹനരാഗമാലികയാക്കിയത് ശെമ്മാങ്കുടി.  പല്ലവിയും അനുപല്ലവിയും സാവേരിയിൽ   തന്നെ സ്ഥിരപ്പെടുത്തിയിട്ട് മറ്റ് ആറുചരണങ്ങളും ആറു രാഗങ്ങളിലാക്കി. നാട്ടക്കുറിഞ്ഞി,ധന്യാസി, മോഹനം, മുഖാരി, പൂര്‍വികല്യാണി, മധ്യമാവതി എന്നിങ്ങനെയാണി ശെമ്മാങ്കുടിയുടെ നിജപ്പെടുത്തല്‍. ഒരു പൂര്‍ണസംഗീതശില്‍പ്പം ഇങ്ങനെ മെനഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. അതെസമയം ‍ കടക്കേണ്ണേറു കൊണ്ട് ഭാവുകങ്ങള്‍ വിതരണം ചെയ്തു ലസിക്കുന്ന രഘൂത്തമന്‍ സുഗുണാരാമനായി ലസിക്കുകയാണ് കാവ്യത്തിലുടനീളം.

  രാമന്റെ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം.  മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍  ശ്രീരാമപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി  ഒരു ചിത്രപുസ്തകമാണു സ്വാതിതിരുനാള്‍ ‘ഭാവയാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് നിശ്ചലദൃശ്യങ്ങള്‍  ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്.  വേഗതയാര്‍ന്ന നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും.  വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന നായകന്‍ അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും  സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നത്. നിരവധി വധങ്ങൾ‍, സഖ്യം ചേരല്‍, അനുചരരോടും സേവകരോടും ഒത്തുകൂടല്‍ ഇതൊക്കെ അനയാസമായി തനിക്കു ചുറ്റിനും വന്നുഭവിക്കുന്നുവെന്ന സുഗമലളിത  അവതരണം. ഈ ഋജുരേഖാപ്രതിപാദനപ്രയാണമാണ് ഏകാഗ്രത നല്‍കുന്നതും.  കഥാഘടനയില്‍ കേന്ദ്രീകരിച്ചല്ലാതെ പാത്രസൃഷ്ടി നടത്തുന്ന അപൂര്‍വ്വവിദ്യ. സ്ഥൂലതയെ വെട്ടിച്ചുരുക്കി കൃശകോമളമായ കലാശില്‍പ്പം  മര്യാദാപുരുഷോത്തമന്റെ ഭവ്യസുഗുണങ്ങള്‍‍ വിസ്തൃതമാക്കുന്നു, അതേസമയം കാവ്യഭംഗി ചോരാതെയും സംഗീതമയമാക്കുകയും ചെയ്യേണ്ടുന്നതിലെ ക്ലിഷ്ടത അതിധീരമായി ത്തന്നെയാണ് വാഗ്ഗേയകാരന്‍  നേരിട്ടിരിക്കുന്നത്. ‍ അപാംഗലീലാലസിതനായിക്കണ്ടു തുടങ്ങിയ രഘൂത്തമനെ പട്ടാഭിഷേകത്താല്‍ വിലസിതനായി അവതരിപ്പിക്കുന്നതോടെ അവസാനിക്കുന്നു.

ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം
ഭാവുകവിതരണപരാപാംഗലീലാലസിതം

ബാലകാണ്ഡം
ദിനകരാന്വയതിലകം ദിവ്യഗാധിസുതസവനാ-
വനരചിതസുബാഹുമുഖ വധമഹല്യാപാവനം
അനഘമീശചാപഭംഗം ജനകസുതാപ്രാണേശം
ഘനകുപിതഭൃഗുരാമഗർവ്വഹരമിത സാകേതം

അയോദ്ധ്യാകാണ്ഡം
വിഹതാഭിഷേകമഥ വിപിനഗതമാര്യവാചാ
സഹിതസീതാസൌമിത്രിം ശാന്തതമശീലം
ഗുഹനിലയഗതം ചിത്രകൂടാഗതഭരതദത്ത
മഹിതരത്നമയപാദുകം മദനസുന്ദരാംഗം

ആരണ്യകാണ്ഡം
വിതതദണ്ഡകാരണ്യഗതവിരാധദലനം
സുചരിതഘടജദത്താനുപമിതവൈഷ്ണവാസ്ത്രം
പതഗവരജടായുനുതം പഞ്ചവടീവിഹിതവാസം
അതിഘോരശൂർപ്പണഖാവചനാഗതഖരാദിഹരം

കിഷ്കിന്ധ കാണ്ഡം
കനകമൃഗരൂപധരഖലമാരീചഹരം ഇഹ
സുജനവിമതദശാസ്യഹൃതജനകജാന്വേഷണം
അനഘപമ്പാതീരസംഗതാഞ്ജനേയ നഭോമണീ
തനുജസഖ്യകരം വാലി തനുദലനമീശം

സുന്ദരകാണ്ഡം
വാനരോത്തമസഹിത വായുസൂനു കരാർപ്പിത
ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം
തേനപുനരാനീതാന്യൂനചൂഡാമണിദർശനം
ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം

യുദ്ധകാണ്ഡം
കലിതവരസേതുബന്ധം ഖലനിസ്സീമപിശിതാശന
ദലനമുരുദശകണ്ഠവിദാരണമതിധീരം
ജ്വലനപൂതജനകസുതാസഹിതയാതസാകേതം
വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌മനാഭം

ഈ കീർത്തനം ഇവിടെ കേൾക്കാം.
  “ഭവ്യസുഗുണാരാമം” എന്ന വിശേഷണം അന്വര്‍ത്ഥമാക്കാനെന്ന മട്ടിലാണ് കൃതി വിടരുന്നത്. ഓരോ വരിയും  നവഗുണപരിമളം വീശിയുണര്‍ത്തുന്ന പൂവുകളാകണമെന്ന നിർബ്ബന്ധം ഉള്ളപോലെ. ആകപ്പാടെ ഒരു പൂന്തോട്ടപ്രകൃതി വന്നണയുക ഉദ്ദേശം. രഘുരാമന്‍ പ്രത്യക്ഷപ്പെടുന്ന സീനുകള്‍ മാത്രമേയുള്ളു ഈ ചിത്ചലച്ചിത്രത്തില്‍.. ചെയ്തികളൊക്കെ അതീവഗുണമേറിയതാക്കിയിരിക്കുകയാണ്‍ മനഃപൂര്‍വ്വം. സീത രണ്ടു ‍, ഏറിയാൽ മൂന്ന് സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്നു.  ഗാംഭീര്യവും പ്രാഭവവും പ്രദാനം ചെയ്യുന്ന രീതിയിലാണ് ക്രിയാകൃത്യങ്ങള്‍, അതിനുവേണ്ടി പ്രത്യേകനിഷ്കര്‍ഷയില്‍ തെരഞ്ഞെടുത്ത പദങ്ങള്‍.. വീരപരാക്രമങ്ങള്‍ക്ക് സ്വയംകൃതമായ സാധുത നല്‍കാനുള്ള അതിര്‍വിട്ട ശ്രമവും പ്രത്യക്ഷം.ചില ഒളിച്ചുവയ്ക്കലുകള്‍. ഐശ്വര്യവും ധൈര്യവും  നല്‍കാന്‍ വാല്‍മീകി വിട്ടുപോയിടത് സ്വാതി തിരുനാള്‍ തന്നെ താങ്ങുമായെത്തുന്നു.   എന്നാല്‍ പൂത്തും തളിര്‍ത്തും ഉല്ലസിയ്ക്കുന്ന ആരാമദൃശ്യമായി  കൃതി വിടരുന്നകൃത്യം  ശില്പഭംഗിയില്‍ കൃതഹസ്തനായ കവി എളുപ്പം സാധിച്ചെടിത്തിട്ടുണ്ട്.  സുന്ദരപദങ്ങൾ ഇതിനുവേണ്ടി വാരിവിതറിയിട്ടുണ്ട്.  അനുപ്രാസനിബന്ധിതമാണ് പല വരികളും. 

         വൈവിധ്യമാർന്ന ആരാമദൃശ്യം വെളിവാക്കാനെന്നവണ്ണം വ്യത്യസ്തമായ പദനിബന്ധനയാണ് വിവിധ ഖണ്ഡങ്ങള്‍ക്കും. ദീർഘാക്ഷരങ്ങൾ ധാരാളം നിബന്ധിച്ചതാണ് “വാനരോത്തമ സഹിത ..”എന്ന സുന്ദരകാണ്ഡഭാ‍ഗം. ഒരുപാടുകാര്യങ്ങള്‍ ഒന്നിച്ചു പറയാന്‍ സമസ്തപദങ്ങള്‍ ഉപയോഗിക്കുക എന്ന ഹസ്തലാഘവത്തിന്റെ ഉദാഹരണമായി  വിളങ്ങുന്നു പല കഥാഭാഗവും.  “ദിവ്യഗാധിസുതസവനാവനരചിതസുബാഹുമുഖവധം’ എന്നതില്‍ വിശ്വാമിത്രന്റെ യാഗവേളയില്‍ സുബാഹുവും മറ്റുരാക്ഷസരും ഉപദ്രവം ഉണ്ടാക്കിയതും അവരെ വധിച്ചതുമായ് കാര്യങ്ങള്‍ ഒറ്റയടിയ്ക്കു തീര്‍ത്തിരിക്കയാണ്. “അതിഘോരശൂര്‍പ്പണഘാവചനാഗതഖരാദിഹരം” എന്നതും വലിയ സംഘട്ടനാത്മകമായ പലേ കാര്യങ്ങളും ഒരു പദത്തില്‍ ഘടിപ്പിച്ചത്. വിശിഷ്ടമോ സുന്ദരമോ പദങ്ങള്‍ നിബന്ധിയ്ക്കാനുള്ള നിഷ്കര്‍ഷയില്‍ വിശ്വാമിത്രനു ദിവ്യഗാധിസുതനും സുഗ്രീവന്‍ “ന‍ഭോമണീതനുജനും‍”  അഗസ്ത്യന്‍ “സുചരിതഘടജനും ” ആയി മാറുന്നു.  സംഗീതമയമാക്കാനുമത്രെ ഈ നിയുക്തപദവിന്യാസങ്ങള്‍‍.

വ്യത്യസ്തനായ ശ്രീരാമന്‍

ധൈര്യം, വീര്യം, ശമം, സൌന്ദര്യം, പ്രൌഢി, സത്യനിഷ്ഠ, ക്ഷമ,,ശീലഗുണം,അജയ്യത ഈ ഗുണങ്ങളൊക്കെ വേണ്ടുവോളും പേറുന്ന രഘൂത്തമന് ഇവയൊക്കെ പോരാ പോരാ എന്നമട്ടിൽ ഇനിയും വാരിയണിയ്ക്കാനാണു സ്വാതി തിരുനാളിനു വ്യഗ്രത.നല്‍ച്ചെയ്തികള്‍ എണ്ണിപ്പറഞ്ഞാല്‍ പോരാ അവ്യ്ക്കു സാധൂകരനം നല്‍കുന്നത് വിശിഷ്ഠവ്യക്തികളുമായിരിക്കണം.  രാജ്യാഭിഷേകപരിത്യാഗവും വനവാസവും  പ്രൌഢപ്രൊജ്വലരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്താലാണത്രെ! (വിഹതാഭിഷേകമഥ വിപിനഗതം  ആര്യവാചാ) കൈകെയിയെ ആണു ‘ആര്യയാക്കിയിരിക്കുന്നത്! രാമായണത്തിലുടനീളം കൈകേയീ ആര്യയാട്ടൊന്നുമല്ല കാണപ്പെടുന്നത്.  ഭരതനുൾപ്പടെ കൈകേയിയെ തള്ളിപ്പറയുന്നത് പലെ  കഥാഭാഗങ്ങളിൽ വ്യക്തമാണ്. വനയാത്രാസമയത്ത് സംയമനം ദീക്ഷിച്ചെങ്കിലും (ശാന്തതമശീലം) വിരാധന്‍ ബലമായി സീതയെ പിടിച്ചെടുത്ത് തോളില്‍ വച്ച് ഓടിയപ്പോള്‍ കൈകേയി അത്ര ആര്യയായിട്ടൊന്നുമല്ല രാമനു തോന്നിയത്. അമ്മായിയമ്മപ്പോരിനാല്‍ സീതയെ കഷ്ടപ്പെടുത്തിയെന്നും “ഏവര്‍ക്കും പ്രിയനാമെന്നെ അവള്‍ കാട്ടിലയച്ചല്ലൊ, ഇപ്പോള്‍ കൃതാര്‍ത്ഥയായിക്കാണും“ എന്നൊക്കെ കൈകേയീഭര്‍സനം ‍ പുറത്തിട്ട ആളാണ് അദ്ദേഹം.  അതിനും മുൻപു ഗംഗാതരണത്തിനു ശേഷം  വ്യാകുലനായ രാമൻ കൌസല്യക്കും സുമിത്രയ്ക്കും വിഷം നൽകിയേക്കും കൈകേയി  എന്നും ശങ്കിക്കുന്നുണ്ട്. സ്വാതി തിരുനാളിന്റെ രാമന്‍ സജ്ജനങ്ങള്‍ പറഞ്ഞിട്ടു വനയാത്ര ചെയ്തവന്‍ മാത്രമാണ്. അനുസരണ മാത്രമല്ല  അതു നല്ലവരുടെ അനുജ്ഞപ്രകാരവുമായിരിക്കണം. അങ്ങനെയാണ് കൈകേയി സ്വാതിതിരുനാളിന് ആര്യയായി മാറുന്നത്.  .

ശ്രീരാമസൌന്ദര്യം-രാമായണകഥയുടെ വഴിത്തിരിവ്

           അതിമനോഹരമായ പഞ്ചവടിയിൽ താമസമുറപ്പിച്ച ശ്രീരാമൻ സ്വാസ്ഥ്യവാനായിരുന്നു. തനിയിക്കിഷ്ടപ്പെട്ട പ്രകൃതി വിളങ്ങുന്ന സ്ഥലം. “ഭംഗി വേണം വനത്തിനി ഭംഗിവേണം സ്ഥലത്തിന്നു‘ എന്ന് ഇച്ഛയക്കൊത്ത സുന്ദരവനസ്ഥലി. കഥ ഇവിടെ സ്വച്ഛതയോടെ വന്നു നിലയുറപ്പിക്കുകയാണ്. അപ്പോഴാണ് ശൂർപ്പണഖയുടെ വരവ്. ശ്രീരാമന്റെ ദേഹകാന്തിയാൽ ആകൃഷ്ഠയായിത്തന്നെ. ഇതേവരെ ശ്രീരാമസൌന്ദര്യത്തെക്കുറിച്ച് ഒന്നോരണ്ടോ വാക്കുകൾ മാത്രം ഇട്ടുപോയ വാൽമീകി ഇവിടെ വാഗ്ധോരണി തുറക്കുകയാണ് ആ പുരുഷസൌന്ദര്യം അപ്പാടെ വെളിവാക്കാൻ.
സിംഹോരസ്കം മഹാബാഹും
പദ്‌മപത്രനിഭേക്ഷണം
വള്ളത്തോൾ തർജ്ജിമ:
ദീപ്താനനൻ മഹാബാഹു താമരത്താർ ദളേക്ഷണൻ
ഗജവിക്രാന്തഗമനൻ വട്ടച്ചിട വഹിച്ചവൻ
സുകുമാരൻ, മഹാസത്വൻ, രാജലക്ഷണസംയുതൻ
ഇന്ദ്രാഭനി,ന്ദീവരനേർവർണ്ണൻ, കന്ദർപ്പസുന്ദരൻ

അതിതീവ്രമായ ഗാഢാലിംഗനത്തിനു കൊതിയ്ക്കുന്ന കാമുകി കാണുന്ന ചിത്രമാണ് വാൽമീകി വരച്ചിരിക്കുന്നത്. ശൂർപ്പണഖ കാമമോഹിതയായിച്ചമയുകയുകയാണ് ഈ പുരുഷസൌന്ദര്യത്തിൽ മയങ്ങി. കഥാശൃംഖലയുടെ ഒരു കണ്ണി വിളക്കിച്ചേർക്കപ്പെടുകയാണ് വന്യതയിൽ വെളിവാകുന്ന പുരുഷസൌന്ദര്യത്തിൽ.   സ്വാതി   തിരുനാൾ ഈ കഥാഗതിയുടെ ഉത്തരവാദിത്തം ശ്രീരാമനിൽ നിന്നും എടുത്തുമാറ്റുകയാണ്. അതിനുവേണ്ടി ചിത്രകൂടാചലത്തിൽ  ഭരതനു മെതിയടി നൽകിയഭാഗത്ത് പൊടുന്നനവേ നിബന്ധിച്ചിരിക്കയാണ്  ശ്രീരാമൻ
 കാമോപമനാണെന്ന കാര്യം.  ‘മഹിതരത്നമയപാദുകം മദനസുന്ദരാംഗം“ എന്ന് അയോദ്ധ്യാകാണ്ഡത്തിൽ തന്നെ പറഞ്ഞു വച്ചിരിക്കയാണ്.  രാവണൻ കഥയിൽ വരാനുള്ള കാരണം ശ്രീരാമന്റെആകാരസൌഷ്ഠവത്തിൽ   നിന്നാണ് ഉറവകൊള്ളുന്നതെന്ന് സമ്മതിക്കാൻ സ്വാതി തിരുനാൾ തയാറല്ല.  ലക്ഷ്മണിലെക്കു ശൂർപ്പണഖയെ തിരിച്ചുവിടുകയും തനിക്കു പറ്റാത്തതു അനുജന ആയീക്കോട്ടെ എന്നു ധരിക്കുകയും ചെയ്യുന്നത് മര്യാദാപുരുഷോത്തമനു ചേർന്നതല്ല താനും. ഭവ്യസുഗുണാരാമത്തിനു ചേരാത്ത പൂവ്. തിരസ്കൃതമായ രതിവാഞ്ഛ മാത്രമല്ല ശൂർപ്പണഖയെ കുപിതയാക്കുന്നത്. ചേട്ടനും അനുജനും കൂടി സ്ത്രീസമീപനത്തിൽ നടത്തുന്ന വ്യാജക്കളികൾ ആണ്.   പോരാഞ്ഞ് അവളുടെ  കോപത്തിനു കൊടുത്ത ശിക്ഷ അതിഭീകരവുമാണ്.    മൂക്കും ചെവിയും   മുറിച്ചുമാറ്റപ്പെടൽ (അദ്ധ്യാത്മരാമായണത്തിൽ  മുറിയ്ക്കപ്പെടുന്നത് മൂക്കും മുലയുമായി ).  ജേഷ്ഠനായ ഖരനോട് ഇക്കാര്യമുണർത്തിക്കയും യുദ്ധത്തിനെത്തിയ ഖരനും കൂട്ടരും വധിക്കപെടുകയും ചെയ്ത സംഭവം മാത്രമാൺ സ്വാതിതിരുനാൾ സൂചിപ്പിക്കുന്നത്. ‘അതിഘോരശൂർപ്പണഖാവചനാഗത ഖരാദിഹരം” എന്നു മാത്രം.  എല്ലാകഥസന്ദർഭങ്ങളും നിബന്ധിക്കാനുള്ള കോപ്പില്ല ഈ കൃതിയൽ എങ്കിലും ഒന്നോരണ്ടൊ വാക്കുകൾ കൊണ്ട് വിസ്തൃതകഥാഭാഗം തെര്യപ്പെടുത്താൻ നിപുണനായ സ്വാതി ഇവിടെ ഒരു ഒളിച്ചു കളിയിൽ ഏർപ്പെടുന്നു.   ശൂർപ്പണഖ അതിഘോരയായെങ്കിൽ അതിൽ തനിക്കു പങ്കൊന്നുമില്ലെന്ന ഒപ്പിച്ചുമാറൽ. പഞ്ചവടിയിൽ അത്യന്തസുന്ദരൻ വിളങ്ങിയതിന്റെ പിൻ ഗതി യാണ്  സീതാപഹരണം എന്ന സത്യം ഒളിപ്പിയ്ക്കൽ.  .രാമനെ വലയ്ക്കാൻ വേണ്ടിയാണ് രാവണൻ സീതാപഹരണത്തിനു മുതിരുന്നത്. ഈ ഉദ്ദേശം പടത്തലവനായ അകമ്പനൻ രാവണനോടു പറഞ്ഞു തെര്യപ്പെടുത്തുന്നുണ്ട്:

 തദ്ഭാര്യയെക്കക്കുക, വൻ കാട്ടിലിട്ടു വലച്ചു നീ
ആക്കാമി, രാമൻ അവളായ് പിരിഞ്ഞാലുയിർ കൈവിടും

സ്വർണ്ണമാനായിച്ചമയാനുള്ള അഭ്യർത്ഥനയുമായി മാരീചന്റെ പക്കലെത്തിയ രാവണൻ  ഇതേ ഉദ്ദേശം വിശദമാക്കുന്നുണ്ട്:

“എന്നിട്ടു സുഖമായ്ബ്ഭാര്യ പോയഴൽ‌പ്പെട്ടരാമനെ
ഉപദ്രവിപ്പൻ കൂസാതെ കൃതാർത്ഥമതിയായി ഞാൻ’

അന്തഃപുരത്തിലെ സുന്ദരിമാരുടെ എണ്ണം കൂട്ടാനുള്ള ഉദ്യമമല്ല   രാവണന്റേത്.  ഖരനുൾപ്പെടെ പതിനാലായിരം പേരെയാണു രാമൻ വധിച്ചത്.  സഹോദരിയെ വെട്ടി മുറിവേൽ‌പ്പിച്ചിരിക്കുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യുക തന്നെ.  സീതാപഹരണകാരണം രാമനിൽ തുടങ്ങുന്നു  കാമതിരസ്കാരത്തിനു കാമനാശനോപകൃതി പകരം. രഘൂത്തമന്റെ നാരദപ്രോക്തമായ ഗുണഗണങ്ങിളിലൊന്നായ സൌന്ദര്യം വിതച്ച് വിത്ത്.

   കിഷ്ക്കിന്ധാകാണ്ഡത്തിലെ ആദ്യവരി (കനകമൃഗരൂപധരഖലമാരീചഹരം ഇഹ) യിലും ചില തമസ്കരണങ്ങൾ കാണാം. ഖലനായ മാരീചന വെറുതെ പൊന്മാനായി  വേഷം മാറി വന്നു പറ്റ്യ്ക്കാൻ ശ്രമിച്ചതിനാൽ  കൊന്നുകളഞ്ഞു എന്ന മാതിരി പ്രസ്താവന.  മാരീചനാകട്ടെ  ഈ ആൾമാറാട്ടത്തിനു  സമ്മതവുമില്ലായിരുന്നു.   പ്രാണഭയം ഒന്നുകൊണ്ടുമാത്രമാൺ  മാരീചൻ തയാറായത്. മരിയ്ക്കുകയാനെങ്കിൽ ശ്രീരാമന്റെ കയ്കൾ കൊണ്ടു തന്നെയാകട്ടെ എന്ന നിശ്ചയവും. പക്ഷെ ‘ഖല’എന്ന വിശേഷണം ചേർത്ത് ശ്രീരാമനു കൊല്ലാൻ പാകത്തിലുള്ള കഥാപാത്രമാകി മാറ്റി ഇവിടെയും കാരണത്തെ അമർത്തിയിരിക്കുന്നു..സ്വർണ്ണമാനിൽ സീത ഭ്രമിയ്ക്കുമെന്നും  രാമൻ അതിനു പുറകേ പോകുമെന്നും കണക്കാക്കിയ രാവണന്റെ അതിബുദ്ധിയ്ക്കു അടിയറവുപറയൽ സുഗുണാരാമനു ദോഷം.

വാലി തനുദലനം ശം
രാമന്റെ മനസ്സ് രാജനീതിയിൽ അധിഷ്ഠിതമാണ്, പക്ഷേ  ആത്യന്തികമായി മാനവനാണ് രാമൻ. അതിന്റെ ദുർബലത ഏറുന്നുമുണ്ട്. ബലഹീനത എറ്റവും പ്രകടമായ സന്ദർഭങ്ങളാണ് ബാ‍ലി വധവും സീതയെ വീണ്ടെടുത്ത സമയവും.  വാനരസൈന്യത്തെ വശഗമാക്കാൻ വേണ്ടി മുങ്കൂർ നിശ്ചയിച്ച പദ്ധതിപ്രകാരമാണ് ധർമ്മിഷ്ഠന്റെ അനുശീലങ്ങൾ മറന്ന് ബാലിയെ ഒളിയമ്പെയ്തു വധിക്കുന്നത്. രാവണനെ കക്ഷത്തിലിടുക്കിക്കൊണ്ടുനടന്നവനാണു ബാലി. അതിനു ശേഷം രണ്ടു പേരും അഗ്നിസാക്ഷിയായി സഖ്യം ചെയ്തവരും. “തമ്മിൽ കെട്ടിപ്പുണർന്നിട്ടങ്ങണ്ണൻ തമ്പികളായിനാർ“. ബാലിയോട് സഹായം ചോദിച്ചാൽ കിട്ടാൻ സാദ്ധ്യതയില്ലെന്ന സന്ദേഹമുണ്ട്. സുഗ്രീവനുമായാണു സഖ്യമുണ്ടാക്കേണ്ടത്,പ്രത്യുപകാരലാഭം തന്നെ, അതുമാത്രം നോട്ടം, നേട്ടം. രാജാധികാരം കൈവന്ന സുഗ്രീവൻ സുഖഭോഗങ്ങളിൽ മുഴുകി  യപ്പോൾ പ്രത്യുപകാരം മറന്നെന്നു തോന്നിപ്പോയി രഘൂത്തമന്. ലക്ഷ്മണൻ ചെന്നു പറയുന്നത്:
അധമൻ വാക്കു തെറ്റിച്ചോൻ, കൃതഘ്നൻ നീ പ്ലവംഗമ,
പകരം ചെയ്‌വതില്ലല്ലൊ മുൻ ചെയ്തതിനു രാമനിൽ”

പകരത്തിനു പകരം തന്നെ ലാക്ക്. ബാലിയെ കൊന്നത് വെറുതെ ആയോ എന്ന പേടി. “എന്തിനാ എന്നെ കൊല്ലുന്നത്, നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ പോയി രാവണനെ വെന്ന് സീതയെ കൊണ്ടുവരുമായിരുന്നല്ലൊ“ എന്ന കളിയാക്കൽ സത്യം ബാലി പുറത്തുവിടുമ്പോൾ ശ്രീരാമനു മറുപടിയൊന്നുമില്ല താനും.മൃതപ്രായനായ  ബാലിയുടെ ധർമ്മവാദങ്ങൾക്കു മുൻപിൽ രാമന് യുക്തികളൊന്നുമില്ല. അനുജന്റെ ഭാര്യയെ അപഹരിച്ചതിനുള്ള ശിക്ഷയാണ് ഈ കൊലപാതകം എന്ന കള്ളമാണ് ശ്രീരാമൻ  വച്ചു നീട്ടിയത്. രാജ്യഭാരവും ഭാര്യയും നഷ്ടപ്പെട്ടവൻ ജീവിതം തിരിച്ചുപിടിക്കാൻ ചെയ്ത ഹീനപ്രവർത്തിയെ വിശുദ്ധിയിൽ പൊതിയേണ്ടത്   സ്വാതി തിരുനാളിന്റെ കാവ്യോദ്ദെശമാണ്. അതിനാൽ ബാലിയുടെ ശരീരത്തെ പിളർന്ന (തനുദലനം)തിനോടു കൂടി “ഈശം” എന്ന വാക്കു ഘടിപ്പിച്ചിരിക്കയാണ്.  ഐശ്വര്യമായിട്ട് കൊന്നു കളഞ്ഞത്രേ.

ശ്രീനിധിം ഉദധിതീരാശ്രിതവിഭീഷണമിളിതം


             തെറ്റിനിൽക്കുന്ന അനുജൻ വഴി ജ്യേഷ്ഠനെ പിടികൂടുക എന്ന തന്ത്രം വീണ്ടും രാമൻ പ്രയോഗിക്കുന്നു വിഭീഷണസഖ്യം മൂലം. ലങ്കയിലെ  പുറത്തറിയാത്ത രഹസ്യങ്ങൾ മുഴുവൻ രാമൻ പിടിച്ചെടുക്കുന്നത് വിഭീഷണൻ വഴിയാണ്.  വിഭീഷണനും രാജ്യാധികാരത്തിലാണു കണ്ണ്. സ്വന്തം ജ്യേഷ്ഠനെ വെടിഞ്ഞ് എന്റെ കൂടെ കൂടിയതിന്റെ ഫലം കിട്ടിയല്ലൊ എന്നു രാമൻ പിന്നീട് പറയുന്നുമുണ്ട്.  ഇതിലെ സത്യങ്ങൾ ഇന്ദ്രജിത്ത് സഹിക്കവയ്യാതെ  വലിച്ചെറിയുന്നുണ്ട് വിഭീഷണന്റെ മുഖത്തു തനെ.

ന ഞ്ജാതിത്വം ന സൌഹാർദ്ദം
ന ജാതിസ്തവ ദുർമതേ
പ്രമാണം ന ച സൌദര്യം
ന ധർമോ ധർമ്മദൂഷണ
 (യുദ്ധകാണ്ഡം, സർഗ്ഗം 87)
(ധർമ്മത്തെ ദുഷിപ്പിച്ചവനേ, ദുഷ്ടബുദ്ധിയാർന്നവനേ, അങ്ങേയ്ക്ക് ഉറ്റബന്ധുവെന്നത് ഇല്ല; നല്ല വിചാരവുമില്ല; ജാതിമുറയുമില്ല; ധർമ്മമെന്നതുമില്ല; ഭ്രാതൃഭാവമെന്നതിനും വിലയില്ല).
ശത്രുവിനു ദാസ്യവേല ചെയ്യുന്നവനും സ്വജനത്തെ നിന്ദിക്കുന്നവനുമാണെന്നു ഭർസിക്കുന്നുമുണ്ട് ഇന്ദ്രജിത്. ഗുണാഢ്യനായ മറ്റുള്ളവനെക്കാൾ ഗുണഹീനരായ സ്വജനങ്ങൽ തന്നെ നല്ലതെന്നും ഇന്ദ്രജിത് വാദിക്കുന്നത് കുടുംബം എന്ന കെട്ടുപാടും പരസ്പരവിശ്വാസതയും  ആപൽഘട്ടത്തിൽ നിലനിർത്താനാണ്. രാമൻ രാജ്യപരിത്യാഗം ചെയ്തത് അച്ഛൻ കൈകേയിക്കു കൊടുത്ത വാക്കുപാലിക്കാൻ മാത്രമല്ല കുടുംബകലഹം ഒഴിവാക്കാനും കൂടിയാണ്.. പക്ഷെ മറ്റൊരു രാജകുടുംബത്തിൽ ഭവിക്കുന്ന ഛിദ്രതയെ തൻ`കാര്യത്തിനു കൂട്ടുപിടിക്കുന്നത് ആത്മാഭിമാനപ്രശ്നമൊന്നുമല്ല  രഘുവംശകുലാധിപചന്ദ്രന്. ശ്രീരാമനും വാനരസേനയ്ക്കും മാത്രം ചെയ്യാൻ പറ്റുന്ന കാര്യമല്ലായിരുന്നു രാവണനിഗ്രഹം.  വിഭീഷണന്റെ സഹായം അത്യന്താപേക്ഷിതം. ഇക്കാര്യം പിന്നീട് ഭരതൻ വിഭീഷണനോട് എറ്റുപറയുന്നുണ്ട്.
ഭാഗ്യം നിൻ തുണയാലല്ലൊ
ചെയ്തൂ ദുഷ്കരമാം തൊഴിൽ
തന്റെയടുത്തെത്തിയ വിഭീഷണനോട് ആദ്യം  ചോദിച്ചറിയേണ്ടതും രാവണന്റെ ബലാബലരഹസ്യങ്ങളായിരുന്നു. വേണ്ടുവോളം ശത്രുരഹസ്യങ്ങൾ ആർജ്ജിച്ചതേ വിഭീഷണനെ പ്രതീകത്മകമായി ലങ്കാപതിയായിട്ട് അഭിഷേകം ചെയ്യുകയാണ് പ്രത്യുപകാരമായി.  ഈ തന്ത്രത്തെ ഐശ്വര്യപൂർണ്ണമാക്കുവാനായി “ശ്രീനിധിം” എന്ന വിശേഷണത്തോടെയാണ് സ്വാതി തിരുനാൾ വിഭീഷണ സംഗമം അവതരിപ്പിക്കുന്നത്.


അതിധീരം ജ്വലനപൂത ജനകസുത...

  അതീവധൈര്യത്തോടെ അഗ്നിയാൽ ശുദ്ധിയാക്കിയ സീതയുമായി ശ്രീരാമൻ സാകേതത്തിലെത്തുന്നതായാണ് യുദ്ധകാണ്ഡത്തിലെ മൂന്നാം വരി സൂചിപ്പിക്കുന്നത്. ഇവിടെ “അതിധീരം” എന്ന വാക് സ്വാതിതിരുനാൾ ചേർത്തത് കൃത്യമായ ഉദ്ദേശങ്ങളോടെയാണ്. മുകളിത്തെ വരിയോടു കൂടിയാൺ അതിധീരം ഇണക്കിയിരിക്കുന്നതെങ്കിലും  “ജ്വലന പൂത” സമയത്തെ രാമമനോനിലാവിശേഷണം തന്നെ ഇത്. “അഗ്നിപരീക്ഷ നടത്തീ തൻ പരിശുദ്ധത കാട്ടീ ശ്രീരാമൻ” എന്ന ചിന്താഗതി പ്രചുരപ്രചാരം സിദ്ധിച്ചതാണ്, അതു പിന്തുടരുകയണ് സ്വാതി തിരുനാൾ. എന്നാൽ ധീരോദാത്തനായകൻ  അങ്ങനെയല്ലാതായി പ്രാകൃതമനുഷ്യനാകുന്ന ദൃഷ്ടാന്തമാണ് യുദ്ധാനന്തരം ഉള്ള സീതാദർശന വേള. വീര്യവും ശൌര്യവും കളഞ്ഞുകുളിച്ച് അതി പാമരസമാനമാകുന്ന ദയനീയതിലേക്ക് വഹിക്കപ്പെടുന്ന ശ്രീരാമൻ.  രാവണൻ അധികനാൾ സഹിച്ചിരുന്നുകാണുമോ നിന്റെ സൌന്ദര്യം കണ്ട്? നേത്രരോഗിക്ക് ദീപം കാണുന്നതുപോലെയാണ് നിന്നെ ഇപ്പോൾ കാണുന്നത്.
പ്രാപ്തചാരിത്ര സന്ദേഹാ
മമ പ്രതിമുഖേ സ്ഥിതാ
ദീപോ നേത്രാതുരസ്യേവ
പ്രതികൂലാസി മേ ദൃഢം

യുദ്ധകാണ്ഡത്തിലെ നൂറ്റിപ്പതിനെട്ടാം സർഗ്ഗമാണ് രാമപരുഷവാക്യം. രാമായണകഥ ഏകതാനതയോടെ പിന്തുടരുന്ന അനുവാചകരെ ഞെട്ടിയ്ക്കുന്നതാണ്  പൊടുന്നനവേ ഉള്ള  സീതാഭർസനം.മർത്ത്യമാനം രക്ഷിയ്ക്കുവാൻ വേണ്ടി മാത്രമാണു രാവണനെ കൊന്നതെന്ന്‌  നിർല്ലജ്ജം വെളിപാടുണർത്തിക്കുന്നു രാമൻ.

ഞാൻ മിത്രജനവീര്യത്തിലിസ്സാധിച്ച രണശ്രമം
നിനക്കായ് ചെയ്തതല്ലെന്നും ഭദ്രേ, ബോധിച്ചു കൊൾക നീ”

“ഇച്ചെയ്തതൊക്കെ പേരുകേട്ട എന്റെ വംശത്തിന് ഇളപ്പവും ദുഷ്പ്പേരും വരാതിരിക്കാനും നീതിപാലനത്തിനും മാത്രം. നീ ഇഷ്ടം പോലെ എവിടെങ്കിലും പൊയ്ക്കൊൾക.  പത്തു ദിക്കിലെവിടെയെങ്കിലും. വേറൊരു വീട്ടിൽ‌പ്പോയി വസിച്ചവളെ ഏതു കുലീനൻ തിരിച്ചെടുക്കും? രാവണന്റെ മടിയിൽ കയറി ഇരുന്നവൾ നീ, ആ ദുഷ്ടന്റെ കണ്ണാലെ കണ്ടവൾ, കുലവൻപ് ഓതിടുന്ന ഞാൻ നിന്നെ അങ്ങനെ തിരിചെടുക്കുകയോ? എന്തിനു വേണ്ടി നിന്നെ വീണ്ടെടുത്തുവോ അതു കിട്ടിക്കഴിഞ്ഞു എനിയ്ക്ക്. ഇനി ഒരു ആസക്തിയുമില്ല. സ്വന്തം വീട്ടിൽ  നിന്നെക്കണ്ടിട്ടു രാവണൻ ഏറെ നാൾ സഹിച്ചിരുന്നു കാണുകയില്ല”. രാമനിലെ അതിസംശയരോഗം ബാധിച്ച ഭർത്താവ് പച്ചയായി പുറത്തുവന്ന് ക്രൂരസ്വഭാവം കാട്ടുകയാണ്. ക്രൌര്യം സീമാതീതമാവുകയാണ്. നികൃഷ്ടനായ ഒരു ഭർത്താവുപോലും പറയാൻ ധൈര്യപ്പെടാത്ത വാക്കുകളാണു പിന്നീട് ; ഭരതനേയോ ലക്ഷ്മണനേയോ ഭർത്താ‍ാവാക്കിക്കൊള്ളാനും അല്ലെങ്കിൽ ശത്രുഘ്നനേയോ സുഗ്രീവനേയോ വിഭീഷണനേയോ സേവിച്ച് സുഖിച്ചുകൊള്ളാനുമാണ് അടുത്ത നിർദ്ദേശം. ഭാര്യയെ പരിത്യജിക്കുക മാത്രമല്ല തനിക്കു യോജ്യമല്ലാത്തവൾ അനുജന്മാർക്കു പറ്റിയതാണേന്ന് പറയുക വഴി അവരേയും ഇകഴ്ത്തുകയാണ്.

“ഈ വണ്ണമിതു ഞാൻ ഭദ്രേ, തീർപ്പു ചെയ്തിട്ടുരച്ചതാം
പാർക്കാം യഥേഷ്ടം ഭരതൻ തങ്കലോ ലക്ഷ്മണങ്കലോ
സീതേ, ശത്രുഘ്നസുഗ്രീവരാ, ശരേന്ദ്രൻ വിഭീഷണൻ,
സേവിച്ചുകൊൾകിവരാരെയോ, സുഖം തോന്നുമിടത്തെയോ”

ഇതുകേട്ട് ഞെട്ടിവിറച്ച സീത അഗ്നിയിൽ സ്വയമേവ ചാടാൻ തീരുമാനിക്കുകയാണ്.  ചിത കൂട്ടാനൊരുമ്പെട്ട ലക്ഷ്മണൻ കണ്ടത്  മുഖഭാവത്താൽ അനുജ്ഞ നൽകുന്ന ശ്രീരാമനെയാണ്. സീതയുടെ ചാരിത്ര്യത്തിൽ വിശ്വാസമില്ലെന്ന ഉറപ്പിന്റെ പ്രത്യ്ക്ഷം.ഭവിഷ്യത്തു ചിന്തിക്കാതെ അധമവികാരങ്ങൾക്ക് വശംവദനാകൽ..സീതയുടെ ദേഹം പങ്കിലമാവാതെ കിട്ടുക എന്നത് സ്നേഹത്തേക്ക്ക്കാൾ ഏറെ കാമത്തിനു വശംവദനായ ശ്രീരാമൻ പ്രതീക്ഷിക്കേണ്ടി വന്നതിൽ ആശ്ചര്യമില്ല. സേതുബന്ധനത്തിനു മുൻപ് മടി കൂടാതെ സ്വന്തം അനുജനോട് തുറന്നു പറയുന്നത്  കാമാഗ്നിയാൽ ദേഹം എരിയുന്നുവെന്നും കടലിൽ പോയിക്കിടന്നാലോ “നീരിൽക്കിടന്നാൽ കാമത്തീ എന്നെ ചിക്കെന്നെരിച്ചിടാ” എന്നൊക്കെയാണ്. മാത്രമല്ല വിരഹതാപം പൊള്ളിച്ചെടുക്കുന്ന വിലാപം ഇങ്ങനെയൊക്കെയുമാണ്:

എന്നു നൽത്തൊണ്ടിനേർച്ചുണ്ടുള്ളവൾതൻ വദനാംബുജം
ആർത്തൻ രസായനം  പോലെ, തെല്ലുയർത്തി നുകർന്നിടും!
തിങ്ങിവിങ്ങിപ്പനന്തേങ്ങയ്ക്കൊത്തതാം നൽകുചദ്വയം
പുൽകുന്നേരം തുളുമ്പിക്കൊണ്ടെങ്കലെന്നൊന്നു ചേർന്നിടും!
                       (യുദ്ധകാണ്ഡം, സർഗ്ഗം5)

  ശുദ്ധി തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്നു കരുതിയല്ല സീത അഗ്നിപ്രവേശിതയാകുന്നത്..ജ്വലനപൂതം -അഗ്നിയാൽ ശുദ്ധിയാക്കപ്പെട്ട- എന്ന പ്രയോഗം മൂലം സ്വാ‍തിയും ശ്രീരാമപക്ഷത്തു തന്നെ. ഈ അതിദൌർബ്ബല്യാ‍വസ്ഥയെ മറികടക്കാനുള്ള ശ്രമം  ‘അതിധീരമായി  ശ്രീരാമൻ മനസ്സുറപ്പിച്ചു ചെയ്ത കൃത്യമാണ് അഗ്നികൊണ്ടുള്ള ശുദ്ധിവരുത്തൽ എന്നു മാറ്റിയെഴുതാൻ സ്വാതി തിരുനാളിനെ പ്രേരിപ്പിച്ചിരിക്കുന്നു..

ശുദ്ധവെജിറ്റേറിയനാകുന്ന ശ്രീരാമൻ

       യുദ്ധകാണ്ഡത്തിലെ ആദ്യവരിയിലെ ‘ഖലനിസ്സീമപിശിതാശന ദലനം‘ ഒരു സോദ്ദേശപ്രക്രിയയാൽ ചേർക്കപ്പെട്ടതാണ്.. നിസ്സീമമായ ഖലത്വമുള്ള പിശിതാശനരെ-മാംസാഹാരികളെ-കൊന്ന കാര്യം. സേതുബന്ധനത്തിനു മുൻപ് കള്ളന്മാരും ഉഗ്രകർമ്മികളുമായ ആഭീരന്മാരുടെ വാസസ്ഥലത്തേയ്ക്കു അമ്പയക്കാൻ സാ‍ാഗരരാജാവിന്റെ അപേക്ഷയാൽ തുനിയുകയും മരുഭൂവായിരുന്ന പ്രദേശം  സമൃദ്ധിയാൽ പരിലസിക്കുകയും ചെയ്തതായിട്ടാണു വാൽമീകിയുടെ കഥനം. മരുകാന്താരം എന്ന ഈ സ്ഥലം ശോഭനമായിത്തീർന്നു അതിനാൽ. ആഭീരന്മാർ മാംസഭുക്കുകളാണെന്നു ഒരു പൌരാണികകൃതികളിലും പരാമർശം ഇല്ല തന്നെ.  രാമായണസമഗ്രതയിൽ  വളരെ അപ്രധാനവും തീരെ ചെറുതും ആണ് ഈ കഥാഭാഗം അതിനെ മാംസാ‍ഹാരികൾക്കെതിരായുള്ള രാമചേഷ്ടയാക്കിയിരിക്കുകയാണ് സ്വാതി തിരുനാ‍ൾ. ശ്രീരാമനെന്നല്ല അഗസ്ത്യമുനിയുൾപ്പടെ എല്ലാവരും മാംസാഹാരികളാണ് രാമായണത്തിൽ കൃത്യമായി ഇത് രേഖപ്പെടുത്തിയിരിക്കുന്നു. ഗുഹൻ ഭരതനെ സൽക്കരിക്കുന്നത് മത്സ്യമാംസാദികൾ കൊണ്ടു മാത്രമല്ല മദ്യവും ചേർത്താണ്. ഭരദ്വാജമുനിയുടെ ആശ്രമത്തിൽ ഭരതനും പരിവാരങ്ങൾക്ക് പന്നി, ആട്, മാൻ കോഴി  എന്നിവയാണു കറി വച്ചു വിളമ്പിയത്. ബ്രാഹ്മണരുടെ ഇഷ്ടഭോജ്യം ആടിന്റെ മാംസം ആയിരുന്നു എന്ന് അഗസ്ത്യമുനി യുടെയും വാതാപി-ഇല്വല രാക്ഷസന്മാരുടെയും കഥയിൽ ആഖ്യാനമുണ്ട്.  വാതാപിയും ഇല്വലനും ബ്രാഹ്മണവേഷം പൂണ്ട് ഒരുക്കിക്കൊടുത്ത ആടുമാംസം അഗസ്ത്യമുനി മൃഷ്ടാന്നം കഴിച്ചിട്ടുണ്ട്.  ചിത്രകൂടത്തിലെത്തിയപ്പോൾ ശ്രേഷ്ഠമൃഗങ്ങളെ വധിച്ചു മാംസം ഭക്ഷിച്ചു തൃപ്തിയടഞ്ഞവരാണു രാമസീതാലക്ഷ്മണന്മാർ (അയോദ്ധ്യാകാണ്ഡം, സർഗ്ഗം 55). ചിത്രകൂടത്തിൽ വച്ചുതന്നെ ‘കുറ്റിപൂജ’നടത്താൻ കൃഷ്ണമൃഗത്തിന്റെ വേവിച്ച മാംസമാണ് ഉപയോഗിക്കുന്നത്. കബന്ധവധത്തിനു ശേഷം ദനു ആയി മാറിയപ്പോൾ പമ്പാതീരത്ത് നെയ്യുപോലെ രുചികരമായ പക്ഷികളെ സ്വാദോടെ ഭക്ഷിക്കാമെന്നും പമ്പയിലെ മുള്ളു ക്ഉറഞ്ഞ മീനുകളെ പൊരിച്ചു തിന്നാമെന്നുമാണ് രാമലക്ഷ്മണന്മാരോടു പറയുന്നത്.   ഇതൊന്നുമല്ലാതെ  ജയന്തൻ കാക്കയായി വന്നു സീതയുടെ മാറിൽ കൊത്തുന്ന കഥഭാഗത്താണ്    രാമന്റേയും സീതയുടെയും ഗ്രാമ്യചിത്രം തെളിയുന്നത്. ഇറച്ചി ഉണക്കാനിട്ടീട്ട്   കാക്കയെ ഓടിയ്ക്കാൻ കാവലിരിക്കുന്ന ശ്രീരാമനും സീതയും. ലങ്കയിലെത്തിയ ഹനുമാനോടു സീത പറയുന്ന അടയാളവാക്യഭാഗം. അതിഭക്തിയിൽ തൂലിക മുക്കിയെഴുതി  തോരാതെ ശ്രീരാമഭജനം  ചൊല്ലുന്ന എഴുത്തച്ഛനും ഈ ഇറച്ചിയുണക്കൽ വിട്ടുകളയുന്നില്ല
പലലമതു പരിചിനൊടുണക്കുവാൻ ചിക്കി ഞാൻ
പാർത്തതും കാത്തിരുന്നീടും ദശാന്തരേ
 (പലലം=ഇറച്ചി) .
 ഭരദ്വാശ്രമപ്രവേശസമയത്തും മാംസം തന്നെ ഭക്ഷണമെന്നു എഴുത്തച്ഛൻ വീണ്ടും ഓർമ്മിപ്പിയ്ക്കുന്നു.
വൈദേഹി തന്നൊടു കൂടവേ രാഘവൻ
സോദരനോടുമൊരു മൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു...
(ഭുക്ത്വാ=ഭുജിച്ചിട്ട്)
സീതയ്ക്കാവട്ടെ  പൊരിച്ച മാംസം അതിപ്രിയവുമാണ്. ചിത്രകൂടത്തിലെത്തിയപ്പോൾ ഭാര്യയെ സന്തോഷിപ്പിക്കാൻ രാമനു തിടുക്കം

ആ മലമ്പുഴയവ്വണ്ണം കാട്ടി വൈദേഹി സീതയെ
മാംസത്താൽ പ്രീതയാക്കിക്കൊണ്ടിരുന്നാൻ ഗിരിസാനുവിൽ;
“ഇതു മൃഷ്ടമിതോ സ്വാദു, വിതു തീയിൽ പൊരിച്ചതാം‘
എന്നങ്ങിരുന്നാൻ ധർമ്മിഷ്ഠൻ സീതയോടൊത്തു രാഘവൻ
(അയോദ്ധ്യാകാണ്ഡം, സർഗ്ഗം 96)

അശോകവനത്തിൽ  ഹനുമാൻ സീതയോടു പറയുന്നത് വിഷാദഗ്രസ്തനായ ശ്രീരാമൻ സീതകൂടെയില്ലാത്തതിനാൽ മാംസം കഴിക്കുന്നതും മദ്യം സേവിക്കുന്നതും പാടേ നിറുത്തി എന്നാണ്!
“”നിന്നെക്കാണായ്കയാലാര്യേ മാലിൽ മുങ്ങിയ രാ‍ാഘവൻ
നേടുന്നീലാ സുഖം, സിംഹാർദ്ദിതമാമാന പോലവേ
......................................................
മാംസം തിന്നില്ല കാകുത്സ്ഥൻ, കുടിയ്ക്കാറില്ല മദ്യവും
നിത്യം, വിധിച്ച വന്യാന്നം  അഞ്ചാം നേരത്തശിച്ചിടും
(സുന്ദരകാണ്ഡം, സർഗ്ഗം36)
പക്ഷെ പ്രകൃതകൃതിയിൽ മാംസാഹാരികൾ വധമർഹിക്കുന്നവരാണ്. അത് സ്വാതിയുടെ ശ്രീരാമന്റെ ഭവ്യഗുണങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു.

ഭാനുശതഭാസ്വര ഭവ്യരത്നാംഗുലീയം.... അന്യൂന ചൂഡാമണി ദർശനം

വാൽമീകി രാമായണത്തിൽ നിന്നും അദ്ധ്യാത്മരാമായണത്തിലേക്കുള്ള ശ്രീരാമന്റെ പകർച്ച അത്ര എളുപ്പമുള്ളതായിരുന്നില്ല. വെറും മനുഷ്യൻ വിഷ്ണുവിന്റെ അവതാരവും ദൈവവുമായി മാറ്റപ്പെടുമ്പോൾ മാനുഷികമായബുദ്ധിമുട്ടുകളും ദൌർബല്യങ്ങളും ഒളിപ്പിക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ പുതിയ ആവരണത്താൽ പുതപ്പിക്കുകയോ വേണ്ടി വരും. അത്ര ദൈവീകപ്രഭയുള്ളവനായിരുന്നെങ്കിൽ ഭാര്യയെ ഒരു രാക്ഷസൻ കട്ടുകൊണ്ടു പോകുമോ?  രാവണ നിഗ്രഹം അവതാരോദ്ദേശവും കഥാസന്ദർഭങ്ങൾ ഇതിനായി ഒരുക്കിയ നിമിത്തങ്ങളുമാക്കിയാണ്  ഈ കാ‍ര്യം സാധിക്കപ്പെട്ടിരിക്കുന്നത്. അദ്ധ്യാത്മരാമായണത്തിൽ പഞ്ചവടിയിൽ വച്ച് സീതയെ അഗ്നിയെ ഏൽ‌പ്പിച്ചിട്ട് പകരം മായാസീതയുമായാണ് പിന്നീടുള്ള രാമന്റെ അയണങ്ങൾ. രാവണനു പിടിച്ചുകൊണ്ടുപോകാൻ എളുപ്പം കരുവാകുന്ന  മായാ സീത. ഭർത്താവെന്ന നിലയിൽ ശ്രീരാമനു  സീതയ്ക്കേൽക്കുന്ന അപമാനവും പീഡനവും ഒന്നും ധാർമ്മികോത്തരവാദിത്തമല്ലാതാകുന്നു.   “ഭാവയാമി...”യിലും സീത ഏരെക്കുറെ അദൃയക്കപ്പെട്ടിരിക്കയാണ്.  ഏതാണ്ട് സാമാന്യനാമം പോലെ തോന്നുന്ന ‘ജനകജ‘ എന്നോ ‘ജനകസുത‘ എന്ന പേരാണ്  ഉപയോഗിച്ചിട്ടുള്ളത്. സീതാപഹരണം വസ്തുതയാക്കാതെ ‘ദശാസ്യൻ അപഹരിച്ച ജനകസുതയെ  അന്വേഷിക്കൽ’ എന്ന് ഒരു സാമൂഹ്യസേവനമെന്നു തോ‍ാന്നിപ്പിക്കുന്ന തരത്തിലാണ് പ്രതിപാദ്യം  (ദശാസ്യാഹൃതജനകജാന്വേഷണം).   എല്ലാ ഗുണവും തികഞ്ഞവനാണെങ്കിൽ ഭാര്യയ്ക്ക് ദുർഗ്ഗതി വരരുതല്ലൊ. സീതയെ തമസ്കരിക്കുക തന്നെ പോം വഴി. അതീവതന്ത്രശാലികൾ കളിച്ച നാടകം അറിയാതെ പോയി ഭാര്യക്ക് അവമതി വന്നത് പറയാതിരിക്കുക തന്നെ ഭേദം. ഹനുമാൻ വശം അടയാളമൊതിരം കൊടുക്കൽ, സമുദ്രലംഘനം സീതയെ കാണൽ,  അടയാളവാക്യം  ലങ്കാദഹനം, ഇവയൊക്കെ പ്രതിപാദിക്കുന്ന  68 സർഗ്ഗങ്ങളുള്ള സുന്ദരകാണ്ഡം  ഇല്ലാതാക്കിയിരിക്കുന്നു സ്വാതി തിരുനാൾ. ശ്രീരാമൻ അധികം പ്രത്യക്ഷപ്പെടാത്ത ഒരേ ഒരു കാണ്ഡമാണ് സുന്ദരകാണ്ഡം.  ശ്രീരാമന്റെ ധർമ്മചര്യകളൊക്കെയും വൃഥാവിലായെന്നു പരിതപിച്ച് അത്യന്തം ഖിന്നയായി ആത്മഹത്യക്കൊരുങ്ങുന്ന സീതയെ സുന്ദരകാണ്ഡത്തിൽ കാണാം.  വിഷമോ ആയുധമോ കിട്ടാൻ വഴിയില്ലാതെ സ്വന്തം തലമുടി തന്നെ കുരുക്കിട്ട് മരണം കൈവരിക്കാനുഴറുന്ന സീത.  സീതാമൃതിനിശ്ചയവും സീതാമരണോദ്യമവും ഇക്കാര്യം പ്രതിപാദിക്കുന്ന രണ്ടു സർഗ്ഗങ്ങളാണ്. കിഷിക്കിന്ധാകാണ്ഡത്തിന്റെ അവസാനം (ഹനുമാന്റെ കയ്യിൽ മോതിരം ഏൽ‌പ്പിക്കൽ) കഴിഞ്ഞ് സുന്ദരകാണ്ഡത്തിന്റെ അവസാനസർഗ്ഗത്തിലാണ്  ‘ഭാവയാമി...’‘യിലെ ബാക്കി കഥ തുടരുന്നത്. വായുസൂനു കരാർപ്പിത ഭാനുശത ഭാസ്വര ഭവ്യരത്നാംഗുലീയം’ കഴിഞ്ഞ് പൊടുന്നനവേ  ‘തേന പുനരാനീതാന്യൂന ചൂഡാമണി ദർശനം”  എന്നാണ്. മുദ്രമോതിരം കൊടുത്തു വിടുന്നതു കഴിഞ്ഞാൽ ഹനുമാൻ തിരിച്ചു കൊണ്ടു വന്ന ചൂഡാമണി കാണുന്നതിലേക്കു ദൃശ്യം മാറുകയാണ് പൊടുന്നനെ.  ചൂഡാമണി അന്യൂനമായിട്ടു കാണുന്നതിൽ നിന്നും സീതയ്ക്കു അപകടമൊന്നും പറ്റിയിട്ടില്ലെന്നു തോന്നുന്നതായി വ്യഞ്ജിപ്പിച്ചിരിക്കുന്നു.  ഭവ്യസുഗുണാരാമത്തിൽ വിലക്ഷണമായ വാടിയ പൂവ് ഒഴിവാക്കേണ്ടതു തന്നെ. അതു സീതയായാലും. ഹനുമാന്റെ കയ്യിൽ കൊടുത്തുവിടുന്നത് പേരു കൊത്തിയ മോതിരം എന്നു മാത്രമേ വാൽമീകി -എഴുത്തച്ഛൻ രാമായണങ്ങളിലുള്ളു. നൂറു സൂര്യന്മാരുടെ ഭാസുരത്വമുള്ള ഭവ്യമായ, രത്നക്കല്ലു പതിച്ച അംഗുലീയമാണ്   സ്വാതി തിരുനാളിന്റെ ശ്രീരാമൻ കൊടുത്തു വിടുന്നത്. അടയാളമായി സീത അറിയാൻ വേണ്ടി മാത്രമുള്ള ഈ ചെയ്തി പ്രൌഢിയുടെ മുദ്രയാക്കി മാറ്റിയിരിക്കുകയാണ്. സർവ്വവും ത്യജിച്ച് ജടാവൽക്കലം ധരിച്ച് സന്യാസി രൂപമെടുത്ത വനചരനായ ശ്രീരാമനെയല്ല ഇവിടെ ദർശിക്കുന്നത്. നൂറുസൂര്യതേജസ്സുള്ള രത്നക്കല്ലു പതിച്ച മോതിരം കൈവശം വച്ചിരുന്ന്,  ഭാര്യയ്ക്കു കൊടുത്തിട്ട് തിരിച്ച് കിട്ടിയ ചൂഡാമണി നോക്കി നിർവൃതിയടയുന്ന ശ്രീരാമൻ.

സുജനവിമതൻ മാത്രമായ രാവണൻ

               സജ്ജനങ്ങൾ പറഞ്ഞാൽ കേൾക്കാത്തവൻ മാത്രമാണ് ‘ഭാവയാമി....’യിലെ രാവണൻ. എതിരിടേണ്ട മറ്റു കഥാപാത്രങ്ങൾക്ക് കഠിനപദവിശേഷണങ്ങൾ നൽകിയ സ്വാതി തിരുനാൾ ഇവിടെ ലഘുവായാ‍ണ് രാവണനെ വിശേഷിപ്പിക്കുന്നത്. അതിഘോരയെന്ന്‌ ശൂർപ്പണഖയേയും മാരീചനെ ഖലനെന്നും ആഭീരന്മാരെ ഖലനിസ്സീമരായും കോറിയ തൂലിക ദശാസ്യന്റെ അടുക്കൽ വഴുതുകയാണ്.  മാത്രമല്ല  തെല്ല് മഹത്വം വച്ചു ചേർക്കാനും (‘ഉരു ദശകണ്ഠം‘=മഹത്വമാർന്ന രാവണൻ) കവിയ്ക്കു താൽ‌പ്പര്യം. രാവണവധം ചെറിയ പരാമർശം മാത്രം.  ധികൃതശക്രപരാക്രമിയായ അസുരദുഷ്ടനെ വധിക്കുന്ന അവതാരത്തിന്റെ ലളിതകഥയല്ല  കവിയ്ക്കു ചൊല്ലാൻ താൽ‌പ്പര്യം. തന്ത്രങ്ങൽ മെനയുന്ന, അധാർമ്മികനോടു നേരിടുന്നതാണ്  ‘ആര്യവാക്കുകൾ‘ മാത്രം അനുസരിയ്ക്കുന്ന ധർമ്മാസക്തനു വൻ വെല്ലുവിളി.  ‘സുജന വിമത’ എന്ന വിശേഷണത്തിൽ പരാമർശിക്കപ്പെടുന്ന സുജനങ്ങൾ ആരാണെന്നും വ്യക്തമല്ല. സീതാപഹരണത്തെ നിരുത്സാഹപ്പെടുത്തിയത് മാരീചനാണ്. മാരീചനെ ‘ഖലൻ’ എന്ന പേർ വിളിച്ചും കഴിഞ്ഞു. ശ്രീരാമന്റെ സ്വഭാവവിശേഷങ്ങൾക്ക് എതിരും നേർവിപരീതവും ആയ രാവണവ്യക്തിത്വത്തെ ഉദാഹരിക്കാനുള്ള ഉദ്യമമകാം ഇത്. ‘സുജന ജീവനാ രാമാ സുഗുണഭൂഷണാ” എന്ന ത്യാഗരാഗകീർത്തനം ചെലുത്തിയ ഉൾപ്രേരണ അബോധമായിട്ടെങ്കിലും സുജനവിമത എന്ന വാക്കിന്റെ നിബന്ധനയിൽ  കണ്ടേക്കാം.സീതാപഹരണം ലഘൂകരിക്കപ്പെട്ടിരിക്കയാണ്.  അന്വേഷണത്തിനാണു പ്രസക്തി. രാവണവധം ആത്യന്തിക ഉദ്ദേശമായിട്ടുമല്ല ‘ഭാവയാമി..’വിരചിക്കപ്പെട്ടിട്ടുള്ളത്.  പലേ സംഭവങ്ങളിൽ ഒന്നു പോലെ മാത്രം ഒരു സമസ്തപദത്തിൽ ഒതുക്കിയിരിക്കുയാണ്. (ഉരു ദശകണ്ഠവിദാരണം). .  കീർത്തനമാണെങ്കിലും ഭക്തിരസം ഏറെ ലുബ്ധോടെയാണു ചാലിച്ചു കൂട്ടിയിട്ടുള്ളത്. അനുഗ്രഹവും അഭീഷ്ഠവും യാചിച്ചുകൊണ്ടു ശ്രീ തിരുനാൾ വിരചിച്ച ധാരാളം ശ്രീരാമകീർത്തനങ്ങളിൽ നിന്നും ഇത് വേറിട്ടു നിൽക്കുന്നു.  'രാമചന്ദ്ര പാഹി  സതതം’ രാമരാമ പാഹി രാമാ’, പാലയ രഘു നായക’,  ‘രഘുകുലതിലകമയി ഭജാനിശമിഹ’ എന്നിവപോലുള്ളവ കൃത്യമായ രക്ഷാസങ്കേത പ്രാർത്ഥനയാണ്. ‘ഭാവയേ ശ്രീ ജാനകീകാന്ത’, കോസലേന്ദ്രമാമവാമിതഗുണ” ഇവയൊക്കെ പരോക്ഷഭക്തി തുല്യം ചാർത്തപ്പെട്ടവയാണ്. ഭാവയാമി..യിൽ പാഹി, ഭജാമ്യഹം, നമാമി, പാലയ, മാമവ  മുതലായ ഭക്തികൃതിസാധാരണനിബിഡപദങ്ങൾ ഇല്ല. രൂപശിൽ‌പ്പത്തിലും ഘടനയിലും കഥനരീതിയിലും ഏകദേശം സമാന്തരമാണ് സ്വാതിയുടെ തന്നെ ‘ഭാവയേ ശ്രീ ഗോപബാലം ഭവവിനുത ഭവ്യസുഗുണാലവാലം”. പക്ഷേ ഈ കീർത്തനത്തിൽ ഓരോ ചരണങ്ങൾക്കു ശേഷവും കൃഷ്ണാപദാനം നിറച്ചിരിക്കുകയാണെന്നുള്ളത് ഭക്തിനിർഭരസാധൂകരണമാണ്.  മറ്റു പല കീർത്തനങ്ങളിലും ‘രാവണാന്തക’, ‘രാവണസംഹാരക’ എന്നുപയോഗിച്ചിട്ടുണ്ടെങ്കിലും ഇവിടെ.  രാവണനിഗ്രഹത്തെ ലഘൂകരിച്ചിരിക്കുകയാണ്. അവതാരം എന്ന ഉത്തരവാദിത്തത്തിന്റേയും ലഘൂകരണം..  വാൽമീകിയുടെ രാമന്റേയും അദ്ധ്യാത്മരാമായണത്തിലെ രാമന്റേയും ഇടയ്ക്കാണ് ‘ഭാവയാമി.....’യിലെ സ്വാതി തിരുനാളിന്റെ ശ്രീരാമൻ.

          രാമനു മതിപ്പുളവാക്കിയ പോരാളിയും അപ്രതിഹതശത്രുവുമാണ് രാവണൻ. വിഭീഷണനോട് ഇക്കാര്യം തുറന്നു സമ്മതിയ്ക്കുൻന്ുണ്ട്, യുദ്ധാനന്തരം.
തേജസ്വി ബലവാൻ ശൂരൻ, എന്നെന്നും സമരങ്ങളിൽ
തോറ്റതായ് കേൾവിയില്ലല്ലൊ ശക്രാദിസുരർതമ്മൊടും
ബലശാലി, മഹാത്മാവു, രാവണൻ, ലോകരാവണൻ
                (യുദ്ധകാണ്ഡം, സർഗ്ഗം 114)
വിഭീഷനനും രാവണമഹത്വത്തെക്കുറിച്ചും വീര്യത്തെക്കുറിച്ചും അഭിമാനമാണ്. രാവണന്റെ ശവസംസ്കാരസമയത്ത്
ദാനങ്ങൾ ചെയ്താനിവനർത്ഥികൾക്കു
ഭോഗം ഭുജിച്ചാൻ, ശ്രിതരെബ്ഭരിച്ചാൻ,
ധനങ്ങൽ കൂട്ടാളികളിൽച്ചൊരിഞ്ഞാൻ,
മാറ്റാരിലേറ്റം പക വീട്ടിവിട്ടാൻ.
ഇങ്ങോർ മഹാതാപസനാ,ഹിതാഗ്നീ,
വേദാന്ത വിത്തു, ത്തമകർമ്മശൂരൻ,
പഞ്ചത്വമാർന്നോരിവനൊത്ത കൃത്യം
ഞാൻ ചെയ്തു കൊള്ളട്ടെ തവപ്രസാദാൽ.
               (യുദ്ധകാണ്ഡം, സർഗ്ഗം111)
എന്ന്  വ്യക്തമായി പ്രസ്താവിക്കുന്നു. മറ്റുമഹത്വങ്ങൾ രാവണനിൽ ആരോപിക്കപ്പെടാൻ സ്വാതി തിരുനാളിന്റെ ദർശനത്തിനും ആസക്തികൾക്കും അനുയോജ്യവുമാണ്  രാവണന്റെ ഐശ്വരാഭിവൃത്തി ലക്ഷ്യമാക്കുന്ന രാജവീക്ഷണവും  സംഗീത-നൃത്ത അഭിരുചികളും. ഹനുമാൻ ലങ്കയിൽ കാണുന്നത് അദ്ഭുതപ്പെടുത്തുന്ന ഐശ്വര്യമാണ്. കൊട്ടാരമോ നിരുപമം.
എന്തു ലക്ഷ്മി കുബേരങ്കലെന്തു ഹര്യശ്വനിന്ദ്രനിൽ
അതെല്ലാമിടിവേൽക്കാതുണ്ടെപ്പൊഴും രാവണാലയേ

അതിവിസ്മയത്തോടെയാണു പുരുഷസൌന്ദര്യം  മുറ്റിനിൽക്കുന്ന രാവണന്റെ സുഷുപ്തി ഹനുമാൻ വീക്ഷിയ്ക്കുന്നത്. ശ്രീരാമസൌന്ദര്യം വിവരിക്കാൻ എട്ടുവരി വാൽമീകി വിനിയോഗിച്ചെങ്കിൽ രാവണനു വേണ്ടി എൺപതുവരിയാണ്  ആ പീലിത്തണ്ട് വരയുന്നത്. (യുദ്ധകാണ്ഡം, സർഗ്ഗം 10) അന്തഃപുരത്തിലെ സുന്ദരികൾ രാവണന്റെ ആകാരസൌഷ്ഠവത്തിൽ മയങ്ങി സ്വമേധയാ അദ്ദേഹത്തിനു വഴിപ്പെട്ടവരാണ്,  ബലപ്രയോഗം വേണ്ടി വന്നിട്ടില്ല.  മണ്ഡോദരിയെക്കണ്ടിട്ട് ഒരു നിമിഷനേരത്തേയ്ക്ക് സീത തന്നെയല്ലേ ഇത് എന്ന് ഹനുമാൻ ആശ്ചര്യവിസ്മയം ഉൾവാകുന്നുണ്ട്. രാവണൻ രാമന്റെ അപരവ്യക്തിത്വം അല്ലേ എന്ന ലാഞ്ഛന വാൽമീകി ഒന്നു മിന്നിച്ചു പോകാൻ ഒരുമ്പെടുന്നെന്ന് തോന്നിയാൽ കുറ്റമില്ല. സുന്ദരികൾ  ശയ്യാശാലയിൽ എമ്പാടും വീണുറങ്ങുന്നതോ ഗംഭീര നൃത്ത-സംഗീത വിലാസ കേളിയ്ക്കു ശേഷം. വീണ, തുടി,ചെണ്ട, ഓടക്കുഴൽ, മൃദംഗം, മദ്ദളം, ഡിണ്ഡിമം, ഭേരി എന്നിങ്ങനെ നാനാ വാദ്യോപകരണങ്ങൾ തിമിർത്തു കളിച്ചശേഷമാണ് അവയെ കെട്ടിപ്പിടിച്ച് സുരതോത്സാഹയത്നമയക്കത്താലെന്ന പോലെ നിർ വൃതിയിൽ ഈ സുന്ദരിമാർ ലീനരാകുന്നത്. സ്വാതിതിരുനാളിന്റെ ഒരു സ്വപ്നദർശനത്തിന്റെ തനതുദൃശ്യമായി വിളങ്ങുകയാണ് ഈ കലാനിശാന്തവേളാവിവരണം.

        പുരാണകഥാപാത്രങ്ങൾ നവപരിചിന്തനങ്ങൾക്ക് വശംവദരാവുകയും വിപരീതമാനങ്ങളിൽ പ്രതിഷ്ഠിയ്ക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ ഉദയം കുറിച്ചിരുന്നു സ്വാതി തിരുനാൾ ഇതെഴുതുന്ന കാലം. വീക്ഷണകോണുകളുടെ നിലപാടും പ്രാപ്തിയും പ്രമേയഘടനാ വിശകലനവും കഥാപാത്രത്തിന്റെ വ്യക്തിത്വം പുനർനവീകരിക്കുകയോ അതേ പാത്രത്തിന്റെ പുതുസൃഷ്ടിയ്ക്ക് കളിമണ്ണൂ കുഴയ്ക്കാൻ നനവൂറിയ്ക്കുകയോ സാദ്ധ്യമായി ഈ ഭാവനാപാളി തുറക്കൽ മൂലം.. സ്വാതിതിരുനാളിന്റെ സന്തതസഹചാരിയായിരുന്ന കരീന്ദ്രൻ (കിളിമാനൂർ രാജരാജവർമ്മ  കോയിത്തമ്പുരാൻ)  ഈവഴി അണ തുറന്ന കാവ്യസരിണിയാണ് രാവണവിജയം എന്ന ആട്ടക്കഥ. നായകവേഷത്തിൽ പ്രൌഢിയോടെ വിളങ്ങുന്ന രാവണനെ ധൈര്യപൂർവ്വം അവതരിപ്പിക്കുന്നതിലൂടെ നായക-പ്രതിനായക വില്ലൻ കഥാപാത്രങ്ങൽക്കു സംഭ്യവ്യഭാവനാപ്രതി വന്നുചേരാവുന്ന തിരിമറിവുകൾക്ക് ആദ്യമായി സാധൂകരണം ലഭിയ്ക്കുകയായിരുന്നു കരീന്ദ്രന്റെ ഈ സാഹിതീസാഹസത്തിലൂടെ.  ഉറ്റതോഴനായ കരീന്ദ്രന്റെ നവപാത്രനിർമ്മിതിയോട് ഒത്തുപോകുന്ന മാനസികനില സ്വാതി തിരുനാൾ ആർജ്ജിച്ചതായിരിക്കനം രാവണനെ കടും കരിമഷികൊണ്ട് വരച്ചെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്.

        കവിതയോ കഥയോ ആത്മസത്തയുടെ പ്രതിഫലനമോ പ്രകാശനമോ ബഹിർസ്ഫുരണമോ   ആകുന്നതിൽ സ്വാഭാവികത ആവോളമുണ്ട്. ജീവിതാനുഭവങ്ങൾ സൃഷ്ടിച്ച തീവ്രപ്രതികരണങ്ങളുടെ ആവിഷ്കാരമാകാം കലാസൃഷ്ടി എന്ന പ്രസ്താവനയിൽ പുതുമയൊട്ടില്ല താനും. ഈയൊരു പശ്ചാത്തലത്തിൽ പൌരാണികമായ കഥാപാത്രങ്ങളും 
  ആനുകാലികപ്രസക്തികളിൽ പരിശോധിക്കപ്പെടാം, സ്വാനുഭവപ്രകാശനത്തിനു അവരെ കരുവാക്കാം. രാവണന്റെ കറുപ്പും വെളുപ്പും കലർന്ന  ഉഭയവ്യക്തിത്വം, അതിലെ വെൺപകുതിയോട് ശ്രീരാമനുള്ള മതിപ്പ് ഇവയൊക്കെ സ്വാതി തിരുനാളിനും ബോധിച്ച മട്ടാണ്, ‘ഭാവയാമി....’യിലെ രാവണനെ സ്വരൂക്കൂട്ടുന്നതിലെ ബോധചാലകം ഇതു തന്നെയാവാൻ സാദ്ധ്യതയും ഉണ്ട്.  പ്രത്യേകിച്ചും സമാന്തരമായ സാഹചര്യങ്ങൾ ഇതിനു ചാലു കീറുന്ന സ്ഥിതിവിശേഷത്തിൽ. ബ്രിടീഷ് മേൽക്കോയ്മ കണിശത്തിലും കാർക്കശ്യത്തിലും ഉഗ്രതരമായി, പ്രത്യേകിച്ചും വേലുത്തമ്പി ദളവയ്ക്കു ശേഷം,  തിരുവിതാംകൂറിനു മേൽ പിടിമുറുക്കിയ കാലം. പലപ്പോഴും ഇത് നിഷ്ഠൂരതയുടെ അതിർവരമ്പു ഭേദിച്ചിട്ടുമുണ്ട്.  ഇതിന്റെ കെടുതിയിൽ പെട്ടുപോയിട്ടുണ്ട് സ്വാതി തിരുനാൾ. അതേസമയം പാശ്ചാത്യരീതികൾ സ്വായത്തമാക്കാനും ഭരണപരിഷ്കാരങ്ങളിൽ ഉൾക്കൊള്ളിക്കാനും ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാ‍ങ്കേതികമായ പുരോഗമനത്തിന് ബ്രിടീഷ് സഹായം ഉപയോഗപ്പെടുത്തുന്നതിൽ അതിനിഷ്ണാതനുമായിരുന്നു അദ്ദേഹം. ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചതും പട്ടാളക്കാർക്ക് ബ്രിടീഷ് രീതിയിലുള്ള യൂണിഫോം വ്യവസ്ഥപ്പെടുത്തിയതും നിയമ-കോടതി വ്യവസ്ഥകൾ പുതുക്കിയതും പബ്ലിക് ലൈബ്രറിയും പ്രിന്റിങ് പ്രസ്സും സ്ഥാപിച്ചതും ബെയിലിയെക്കൊണ്ട് മലയാളം-ഇംഗ്ലീഷ് നിഘണ്ഡു എഴുതിച്ചതുമൊക്കെ ശത്രുപക്ഷത്തിന്റേതാണെങ്കിലും അഭിലഷണീയമായതിന്റെ സമാകലന ഉദാഹരണങ്ങൾ മാത്രം. ഗണിതശാസ്ത്രവിദഗ്ദ്ധനായ കാൽഡികട് എന്ന ബ്രിടീഷ് വണിഗ്വരന്റെ സേവനങ്ങളോടെ വാനനിരീക്ഷണാലയം (നക്ഷ്ത്രബംഗ്ലാവ്) സ്ഥാപിച്ചതും അതിന്റെ അധിപനായി ഡോക്ടർ എ. ജി. ബ്രൌണിനെ നിയമിച്ചതും  പാശ്ചാത്യസാങ്കേതികത്വം ഈ മണ്ണിൽ പറിച്ചുനടാനുള്ള അഭിനിവേശസാക്ഷാൽക്കാരം. കാഴ്ചബംഗ്ലാവും പക്ഷിസങ്കേതവും   പിന്നീട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആയി മാറിയ ധർമാശുപത്രിയും ഇതേ പാശ്ചാത്യാ‍ഭിനിവേശത്തിന്റെ ഫലനിർമ്മിതികൾ.  ഭരണകാര്യങ്ങളിൽ മാത്രമല്ല തന്റെ കലാസപര്യയിലും  ഇടങ്കോലിടുന്ന പ്രവൃത്തികൾ ബ്രിടീഷ്  നേതൃത്വത്തിൽ  നിന്നും, പ്രത്യേകിച്ചും റസിഡന്റ് കല്ലൻ സായ്പ്പിൽ നിന്നും നേരിടെണ്ട അവസരത്തിലും നേർവിപരീതമെന്നു തോന്നിയ്ക്കുന്ന, ശത്രുവിന്റെ ഗുണശീലങ്ങൽ സ്വായത്തമാക്കുന്ന മനോധർമ്മങ്ങൾ തന്നെ ഇത്.  എതിരാളിയിൽ ദർശിച്ച ഉഭയവ്യക്തിത്വം ആയിരിക്കണം രാവണനെ വരച്ചുണ്ടാക്കാൻ തൂലിക  ചലിപ്പിച്ചപ്പോഴുള്ള മനോവ്യാപാരം. കാവ്യം  ആത്മനിഷ്ഠാപരമാകുന്ന സവിശേഷസന്ദർഭം. വിഭാവനം ചെയ്ത രാമരാജ്യം സാക്ഷാത്കാരമാകുന്ന സ്വപ്നം “വിലസിതപട്ടാഭിഷേകം വിശ്വപാലം പദ്‌നാഭം’ എന്ന വരിയിൽ അന്തർലീനമാകുന്നുണ്ടായിരിക്കണം.തഞ്ചാവൂർക്കാരി നർത്തകി സുഗന്ധവല്ലിയോടുള്ള അതിരുവിട്ട അടുപ്പം മൂലം അകന്നു പോയ പ്രിയ പത്നി നാരായണിപ്പിള്ളയ്ക്ക് കുറ്റബോധത്തോടെ
സമർപ്പിക്കപ്പെടുന്നതായിരിക്കണം നൂറുസൂര്യതേജസ്സുള്ള ആ രത്നമോതിരം. ശ്രീരാമന്റെ കയ്യിൽ അതില്ലെങ്കിൽ സ്വാതി തിരുനാളിന്റെ പക്കൽ അതുണ്ട്.