Sunday, September 30, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്-6

ആറ്
റോസ്‌‌ലി സ്വല്‍പ്പം തേങ്ങലില്‍ക്കൂടിയാണ് പറഞ്ഞൊപ്പിച്ചത്. അയ്യരങ്കിള്‍ വിളിച്ച് അമ്മച്ചിയുമായി സംസാരിച്ചു ഇന്ന്. സണ്ണിച്ചായന്‍ പോലീസിനെ കണ്ടതും വക്കീലിന്റെ ഓഫീസില്‍ നടന്ന കാര്യങ്ങളുമൊക്കെ. അമ്മചി ഒന്നു പൊട്ടിക്കരഞ്ഞു. പെട്ടെന്ന് കരച്ചില്‍ നിറുത്തി ദേഷ്യത്തോടെ സൂട് കേസുകള്‍ വലിച്ച് താഴത്തിട്ടു. ഏതാണ്ടൊക്കെ വാരി വലിച്ച് അകത്താക്കാന്‍ ശ്രമിച്ചു. ഒന്നും മനസ്സിലാകാതെ താനും കരഞ്ഞു തുടങ്ങിയപ്പോള്‍ അമ്മച്ചി പെട്ടെന്ന് ശാന്തയായി. പൂമുഖത്തുനിന്നും കയറുന്ന മുറിയിലെ വലിയ യേശുവിന്റെ ചിത്രത്തിന്റെ മുന്‍പില്‍ കുറേ നേരം ഇരുന്നു.ആറ്റിറമ്പില്‍ സണ്ണിച്ചായന്‍ നാട്ടിയ കുരിശ് ഒന്നു പോയി നോക്കിക്കൊണ്ട് സ്വല്പനേരം നിന്നു. ബാംഗ്ലൂരുള്ള എളേമ്മയെ വിളിച്ച് ‘റോസ്‌ലിയേടെ കാര്യം നോക്യോണേ” എന്നും പറഞ്ഞ് വീണ്ടും കരഞ്ഞു. പിന്നെ ലാഘവത്തോടെ ദാമോദരന്‍ ചെട്ട്യാരോട് കാര്യമാത്രപ്രസക്തമായി ഓരോ കാര്യങ്ങള്‍ പറഞ്ഞു. അല്ലെങ്കിലും ഞാനെന്തിനാ തന്നെ ഇവിടെ കഴിയുന്നെ. മൂന്നു മാസം കഴിഞ്ഞാല്‍ല്‍ റോസ്‌ ലീം അങ്ങോട്ടു പോകുകല്ലെ. സണ്ണിയേടെയാണങ്കില്‍ മനസ്സു വല്ലാണ്ട് വെഷമിച്ചിരിക്കുകാ. അവനെ തന്നെ തിരിച്ചു വിടുന്നതെന്തിനാ. അങ്ങനെ സ്വയം തീരുമാനങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചു എന്ന തോന്നലുണ്ടാക്കിയിരിക്കുകയാണ്.

സണ്ണി പലതവണ അമ്മച്ചിയുടെ മുന്‍പില്‍ വന്നു നിന്നിട്ടും അത്ര കാര്യമാക്കതെ അമ്മച്ചി നീങ്ങി. ശാന്തയെ വിളിച്ച് തുണിയൊക്കെ അലക്കിക്കെ, ചമ്മന്തിപ്പൊടി ഉണ്ടാക്കാന്‍ ഉണങ്ങിയ തേങ്ങ കൊണ്ടു വരണെ, അരിയുണ്ട ഉണ്ടാക്കാന്‍ വലിയ മിക്സി കേടല്ലെ എങ്ങനെ വറുത്ത ഉണക്കലരി പൊടിച്ചെടുക്കും എന്നൊക്കെ ഇല്ലാത്ത വേവലാതി ഉണ്ടെന്നു നടിയ്ക്കാന്‍ ശ്രമിച്ചു.താന്‍ തനിയെ തിരിച്ചു പോകുന്നതില്‍ അമ്മച്ചിയ്ക്ക് തീര്‍ച്ചയായും കുണ്ഠിതം കാണും.ദാമോദരന്‍ ചെട്ടിയാരോട് പറഞ്ഞതൊക്കെ അമ്മച്ചിയുടെ സത്യമായ തോന്നലുകളാണോ? രണ്ടാഴ്ച്ച മുന്‍പത്തെ അമ്മച്ചിയല്ല ഇപ്പോള്‍. അപ്പച്ചന്റെ ചില്ലിട്ട ഫോടൊ പെട്ടിയില്‍ വച്ചതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായോ?

ഉറക്കമില്ലാത്ത രാത്രികളില്‍ മീനച്ചിലാറിന്റെ ഓളക്കിലുക്കങ്ങള്‍‍ മാത്രം ശ്രവിച്ച് സണ്ണി കിടന്നു. കാട്ടുപോത്തുകളുടെ നിലയ്ക്കാത്ത കൂട്ടയോട്ടങ്ങള്‍ അനവരതം സണ്ണിയ്ക്കു ചുറ്റിനും തിമിര്‍ത്തു.നിലത്തു പറ്റെ കിടന്ന് ആയിരം കുളമ്പുശബ്ദങ്ങള്‍ ചങ്കിടിപ്പോടെ ശ്രവിച്ചു.സ്വാസ്ഥ്യത്തിന്റെ ചില്ലുകള്‍ പലതവണ പൊട്ടീച്ചിതറി. അമ്മച്ചിയ്ക്ക് ഈ ദൃഢത എവിടെ നിന്നു കിട്ടി? തന്നോട് കേസിന്റെ കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ലല്ലൊ. അയ്യരങ്കിള്‍ വിശ്വാസത നല്‍കിയതാണോ? അപ്പച്ചന്റെ ഒപ്പുകളുള്ള രേഖകള്‍ സൂര്യന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. പെട്ടെന്ന് തള്ളിപ്പോകുന്ന കേസാണ്. റോസ്‌ലിയെക്കുറിച്ച് വേവലാതി ഇല്ല. മൂന്നുമാസം ബാംഗ്ലൂരില്‍ എളേമ്മയുടെ കൂടെ താമസിച്ച് പിന്നെ കാന്‍സാസിലെത്തും. പക്ഷെ അമ്മച്ചി ഫിലഡെല്ഫിയയ്ക്കു വരികയാണെങ്കില്‍ എന്തൊക്കെയാണ് ഇവിടെ വിടുന്നത്?


പടവിലിരുന്ന് സണ്ണി ആറ്റിലേക്ക് നിര്‍ന്നിമേഷം നോക്കിയിരുന്നു. മീനച്ചിലാറ് സ്ഫടികജലം ചെറുമീനുകള്‍ക്ക് വിഭജിച്ച് കളിയ്ക്കാന്‍ കൊടുത്തിരിക്കുന്നു. ചെറുവള്ളം ഓരച്ചുഴിയില്‍ എങ്ങോട്ട് എന്ന് മാതിരി പമ്മുന്നുണ്ട്.വെയില്‍ ഔദാര്യം കാട്ടി നദിപ്രതലത്തില്‍‍ ഷാഡോ പ്ലേ നടത്തുന്നു. സണ്ണി കാലുകള്‍നീട്ടി മീങ്കുഞ്ഞുങ്ങള്‍ക്ക് കൊത്തിക്കളിക്കാന്‍ കൊടുത്തു.താനും റോസ്‌ലിയും കൂടെ പണ്ട് തോര്‍ത്തു വലപോലെ വച്ച് പിടിയ്ക്കാന്‍ ശ്രമിച്ചപ്പൊല്‍ തങ്ങളെ കളിയാക്കി എളുപ്പം വഴുതിപ്പോയ മീനുകളുടെ കുഞ്ഞുങ്ങളും അവയുടെ കുഞ്ഞുങ്ങളുമാണിവ. മീനച്ചിലാറ് എത്ര ഒഴുകിയാലും ഇവയെല്ലാം ഇതേ നിശ്ചിതബിന്ദുവില്‍ കളിച്ചും നീന്തിയും നില്‍ക്കും. ഒഴുക്കിനെതിരെ നീന്തേണ്ട, ഒഴുക്ക് ഇവരെ കടന്നു പോകും വെറുതെ. മീന്‍ കുഞ്ഞുങ്ങളേ ഇനി അടുത്ത തവണ ഞാന്‍ വരുമ്പോഴും എന്നെ കാണാന്‍ വരണെ. ഞങ്ങല്‍ എങ്ങോ‍ട്ടും പോകുന്നവരല്ല. അവര്‍ കൂട്ടത്തോടെ പ്രതിവചിച്ചു. ചിലവ മുകളില്‍ വന്നു ഉണ്ടക്കണ്ണുകള്‍ മിഴിപ്പിച്ചു. എന്നിട്ട് ചോദിച്ചു. നീ ഇവിടെയിരുന്ന് എന്തിനാ കരയുന്നത്? കണ്ണീര്‍ ഇവിടെ വീഴ്ത്തരുത്. ഞങ്ങള്‍ ശുദ്ധജല മത്സ്യങ്ങളല്ലെ. കണ്ണീരിന്റെ ഉപ്പുരസം ഈ വെള്ളത്തില്‍ കലരുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല. മീന്‍ കുഞ്ഞുങ്ങളേ ഞാന്‍ ഇന്ന് വൈകുന്നേരം പോകുകയാണ് . നിങ്ങള്‍ എന്നെ അനുഗ്രഹിക്കുമോ? സണ്ണി തലകുനിച്ചിരുന്നു.

പെട്ടെന്ന് അപ്പച്ചന്‍ അരികില്‍ വന്നു. തൂവെള്ള ഷര്‍ടും അതിലും വെളുത്ത മുണ്ടും. തലമുടി എണ്ണതേച്ച് ചീകിപ്പരത്തി വച്ചിട്ടുണ്ട്. ബലിഷ്ഠമായ കയ്യ് തോളത്തു വച്ചു. അനുശാസനയുടേയും സംരക്ഷണയുടെയും സങ്കലനം. എട്ടുവസ്സുകാരന്‍ സണ്ണി മുഖം കുനിച്ചു ചെറു നാണച്ചിരിയോടെ ഇരുന്നു.

“പാടിയ്ക്കേ മോനേ”
ചെറുശബ്ദത്തില്‍ അക്ഷരങ്ങളും വാക്കുകളും തിടം വച്ചു വന്നു.

“പൂവനങ്ങള്‍ക്കറിയാമോ- ഒരു
പൂവിന്‍ വേദനാ?- ഒരു
പൂവിന്‍ വേദന?”

“ഊം. ഇന്നി ബാക്കി പാട്”

“ഓടക്കുഴലിന്നെന്തറിയാം
പാടും കരളിന്‍ തേങ്ങലുകള്‍?”

“ഇനി മുഴുവനും ഒന്നിച്ച് പാട്. ഒറക്കെ”

സണ്ണി ഉറക്കെ പാടി.

“പൂവനങ്ങള്‍ക്കറിയാമോ ഒരു
പൂവിന്‍ വേദന? ഒരു
പൂവിന്‍ വേദന?
ഓടക്കുഴലിന്നെന്തറിയാം
പാടും കരളിന്‍ തേങ്ങലുകള്‍?”

ഇല്ലിക്കൂട്ടങ്ങളും കൈതക്കാടുകളും നാണം കെട്ടു നിന്നു. മരോട്ടിമരങ്ങള്‍ കായ്കളില്‍ എണ്ണകിനിയിക്കാന്‍ മിനക്കെടുന്ന കൃത്യം സ്വല്‍പ്പനേരം വേണ്ടെന്നു വച്ചു.ഇടറിപ്പോയ ഗാനവീചി ആറ്റിനക്കരെ ചെന്നു പ്രതിധ്വനിക്കാതെ നിന്നു കളഞ്ഞു. ഒരു കീറ് മേഘം താഴെയിട്ട നിഴലിനോടൊപ്പം അപ്പച്ചന്‍ മാഞ്ഞുപോയി.
സണ്ണി കുനിഞ്ഞിരുന്നു കരഞ്ഞു.ഒകിടിപുപ അറിയാത്ത വേദന. ഫിലഡെല്‍ഫിയ അറിയാത്ത വേദന. എല്ലാംകൂടെ ഒരുമിച്ച് വന്നല്ലൊ ദൈവമേ.
എന്തിനാ എന്തിനാ അപ്പച്ചാ ഈ പാട്ടു തന്നെ എന്നെ പടിപ്പിച്ചത്?

വെയില്‍ കനത്ത് ആറ്റിറമ്പിലെ ഇലകള്‍ക്ക് വാടിയ പച്ചനിറം വന്നതും മരംകൊത്തികള്‍ തളര്‍ന്ന് ഉറക്കം തൂങ്ങിയതും സണ്ണി ശ്രദ്ധിച്ചില്ല. ഫിലഡെല്ഫിയയിലെ ഒരു അപ്പാര്‍ട്മെന്റിലെ കിടക്കയില്‍ ചുളിഞ്ഞ കിടക്കവിരിയുടെ വടിവോടൊപ്പമാകുന്നത് നാളയോ മറ്റന്നാളൊ എന്ന തോന്നല്‍ തെല്ലു പോലും ഉണ്ടായില്ല. വെസ്റ്റ്വില്‍ ഗ്രോവില്‍ നിന്നും ഹൈവേയില് കയറി ‍ ഒരദൃശ്യശക്തിയുടെ നിയന്ത്രണത്തില്‍ എന്ന മാതിരി ഒരു ചെറിയ ബിന്ദുവായി ഒഴുകി നീങ്ങുന്ന കാറില്‍ മറ്റന്നാള്‍ ഇരുന്ന് ജോലിയ്കെത്തുന്നവനാണെന്ന തോന്നലും ഉണ്ടായില്ല. സ്റ്റാര്‍ബക്സ് കോഫിയുടെ കടും മണം പുകഞ്ഞു നിറയുന്ന കോണ്‍ഫെറന്‍സ് റൂമില്‍ പവര്‍ പോയിന്റ് പ്രെസന്റേഷന്‍ നടത്തുന്നത് ഉടന്‍ വരുന്ന ദിവസങ്ങളിലാണെന്നുള്ള ബോധം ഉദിച്ചില്ല. അപാര്‍ട്മെന്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലെ വാഷിങ് മെഷീനില്‍ നിന്നും ഉണങ്ങിയെടുത്ത തുണികള്‍ സാവധാനം മടക്കിയെടുക്കുന്ന ഞായാറാഴ്ച്ചസന്ധ്യകള്‍ തന്റേതാണെന്നും സണ്ണിയ്ക്ക് തോന്നിയില്ല. ത്ഭ്രമകല്‍പ്പന സ്ഥലകാല‍ബോധമില്ലാതെ, ലംബമോ തിരശ്ചീനമോ അല്ലാതെ പരതി.

പക്ഷെ വിഭ്രമശലാകകള്‍ മനസ്സിന്റെ അഷ്ടകോണ്‍ ചില്ലുകണ്ണാടിയില്‍ പരസ്പരം തട്ടിപ്രതിധ്വനിച്ചത് കര്‍മ്മത്തിന്റെ സഹജാവബോധത്തെ ഉണര്‍ത്തുക തന്നെ ചെയ്തു. ആയിരം ന്യൂറോണുകളും സൂക്ഷ്മസ്രാവഗ്രന്ഥികളും ഊര്‍ജ്ജ്വസ്വലരായി ക്രോമൊസോമുകളില്‍ സുഷുപ്തിയില്‍ ആലസ്യപ്പെട്ടിരുന്ന ജീനുകളില്‍ ഉണര്‍വിന്റെ ചലനങ്ങളുണ്ടാക്കി. സണ്ണിയ്ക്കു മാത്രം വിധിച്ചിട്ടുള്ള പ്രോടീന്‍ തന്മാത്രാ നിര്‍മ്മണത്തിനു അസംഖ്യം ജീനുകള്‍ തയ്യറെടുത്തു. ഡി എന്‍ എ തന്തുക്കള്‍ ഇഴപിരിഞ്ഞ് വിജൃംഭിതരായി.ജന്തുസഹജമായ സ്വസ്ഥലികള്‍ തിരിച്ചറിയുന്ന പഞ്ചേന്ദ്രിയപ്രകരണം. ആത്മാവിനും ശരീരത്തിനും വിധിച്ചിട്ടുള്ള വാഗ്ദത്തഭൂമി ഒരു മെറ്റല്‍ ഡിറ്റെക്റ്റര്‍ മാതിരി തെരഞ്ഞുപിടിയ്ക്കാനുള്ള പ്രേരണ സ്വരൂപപ്പെടുത്തല്‍. ആ പ്രക്രിയയുടെ ആദ്യ നടപടി. ദൈവമേ എന്റെ ഇന്‍സ്റ്റിങ്ക്റ്റിന്റെ എല്ലാ ആന്റെനകളും ഇതാ സര്‍വ തരംഗങ്ങള്‍ക്കും ചേക്കേറാ‍നുള്ള തയാറെടുപ്പു നടത്തി ത്രസിച്ചിരിക്കുന്നു. ഈ പ്രപഞ്ചത്തില്‍ എനിയ്ക്കുള്ള ഇത്തിരി സ്ഥലം എവിടെയാണ്? ഏതു സുഗന്ധം ഏതു കാറ്റ് ഏതു മണ്തിണര്‍പ്പ് എനിക്കുവേണ്ടി ചിമിഴകം പൂകിയിരീക്കുന്നു? ഒരു ചെറിയ അടയാളത്താലെങ്കിലും കാട്ടിത്തരിക. ഒരു മിന്നല്‍പ്പിണറും വേണ്ട. ഇടിത്തീയും അഗ്നിക്കല്ലുകളും വര്‍ഷിക്കേണ്ട. ഒരു കാറ്റ്. ഒരു വര്‍ഷബിന്ദു. ഒരു കുഞ്ഞുപൂവിന്റെ സൂക്ഷ്മസുഗന്ധം. അതു മതി. ഇല വീഴാത്ത പൂഞ്ചിറയിലാണോ? അരുവികളുടെ തുറയിലാണോ? അന്‍പു കിനിയുന്ന പാറ മേലാണോ? അടിയില്‍ വെള്ളാരം കല്ലുകള്‍ രൂപാന്തരീകരിച്ച മുത്തുകളുടെ ഓലി വക്കിലാണോ? പൂവിട്ട അരണിയുടെ പന്തല്‍ തല‍പ്പിനു കീഴെ? വാകകള്‍പൂത്ത മണ്ണില്‍? ഈരാറുകള്‍ സന്ധിച്ച് പേട്ട തുള്ളുന്നിടത്ത്? വര്‍ഷഋതു കുടമുരുട്ടുന്ന മലമോളില്‍? പൊന്‍ കുന്നിന്റെ അടിവാരത്തില്‍? ഒരു ലഘു പ്രാര്‍ത്ഥന തല്ല്ക്കാലം സണ്ണിയില്‍ വാര്‍ന്നു വന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവേ...എവിടെയാണ്... എവിടെയാണ്... ഒരു നുറുങ്ങു കാണിച്ചു തന്നാലും.....

വെളിപാടുകള്‍ക്കു സമയമായി വന്നു.

പടവുകള്‍ക്കപ്പുറത്ത് അതിശോഭയോടെ നിന്ന കുരിശിങ്കലേക്ക് അതിന്റെ ത്രസിപ്പാല്‍ ആകര്‍ഷിക്കപ്പെട്ടവനെപ്പോലെ സണ്ണി നടന്നടുത്തു. തലേന്നുള്ള മഴയില്‍ കുളിര്‍ന്നു വെടിപ്പായി നിന്ന കുരിശ് ഇളവെയില്‍ തന്റെ രൂപം ‍ മണ്ണിലേക്കു പ്രതിഫലിപ്പിക്കുന്ന തില്‍ ആഹ്ലാദം പൂണ്ടു നിന്നു. ‘അപ്പച്ചാ’ സണ്ണി മന്ത്രിച്ചു. സാവധാനം കുരിശ് ഊര്‍ത്തിയെടുത്തു ഇരുകൈകളിലും തിരശ്ചീനമായി കിടത്തി. കുരിശു മാറിയ ചെറുകുഴിയില്‍ അസംഖ്യം കുമിളകള്‍ താഴെ നിന്നും പൊന്തിവന്ന് ജലോപരിതല‍ത്തില്‍ ചിരിച്ച് പൊട്ടി. ചേമ്പിലകള്‍ സൂക്ഷിച്ചിരുന്ന വെള്ളമണികള്‍ ഒരു തര്‍പ്പണമെന്നപോലെ അങ്ങോട്ടു ചൊരിഞ്ഞു. ദര്‍ഭപ്പുല്ലുകള്‍ സ്ഥിരം കൂട്ടൂകാരന്‍ പെട്ടെന്നു മറഞ്ഞതില്‍ അദ്ഭുതപ്പെട്ട് നിവര്‍ന്നു. സണ്ണി വരാന്‍ കാത്തു നിന്നിരുന്ന ചെറുവള്ളം ഓളത്തില്‍ മുന്നോ‍ട്ടാ‍ഞ്ഞു. ഉറങ്ങുന്ന ശിശുവിനെയെന്നപോലെ കുരിശ് അമരത്ത് കിടത്തി. തോണി ഒന്നു ചാഞ്ചാടി സന്തോഷമറിയിച്ചു. സണ്ണി കയറ് മെല്ലെ അഴിച്ചു മാറ്റി . പെട്ടെന്നു ലഭിച്ച സ്വാതന്ത്ര്യം അറിയാതെ വള്ളം ഒന്നു സംശയിച്ച് നിന്നു. സണ്ണി നദിയുടെ നടുവിലേക്ക് വള്ളം ചെറുതായി തഴുകി നീക്കി. മീനച്ചിലാറ് വള്ളത്തെ വെള്ളിക്കരയുള്ള കവണികൊണ്ടു ചുറ്റിനും പുതപ്പിച്ച് താലോലിച്ചു. ഒന്നു തൊട്ടിലാട്ടി. കുരിശ് ഉറങ്ങുന്നെന്നപോലെ കിടന്നു. സണ്ണി കണ്ണിമയ്ക്കാതെ നോക്കി നിന്നു.

പെട്ടെന്ന് നദിയുടെ മാര്‍ത്തട്ടില്‍ നിന്നും ഒരാക്രന്ദനം ഉയര്‍ന്നു. ആക്രന്ദനമല്ലല്ലൊ. ഒരു താരാട്ടല്ലെ? സണ്ണി ചെവി കൂര്‍പ്പിച്ചു. അതെ. സംശയമില്ല.

“ഓമനത്തിങ്കള്‍ കിടാവോ-നല്ല
കോമളത്താമരപ്പൂവോ”

താരാട്ട് സണ്ണിയില്‍ പ്രകമ്പനം ഉണര്‍ത്തിയിട്ട്, മൂര്‍ദ്ധാവിലും കവിളിലും തഴുകിയിട്ട് പെട്ടെന്നു പാഞ്ഞുപോയി. ഒകിടിപുപയിലെ വനാന്തര്‍ഭാഗത് ചെന്നു നിപതിച്ചു. അവിടെ കാട്ടുപൊന്തകളും മരച്ചില്ലകളും സ്വരൂപിച്ചു വച്ചിരുന്ന മറു ഈരടി ഒരു നൊടിയിടയില്‍ തിരിച്ചെത്തി നദിയുടെ മാറുപിളര്‍ന്ന് അഗാധതയില്‍ മുങ്ങി.നദി ബാക്കി പാട്ട് ഉണര്‍ത്തി.

“പൂവില്‍ നിറഞ്ഞ മധുവോ പരി
പൂര്‍ണേന്ദു തന്റെ നിലാവോ”

മീനച്ചിലാറ് ഉത്സാഹത്തോടെ സ്വന്തം താരാട്ടില്‍ ഭ്രമിച്ചു. കുരിശ് അകമഴിഞ്ഞ സംതൃപ്തിയില്‍ ഉറങ്ങുന്നെന്ന് തോന്നിച്ചു. വള്ളം പതുക്കെ താഴേക്ക് ഒഴുകി നീങ്ങി. മീനച്ചിലാറ് ചെറു ഓളങ്ങള്‍ വ്യാസം വര്‍ദ്ധിപ്പിച്ചും കുറുക്കിയും വൃത്തപരിധി തമ്മില്‍ ഇടകല്ര്ത്തിയും വീണ്ടും വീണ്ടും താലോലിച്ചു. മീനുകല്‍ പുളച്ച് നീന്തി അനുഗമിച്ചു. അവിശ്വസനീയമായ സ്വന്തം കൃത്യം സണ്ണി സ്തംഭിച്ച് നോക്കി നിന്നു. നിറഞ്ഞ വാത്സല്യലബ്ധിയില്‍ കുരിശ് വള്ളത്തിന്റെ അമരത്തൊട് ചേര്‍ന്നു കിടന്നു സന്തോഷം നുകര്‍ന്നു.

വള്ളവും കുരിശും വളവുതിരിഞ്ഞ് കാണാതായി.

അപ്പച്ചാ എന്റെ അപ്പച്ചാ

സണ്ണി നിയന്ത്രണം വിട്ടു നിലവിളിച്ചു.

മണ്ണില്‍ കമഴ്ന്നു കിടന്നിരുന്ന സണ്ണിയെ അമ്മച്ചി പിടിച്ചെഴുന്നേല്‍പ്പിച്ചു. കാലുകള്‍ കുഴയുന്നു.തല ചുറ്റുന്നതു വകവയ്ക്കാതെ സണ്ണി തിരിഞ്ഞു നോക്കി. ഒന്നും കാണാനില്ല. മീനച്ചിലാറ് ഒന്നും അറിയാത്തമട്ടില്‍ സ്വച്ഛമായി ഒഴുകുന്നു.

ബിജു കാറുമായെത്തി. സ്യൂട് കേസുകള്‍ ബിനീഷ് എടുത്തു വച്ചു. അമ്മച്ചിയുടെ ശാന്തത സണ്ണിയ്ക്ക് വിസ്മയമായി തോന്നിയില്ല. റോസ്‌ലിയുടെ ബാംഗ്ലൂര്‍ക്കുള്ള ഫ്ലൈറ്റ് രാത്രിയിലാണ്. അതു കഴിഞ്ഞ് എയര്‍ ഇന്‍ഡ്യ ഫ്ലൈറ്റിനു കുറെ താമസമുണ്ട്. റോസ്‌ലിയെ ആദ്യം വിടണമെന്ന് അമ്മച്ചിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. അയ്യരങ്കിളും കുരുവിള സാറും നേരത്തെ എത്തി. അയ്യരങ്കിള്‍ക്ക് ഇപ്പോഴും പുഞ്ചിരി തന്നെ.

ഉദിച്ചുയര്‍ന്ന നിലാവ് ലോഭമില്ലാതെ ധാവള്യം വിതറിയിട്ടു. വീടിന്റെ ആറ്റിലെക്കുള്ള മുഖം ശോഭയാര്‍ന്നു നിന്നു. സണ്ണി സ്വല്‍പ്പം നീങ്ങി ആറിന്‍് അഭിമുഖമായി നിന്നു. എന്തോ കാഴച കാണാന്‍ വേണ്ടിയെന്ന വണ്ണം. സണ്ണിയ്ക്കു വേണ്ടി കരുതിവച്ച ദൃശ്യം തീര്‍ച്ചയായും അവിടെ ഉടലെടുത്തു. നിലാവ് വെള്ളി ഉരുക്കിയൊഴിച്ചിരിക്കുന്നു നദിയുടെ ഉപരിതലത്തില്‍. മീനച്ചിലാറ്‌ നിശ്ചലയായിരിക്കുന്നു. പണ്ട് അപ്പച്ചനു കാണിച്ചു കൊടുത്ത അതേ ദൃശ്യം തന്നെയാണല്ലൊ ഇത്! ജലോപരിതലം വെട്ടിത്തിളങ്ങുകയാണ്. അനക്കമില്ല. ചെറിയ ഓളങ്ങളാണൊ തലങ്ങും വിലങ്ങും പായുന്ന വെള്ളിക്കമ്പികള്‍ നീര്‍ക്കുന്നത്? തിരശ്ചീനമായ വെള്ളിപ്പാളിയില്‍ നിന്നും ആയിരക്കണക്കിനു വെള്ളി ജ്യോതിവീചികള്‍‍ ഉയരുകയാണ്. സണ്ണിയുടെ കണ്ണിലെ ജലകണ ക്രിസ്റ്റലിലൂടെ ഇവയെല്ലാം അനേകമടങ്ങ് ഗുണീഭവിച്ചു ലക്ഷോപലക്ഷം കതിരുകളായി ഉയര്‍ന്നു പൊങ്ങി.അവിശ്വസനീയം! അവിടം മുഴുവന്‍ പ്രഭാപൂരം‍. അനങ്ങാതെ നില്‍ക്കുന്ന മീനച്ചിലാറ് ചോദിക്കുകയാണ്. ഇനി എന്നാ കാണുന്നത്? സണ്ണിയുടെ കണ്ണിലെ കുഞ്ഞുകണ്ണീര്‍ക്കണങ്ങള്‍ ഉരുണ്ടു കൂടി വലിപ്പം വച്ചപ്പോള്‍ ഈ കാഴ്ച പതുക്കെ മാഞ്ഞു പോയെങ്കിലും സണ്ണി അനങ്ങിയില്ല. വന്നെ സണ്ണിച്ചായാ. ബിജു വിളിച്ചു. സണ്ണി കാറിന്റെ അരികിലേക്കു നീങ്ങി.

ബിനീഷ് വീട്ടീലെ ദീപങ്ങളൊക്കെ അണച്ചു.ഗേറ്റ് പൂട്ടി. ഇരുളിലായ വീട് പുറകില്‍ നിന്നുള്ള നിലാവില്‍ ഒരു സിലുവെറ്റ് പോലെ തോന്നിച്ചു. ഗ്രാഫിക് ഡിസൈന്‍ പുസ്തകത്തില്‍ പ്രഥമ പാഠത്തില്‍ കാണാറുള്ള നിഴല്‍ചിത്രം. പൂട്ടിയ ഗേറ്റിന്മേല്‍ ചാരിനില്‍ക്കുകയാന്ന്‍ കുരുവിളസാര്‍.ദാമോദരന്‍ ചെട്ടിയാര്‍ തലതാഴ്ത്തി നിലത്തിരിക്കയാണ്. ഈ നിഴല്‍ചിത്രത്തില്‍ വെളുപ്പ് എന്നു പറയാവുന്നത് അയ്യരങ്കിളിന്റെ ചിരിയും കുരുവിള സാറിന്റെ തോളിലെ ഇന്ന് അലക്കിയെടുത്തെന്ന പോലെത്ത തോര്‍ത്തും മാത്രം.

പെട്ടെന്ന് പൂഞ്ഞാറില്‍ നിന്നും കാറ്റ് അവിടെ ഓടിയെത്തി. പണ്ടില്ലാത്തവണ്ണം ശക്തിയോടെ. സണ്ണിയുടെ ചുറ്റിലും ഒരു ചുഴി സൃഷ്ടിച്ച് ശരീരം കെട്ടി വരിഞ്ഞു. ചുഴി ഒരു കൃത്യബിന്ദുവില്‍ കേന്ദ്രീകരിച്ച് സണ്ണിയുടെ കാലുകള്‍ക്ക് ഭാരമേകി മണ്ണിലേക്ക് ആഴ്താന്‍ ഒരുമ്പെട്ടു. കാറ്റ് കെട്ടുകള്‍ മുറുക്കുകയാണ്. കയ്യും ശരീരവും ഒരു വെറുങ്ങലിപ്പിന്റെ പിടിയിലായി. കാറ്റ് ഭ്രാന്തമായ ആവേശത്താല്‍ വീണ്ടും വരിഞ്ഞുമുറുക്കി മരവിക്കാനുള്ള മരുന്ന് കുത്തിവച്ചവനെപ്പോലെയാക്കി സണ്ണിയെ നിറുത്തി ഇളം സുഗന്ധം തീക്ഷ്ണമായി. ചുറ്റിനും കൊത്തുപണികള്‍ ചെയ്ത് തന്നെ ഒരു കരിങ്കല്‍പ്രതിമയാക്കുകയാണോ? സണ്ണി അതിശക്തമായി ശരീരം കുടഞ്ഞു പെട്ടെന്നു കാറിനുള്ളില്‍ കയറി. കാറ്റ് മുരണ്ടു നിന്നു. സണ്ണി ജനല്‍ച്ചില്ലുകള്‍ ഉടന്‍ പൊക്കി. കാറ്റ് അകന്നുപോയി.

സണ്ണി വാലറ്റു തുറന്ന് പഴയ ക്രെഡിറ്റ് കാര്‍ഡ് എടുത്തു. അഡിരോണ്ഡാക് മൌണ്ടന്‍സ്! തന്റെ പ്രിയപ്പെട്ട പര്‍വതനിരകളുടെ എഴുന്നു നില്‍ക്കുന്ന ചിത്രത്തില്‍ മെല്ലെ തഴുകി. കാര്‍ഡ് ഒരു നിമിഷം മാറോട് അടുപ്പിച്ചു. വീണ്ടും വാലറ്റില്‍ വയ്ക്കാതെ വിരല്‍സ്പര്‍‍ശത്താല്‍ ഗിരിനിരകളുടെ നിംന്നോന്നതങ്ങള്‍ അനുഭവിച്ചു.

കാറ് മെല്ലെ നീങ്ങി.
അപ്പോള്‍
അഡിരോണ്ഡാക് പര്‍വതനിരകളില്‍ ഇളം സുഗന്ധമുള്ള ഒരു കാറ്റ് മെല്ലെ വീശിയിറങ്ങി.

(അവസാനിച്ചു)

19 comments:

എതിരന്‍ കതിരവന്‍ said...

"പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” അവസാനിക്കുന്നു.

സണ്ണിയ്ക്ക് വെളിപാടുകളുടെ നിമിഷങ്ങള്‍.

R. said...

നഷ്ടപ്പെടലുകള്‍ ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവയാണോ?

Promod P P said...

എതിരന്‍

കസേരയുടെ അറ്റത്തിരുന്നാണ് വായിച്ച് തീര്‍ത്തത്.. അതി മനോഹരങ്ങളായ പ്രയോഗങ്ങളും ബിംബങ്ങളും കൊണ്ട് പ്രമേയം അതി ശക്തമാക്കിയിരിക്കുന്നു. എങ്കിലും ഒരു സംശയം തോന്നാതിരുന്നില്ല.ഇത്ര അധികം പക്വതയും ധൈര്യവും ജീവിതാനുഭവവും ഉള്ള അമ്മച്ചി ഈ ഒരു കാരണം കൊണ്ട് തോറ്റു പിന്മാറുമോ?..

അനങ്ങാതെ നില്‍ക്കുന്ന മീനച്ചിലാറ് ചോദിക്കുകയാണ്. ഇനി എന്നാ കാണുന്നത്? സണ്ണിയുടെ കണ്ണിലെ കുഞ്ഞുകണ്ണീര്‍ക്കണങ്ങള്‍ ഉരുണ്ടു കൂടി വലിപ്പം വച്ചപ്പോള്‍ ഈ കാഴ്ച പതുക്കെ മാഞ്ഞു പോയെങ്കിലും സണ്ണി അനങ്ങിയില്ല. വന്നെ സണ്ണിച്ചായാ. ബിജു വിളിച്ചു. സണ്ണി കാറിന്റെ അരികിലേക്കു നീങ്ങി

അത്യൂജ്ജ്വലം..

myexperimentsandme said...

തികച്ചും മനോഹരം.

എന്റെ “പൈങ്കിളി“ മനസ്സില്‍ പ്രതിബന്ധങ്ങളോട് പടപൊരുതി അമ്മച്ചിയോടൊപ്പം നാട്ടില്‍ സ്ഥിരതാമസമാക്കുന്ന സണ്ണിയെയായിരുന്നു സങ്കല്‍‌പ്പിച്ചത്. ശരിക്കും സണ്ണി തോറ്റോ, അതോ ആരെങ്കിലും തോറ്റോ/ജയിച്ചോ?

“ഇല വീഴാത്ത പൂഞ്ചിറയിലാണോ? അരുവികളുടെ തുറയിലാണോ? അന്‍പു കിനിയുന്ന പാറ മേലാണോ? അടിയില്‍ വെള്ളാരം കല്ലുകള്‍ രൂപാന്തരീകരിച്ച മുത്തുകളുടെ ഓലി വക്കിലാണോ? പൂവിട്ട അരണിയുടെ പന്തല്‍ തല‍പ്പിനു കീഴെ? വാകകള്‍പൂത്ത മണ്ണില്‍? ഈരാറുകള്‍ സന്ധിച്ച് പേട്ട തുള്ളുന്നിടത്ത്? വര്‍ഷഋതു കുടമുരുട്ടുന്ന മലമോളില്‍? പൊന്‍ കുന്നിന്റെ അടിവാരത്തില്‍?“ - സ്ഥലനാമോല്‍‌പ്പത്തി ഇഷ്ടപ്പെട്ടു. ചിലതൊന്നും പിടികിട്ടിയില്ല :)

എതിരന്‍ കതിരവന്‍ said...

രജീഷ്, തഥാഗതന്‍,വക്കാരീ;
നീണ്ടകഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. കുറെ പുകഴ്ത്തലുകളും കിട്ടിയിട്ടുണ്ട്. താ‍ാങ്ക്യു.

പാലായ്ക്കു ചുറ്റിനുമുള്ള സ്ഥലനാമങ്ങള്‍ കാവ്യാത്മാണെന്നു തോന്നി.കഥയില്‍ നട്ടുവയ്ക്കാന്‍ പറ്റിയവ. ഇലവീഴാപൂഞ്ചിറ, അരുവിത്തുറ, മുത്തോലി,പൂവരണി,പന്തത്തല, വാകമണ്ണ്, ഈരാറ്റുപേട്ട, കുടമുരുട്ടി,പൊന്കുന്നം.

കുടയത്തൂര്‍-കുടമുരുട്ടി മലകളില്‍ നിന്നാണ് മീനച്ചിലാര്‍ ഉദ്ഭവിക്കുന്നത്.
ഇവിടെ ആരും തോല്‍ക്കുന്നില്ല. പ്രവാസിയുടെ ഗൃഹാതുരത്വം ആപേക്ഷികമാണ്. നെടുനാള്‍ വസിക്കുന്ന സ്ഥലത്ത് അവന്റെ സ്വത്വം ഇഴുകിച്ചേരും. സണ്ണിയ്ക്ക് ഇതിന്‍ ആത്മാന്വേഷണം വേണ്ടി വന്നു. മുപ്പതൊ നാല്‍പ്പതോ കൊല്ലം അമേരിക്കയില്‍ താമസിച്ചിട്ട് നാട്ടില്‍ സ്ഥിരവാസ്ത്തിനു വന്നവര്‍ ‍ തിരിച്ചു പോയ കഥ നേരിട്ടറിയാം.

മലയാളി അതിവൈകാരികത കൊണ്ടുനടക്കുന്നവനാണെങ്കിലും ഇക്കാര്യത്തില്‍ സമാനനായ ബെംഗാളിക്കു നേര്‍വിപരീതനാണ്. ഒരെസമയം അവിടെയും ഇവിടെയുമായി അവന്‍ ജീവിക്കും. കയ്യിലും മനസ്സിലും ചുരുട്ടിയെടുത്ത കസവുമുണ്ടും ഉണക്കച്ചെമ്മീനും കുടമ്പുളിയും സിനിമ-നാടകഗാനങ്ങൌളുമായി അവന്‍ സ്വന്തം അസ്തിത്വത്തിനു ചുറ്റിനും ഒരു നേരിയ ആവരണം കൊണ്ടു നടക്കും. ഓടുന്ന കാറിനു മേല്‍ പറ്റിയിരിക്കുന്ന വായുപടലത്തെപ്പറ്റി ഏയ്ര്‌റൊ ഡയ്നാമിക്സ് പറയുന്നതുപോലെ.‍ അതുകൊണ്ട് ആനിയമ്മ ഒന്നും നഷ്ടപ്പെടുത്തിയിട്ടല്ല പോകുന്നത്. കൂടുതല്‍ വിശാലവും സാര്‍വലൌകികവുമായ കാഴച്ചപ്പാടിന്റെ പ്രായോഗികവശം. ഒരു വീണ്ടുവിചാരന്ം വേണ്ടിവന്നെന്നു മാത്രം. ജോസിന്റെ ആത്മാവിനെ സണ്ണി തന്നെ പ്രപഞ്ചത്തിനു സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് സന്ദേഹം ഏതുമില്ല.

അറുപതുകളിലേയും എഴുപതുകളിലേയും സാമൂഹ്യ-സാമ്പത്തിക പരിസരമല്ല ഇന്ന് കേരളത്തില്‍. ഒ. വി. വിജയന്റെ അന്നത്തെ കഥയില്‍ പ്രവാസി തിരിച്ചു നാട്ടിലെ തറവാട്ടില്‍ വന്നു താമസിക്കാന്‍ തീരുമാനിക്കുന്നത് പരമപാവനമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് അത് അത്ര സാധ്യമല്ല. ബന്ധുക്കള്‍ക്കു തന്നെ തിരിച്ചു ചെല്ലുന്നവനോട് ആക്ഷേപം മാത്രമല്ല. നാട്ടില്‍ “കുടുങ്ങി”പ്പൊയവരാണെന്ന ദുര്‍:ചിന്ത തിരിച്ചടിയായി പ്രത്യക്ഷപ്പെടുത്തും. ലോകം കണ്ടറിഞ്ഞവര്‍ അവരുടെ ഇടയില്‍ പെരുമാറുന്നത് അവരെ പേടിപ്പെടുത്തും.കണ്‍സ്യൂമെറിസ്റ്റിക് സമൂഹത്തില്‍ ഇത് അപകടമാണ്.

ആനിയമ്മയ്ക്ക് അടുത്ത തലമുറയോട് കടപ്പാടുമുണ്ട്. എവിടെയായാലും അതിനു വേരുകള്‍‍ പിടിയ്ക്കാന്‍ വെള്ളമൊഴിച്ചു കൊടുക്കുന്നതില്‍ അവര്‍ക്കു സന്തോഷമേ ഉള്ളു.

R. said...

എതിരന്‍ജി, ആ വിശദീകരണത്തിനു നന്ദി.

പ്രവാസിയുടെ ഗൃഹാതുരത്വം ആപേക്ഷികമാണ്. നെടുനാള്‍ വസിക്കുന്ന സ്ഥലത്ത് അവന്റെ സ്വത്വം ഇഴുകിച്ചേരും.

ഈ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഗൃഹാതുരത്വം ഒരു വികാരം മാത്രമാകുന്നു; അതിനൊരിക്കലും മൂര്‍ത്തരൂപമാകാനാവില്ല.

ഈയിടെ കല്‍ക്കട്ടയില്‍ വച്ച് ഒരു പഴയ മലയാളിയെ കണ്ടു. ജീവിതഭാരങ്ങളെല്ലാം ഒഴിഞ്ഞ ഒരാള്‍. നാട്ടില്‍ സെറ്റിലാകുന്നുണ്ടോ എന്ന ചോദ്യത്തിന് "അവിടെ നമ്മളെ തിരിച്ചറിയുന്നവര്‍ പോലും കാണില്ല" എന്ന മറുപടിയായിരുന്നു.

പക്ഷേ, എന്തു തന്നെയായാലും, ജീവിതം ഒരുപാടു കണ്ടനുഭവിച്ചറിഞ്ഞു കഴിഞ്ഞിട്ടില്ലെങ്കിലും, ഈ പറഞ്ഞതിനോട് വൈയക്തികമായി വിയോജിക്കുന്നു: പ്രവാസി തിരിച്ചു നാട്ടിലെ തറവാട്ടില്‍ വന്നു താമസിക്കാന്‍ തീരുമാനിക്കുന്നത് പരമപാവനമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ന് അത് അത്ര സാധ്യമല്ല.

സമൂഹത്തിനോടും, അരസികരായ ബന്ധുക്കളോടും, എല്ലാ 'ഓഡ്ഡുകളോടും' പുറം തിരിഞ്ഞുനില്‍ക്കാന്‍ കഴിയുന്നവര്‍ ഉണ്ടെന്നതു കൊണ്ട്.

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നാണ് ഈ വഴി വന്നത്.. എല്ലാം കൂടി ഒരുമിച്ച് വായിച്ചതോണ്ട് കാത്തിരിപ്പിന്റെ ടെന്‍ഷന്‍ ഇല്ലാരുന്നു... നന്നായിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകം പറയണ്ടലൊ അല്ലെ..

ഇന്നത്തെ ഉച്ചഭക്ഷണം മോശമായിരുന്നു... പകരം ലഞ്ച് ബ്രെയ്കിലെ വായന കുശാല്‍..

സന്തോഷമുണ്ട്...

എതിരന്‍ കതിരവന്‍ said...

രജീഷ്:
നന്ദി.

ഇന്ന് തിരിച്ച് നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തോട് പുറം തിരിഞ്ഞു നില്‍ക്കേണ്ടി വരികയില്ല. സമൂഹം അവനു നേരേ വന്നോളും. സമൂഹം അത്ര മാത്രം മാറിപ്പോയിരിക്കുന്നു. പുറത്തു നിന്നും വരുന്നയൊരാള്‍ക്ക് മലയാളി ഒരു ഭ്രമത്തില്‍ പെട്ടു പോയവനാണെന്ന തോന്നലാണുണ്ടാവുക. അധികാരത്തിനും നിയന്ത്രണത്തിനുമുള്ള അഭിനിവേശം പലതരത്തില്‍ പ്രകടിപ്പിക്കും.എസ്റ്റാബ്ലിഷ്മെന്റുമായി പൊരുതാനുള്ള സഹജാവബോധം നഷ്ടപ്പെട്ട പ്രവാസി പരുങ്ങലിലാകും. ഉദ്ദേശിച്ചയത്ര പണം കിട്ടാത്തതിനാല്‍ അമേരിക്കയില്‍ നിന്നും പോയ ഒരാളെ ബന്ധുക്കാര്‍ തന്നെ കൊന്നുകളഞ്ഞ കാര്യം നേരിട്ട് അറിയാം. സ്വന്തം നാട്ടീല്‍ അപരിചിതനായിപ്പോയ ദുര്‍വിധി.

കാര്‍ഷികവൃത്തിയില്‍ നിന്നുള്ള അകല്‍ച്ച മലയാളി സൈക്കിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

എതിരന്‍ കതിരവന്‍ said...

ഇട്ടിമാളൂ:
ലഞ്ച് ബ്രേകില്‍ ഞാന്‍ വച്ച നീണ്ട കഞ്ഞി കുടിച്ച് വയര്‍ നിറച്ചെന്നറിഞ്ഞതില്‍ വളരെ സന്തോഷം

സാല്‍ജോҐsaljo said...

വായിക്കാന്‍ വൈകി. നന്നായി എഴുതി അവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും ഒരു എല്ലാം വിട്ട് തിരിച്ചുപോയ സണ്ണിയെ ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം. നന്നായി. ആശംസകള്‍...

Sethunath UN said...

എതിര‌ന്‍‌ജീ,
ആദ്യ ഭാഗം വായിച്ചതിനുശേഷം ഇന്നാണ് ബാക്കിയൊക്കെ വായിച്ചുതീര്‍ക്കാന്‍ സാധിച്ചത്. അതിമ‌നോഹ‌ര‌ം എന്നേ പറയാനുള്‍‌ള്ളൂ. ഒടുവില്‍ ഒരു നീറ്റലുമായി.
“പക്ഷെ വിഭ്രമശലാകകള്‍ .... തുടങ്ങുന്ന പാരയിലെ പ്രയോഗങ്ങ‌ളുടെ ആധിക്യം കുറച്ച് അതിഭാവുകത്വം ഉണ്ടാക്കുന്നു എന്നു തോന്നിച്ചു ആദ്യം. ഒരു രണ്ടാംവായന‌യില്‍ അതേതാണ്ട് ഇല്ലാതായി എന്നു പ‌റയാം.
നന്നായി എതിരന്‍.
കഥ,നീണ്ടകഥ .. പ്രയാണ‌ം തുടരുക.

എതിരന്‍ കതിരവന്‍ said...

സാല്‍ജൊ, സന്തോഷം.
നിഷ്കളങ്കന്‍, ആ ഖണ്ഡികയില്‍ അതിഭാവുകത്വം പോലെ ചേര്‍ക്കേണ്ടി വന്നത് സണ്ണിയ്ക്ക് ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന സന്നിഗ്ധാവസ്ഥയായതു കൊണ്ടാണ്. ഒരു വെളിപാടിന്റെ പശ്ചാത്തലമൊരുക്കല്‍.

എഴുതാത്ത ബാക്കിയുണ്ട് ഈ കഥയ്ക്ക്. നിങ്ങള്‍ വിചാരിക്കുന്ന പോലെ എല്ലാം ഇട്ടെറിഞ്ഞല്ല ആനിയമ്മയും സണ്ണിയും പോയിരിക്കുന്നത്. വീട് വക്കീല്‍ സൂര്യകുമാറും കുടുംബവും താമസസ്ഥലമാക്കി. അവര്‍ വാടകവീട് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആനിയമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും വന്നു താമസിക്കാം. സൂര്യ്കുമാറിന്റെ ഭാര്യ വൈദേഹിയ്ക്ക് സാഹിത്യവും നൃത്തവുമൊക്കെ ജീവിതശൈലിയാണ്. അപ്പച്ചന്റെ ലൈബ്രറി അവര്‍ വിപുലമാക്കി. അമ്മ രാജലക്ഷ്മി അമ്മാള്‍ അവിടെ പാട്ടും വീണയും പഠിപ്പിക്കുന്നു. (“ഓമനത്തിങ്കള്‍ക്കിടാവോ“യും “മാമ്പഴ“വും നൃത്തശില്‍പ്പമാക്കി അവതരിപ്പിച്ചു കഴിഞ്ഞു. ആനിയമ്മയ്ക്ക് ഇതില്‍ക്കൂടുതല്‍ സന്തോഷിക്കാനില്ല). പൂമുഖത്തേക്കു തുറക്കുന്ന മുറിയിലെ വലിയ യേശുവിന്റെ ചിത്രം മാറ്റിയിട്ടില്ല. രാജലക്ഷ്മി അമ്മാളിന് പള്ളിക്കാര്‍ക്കു വേണ്ടി കീര്‍ത്തനങ്ങള്‍ രചിച്ച് ചിട്ടപ്പെടുത്താന്‍ ഈ ചിത്രം പ്രചോദനമായത്രെ. മാത്രമല്ല വൈദേഹിയുടെ സെന്റ്. തെരേസാസ് കൂട്ടുകാരികള്‍ വീടുകാണാന്‍ വന്നപ്പോള്‍ ഈ ചിത്രം കണ്ട് കളിയാക്കിയതിനാല്‍ വാശിയോടെ അത് ഒരിക്കലും മാറ്റുന്നില്ലെന്ന് അവരോടു പറഞ്ഞു. സൂര്യകുമാര്‍ മൂത്തമകനെ വള്ളംകളി പഠിപ്പിക്കുന്നുണ്ട്.
ഫിലിപ്പങ്കിളും കുടുംബവും കള്ളയൊപ്പു കേസില്‍ കുടുങ്ങിക്കിടക്കുകയാണ്. വക്കീല്‍ ജേക്കബും പെട്ടു പോയിരിക്കുന്നു. കോടത്തിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിനു പറ്റാത്തവിധം ഗുരുതരം. അയ്യരങ്കളിന്‍് ഇതൊരു രസമായിരിക്കുകയാണ്.

ഫിലിപ്പും തെയ്യാമ്മയും പാത്തും പതുങ്ങിയും വീടിന്റെ കാര്യമന്വേഷിക്കാന്‍ ഒരു ദിവസം വന്നു കയറി. രാജലക്ഷ്മി അമ്മാളിന്റെ ബന്ധുക്കാര്‍ വന്ന സമയമായിരുന്നു. കലപിലെ തമിഴ് കേട്ട് ആദ്യം‍ അന്ധാളിച്ചു. കഥകളൊക്കെ അറിയാവുന്ന വൈദേഹി സി. ഡി പ്ലേയറിലെ കര്‍ണാടക സംഗീതം ഉച്ചത്തിലാക്കി. സംഗതി പന്തിയല്ലെന്നു കണ്ട് ഫിലിപ്പും തെയ്യാമ്മയും കൊടുത്ത ചായ കുടിച്ചെന്നു വരുത്തി പമ്മി സ്ഥലം വിട്ടു.

വൈദേഹിയും സണ്ണിയും കൂടി പുതിയ ജനല്‍ച്ചില്ലുകള്‍ ഡിസൈന്‍ ച്യ്തു. കൂമ്പി വിടരുന്ന തെങ്ങോലകള്‍.താഴത്തെ ജനല്‍ച്ചില്ലകള്‍ ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ ചോളക്കതിര്‍ പോലെ നെല്‍ക്കതിര്‍ ഡിസൈന്‍ ആക്കി.

രാജേഷ് ആർ. വർമ്മ said...

കതിര്‍,

ഒടുക്കം വായിക്കാന്‍ സമയം കിട്ടി. വളരെ നന്നായിരിക്കുന്നു. സംഭവങ്ങളുടെ ബാഹുല്യം കൊണ്ടു നീണ്ട കഥകളെപ്പോലെയല്ലാതെ, ഉള്‍ക്കാഴ്ചകള്‍ കൊണ്ടു നീണ്ട ഈക്കഥയ്ക്ക്‌ നീളം ഒരു ഭാരമല്ല. ആര്‍ക്കെങ്കിലുമൊക്കെ വീടുവെക്കാന്‍ വേണ്ടി വളവുതിരിഞ്ഞും പിന്‍വാങ്ങിയും മുന്നേറുന്ന നദിയെപ്പോലെ വായനക്കാരന്റെ ചിന്തകള്‍ക്കു വിശ്രമിക്കാനും കൂടുകൂട്ടാനും വളരാനും വേണ്ടി ഇടമിട്ടുകൊണ്ട്‌ മന്ദഗതിയില്‍ മുന്നേറുന്നു കഥ. കഥാപാത്രങ്ങളുടെ പരിണാമം വിശ്വാസ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഗൃഹാതുരത്വം എന്ന വികാരത്തെ പരമാവധി ഉപയോഗിക്കാനും അതിന്റെ ആഴങ്ങളിലിറങ്ങി പരതാനും കഴിയുമ്പോള്‍ത്തന്നെ അതിനപ്പുറത്തേക്കു വളരാനും കഴിയുന്നു എന്നതാണ്‌ ഈ കഥയുടെ വിജയം. ഈ കഥയില്‍ മാത്രം കണ്ടിട്ടുള്ള ഈ ഭൂപ്രദേശങ്ങളും ഈ കഥയില്‍ ആദ്യമായി അടയാളപ്പെടുത്തിക്കണ്ട മാനസികഭൂപടവും അടുത്തൊന്നും മറക്കുമെന്നു തോന്നുന്നില്ല.

Sethunath UN said...

എതിരനേ,
ദേ അതു മോശമായിപ്പോയി. ബാക്കിയുള്ള കഥയിങ്ങു പറഞ്ഞതേ. :)അത് ഈ ശൈലിയില്‍ ഒരു കഥയോ നീണ്ട കഥയോ ആയി ഇങ്ങു വന്നിരുന്നെങ്കില്‍...
ആ കൈയ്യില്‍ ഒരുപാട് കോപ്പ് കാണുമ‌ല്ലോ അല്ലേ? :) കാത്തിരിയ്ക്കുന്നു.

സന്തോഷ്‌ കോറോത്ത് said...

ഒറ്റയിരിപ്പിനു മുഴുവനും വായിച്ചു! എന്താ പറയേണ്ടത് എന്നറിയില്ല !!!!

എതിരന്‍ കതിരവന്‍ said...

വളരെ സന്തോഷം. നന്ദി, കോറോത്ത്. ഇപ്പോഴും എന്റെ കഥ വായിക്കപ്പെടുന്നു എന്നതിൽ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യത്തെ രണ്ടു ഭാഗങ്ങള്‍ അന്നു തന്നെ വായിച്ചിരുന്നു. പിന്നീടുള്ളവയും ചേര്‍ത്ത്‌ മുഴുവനും ഒന്നിച്ച്‌ ഇന്നു വായിച്ചു എന്താ പറയുക. ഒരു നല്ല വായനാനുഭവം തന്നതില്‍ സന്തോഷം . നന്ദി
കഥയുടെ ബാക്കി കമന്റില്‍ പറഞ്ഞതു കൊണ്ട്‌ ആ ടെന്‍ഷനും ഇല്ല ഹ ഹ ഹ :)

പ്രിയ said...

എതിരന്‍ ജി, ഈ കഥയുടെ ബാക്കി കമന്റില്‍ പറഞ്ഞതിനു നന്ദി :) സിമിത്തേരിക്കപ്പുറം കമന്റില്‍ നിന്നാണ് ഇങ്ങോട്ട് വന്നതും.


(ഈ കമന്റിലെ happy ending ഇല്ലാത്ത ഒരു കഥ നേരിട്ടറിയാം.എല്ലാം ഇട്ടെറിഞ്ഞ് പോയ, താങ്ങാന്‍ ഒരു സണ്ണി പോലും ഇല്ലാത്ത ഒരു അമ്മയെയും)

എതിരന്‍ കതിരവന്‍ said...

അത്ര happy ending അല്ല ഈ കഥയിൽ ഉള്ളത്. ആനിയമ്മ ചില പ്രായോഗിക ബുദ്ധികൾ എടുത്തു പെരുമാറുകയാണ്. അവർ വിചാരിച്ചതിലും വലിയ ദുരന്തമാണ് കിട്ടിയത്. പെട്ടെന്നു സണ്ണിയുടെ കൂടെ നാടുവിടാൻ അവരെ പ്രേരിപ്പിച്ചത് അതാണ്. അവരുടെ ഭർത്താവിന്റെ പൊടുന്നനവേ ഉളള മരണം സ്വാഭാവികം അല്ലായിരുന്നു.
രണ്ടാം ഭാഗം എഴുതാൻ പ്ലാനുണ്ടായിരുന്നു, അതുകൊണ്ടാണ് ഇക്കഥയിൽ അതു സൂചിപ്പിക്കുക പോലും ചെയ്യാത്തത്.